സോഷ്യല്‍ മീഡിയയുടെ സ്വാധീനം മാധ്യമപ്രവര്‍ത്തകരില്‍ – പി.പി ചെറിയാന്‍

0
545

സോഷ്യല്‍ മീഡിയയുടെ സ്വാധീനം മാധ്യമപ്രവര്‍ത്തകരില്‍ – പി.പി ചെറിയാന്‍

**********************************

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്സിയിലെ സോമര്‍ സെറ്റ് ഇന്നില്‍ വേദിയൊരുങ്ങുകയാണ്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മാധ്യമപ്രവര്‍ത്തകര്‍ കറപുരളാത്ത രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ ഒരു നീണ്ടനിര ഇന്ത്യയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയില്‍ സിഎന്‍എന്‍ തുടങ്ങിയ പ്രമുഖ ചാനലുകളിലും, പത്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ചൊറുചൊറുക്കുള്ള ചെറുപ്പക്കാര്‍ അമേരിക്കയില്‍ നിന്നും പങ്കെടുക്കുന്നു എന്നുള്ളത് മുന്‍കാല ദേശീയ സമ്മേളനങ്ങളില്‍ നിന്നും ഈ സമ്മേളനത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലവും മികവുറ്റതും ആക്കിത്തീര്‍ക്കും.
നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ടതും, പ്രാവര്‍ത്തീകമാക്കേണ്ടതുമായ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു. ആധുനീക കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തെയും, പത്രപ്രവര്‍ത്തകരെയും അമിതമായി സ്വാധീനിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയയുടെ അനിയന്ത്രീയമായ കടന്നുകയറ്റം എന്ന വിഷയം എന്തുകൊണ്ടും ഇന്ത്യാ പ്രസ്ക്ലബ് ദേശീയ സമ്മേളനത്തില്‍ പ്രഥമസ്ഥാനം നല്‍കി ചര്‍ച്ചയ്ക്കായി പരിഗണിക്കപ്പെടേണ്ടതാണ്.
അനുദിനം സാങ്കേതിക വിദ്യയില്‍ പ്രകടമാകുന്ന അസൂയാവഹമായ വളര്‍ച്ച മാധ്യമ പ്രവര്‍ത്തക രംഗത്തും പ്രതിഫലിക്കുന്നു. വാര്‍ത്താ ചാനലുകള്‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍, സ്വകാര്യ ബ്ലോഗുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഈ വിഷയങ്ങളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന ആവേശം പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥമായ കോഡ് ഓഫ് എത്തിക്സ് എന്ന അടിസ്ഥാന പ്രമാണങ്ങള്‍ പോലും ഇവിടെ ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു.
സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ പലപ്പോഴും വാസ്തവമായിരിക്കണമെന്നില്ല. കേട്ടുകേള്വിയുടെയോ, ഊഹാപോഹങ്ങളുടെയോ അടിസ്ഥാനത്തില്‍ ആരുടെയോ ബുദ്ധിയില്‍ തെളിഞ്ഞുവരുന്ന ആശയങ്ങള്‍ വാര്‍ത്തകളായി പുറത്തുവരുന്നു. വ്യക്തികള്‍ , സമൂഹം, മതങ്ങള്‍ , രാഷ്ട്രങ്ങള്‍ തമ്മില്‍ സ്പര്‍ദ വളര്‍ത്തുന്നതിനോ, വികാരങ്ങള്‍ വൃണപ്പെടുത്തുന്നതിനോ പലപ്പോഴും ഇത് കാരണമാകുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടുതീപോലെ പടര്‍ന്നു കയറുകയും, അതേവേഗതയില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഇക്കൂട്ടത്തിലുണ്ട്.
അമേരിക്കന്‍ സൈനീക നടപടിയില്‍ പാകിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ട അല്‍ ഖ്വൈദ ഭീകരന്‍ ബിന്‍ ലാദന്റെ വെടിയേറ്റു കിടക്കുന്ന ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ഞെട്ടലോടെയാണ് ലോക ജനത ദര്‍ശിച്ചത്. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്ടേല രോഗാതുരനായി കഴിയുമ്പോള്‍ ‘നെല്‍സണ്‍ മണ്ടേല മരിച്ചു എന്ന വാര്‍ത്തയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. തികച്ചും അവാസ്തവങ്ങളായ ഈ സംഭവങ്ങളെ ആസ്പദമാക്കി പുറത്തുവരുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനോ പഠിക്കുന്നതിനോ ഉറവിടത്തെക്കുറിച്ചു പരിശോധിക്കുന്നതിനോ തയ്യാറാകാതെ പ്രധാന പത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങളില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ചില പത്രപ്രവര്‍ത്തകരെങ്കിലും തയ്യാറായി എന്നത് തികച്ചും ആശങ്കാജനകമാണ്. ഇവിടെ സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനത്തിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്.
തല്‍സമയ വാര്‍ത്തകള്‍ക്കായി പൊതുജനങ്ങളില്‍ നല്ലൊരു ശതമാനം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്. കണക്കുകള്‍ പ്രകാരം ഏകദേശം അറുപതു ശതമാനം പത്രപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ തയ്യാറാക്കുന്നു. ശരിയായ വാര്‍ത്തകള്‍ ശരിയായ രീതിയില്‍ സത്യസന്ധമായി ജനങ്ങളിലേക്ക് ഉത്തരവാദിത്വത്തില്‍ നിന്നും, പത്രപ്രവര്‍ത്തകര്‍ക്ക് ഒഴിഞ്ഞിരിക്കുവാന്‍ സാധ്യമല്ല. ആധുനീക യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. സോഷ്യല്‍ മീഡിയയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും നല്ലതിനെക്കുറിച്ചും പത്രപ്രവര്‍ത്തകര്‍ക്ക് ബോധവത്ക്കരണം നടത്തേണ്ടത് ഇന്നിന്റെ അടിയന്തരാവശ്യമാണ്. ഇന്ത്യാ പ്രസ്ക്ലബ് ദേശീയ സമ്മേളനം ഇതിനുള്ള സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.

PP Cherian

*******************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
*******************************************

Share This:

Comments

comments