
പ്രകൃതിയിലെ ശില്പികള് – ശ്രീദേവി വര്മ്മ
*************************
ശില്പിയും ശില്പങ്ങളും മനുഷ്യനുണ്ടായ കാലം മുതൽക്കേ ജീവിതത്തിന്റെ ഒരു ഭാഗമായി കൂടെയുണ്ട്. ശിലായുഗം തന്നെ അതിന്റെ തെളിവാണ്. ഗുഹാവാസിയായിരുന്ന ആദിമ മനുഷ്യനിൽ നിന്നും ഇന്നത്തെ ആധുനിക മനുഷ്യനിലേക്കുള്ള പ്രയാണത്തിനിടയിൽ ആ കലയ്ക്കും ഒട്ടേറെ മാറ്റം സംഭവിച്ചു.

(ഇടയ്ക്കൽ ഗുഹ)
വെണ്ണക്കല്ലിൽ കൊത്തിയ കവിത പോലെ തലയെടുത്ത് നിൽക്കുന്ന നമ്മുടെ താജ്മഹൽ തന്നെ മകുടോദാഹരണം. ലോകാൽഭുതങ്ങളിലിടം നേടാൻ ഭാരതത്തിന്റെ തുറുപ്പ് ചീട്ട്. അംബരചുംബിയായി നിലകൊള്ളുന്ന ബുർജ് ഖലീഫയിലെത്തി നിൽക്കുന്ന മനുഷ്യന്റെ നിർമ്മാണകലയുടെ പ്രാഗൽഭ്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല തന്നെ.

നമ്മുടെ കൊച്ചു കേരളത്തിനും അഭിമാനിക്കാനിത്തരം കൊച്ചു കൊച്ച് അൽഭുതങ്ങൾ സ്വന്തമായിട്ടുണ്ടെന്ന് മറക്കണ്ട. അനന്തപുരിയുടെ രാജവാഴ്ചയുടെ ശേഷിപ്പായി നില കൊള്ളുന്ന മേത്തൻ മണി. സമയമറിയിക്കാനത് ശബ്ദമുണ്ടാക്കുന്നത് രണ്ടു വശത്തുമുള്ള മുട്ടനാടുകളുടെ പ്രതിമകൾ പാഞ്ഞു വന്ന് തലയുടെ പ്രതിമയിൽ ഇടിക്കുമ്പോഴാണു. ഒരു കാലത്ത് തിരുവനന്തപുരത്തിന്റെ നാഡീസ്പന്ദനമായിരുന്നു ഈ നാഴികമണി.

(മേത്തൻ മണി)
ഇന്ന് തമിഴ്നാട്ടിന്റെ ഭാഗമെങ്കിലും തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ശുചീന്ദ്രം ക്ഷേത്രത്തിലെ , ശിൽപ്പിയുടെ പ്രാഗൽഭ്യത്താൽ ജീവൻ വച്ചുവെന്ന് പറയപ്പെടുന്ന മഹാകായ ഹനുമാൻ പ്രതിമ, പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള രഹസ്യ തുരങ്കം, ശംഖുമുഖം ബീച്ചിൽ ഉറങ്ങുന്ന മദാലസയായ മത്സ്യകന്യക, മലമ്പുഴയിലെ യക്ഷി, അറയ്ക്കൽ കൊട്ടാരം, ബേക്കൽ കോട്ട ഇതെല്ലാം നമ്മുടെ ശില്പചാതുരിക്ക് വിളിച്ച് പറയാവുന്ന നേട്ടങ്ങൾ തന്നെ.

