മഹാനവർകളുടെ മഹത്വം (നീണ്ടകഥ) – അവസാനഭാഗം

0
1074
style="text-align: justify;">ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ
കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച.
ഒരാൾ ചായ കുടിക്കുകയും കയ്യിലുള്ള ഒരു നോട്ടീസ് വായിക്കുകയും ചെയ്യുന്നുണ്ട്.
ഞാൻ ഇന്നലെ ഉറങ്ങുമ്പോൾ ആദരവായ മുത്ത് മുഹമ്മദ്‌ മുസ്തഫ നബി (സല്ലള്ളാഹു അലൈഹിവസല്ലം) തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. ലോകാവസാനം അടുത്തിരിക്കുന്നു എന്നും ഈ നോട്ടീസ് ഇരുപത്തിയഞ്ചു എണ്ണം അച്ചടിച്ച്‌ ഇരുപത്തിയഞ്ച് പേർക്ക് കൊടുത്താൽ ഒരു സന്തോഷ വാർത്ത ഒരാഴ്ചക്കകം വരുമെന്നും നബി പറഞ്ഞു. അത് പോലെ ഇരുപത്തിയഞ്ച് നോട്ടീസ് അടിച്ചിറക്കിയ ബോംബയിലെ ജമീല എന്ന സ്ത്രീക്ക് ലോട്ടറിയിൽ ഒന്നാം സമ്മാനം കിട്ടി. ഈ നോട്ടീസ് നുണയാണെന്ന് പറഞ്ഞത് കൊണ്ടാണ് കാഥികൻ നൗഷാദ് വാഹനാപകടത്തിൽ മരിച്ചത്’.
നോട്ടീസ് വായിക്കുന്ന വ്യക്തി ചായ തണുത്തതറിയാതെ ഇരിക്കുകയാണ്.
‘അല്ല, ഞാനൊന്ന് ചോദിക്കട്ടെ – ബോംബായിൽ എത്രയോ ജമീലമാര് ഉണ്ടാവും? ഇത് ഏത് ജമീലയാണെന്നു എങ്ങിനെയാ മനസ്സിലാവുക? അത് മാത്രമല്ല, ലോട്ടറി എടുക്കാൻ നബി പറയുമോ? ലോട്ടറി ഹറാം അല്ലെ? കാഥികൻ മരിച്ചത് ഇത് കൊണ്ടാണെന്ന് ചെന്ന് കാഥികനോട് ചോദിക്കാൻ പറ്റില്ലല്ലോ?’. ചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾ സംശയം ചോദിച്ചു.
‘നീ അല്ലെങ്കിലും ഒഹാബിയല്ലെ? പിഴച്ചവൻ’. ഏതോ ഒരു കാർന്നവരുടെ വക കമ്മന്റ്
ആ കാർന്നവർ വീണ്ടും തുടർന്നു. ‘നിങ്ങൾക്കറിയോ ഈ മഹാനവർകള് ഈ സ്ഥിതിയെലെത്തുന്നതിന്നു മുമ്പ് ഒരിക്കൽ എവിടെക്കോ പോകുന്നതിന്ന്‌ വേണ്ടി ഒരു ബസ്സിന്ന് കൈകാണിച്ചു. മഹാനവർകള് അന്നൊക്കെ കുളിക്കാറില്ലായിരുന്നു. മുഷിഞ്ഞ വേഷവും. ബസ്സ്‌ നിറുത്തിയില്ല. രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ബസ്സ്‌ താനേ ഓഫായി. എന്ത് ചെയ്തിട്ടും ബസ്സ്‌ സ്റ്റാർട്ട്‌ ചെയ്യാൻ പറ്റുന്നില്ല. മെക്കാനിക്കിനെ കൊണ്ട് വന്നു. എവിടെ ശേരിയാവാൻ. അപ്പോൾ അത് വഴി വന്ന ഒരാൾ ചോദിച്ചു. നിങ്ങൾ വഴിയിൽ നിന്നും കൈ കാണിച്ച ഒരാളെ കയറ്റാതെ പോന്നു അല്ലെ. അതാണ്‌ ബസ്സ്‌ കേടാവാൻ കാരണം. ഒടുവിൽ ഓട്ടോ വിളിച്ച് മഹാനവർകളെ കൊണ്ട് വന്ന് ബസ്സിൽ ഇരുത്തി ബസ്സ്‌ സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഉടനെ സ്റ്റാർട്ട്‌ ആയി. അതാണ്‌ ഓരോരുത്തരുടെ മഹത്വം. അത് ഈ പുത്തനാദർശക്കാർക്ക് മനസ്സിലാവൂല’. കാർന്നവർ തുടർന്നു. ‘അത് കൂടാതെ ഒരിക്കൽ ഒരുവനെ പെരുമ്പാമ്പ്‌ (മലമ്പാമ്പ്) കടിച്ച് മഹാനവർകളുടെ അടുത്ത് കൊണ്ട് വന്നു. മഹാനവർകൾ മുറിവിൽ കുറച്ചു തുപ്പൽ പുരട്ടി. വിഷം ഇല്ലാതെയായി’.
