മേല്‍പട്ടത്വ ശുശ്രൂഷയില്‍ മാര്‍ തിയൊഡൊഷ്യസ് 26 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

0
447
ബെന്നി പരിമണം
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന് ഇത് അനുഗ്രഹീത നിമിഷം. ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയഡൊഷ്യസ് എപ്പിസ്‌ക്കോപ്പ മേല്‍ പട്ടത്വ ശുശ്രൂഷയില്‍ അനുഗ്രഹീതമായ 26 വര്‍ഷം പൂര്‍ത്തിയാക്കുന്നു.
1989 ഡിസംബര്‍ 9ന് എപ്പിസ്‌ക്കോപ്പായായി മാര്‍ത്തോമ്മാ സഭയില്‍ അഭിഷ്ക്തനായ അഭി.തിയൊഡൊഷ്യസ് തിരുമേനി ദൈവകൃപയുടെ തണലില്‍ അജപാലന ശുശ്രൂഷയില്‍ ധന്യമായ പ്രവര്‍ത്തനത്തിനുടമയാണ്. മാര്‍ത്തോമ്മാ സഭയില്‍ അഭി.ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ്, അഭി.ഡോ.യൂയാക്കീം മാര്‍ കുറിലോസ് എന്നീ എപ്പിസ്‌ക്കോപ്പാമാരോടൊപ്പം സ്ഥാനാഭിഷിക്തനായ തിയൊഡൊഷ്യസ് തിരുമേനി കഴിഞ്ഞ ഏഴ് വര്‍ഷമായി നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന് മികവുറ്റ നേതൃത്വം നല്‍കുന്നു.
ക്രിസ്തു കേന്ദ്രീകൃത ജീവിതശൈലിയും, പ്രാര്‍ത്ഥനാജീവിതവും, ദീര്‍ഘവീക്ഷണത്തിലൂടെയുള്ള പ്രവര്‍ത്തനരീതികളും കൈമുതലായ തിരുമേനി സഭാ ജനങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ട വ്യക്തിത്വത്തിനുടമയാണ്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം അഭി.തിരുമേനിയുടെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടികയറുമ്പോള്‍, തിരുമേനിയുടെ ജീവിതത്തില്‍ ദൈവത്തില്‍ നിന്ന് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി സൂചകമായി എപ്പിസ്‌കോപ്പയായി 26ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡിസംബര്‍ 9ന് ബുധനാഴ്ച രാവിലെ 8.30ന് ഭദ്രാസന ആസ്ഥാനമായ ന്യൂയോര്‍ക്കിലെ സിനായി മാര്‍ത്തോമ്മാ സെന്ററില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാന അനുഷ്ഠിക്കുന്നു.
ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ.ബിനോയ്.ജെ.തോമസ് അറിയിച്ചു. ദൈവരാജ്യ ശുശ്രൂഷയില്‍ തുടര്‍ന്നുള്ള നാളുകളില്‍ കൂടുതല്‍ കര്‍മ്മനിരതനാകുവാന്‍ അഭി.തിരുമേനിക്ക് സര്‍വ്വേശ്വരന്‍ കൃപ ചൊരിയട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
ഭദ്രസനമീഡിയം കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

 

Share This:

Comments

comments