(കന്യാകുമാരിയിലെ തിരുവള്ളുവരുടെ പ്രതിമ)
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് ദൃഷ്ടി പായിച്ച് നിൽക്കുന്ന തിരുവള്ളുവരുടെ പ്രതിമ, വിജയനഗരത്തിലെ ക്ഷേത്ര ശില്പങ്ങളും വിട്ടലയിലെ ഗരുഡരഥത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന സപ്തസ്വരങ്ങളുതിർക്കുന്ന തൂണുകളോട് കൂടിയ മണ്ഡപവും, ശ്രാവണ ബഗോളയിലെ ബുദ്ധപ്രതിമ, തഞ്ചാവൂരിലെ ക്ഷേത്രങ്ങൾ, ഡെൽഹിയിലെ ചുവപ്പ്കോട്ട, മണിപ്പൂരിലെ പ്രകൃതിയ്ക്ക് അനുയോജ്യമായി നാലു തൂണുകൾക്ക് മേൽ കെട്ടിയുയർത്തിയ സകലസജ്ജീകരണങ്ങളോടും കൂടിയ വീടുകൾ, തുടങ്ങിയവയെല്ലാം ഈ കരവിരുതുകൾ എടുത്ത് കാട്ടുന്നവയാണ്.
ഈ നേട്ടങ്ങൾക്കൊക്കെ പിന്നിൽ മനുഷ്യന്റെ അനേകശതം വർഷങ്ങളിലെ മാനസികവും ശാരീരികവും ബൌദ്ധികവുമായ അദ്ധ്വാനമുണ്ടെന്ന സത്യം അംഗീകരിക്കുമ്പോൾ നമ്മളറിയാതെ പോകുന്നത് ജന്മനാ ഈ സിദ്ധികൾ വശമായ പ്രകൃതിയുടെ ചില ശിൽപ്പികളെയാണ്.
ദുർബ്ബലരായ ചിതലുകൾ മുതൽ ബീവറുകൾ വരെ പ്രകൃതിയിലെ ഒന്നാന്തരം എഞ്ചിനീയർമാരാണെന്നു അറിയുമോ. ജനിച്ചു വീഴുന്ന സമയം മുതൽ ഈ സർഗ്ഗസാങ്കേതിക വിദ്യ അവർക്ക് സ്വായത്തമാണെന്നും മറക്കരുത്. ലോകൈക നാഥന്റെ സൃഷ്ടി വൈദഗ്ദ്ധ്യം.
കാഴ്ചയില്ലാത്തവരായ ചിതലുകൾ കെട്ടിപ്പൊക്കുന്നത് മനുഷ്യനോളം പൊക്കമുള്ള ചിതൽപ്പുറ്റുകളാണെന്ന് പറഞ്ഞാൽ, അവർ മനസ് വച്ചാൽ ഒറ്റ രാത്രി കൊണ്ട് ഒരു ബ്രഹ്മാണ്ഡ കെട്ടിടം നിലം പരിശാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? അതിശയിക്കേണ്ട അത് സംഭവനീയമാണ്.

കോളനി വ്യവസ്ഥയിൽ ജീവിക്കുന്ന ഇവർ കെട്ടിപ്പൊക്കുന്നത് അനേകം അറകളോടു കൂടിയ കൂടാണ്. രാജാവിനും രാജ്ഞിക്കും, ജോലിക്കാർക്കും, പട്ടാളക്കാർക്കും, മറ്റു ജീവികളെ വളർത്താനുമൊക്കെ വെവ്വേറേ അറകളുണ്ടാവും. ഇടുങ്ങിയ വഴികളോട് കൂടിയവയാണെങ്കിലും താപനിയന്ത്രണത്തിനും വായു സഞ്ചാരത്തിനും അനുയോജ്യമായ രീതിയിലാണവ നിർമ്മിക്കുക. പൊതുവേ ആരോഗ്യം കുറഞ്ഞ ജീവികളായതു കൊണ്ട് ഇവ സഞ്ചരിക്കുന്ന വഴികൾ പോലും കൂടു നിർമ്മിക്കുന്ന നനഞ്ഞ മണ്ണു കൊണ്ട് മിനുസപ്പെടുത്തിയിരിക്കും. താപ നിയന്ത്രണാർത്ഥം ചില ഭാഗങ്ങളിലെ ഭിത്തികൾ അതി ലോലമായിട്ടായിരിക്കും നിർമ്മിച്ചിരിക്കുന്നത്. തുറന്നിരിക്കുന്ന ഭാഗമാകട്ടെ കാറ്റിനെ കൂട്ടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കും, ഒരു ഇരുത്തം വന്ന ആർക്കിടെക്ടിനെപ്പോലെ.

