
style="text-align: center;">കാട്ടാള ഗര്‍ജ്ജനം (കവിത) ബി. ശ്രീകുമാര്‍
**************************
കാട്ടാളന്‍ ഞാന്‍, കാട്ടുരാജാവ് ഞാന്‍,
ഇന്ന് ചെങ്കോലില്ല കിരീടമില്ല.
കോട്ടയോട്ടില്ല, കൊട്ടാരവുമില്ല-
കയറികിടക്കുവാന്‍ കുടിലുമില്ല!
പടപുറപ്പാടിനായി പടയുമില്ല.
കാടിന്‍ മഹത്വം മറന്ന നിങ്ങള്‍ –
ആര്‍ത്തി മൂര്‍ത്തിക്കാടെല്ലാം വിറ്റു ചുട്ടു.
ഉള്‍ക്കാട്ടിലേക്കോടി ഒളിച്ചു ഞങ്ങള്‍ .
കാനനഛായ അതോര്‍മ്മയായി,
മഴയോ മനുഷ്യനിന്നോര്‍മ്മയായി!
ആര്‍ത്തി മാത്രം എന്നും ബാക്കിയായി.
കര്‍ക്കിടകവറുതിയില്‍ ആരണ്യകാണ്ഡം അരങ്ങൊഴിഞ്ഞു!
ആര്‍ത്തിപണ്ടാരങ്ങള്‍ നിങ്ങള്‍ ആടിത്തിമര്‍ത്തു,
ആശ എന്നും ഞങ്ങള്‍ക്ക് ബാക്കിയായി.
ഞങ്ങള്‍ ആദ്യം പിറന്നവര്‍ , ആദിയില്‍ പിറന്നവര്‍ ,
കല്ല് കൂര്‍പ്പിച്ചതായുധമാക്കി,
ആദിയില്‍ നിങ്ങളെ കാത്തുനിന്നോര്‍ .
അരജരായ് വാഴ്ന്നവര്‍ഞങ്ങള്‍ ,
ഇന്നെല്ലാം നിങ്ങളായി,
എല്ലാം നിങ്ങള്‍ക്കായി,
ഞങ്ങളിന്നഷ്ടിക്ക് വകതേടി ആലയുന്ന-
അശരണര്‍ , ആദി ജന്മങ്ങള്‍ .
സ്വന്തം ഭൂമിയില്‍ അന്യരായി ആകാശം നോക്കി മിഴിച്ചിരിക്കുന്നു.
കൂടെപിറന്നവരോര്‍മ്മയായി.
കുലമായ കുലമെല്ലാം കുത്തിനിങ്ങള്‍ ,
കൂസലില്ലാതെ നടന്നുനീങ്ങി.
ആനകേറാമല, ആടുകേറാമല,
അവിടെല്ലാം ദീപം തെളിച്ചു ഞങ്ങള്‍ ,
അവിടെല്ലാം വേര്‍പ്പിന്‍ മണംപടര്‍ന്നു,
അതുവിറ്റ് കാശാക്കി കീശ വീര്‍പ്പിച്ചു-
പിന്നധഃമരെന്നോതി അകത്തി നിര്‍ത്തി.
ആദിയില്‍ പടചചവന്‍,
ആകാരം നല്കിയോന്‍,
കാഴചകള്‍ കണ്ടു കല്‍പ്രതിമയായി.
വനഭൂമി ഞങ്ങള്‍ക്ക് പതിച്ചുനല്കാന്‍,
പെരുമ്പറ മുഴക്കി, കുഴലൂതി,
കോലാഹലങ്ങള്‍ പലതുകാട്ടി.
തരിശിട്ടു ഭൂമി അറംവരുത്തി,
പിന്നെ, സൂത്രത്തില്‍ ഞങ്ങളൊടോട്ടി നിന്ന്‍-
തന്ത്രത്തില്‍ ഒക്കയും സ്വന്തമാക്കി.
ഏറുമാടങ്ങളില്‍ തൂങ്ങിആടി ഞങ്ങള്‍-
എതിരിടാന്‍, ത്രാണി ഒട്ടില്ലതാനും.
