സീത – മായാതെ, മറയാതെ

0
1481

 

സീത – മായാതെ, മറയാതെ: (ഓർമ്മ, റീനി മമ്പലം)

***************************

മൊവേറിയൻ പള്ളിയുടെ ഹാളിൽ ജനങ്ങൾ നിറഞ്ഞൊഴുകി. കുറെ ആളുകൾ അകത്ത് ഇടം കിട്ടാതെ വാതിലിനടുത്ത് നിന്നു. സീതയും മനോഹറും ജെമിനിയും നീലും തൊട്ട ഹൃദയങ്ങളുടെ കൂട്ടം. ഉള്ളിൽ അനുശോചനങ്ങളുടെ പേമാരി പെയ്തപ്പോൾ പ്രാസംഗികരുടെ തൊണ്ട ഇടറി. കേട്ടിരുന്നവരുടെ തൊണ്ടയിൽ എന്തോ കുടുങ്ങി, അവർ കണ്ണുതുടച്ചു. അകാലത്തിൽ അടർന്നുവീണ പുഷ്പം, സീത തോമസ്.
ഞാൻ ആദ്യമായി സീതയെ കണ്ടതോർമ്മിക്കുവാൻ ശ്രമിച്ചു. ഒന്നര വർഷം മുമ്പ് ഫോമയുടെ നാഷണൽ കൺവൻഷൻ നടന്ന കപ്പലിൽ വെച്ചാണ്‌ കാണുന്നത്. സർഗവേദിയുടെ നായകനായ പിതാവ് മനോഹർ തോമസ് സീതയെക്കുറിച്ച് വ്യക്തമായൊരു ചിത്രം ഞങ്ങളിൽ വരച്ചിരുന്നു. സീത ചെറിയ കുട്ടിയായിരിക്കുമ്പോൾ, മാതാവ് ജെമിനി ജോലിയിലായിരിക്കുമ്പോൾ മാസത്തിലൊരിക്കൽ നടത്തുന്ന സർഗവേദിയിലേക്ക് സീത മനോഹറോടൊപ്പം വന്നിരുന്നു. ജെമിനി വീട്ടിലുണ്ടായിന്ന ഒരവസരത്തിൽ ജെമിനിയോടൊപ്പം വീട്ടിലാക്കുവാൻ ശ്രമിച്ച മനോഹറിനെ ‘ Dad, you and I are Sargavedi“ എന്നു പറഞ്ഞുമനസ്സിലാക്കി കൂടെപ്പോയതും, ആദ്യമായി വാങ്ങിയ VCRന്റെ വായിൽ (cassette opener)അതിന്റെ ദാഹമകറ്റാൻ ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുത്ത് VCRനശിപ്പിച്ചതുമായ കുസൃതിക്കഥകൾ സീതയെ കാണും മുമ്പേ മനോഹറിൽ നിന്ന് കേട്ടിരുന്നു.
കപ്പലിൽ വെച്ച് കണ്ടപ്പോൾ കടലിന്‌ മേലെ കത്തിനിൽക്കുന്ന സൂര്യന്റെ ഊർജം അത്രയും സീതയിലേക്ക് കയറിയപോലെ, കടൽത്തീരത്തെ നുരകൾ പോലെ തുളുമ്പി നിൽക്കുന്ന ‘ബബ്ളി’യായൊരു പെൺകുട്ടി. അവൾക്ക് പറയാനേറെയുണ്ടായിരുന്നു, മെഡിക്കൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു നിന്ന് അസുഖമായ ഒരാളെ കപ്പലിൽ നിന്നും ‘സ്ട്രെച്ചറിൽ’ കയറ്റി ഹെലികോപ്റ്ററിൽ ആസ്പത്രിയിൽ കൊണ്ടുപോവുന്നത് കണ്ടത് ഉൾപ്പെടെ.
കപ്പൽ വിട്ട ശേഷം വീണ്ടും കാണുന്നത് ഞങ്ങൾ ഒരു പ്രോഗ്രാമിന്‌ സ്റ്റാറ്റൻ ഐലണ്ടിൽ ചെല്ലുമ്പോഴാണ്‌. ഹാൾവേയിൽ കണ്ടപ്പോഴേ ഓടി അടുക്കൽ വന്നു. അപ്പോൾ അയർലണ്ടിൽ മാസ്റ്റേർസ്‌ ചെയ്യുന്നതിനിടയിലുള്ള അവധിയിലായിരുന്നു. ‘സ്കൈഡൈവ്’ ചെയ്തതിന്റെ ആവേശത്തിലും എക്സൈറ്റ്മെന്റിലും ആയിരുന്നവൾ.
ദൈവത്തിന്‌ ഇഷ്ടമുള്ളവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമെന്ന് വൈദീകർ പറയുന്നത് വെറുതെ. ദയാശീലനായ ദൈവം അങ്ങനെയൊക്കെ ക്രൂരമായി ഒരാളെ പറിച്ചു മാറ്റുമോ? ഭൂമിയിൽ നമ്മുടെ കൺമുമ്പിൽ നിന്നും ഇല്ലാതാക്കുമോ? അതൊക്കെ ചെയ്യുന്നത് ദൈവംപോലും അറിയാതെ ആരെങ്കിലുമായിരിക്കും.
ഇരുപത്തിയാറുവർഷം ജീവിച്ച ഈ ഭൂമിയിൽ നിന്ന് മരണം ഒരാളെ പൂർണ്ണമായി അകറ്റുമോ? ഇത്രയും നാൾ കൂടെയുണ്ടായിരുന്ന അഛനുമമ്മയിൽനിന്നും അനിയനിൽനിന്നും മാറിനിൽക്കുവാൻ ആവുമോ? അദൃശ്യ രൂപം സ്വീകരിച്ച് എല്ലായിടത്തും അവൾ ഒഴുകി നടക്കുന്നുണ്ടാവും, ചുവരുകൾ അവൾക്കൊരു തടസ്സമാവാതെ.
ഭക്ഷണത്തിനായി പേപ്പർ പ്ലേറ്റ് എടുത്തപ്പോൾ ജെമിനി പറഞ്ഞു “സീത ഉണ്ടായിരുന്നെങ്കിൽ പേപ്പർ പ്രൊഡക്റ്റ്സ് ഉപയോഗിക്കുവാൻ സമ്മതിക്കില്ലായിരുന്നു, ഭൂമിയിൽ മാലിന്യം കൂട്ടുമെന്നു പറഞ്ഞ്.”
എനിക്ക് ദുഃഖം വന്നു. ഞാനും ഒരമ്മയാണ്‌. സംസാരിക്കുമ്പോൾ കണ്ണുകളും കൈകളും കൂടെ സഞ്ചരിക്കുന്ന സീതയെ കണ്ടു.
മാലിന്യമില്ലാത്ത ഒരു ലോകത്തിൽ നിന്നും ഒരു കാറ്റായി, വിരൽത്തുമ്പിലൊരു വാക്കായി അവൾ വന്നുനിറയുന്നുണ്ടന്ന് അച്ഛനുമമ്മയും അനിയനും വിശ്വസിക്കട്ടെ?

Reeni Mambalam

**************************************************
/// റീനി മമ്പലം /// യു.എസ്.മലയാളി ///
**************************************************

Share This:

Comments

comments