(ആസ്ട്രേലിയയിൽ കാണപ്പെട്ട ഭീമാകാരൻ ചിതൽപ്പുറ്റ്)
തേനിഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല. അതിന്റെ ഉൽപ്പാദകരെ പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. തേനീച്ചയുടെ കുത്ത് കൊള്ളാത്തതായി നമുക്കിടയിൽ എത്ര പേരുണ്ടാവും. അവയുടെ കൂടു ശ്രദ്ധിച്ചിട്ടുണ്ടോ? ജ്യാമീതീയ നിർമ്മിതിയാണ്. ഹെക്സഗണൽ ആകൃതിയിലുള്ള അറകൾ അടുക്കി അടുക്കി വച്ചതു പോലെയാണാ കൂട്. ഇവിടെ നമ്മളാലോചിക്കേണ്ടത്, എന്തിനവ ഈ ആകൃതിയിൽ അറകൾ നിർമ്മിക്കുന്നു എന്നാണ്. ജ്യാമീതീയ രൂപങ്ങളിൽ ത്രികോണവും ചതുരവും ഹെക്സഗണും ഒഴിച്ച് മറ്റേത് രൂപങ്ങൾ ചേർത്ത് വച്ചാലും ഇടയ്ക്ക് ഉപയോഗശൂന്യമായ സ്ഥലം ഉണ്ടാവും. എങ്കിലെന്തുകൊണ്ടവ ത്രികോണവും ചതുരവും പരീക്ഷിക്കുന്നില്ല എന്നല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത്. ത്രികോണവും ചതുരവുമായി താരതമ്യം ചെയ്യുമ്പോൾ ഹെക്സഗണിനാണു ഉള്ളിൽ കൂടുതൽ സ്ഥലം കിട്ടുക. കണ്ടോ ഈ ഇത്തിരിക്കുഞ്ഞന്മാരുടെ ബുദ്ധി.

പക്ഷികളിലും ഇത്തരം എഞ്ചിനീയർമാരുണ്ട് കേട്ടോ. നല്ലൊരുദാഹരണം വീവർ ബേർഡ് ആണു. നെയ്ത്തുകാരൻ പക്ഷീന്നു വിളിക്കുന്ന, ചുണ്ടുകൾ നീണ്ട ഒരു കുഞ്ഞു വിരുതൻ. സ്കൌട്ട്സിനും ഗൈഡ്സിനുമൊക്കെ പോകുന്ന കുട്ടികളോട് ചോദിച്ചാൽ പറയും നോട്ട്സുകൾ (knots) എത്ര വിധമെന്ന്. എഴുതുന്ന നോട്ടോ കാശോ അല്ലാ ഈ നോട്ട്സ്. കെട്ടുകൾ, കയറു കൊണ്ട് എത്ര വിധത്തിൽ കുരുക്കിടാമെന്ന് അവരെ പഠിപ്പിക്കുന്നുണ്ട്. മരത്തിൽ കയറു കെട്ടാൻ നമ്മളെന്താ ചെയ്യുക? അതിനെ മടക്കി ശിഖരത്തിൽ ലംബമായി വച്ചിട്ട് ഞാന്നു കിടക്കുന്ന രണ്ടറ്റവും ഒന്നു ചുറ്റിയെടുത്ത് ആ വളയത്തിലൂടെ പുറത്തെടുത്ത് വലിച്ച് മുറുക്കും, അതല്ലേ പതിവ്? ഈ കുഞ്ഞു പക്ഷിയും തന്റെ കൂട് ഞാത്തിയിടാൻ ആ വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. നമ്മൾ രണ്ട് കൈ കൊണ്ടും ചെയ്യുന്നത് ഈ പാവം കൊക്കും കാലുകളും കൊണ്ട് ഒരു സർക്കസൊക്കെ കളിച്ചാണു ചെയ്യുന്നതെന്നു മാത്രം. ഞാത്ത് റെഡിയായിക്കഴിഞ്ഞാൽ പിന്നെ കൂട് നിർമ്മാണമായി. അടിയിലൂടെ കൂട്ടിലേക്ക് കയറാനും സൈഡിൽ പുറത്തേക്കുള്ള വെന്റിലേഷനുമുൾപ്പടെ ഫുൾ സെറ്റപ്പിലാണ് ആ കൂടുകൾ. അടിയിൽ വാതിലുള്ളതു കൊണ്ട് മുട്ടകളൂർന്നു പോകുമെന്ന് കരുതരുത്. മുട്ടകൾ സൂക്ഷിക്കാനും അടയിരിക്കാനും ഉള്ള സജ്ജീകരണങ്ങൾ ഈ കൂടിനകത്ത് അവൻ ഭംഗിയായി ഒരുക്കീട്ടുണ്ടാവും.