‘അതിന് കോയ പെരുമ്പാമ്പിന്ന് വിഷം ഇല്ലല്ലോ?’ അടുത്തിരുന്ന ഒരാൾ ചോദിച്ചു.
‘നീ ഒഹാബിയാണല്ലേ’. ഇതായിരുന്നു കാർന്നവരുടെ മറുചോദ്യം. എന്നിട്ടദ്ധേഹം കൂട്ടി ചേർത്തു ‘മുഹയദ്ധീൻ മാലയിലുണ്ടല്ലോ മുഹയദ്ധീൻ ഷൈഖിനു പെരുമ്പാമ്പ്‌ കടിച്ചിട്ട്‌ വിഷം കയറിയില്ല എന്ന്’.
അപ്പോഴാണ്‌ ഒരു സ്ത്രീ കാറിലിരുന്നു അട്ടഹസിക്കുന്നത് കണ്ടതും കേട്ടതും ‘ഞാൻ ബീവിയാണ്. നിങ്ങളെ ശപിക്കും’. എന്നൊക്കെ ആ സ്ത്രീ പറയുന്നുണ്ടായിരുന്നു.
ആ കാറിൽ നിന്ന് ഒരാൾ വന്ന് ചോദിച്ചു. ‘മഹാനവർകളുടെ മജ്ലിസ് എവിടെയാണ്?’. അവർക്ക് വഴി പറഞ്ഞു കൊടുത്തു. ആ വന്നയാൾ അവരോടു അങ്ങോട്ട്‌ പൊയ്ക്കൊള്ളാനും ഞാൻ അങ്ങോട്ട്‌ വന്നോളാമെന്നും പറഞ്ഞു.
കാർന്നവർ ആ സ്ത്രീയുടെ വിഷയം ചോദിച്ചു.
പുലർച്ചെയുള്ള സുബഹി നമസ്കാരത്തിന്നു വുളു (അംഗശുദ്ധി) വരുത്താനായി എഴുനേറ്റു. പൈപ്പിൽ വെള്ളമില്ലാത്തത് കൊണ്ട് പുറത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരാൻ ആ സ്ത്രീ ചെന്നു. കിണറ്റിലേക്ക് ബക്കറ്റിടാൻ നോക്കിയപ്പോൾ കിണറിന്നുള്ളിൽ ഭയങ്കര ശബ്ദവും വാളുകൾ കൂട്ടിയിടിക്കുന്ന വെളിച്ചവും കണ്ടു. ആ സ്ത്രീ പേടിച്ചു. അപ്പോൾ ആ കിണറ്റിൽ നിന്നും ഒരാൾ കയറിവന്ന് അവരെ അവിടെ കണ്ട കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു. എന്താ ചെയ്യാ, പെണ്ണല്ലേ. അവൾ പലരോടും പറഞ്ഞു. അങ്ങിനെ മാനസികനില തെറ്റി’.
