സമ്മാനങ്ങള്‍ (കവിത) ബെല്‍സി സിബി

0
1660

സമ്മാനങ്ങള്‍ (കവിത) ബെല്‍സി സിബി

*******************

കഥ കേള്‍ക്കുകയാണ് ഞാന്‍
അതാകട്ടെ അവസാനിക്കുന്നെയില്ല
ഓരോ കഥകളും എന്തെങ്കിലുമൊക്കെ
സമ്മാനിക്കാറുണ്ട്
വളപ്പൊട്ടുകള്‍ക്കും ,മഞ്ചാടി മണികള്‍ക്കും
പകരമായി അവയെന്റെ പെട്ടിയിലുണ്ട്‌.
ഭൂമിയെ നോക്കി കരയവേ പൊഴിഞ്ഞ
മാലാഖയുടെ ചിറകുകള്‍
ഇപ്പോഴുമേന്നെ പറക്കാന്‍ പഠിപ്പിക്കാറുണ്ട്
കരയരുത് എന്നോര്‍മിപ്പിച്ചു കൊണ്ട്
അര്‍ദ്ധ നഗ്നനായ ഫക്കീറിന്റെ
കഥകള്‍ തന്നത്
”സത്യം അന്വേഷിക്കണം
ജീവിതം കൊണ്ട് പരീക്ഷിക്കണം ”
എന്നു പിറുപിറുത്തുകൊണ്ടേയിരിക്കുന്ന
ഒരു പേനയാണ്‌
അലാവുദീന്റെ അത്ഭുതവിളക്കു
സമ്മാനിച്ചത്‌ കണ്ണില്‍
കുത്താത്ത കുറച്ചു പുകച്ചുരുളുകള്‍ ….
”അരങ്ങു കാണാത്ത നടന്‍ ”
നല്‍കിയത്
പെരുമഴയുടെ ഇരുട്ടിലേക്ക്
തുറന്നു വച്ച ജനാല
നിശബ്ദനായ വലിയൊരു
ഘടികാരമുള്ള ,
നീതി ന്യായ വ്യവസ്ഥകളുടെ
ശേഷിപ്പുകള്‍ ഉറങ്ങുന്ന .
കടല്‍ത്തീരത്തുള്ള
ഭിത്തിയില്‍ ചാരി നില്‍ക്കുകയാണ് ഞാന്‍
ജീവിതം തെരുവിലാണ്
സായാഹ്നം പോലെ ചുവന്ന് …
ഈ കഥ അവസാനിക്കുന്നേയില്ല
പറന്നു പറന്നു പോകുന്ന
രാക്ഷസ പക്ഷിയുടെ
നഖമുനകളില്‍നിന്നു വഴുതുന്ന
രാജകുമാരനും ……
ഉറക്കത്തിലേക്കു ഞാനും
ഈ സ്വപ്നങ്ങളെ കൂടെ
കൂട്ടരുതെന്ന് പണ്ടേ കരുതിയതാണ്
ഉറക്കത്തിന്‍റെ എഴാം പടവില്‍ നിന്ന്
ജീവിതത്തിലേക്ക് പെട്ടെന്നു
തള്ളിയിടും ഒരു മുന്നറിയിപ്പും കൂടാതെ .!!!

belsy siby

*************************************************
/// ബെല്‍സി സിബി /// യു.എസ്.മലയാളി ///
************************************************

Share This:

Comments

comments