ഇനി നമുക്ക് വളരെ പരിചിതനായ ഒരാളുടെ കരവിരുത് ശ്രദ്ധിക്കാം. മച്ചിലും ചുമരിലും, എന്തിന് സകലയിടത്തും നമുക്കിയാളെ കാണാം. ആരാന്നല്ലേ, സാക്ഷാൽ ചിലന്തി അഥവാ എട്ടുകാലി. പണ്ട് തോറ്റോടിയ ഒരു രാജാവിന് തോൽവി മറന്ന് രാജ്യങ്ങൾ കീഴടക്കാനുള്ള ബുദ്ധി ഉപദേശിച്ചു കൊടുത്ത കക്ഷി. ആൾക്ക് വായിലാണ് വല കെട്ടാനുള്ള രാസവസ്തു ഉള്ളത്. അത് വായുവിലേക്ക് തള്ളുമ്പോൾ നേർത്ത ഒട്ടുന്ന നൂലുകൾ രൂപപ്പെടും. ഈ നൂലുകൾ തലങ്ങും വിലങ്ങുമായി ഒട്ടിച്ച് വലയ്ക്ക് അടിത്തറ കെട്ടും. പിന്നെ വട്ടത്തിൽ ചുറ്റി അതൊരു നല്ല വലയാക്കി നെയ്തെടുക്കും. പുറത്തൂന്ന് ഉള്ളിലേക്കാ നെയ്തു പോകുന്നത് കേട്ടോ. എന്നിട്ടിവൻ നടുവിൽ ഇരുപ്പും ഉറപ്പിക്കും ഇരയേയും പ്രതീക്ഷിച്ച്.

ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് ബീവർ. കരണ്ടുതീനി എന്ന പേരിലാണു ഇവനറിയപ്പെടുന്നത്. തണുപ്പ് പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എഞ്ചിനീയർമാരുടെ ഇടയിലിവർക്കാണു മുൻഗണന. അതിശയിക്കേണ്ട ഇവരുടെ വീടു നിർമ്മാണം അത്തരത്തിലാണ്. പ്രകൃതി അനുഗ്രഹിച്ച് കൊടുത്തിരിക്കുന്ന ഉളി പോലത്തെ മുൻനിരപ്പല്ലുകളും എത്ര ഒഴുക്കുള്ള വെള്ളത്തിലും നീന്താൻ അനുയോജ്യമായ ശരീരവും ആണ് ഇതിനവരെ പ്രാപ്തരാക്കുന്നത്.
ആണും പെണ്ണും കണ്ടു മുട്ടുന്നതോടെയാണിവർക്ക് വീടുണ്ടാക്കണമെന്ന് തോന്നിത്തുടങ്ങുന്നത്. അധികവും വെള്ളത്തിൽ കഴിയുന്നവരാകയാൽ വെള്ളത്തിൽ തന്നെ വീടും വേണം. പുഴയിലൊരു വീടു വച്ചാലുള്ള കാര്യം ആലോചിച്ച് നോക്കു. ഒഴുക്കെടുത്ത് പോയതു തന്നെ. പക്ഷേ അതിനും അവർ പ്രതിവിധി കണ്ടിട്ടുണ്ട്. പുഴയുടെ ഒഴുക്ക് തടയുന്ന അണക്കെട്ട് നിർമ്മാണമാണ് ആദ്യം. വെള്ളം കെട്ടി നിർത്തി തടാകം സൃഷ്ടിച്ച ശേഷമേ ഇവർ വീടുണ്ടാക്കുകയുള്ളൂ.

(ബീവർ)
വീടിനു അനുയോജ്യമായ സ്ഥലം കണ്ടു പിടിച്ചാൽ ആദ്യം ഇവർ തിരയുന്നത് ആ പുഴയ്ക്ക് സമീപമുള്ള വൻ മരമായിരിക്കും. കണ്ടെത്തുന്ന മരത്തിന്റെ ഇലകളിൽ കുറച്ച് ആദ്യം ഇവർ ഭക്ഷിക്കും. പിന്നെ ചുവട്ടിൽ കരണ്ട് തുടങ്ങും. പക്ഷേ അവിടേയും ഇവരുടെ ബുദ്ധി പ്രവർത്തിക്കുന്നുണ്ട്. ചുമ്മാ കരളുകയല്ല, അതിനു പ്രത്യേക ദിശയുണ്ട്. കരണ്ടു കഴിഞ്ഞ് മരം വീഴുന്നത് കൃത്യമായും പുഴയിൽ തന്നെയാവണം. ആ ദിശയിലാണ് അവരുടെ പ്രവർത്തനം. മരം വീണു കഴിഞ്ഞാൽ പിന്നെ അതിനെ വലിച്ച് കുറുകെയിട്ട് പുഴയുടെ ഒഴുക്ക് തടയും. പിന്നേയും ശിഖരങ്ങളും ഇലകളുമൊക്കെ വലിച്ച് കൊണ്ടിട്ട് അതിനെ ശക്തമാക്കും . മൂന്നു നാലു മാസം കൊണ്ട് അതൊരു ഒന്നാന്തരം അണക്കെട്ടാവും. ശ്രദ്ധിക്കേണ്ടത് അതിന്റെ ആകൃതിയാണ്. അകത്തേക്ക് തള്ളി നിൽക്കുന്ന കോൺകേവ് ആകൃതിയിലാവും. നമ്മുടെ അണക്കെട്ടുകൾ അങ്ങനെയാണു നിർമ്മിച്ചിരിക്കുന്നതെന്ന് ഓർക്കണം. ഒഴുക്കിന്റെ ശക്തി കുറയ്ക്കാനുള്ള ബുദ്ധിയാണത്.