അദ്ദേഹം എല്ലാം വിശദീകരിച്ചു പറഞ്ഞു.
ഞങ്ങൾ വീണ്ടും മഹാനവർകളുടെ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം എണ്‍പത് ലക്ഷം രൂപ വിലവരുന്ന ഒരു മേര്സേടെസ് ബെൻസ് കാറിൽ മഹാനവർകൾ വന്നിറങ്ങി. ഫാൻസി നമ്പർ നോക്കുന്ന ഞാൻ ആ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചു. 786. നല്ലൊരു സംഖ്യ ആ നമ്പറിന്നു കൊടുക്കേണ്ടി വന്നിട്ടുണ്ടാവുമെന്ന് ഞാനോർത്തു. അല്ലാഹുവിന്റെ പേരിനോട് ബന്ധപ്പെട്ട ഈ നമ്പറിന്റെ മുന്നിലെക്കല്ലേ നാം കാൽ ചവിട്ടുന്നതെന്നും കാറിലിരിക്കുന്ന ആളുകളുടെ പൃഷ്ഠഭാഗം ആ നമ്പറിന്റെ ഭാഗത്തേക്കാണല്ലോ എന്നും ഞാനോർത്തു. ലോകത്തിലുള്ള എല്ലാ മുസ്ലിം പള്ളികളിലും ഇമാം (നേതൃത്വം കൊടുക്കുന്ന ആൾ) നിസ്കാരം കഴിഞ്ഞാൽ വലത്തോട്ടെക്കാണ് തിരിഞ്ഞ് ഇരിക്കാറ്. എന്നാൽ ലോകത്തിൽ ഒരേ ഒരു പള്ളിയിൽ മാത്രമാണ് ഇടത്തോട്ട് തിരിഞ്ഞ് ഇരിക്കുന്നത്. മദീനയിലെ മസ്ജിദുന്നബവിയിൽ, കാരണം അവിടെ വലത്തോട്ട് തിരിഞ്ഞു ഇരുന്നാൽ ഇമാമിന്റെ പൃഷ്ഠഭാഗം നബിയുടെ അടുത്തേക്കാണ് വരിക. റസൂലിനോട് കാണിക്കുന്ന ബഹുമാനം എന്തെ അല്ലാഹുവിനോട് കാണിക്കുന്നില്ല. കുറച്ചു നേരത്തേക്ക് ഞാൻ പഴയ ജബ്ബാർ ആയി. പിന്നീട് തിരിച്ചു വന്നു.
ഞങ്ങളെ അകത്തേക്ക് വിളിച്ചു. വലിയ ഒരു മുറി. സോഫയിൽ ഇരിക്കുകയാണ് മഹാനവർകൾ. ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീയെ മഹാനവർകൾ മന്തിരിച്ചു തലയിൽ ഊതുന്നുണ്ട്.
ഞാൻ ഉപ്പാടെ കാര്യവും എന്റെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ കളവ് പോയതും മഹാനവർകളോട് പറഞ്ഞു.
അദ്ദേഹം കുറച്ചു നേരം കണ്ണടച്ചിരുന്നു.
അദ്ദേഹം എന്തൊക്കെയോ ചൊല്ലി ഉപ്പാടെ ദേഹമാസകലം ഊതി.
പെട്ടെന്നാണ് അദ്ധേഹത്തിന്റെ മൊബൈലിൽ റിംഗ് വന്നത്. അദ്ധേഹം ഫോണ്‍ അറ്റൻഡ് ചെയ്തു.
