ജോണ്സണ് ചെറിയാന്.
അറ്റ്ലാന്റ: ലോകമെങ്ങും അറിയപ്പെടുന്ന, മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ 50 വര്‍ഷത്തിലേറെയായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ദയാബായിയെ കെ.എസ്.ആര്.ടി.സി. ബസ്സില്‍ നിന്നും അപമാനിച്ചു ഇറക്കിവിട്ടതില് യുഎസ്മലയാളിയുടെ ഹൃദയം നിറഞ്ഞ ഖേദം പ്രകടിപ്പിക്കുന്നു.തന്റെ ലളിതമായ വസ്ത്രധാരണം കണ്ടുകൊണ്ട് മോശമായി പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത ആ ജീവനക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് കേരളാ ഗെവന്മെന്റിനോട് അഭ്യര്ധിക്കുകയാണ്.
എന്റെ സ്വദേശമായ കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്തുള്ള പൂവരണി എന്ന ഗ്രാമത്തില്‍ ജനിച്ച മേഴ്സി മാത്യു ആണ് പിന്നീട് ദയാബായി എന്ന പേരില്‍ അറിയപ്പെട്ടത്. 1941- ല്‍ ജനിച്ച മേഴ്സി മാത്യു വിദ്യാഭ്യാസതിനു ശേഷം കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു.
കന്യാസ്ത്രീ മഠത്തില്‍ ആയിരിക്കുന്ന സമയം പല ചേരിപ്രദേശങ്ങളിലും പോയി സേവനമനുഷ്ടിച്ചിരുന്നു. എന്നാല്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ആ പരിമിതികള്‍ മറികടന്ന് സ്വതന്ത്രയായി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്ന ചിന്ത അനുദിനം വളര്‍ന്നു വന്നു.
അങ്ങനെ കന്യാസ്ത്രീ മഠം ഉപേക്ഷിച്ച് സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിച്ചു. അനേക സ്ഥലങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അവസാനം മധ്യപ്രദേശിലെ ബറുള് എന്ന ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി.ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ നീയാരാണ്? എന്തിനിവിടെ വന്നു? എന്ന് ചോദിച്ച ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്.
അവരുടെ വിശ്വാസം നേടാന്‍ അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു, അവരുടെ കൂടെ ഉണ്ടു.പിന്നീടവര്‍ ദയാബായി എന്ന് വിളിക്കാന്‍ തുടങ്ങി.
ബിഹാര്‍, ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമിടയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സേവനംചെയ്ത അവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു.
ഇടയ്ക്ക് സ്വന്ത ഭവനത്തില്‍ തിരിച്ചെത്തിയപ്പോള്‍ ദേഹമാസകലം പാടുകളും, വിണ്ടുകീറലുമായി വിരൂപയായി കണ്ടതില്‍ മനംനൊന്ത് തന്റെ പിതാവ് ഒരു ചോദ്യം ചോദിച്ചു ” ഇത്രയും വേണമായിരുന്നോ? ” അതിനു മറുപടിയായി യേശുവിന്റെ ക്രൂശിത രൂപം ചൂണ്ടി കാണിച്ചുകൊണ്ട് പിതാവിനോട് ചോദിച്ചു ഇത്രയും വേണമായിരുന്നോ എന്ന്.
ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തനം ആരംഭിച്ച ദയാബായി അനേക കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി അവരുടെ കാണപ്പെട്ട ദൈവമായി മാറി. ചൂഷണം ചെയ്യപ്പെടുന്ന ദരിദ്രരായ ഇവര്‍ക്ക് വേണ്ടി പഞ്ചായത്തുകളിലും, സര്‍ക്കാരിലും കയറി ഇറങ്ങി നീതിക്കായി വാദിച്ചു.
ആദിവാസികുട്ടികള്‍ക്ക് പഠിക്കുന്നതിന് വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, വീടുകള്‍, ശൌച്യാലയങ്ങള്‍ തുടങ്ങി നേടിക്കൊടുക്കാവുന്നതെല്ലാം അവര്‍ക്ക് നേടിക്കൊടുത്തു.പല സന്ദര്‍ഭങ്ങളിലും പോലീസിന്റെ പീഡനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതിന്റെ ഫലമായി പല്ലുകള്‍ വരെ നഷ്ട്ടപ്പെട്ടു.വിദ്യാഭ്യാസമില്ലാത്ത പാവങ്ങളെ ചൂഷണം ചെയ്തു അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നവരെ പോലും മുള്‍മുനയില്‍ നിര്‍ത്തി.
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ വെച്ച് യുഎസ്മലയാളിയുമായി അഭിമുഖം നടത്തുമ്പോള്‍ കഷ്ടതകളുടെയും, ദുരിതങ്ങളുടെയും അനുഭവങ്ങള്‍ പങ്കു വെയ്കുമ്പോള്‍ ദയാബായിയുടെ കണ്ണുകള്‍ നിറഞ്ഞുതുളമ്പുന്നുണ്ടായിരുന്നു…
യാതൊരു വ്യക്തികളുടെയോ, സംഘടനകളുടെയോ സഹായം സ്വീകരിക്കാതെ പാവങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന ഈ പുണ്യവതിയെ നമിക്കുന്നു…ദൈവം ആയുസ്സും, ആരോഗ്യവും നല്കട്ടെ…