(ബീവറിന്റെ അണക്കെട്ട്)
തടാകം റെഡിയായിക്കഴിഞ്ഞാൽ വീടു നിർമ്മാണം തുടങ്ങുകയായി. വെള്ളത്തിന്റെ നിരപ്പിൽ നിന്നും നാലഞ്ചു മീറ്റർ അടിയിൽ ഇതു പോലെ തടിയും കമ്പും ഇലകളും കൊണ്ട് തന്നെയാണ് അവയുടെ വീട്. തണുപ്പ് കൂടുമ്പോ ജലോപരിതലം ഐസ് പാളികളായാലും അടിത്തട്ടിലെ വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനാണിങ്ങനെ ചെയ്യുന്നത്. എന്നാൽ ചിലർ കുറച്ച് ആർഭാടപ്രിയരാണു കേട്ടോ. അവർക്കിങ്ങനെ വെള്ളത്തിനടിയിലൊന്നും കഴിഞ്ഞാൽപ്പോരാ സദാ സമയവും, അല്പം പുറം കാഴ്ചകളൊക്കെ കണ്ട് കാറ്റൊക്കെ കൊണ്ട് ഇരിക്കണം. അങ്ങനെയുള്ളവർ രണ്ടു നിലയിലാണു പണിയുക. മുകളിലത്തേത് ജലനിരപ്പിനു മുകളിൽ വെന്റിലേഷനോട് കൂടിയതാവും. താഴത്തെ നില സ്വീകരണ മുറിയും വിശ്രമസ്ഥലവുമാകുമ്പോൾ മുകളിലത്തേത് ഭക്ഷണമുറിയും കിടപ്പു മുറിയുമാണ്. അകത്തേക്ക് കയറുന്ന വാതിൽ അടിയിലായിരിക്കും. മുകളിലത്തെ നിലയിലേക്ക് കയറാൻ വീടിനകത്തുകൂടെ ഒരു വഴിയുണ്ടാകും. എങ്ങനെയുണ്ട് എയർകണ്ടീഷൻഡ് റ്റു സ്റ്റോറീഡ് ബിൽഡിംഗ്?

(ബീവറിന്റെ കെട്ടിടം)
ഇതിലൊന്നും തീരുന്നതല്ല പ്രകൃതിയിലെ ശിൽപ്പികളുടെ പുരാണം. സസൂഷ്മം നിരീക്ഷിച്ചാൽ നമുക്കു ചുറ്റും കാണം ഇതുപോലെ ഒരുപാട് കൌതുകക്കാഴ്ചകൾ. ലോകം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നമുക്കിതിനെവിടെ സമയം അല്ലേ? വിവേക ബുദ്ധിയുടെ പേരിൽ സ്വയം കേമനെന്ന് അഹങ്കരിക്കുമ്പോൾ ഒരു നിമിഷം നമുക്കീ കുഞ്ഞു ജീവികളെ ഓർക്കാം. ഒരു മഞ്ഞു തുള്ളിയിൽ പോലും അത്ഭുതത്തിന്റെ മായാപ്രപഞ്ചം ഒരുക്കി വയ്ക്കുന്ന പ്രപഞ്ചനാഥന്റെ ശക്തിയെ വാഴ്ത്താതെ വയ്യ.

“അനന്തം അജ്ഞാതമവർണ്ണനീയം…
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?

************************************
/// ശ്രീദേവി വര്മ്മ /// യു.എസ്.മലയാളി ///
************************************
Comments
comments