സീതമോള്‍ക്കായ്‌

0
1029

സീതമോള്‍ക്കായ്‌

(കവിത)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

yohannan.elcy@gmail.com

****************************************

കണ്ടിട്ടുണ്ടോമനേ നിന്നെ യൊരിക്കല്‍ ഞാന്‍
കേട്ടുഞാനീനാള്‍ നിന്നകാല നിഷാദം !
രണ്ടര ദശക ജന്മര്‍ഷ മെത്തും മുന്‍
വിണ്ഡല മണ്ഡലമാണ്ട പൊന്നോമലേ !
ദേവകന്യകള്‍ക്കസൂയ ചേര്‍ക്കും നിന്റെ
പൂവിതള്‍മേനിയെ തീവണ്ടു കാര്‍ന്നുവോ?
പൈതല്‍പ്രായം മുതല്‍ പക്ഷം വിരിച്ചു നീ
പ്രാധ്യയനത്തിനാ`യൂട്ടിയി’ല്‍ പോയതും, 1
ആയിരം സ്വപ്‌നങ്ങള്‍ നിന്നെക്കുറിച്ചു നിന്‍
അച്ഛനുമമ്മയും വാരിപ്പുണര്‍ന്നതും,
തൂമധു തിങ്ങിടും തൂമലര്‍ച്ചെണ്ടായ്‌ നിന്‍
പൂമൃദുമേനി സംപുഷ്ടം വളര്‍ന്നതും,
സ്വര്‍ണ്ണവര്‍ണ്ണം ചേര്‍ത്ത റോജാമലരായ്‌ നീ
കണ്ണിമയ്‌ക്കും മുമ്പേ കൗമാരം വിട്ടതും,
വെണ്ണതോല്‍ക്കുന്നൊരു വെണ്‍കല്‍ പ്രതിമപോല്‍
കണ്ണുവയ്‌ക്കും വിധൗ ദീപ്‌തിമത്തായതും,
ലക്‌ഷ്‌മീ സരസ്വതീ ദേവിമാര്‍ കൈകോര്‍ത്തു
ലാലസിച്ചുന്നിദ്രം നിന്നെ പുണര്‍ന്നതും,
വിദ്യാവിഖാദികള്‍ നേടുവാന്‍ `ലണ്ടനി’ല്‍
വീണ്ടും പടര്‍ന്നു പറന്നു നീ പോയതും,
നിന്നിച്ഛക്കെതിര്‍ പറയാതെ സാശംസം
നന്മനേര്‍ന്നാ യാത്രായോഗം ജനിത്വരും,
വിദ്യാപ്രദീപ്‌തിയിലെത്തും മകള്‍ക്കായി
വിസ്‌തരാഘോഷം വിരുന്നൊരുക്കീടവേ,
വൈകാതെ വൈവാഹ്യവേദി പുക്കാനായി
വിദ്യോത സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടീടവേ,
പെട്ടെന്നു വെള്ളിടി വെട്ടിപ്പിളര്‍ക്കും പോല്‍
ഞെട്ടറ്റു വീണതാ വിണ്‍താര മാമന്ദ്രം !
ഞെട്ടിത്തെറിച്ചുപോയ്‌ മാലോകര്‍ പോലുമാ
ഹൃത്തടം പൊട്ടുമാ കാതര വാര്‍ത്തയില്‍ !
മൃത്യുവിന്‍ നിഷ്‌ഠുര ഖഡ്‌ഗം പതിച്ചതാ
സപ്‌താംശുപോലെയാ പൂമൃദു മേനിയില്‍ !
ക്രൂരമാം ദുര്‍വിധീ സൂര്യോഷ്‌മ ജ്വാലയില്‍
സൗരഭ പുരമാം പൂമൊട്ടു പട്ടുപോയ്‌ !
വജ്രപാതം തീര്‍ത്ത നിന്‍ വിയോഗാഗ്നിതന്‍
ഉജ്വല താപില്‍ പകച്ചു നില്‍പൂ ഞങ്ങള്‍ !
ഓമലേ നിന്‍ സ്‌മേര, മന്ദ്രസ്‌മൃതി ഹൃത്തില്‍
മണ്‍മറയും വരെ താവും ജനിത്വരില്‍ .
സമ്പുഷ്ടമായൊരാ പൂമലരെന്തിനായ്‌
അന്‍പിയന്നീശ്വരാ, തവ ഹവ്യമാക്കി?
കണ്ടു കൊതിതീരും മുമ്പെന്തീ പൂന്തളിര്‍
തണ്ടടര്‍ന്നൂഴിയില്‍ ഹന്ത! നിപതിച്ചു ?
വാത്സല്യമുഗ്‌ദ്ധച്ചുടു ബാഷ്‌പചുംബനം
വത്സലേ സൂക്ഷിക്കും നിന്നച്ഛനമ്മമാര്‍ !
വാത്സല്യപൂര്‍വ്വം ഞാന്‍ നേദിപ്പൊരര്‍ച്ചനാ
വാകപ്പൂ നിനക്കായ്‌, പ്രിയ സീതമോളേ !!
——————————–
പ്രാധ്യയനത്തി`നൂട്ടി’യില്‍ = ഹൈസ്‌ക്കൂള്‍ വരെ `ഊട്ടി’യിലെ സ്‌ക്കൂളില്‍
പൂമലര്‍ = വിടര്‍ന്ന പൂവ്‌ ഹവ്യം = ദേവനൈവേദ്യം
(പ്രിയങ്കരനായ മനോഹര്‍ തോമസിന്റെയും ജമിനിയുടെയും ഓമനപ്പുത്രി `സീത’യുടെ അകാല വിയോഗത്തില്‍ ഒരര്‍ച്ചന)

Read original in PDF Seethamolkkai, 10,8,13 (1)

Elcy Yohannan
*********************************************************
/// എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ /// യു.എസ്.മലയാളി ///
*********************************************************

Share This:

Comments

comments