‘അബൂദാബിയിൽ നിന്നാണോ. ആ കുടുംബം മേലാൽ നിങ്ങളെ ഉപദ്രവിക്കാതിരിക്കാനുള്ളതെല്ലാം ഞാനിവിടെ ചെയ്യാം. എന്റെ ബേങ്ക് അക്കൌന്റ് നമ്പർ അറിയാലോ. അതിലേക്ക് അയച്ചാൽ മതി…. നേർത്തെ വിളിച്ചിരുന്നല്ലേ……ഞാനെന്റെ മകളുടെ കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ പോയതാ…… ഇല്ല.. ചെറിയ ഒരു പനി…. മഴക്കാലമല്ലേ….. നീ കഴിഞ്ഞ വരവിൽ തന്ന മൊബൈൽ ഇന്നലെ കളവ് പോയി…..ഉവ്വാ പോലീസിൽ കമ്പ്ലൈന്റ് കൊടുത്തിട്ടുണ്ട്‌…..എന്നാ വെക്കട്ടെ…… ഇന്ന് കസ്റ്റമെർസ് കൂടുതലാ………’ മഹാനവർകൾ ഫോണ്‍ കട്ട്‌ ചെയ്തു.
‘മോനെ വാ നമുക്ക് പോകാം.’ ഉപ്പ എഴുന്നേറ്റിട്ട് പറഞ്ഞു.
ഉപ്പാക്ക് എന്താണ് ഇങ്ങിനെ പെട്ടെന്ന് ഒരു മാറ്റം എന്ന് മനസ്സിലായില്ല. ഉപ്പ കുറച്ചു കൂടി മഹാനവർകളോട് പറയാനുണ്ട് എന്ന് മാത്രം ഞാൻ പറഞ്ഞു.
‘വേണ്ട, നമുക്ക് പോകാം.’ എന്ന് ഉപ്പ വീണ്ടും ആവർത്തിച്ചു.
ഞാനും ജമാൽക്കയും എഴുനേറ്റു. ഉപ്പ എന്തെങ്കിലും കാണുന്നുണ്ടാവും. ഉപ്പമാർ പറയുന്ന കാര്യങ്ങൾ നമുക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നു വരാം. പക്ഷെ അവർ ലോകം കണ്ടിട്ടുള്ളവരാണ്. ഇപ്പോൾ നമുക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലാവും ഉപ്പ പറഞ്ഞത് ശെരിയാണെന്ന്.
ഞങ്ങൾ കാറിൽ കയറി ഇരുന്നു. ജമാൽക്കയാണ്‌ ഉപ്പാക്ക് പെട്ടെന്നുണ്ടായ മാറ്റത്തെ പറ്റി ചോദിച്ചത്.
‘നമ്മൾ എന്തിനാണ് ഇങ്ങോട്ട് വന്നത്‌? ഉപ്പാടെ ചോദ്യം
‘ഉപ്പാടെ അസുഖം ചികിത്സിക്കാൻ’ ഞാൻ മറുപടി കൊടുത്തു.
‘മാരകമായ അസുഖം എന്ന് പറയൂ. അതിന്നു ഇദ്ദേഹത്തെ കാണണം അല്ലെ. അദ്ധേഹത്തിന്റെ മകളുടെ മകൾക്ക് ചെറിയൊരു പനി വന്നപ്പോൾ ആശുപത്രിയിൽ പോയി. പിന്നെ നിന്റെ ബൈക്ക് കട്ടവനെ അറിയണം അല്ലെ? അദ്ധേഹത്തിന്റെ മൊബൈൽ പോയതിനു പോലീസിൽ പരാതി കൊടുത്തു. ഇനി നിങ്ങൾ ആലോചിക്കുക’. ഉപ്പ സംസാരം നിറുത്തി.
‘ഇക്ക പറഞ്ഞത് ശെരിയാണ്’. ഇത് പറഞ്ഞത് ജമാൽക്കയായിരുന്നു.
ഞങ്ങൾ തിരിച്ചു പോയി
————————————–
മേമ്പൊടി:
ആകാശഭൂമിയിലുള്ള അദൃശ്യകാര്യങ്ങൾ അല്ലാഹുവിന്നു മാത്രമേ അറിയൂ (വിശുദ്ധ ഖുറാൻ)

Share This:

Comments

comments