
style="text-align: center;">ഹേ, നിഷാദാ – ജോര്‍ജ് കക്കാട്ട്
******************************
വരണ്ടു വറ്റി, ഇലകരിഞ്ഞു നിന്ന മരച്ചില്ലയിലെ നിഴലനക്കത്തിലേക്ക് വേടന്‍ തന്റെ കുറുകിയ കണ്ണുകളെ പായിച്ചു, എന്നിട്ടു, അമ്പെടുത്തു ഉന്നം പിടിച്ചു. ദൂരെ അന്തിസൂര്യന്റെ പ്രഭാപൂരം തീര്‍ത്ത മഞ്ഞളിപ്പില്‍നിന്നും കണ്ണുകള്‍ മുക്തമായപ്പോള്‍ , കൊക്കുരുമ്മാതെ പ്രണയ സല്ലാപങ്ങളില്ലാതെ മരച്ചില്ലയില്‍ നിശ്ശബ്ദരായിരിക്കുന്ന ഇണക്കുരുവികളെ വേടന്‍ കണ്ടു. വേടന്റെ കൈ വിറച്ചു, തൊണ്ട വരണ്ടു.
മാ നിഷാദാ, എന്നൊരു നിലവിളി എങ്ങുനിന്നോ ഒഴുകിയെത്തിയോ? തലമുറകള്‍ക്കു മുന്‍പേ വേടന്റെ കുലത്തിനു വീണ തീരാ ശാപം. ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ എയ്തു വീഴ്ത്തിയ വേടന്റെ ക്രൂരത, ഇണക്കുരുവിയുടെ വേദന, മനം നൊന്ത മുനിയുടെ ശാപം… വേടന്റെ മനസ്സു തളര്‍ന്നു, കൈ തളര്‍ന്നു. ഒരു തീരാശാപത്തിന്റെ ഭാരം മനസ്സിലിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ , പിന്നില്‍നിന്നും ആണ്‍കിളി അലറി വിളി ച്ചു.
“ഹേ, നിഷാദാ, ദയവായി എന്നെ അമ്പെയ്തു വീഴ്ത്തുക. നിന്റെ വറചട്ടിയില്‍ പൊരിഞ്ഞു, നിന്റെ മക്കളുടെ നാവിലെ കൊതിയൂറുന്ന ഓര്‍മയാക്കി മാറ്റുക എന്നെ”
വേടന്‍ – “ഇനിയും ഒരു ശാപം പേറുവാന്‍ എനിക്കു കഴിയില്ല”
ആണ്‍കിളി- “ദയവായി നിന്റെ ശരത്താല്‍ എന്റെ മാറുപിളര്‍ന്ന്, എന്റെ വേദനകളില്‍ നിന്നും എന്നെ രക്ഷിക്കൂ” “അരുതേ, വീണ്ടും ഒരു ക്രൂരതയുടെ പ്രതീകമാകാന്‍ എന്നെ നിര്‍ബന്ധിക്കരുതേ” വേടന്‍ യാചിച്ചു.
ആണ്‍കിളി കരഞ്ഞുകൊണ്ടേ ഇരുന്നു, “നിന്റെ കര്‍മ്മം ചെയ്യൂ, ദയവയി എന്നെ അമ്പെയ്തു കൊല്ലൂ” ഒരു നിലവിളിയും ഒരു ശാപവും വേടനു ചുറ്റും ഭീതിതമായിപ്രതി ധ്വനിച്ചുകൊണ്ടിരുന്നു.
“അല്ലയോ ക്രൗഞ്ചമേ, ഈ ക്രൂരത എനിക്കു വയ്യ, ഞാന്‍ ഒരു ആണായി പിറന്നു പോയി” വേടന്‍ നിലവിളിച്ചു. എന്നിട്ടു തൊടുക്കാനാഞ്ഞ അമ്പെടുത്തു തന്റെ ഇടനെഞ്ചില്‍ കുത്തിയിറക്കി പിടഞ്ഞുമരിച്ചു.
ഇതു കണ്ട ആണ്‍കിളി അലറിക്കരഞ്ഞ് ഉണങ്ങിയ മരച്ചില്ലയില്‍ തല തല്ലിപ്പിളര്‍ന്നു, കരിഞ്ഞുണങ്ങിയ ഭൂമിയിലേക്കു ജീവനറ്റു വീണു. എല്ലാം നിര്‍വികാരയായി കണ്ടുകൊണ്ടിരുന്ന പെണ്‍കിളി അല്പനേരം അവിടെ ഇരുന്നിട്ടു ഒടുവില്‍ , തുടുത്ത സൂര്യന്‍ ഒളിച്ചു മറഞ്ഞ മലഞ്ചെരുവിലേക്ക് പറന്നുപോയി.
***************************************************
/// ജോര്‍ജ് കക്കാട്ട് /// യു.എസ്.മലയാളി ///
***************************************************
Comments
comments