ഞങ്ങള്‍ക്കായി പാഠങ്ങള്‍ മെനഞ്ഞു നിങ്ങള്‍,
പള്ളിക്കൂടങ്ങളൊട്ട് പണിതുമില്ല.
വിദ്യ നിഷേധിച്ചു വീണാളരാക്കി.
വികസനം കടലാസ്സില്‍ ഒതുക്കി പിന്നെ,
ഫണ്ടെല്ലാം എണ്ണി പകിതെടുത്തു.
ആദിയില്‍ പിറന്നവരെന്നതോര്‍ക്കതോര്‍ക്കാതെ,
ഞങ്ങളെ അധികാരം കാട്ടി ഭയപ്പെടുത്തി.
ഞങ്ങള്‍ക്കോ വിശപ്പെന്നും ബാക്കിയായി,
ഒട്ടിയ വയറിന്‍ രോദനമാരിന്നു-
കേള്‍ക്കുവാനാഗോള വാണിജ്യ ഭൂപടത്തില്‍!
വീണ്ടും കല്ലുകൂര്‍പ്പിച്ചു വിശപ്പടക്കാന്‍.
കണ്ടുനിന്നോര്‍ നിങ്ങടെ കാതിലോതി-
ദുഷ്ടന്മാര്‍, നിരോധിത മാവോകള്‍.
കേട്ടതും പാതി, കേള്‍ക്കാത്തതും പാതി,
പടയോരുങ്ങി, പടപുറപ്പാട് ആയ്.
നെഞ്ചത്ത് കൈ വച്ച് ചൊല്ലി ഞങ്ങള്‍-
മാവോയെ ഞങ്ങള്‍ക്കറിയില്ല.
അധികാര ഛിഹ്നങ്ങള്‍ തോളിലെന്തിയോര്‍-
അട്ടഹസിച്ചു വെടി ഉതിര്‍ത്തു.
ചത്ത് കൂമ്പാര കൂട്ടമായി-
ഞങ്ങള്‍, കൂട്ടത്തെ, അഗ്നി കാര്‍ന്നുതിന്നു.
മലയത്തി പെണ്ണിന്‍ മുലക്കച്ച കീറി,
മടിക്കുത്തഴിച്ചു, മാനം കവര്‍ന്നു,
അബലകളന്നതോര്‍ക്കാതെ,
മധുവുണ്ട്, മധുരം നുണഞ്ഞകന്നു.
നിങ്ങള്‍, മധുവുണ്ട്, മധുരം നുണഞ്ഞകന്നു.
ഉള്‍ കാട്ടിലേക്ക് ഓടി ഒളിച്ചു ഞങ്ങള്‍.
നാളെ,
ആകാശത്ത് ഇടിവാളായ് മുഴങ്ങി നില്‍ക്കും ഞങ്ങള്‍,
വിപ്ലവ തീക്കാറ്റായ് ആഞ്ഞു വീശും,
വിപ്ലവ തീ മഴയായി പെയ്തിറങ്ങും,
പുതിയ സൂര്യന്‍ ഉദിച്ചുയരും,
പുതിയ വസന്തം വന്നുചേരും ,
കാടായ കാടെല്ലാം പൂത്തുലയും,
പിന്നെ, നാടയനാടെല്ലാം കുളിരുകോരും,
ആകാശം മുട്ടെ വളര്‍ന്നു കേറും,
ആയിരം ചോദ്യ ശരങ്ങളെയ്യും
അന്ന് നിങ്ങളീ ഭരണവര്‍ഗ്ഗം,
ഉത്തരം മുട്ടി തല കുനിക്കും.
മാനം കവര്‍ന്നവര്‍ കഴുവിലേറും,
നാളത്തെ നായകര്‍ ഞങ്ങളാകും,
കാലം, അതിനൊക്കെ സാക്ഷിയാകും.
വെറുമൊരു കാട്ടാള സ്വപ്നമായ്, കരുതേണ്ട-
കരുതി ഇരുന്നുകൊള്‍ക!

*******************************************
/// ബി. ശ്രീകുമാര്‍ /// യു.എസ്.മലയാളി ///
*******************************************
Comments
comments