പ്രവാസം പ്രവാസി പ്രവാസസാഹിത്യം – ജോസഫ് നമ്പിമഠം

0
3684

style="text-align: center;">പ്രവാസം പ്രവാസി പ്രവാസസാഹിത്യം – ജോസഫ് നമ്പിമഠം

*************************

Give me your tired, your poor,
Your huddled masses yearning to breathe free,
The wretched refuse of your teeming shore,
Send these, the homeless, tempest-tossed tome,
I lift my lamp beside the golden door!
ന്യൂയോര്‍ക്ക് തുറമുഖത്ത്, വലതുകരത്തിലേന്തിയ പ്രകാശദീപവുമായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന സ്വാതന്ത്ര്യ പ്രതിമയുടെ പീഠത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഗീതക (Sonnet) ത്തിലെ ഏതാനും ചില വരികളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. പോര്‍ച്ചുഗലില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ഒരു ജൂതകുടുംബത്തിലാണ് ഇതിന്റെ രചയിതാവായ എമ്മ ലാസറസ് പിറന്നത്. ‘The new colossus’ എന്ന പേരില്‍ 1883-ല്‍ എഴുതിയ ആ ഗീതകത്തിലൂടെ – പതിനാലു വരി കവിതയിലൂടെ, മുപ്പത്തെട്ടാം വയസ്സില്‍ മരണമടഞ്ഞ ആ പ്രവാസ കവയിത്രി അനശ്വരയായി.
ബി.സി 280 -ല്‍ ഗ്രീസിലെ മാന്‍ഡ്രാകി തുറമുഖത്ത് ഇരുകരകളിലുമായി കാലകത്തി നിന്നിരുന്ന കൊളോസസ് പ്രതിമയെപ്പോലെ, കീഴടക്കലിന്റെ പുരുഷ പ്രതീകമല്ല ഈ ശില്പം എന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. കാരുണ്യം ചൊരിയുന്ന കണ്ണുകളും പ്രകാശം പൊഴിക്കുന്ന ദീപവുമായി തിരസ്കൃതനെ സ്വീകരിക്കാന്‍ സ്വര്‍ണ്ണകവാടത്തില്‍ കാത്തുനില്‍ക്കുന്ന തിരസ്കൃതന്റെ, അഭയമില്ലാത്തവന്റെ അമ്മ (Mother of exiles‌) എന്നാണ് ഈ ശില്പത്തെ വിശേഷിപ്പിക്കുന്നത്.
എത്ര മനോഹരമായ കവി സങ്കല്പം! തോമസ് മൂറിന്റെ യുടോപ്യ(Utopia)യും നമ്മുടെ കൊച്ചുകേരളത്തിന്റെ മാവേലി ലോകവും ഒക്കെ മഹത്തായ കവി സങ്കല്‍പ്പങ്ങള്‍ തന്നെ. കയ്യില്‍ കാലണ ഇല്ലാതെ അദ്ധ്വാനിക്കാനുള്ള മനസ്സും, പറന്നുനടക്കാന്‍ ഒരു സ്വതന്ത്രവിഹായസ്സും തേടി, ചേക്കേറാനിടം തേടി, മാതൃരാജ്യം ഉപേക്ഷിച്ച്, മെച്ചപ്പെട്ട ജീവിതം തേടി കുടിയേറിവരാണ് അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും.
1607-ല്‍ വെര്‍ജീനിയയിലെ ജയിംസ് ടൗണിലാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ആദ്യ കോളനി സ്ഥാപിതമായത്. അതായത് 400-ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആ കുടിയേറ്റം ഇന്നും അനുസ്യൂതം തുടരുന്നു. ജൂതനും, മുസ്ലീമും, ക്രിസ്ത്യാനിയും, ഹിന്ദുവും, ബുദ്ധമതാനുയായിയും, ജൈനമത വിശ്വാസിയും; ഇന്ത്യനും, പാകിസ്ഥാനിയും, ഈജിപ്റ്റുകാരനും, ഇസ്രായേലിയനും, കറുത്തവനും, വെളുത്തവനും, ഗേയും, ലെസ്ബിയനും, വാറന്‍ ബഫേയും, ബില്‍ ഗേറ്റ്സും, വീടില്ലാത്തവനും, തെരുവുതെണ്ടിയുമ്മടങ്ങിയ അമേരിക്കന്‍ സമൂഹത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് നോഹയുടെ പെട്ടകവും, മാവേലിയന്‍ ലോകവും ഒക്കെയാണ്.
ഏതു മതത്തില്‍ പെട്ടവനും, ഏതു രാഷ്ട്രീയത്തില്‍ പിറന്നവന്നും അവന്റെ മതവിശ്വാസം സംരക്ഷിക്കാനും രാഷ്ട്രീയ പൈതൃകം നിലനിര്‍ത്താനും, ജോലി ചെയ്യുവാനും, സ്വത്തുസമ്പാദിക്കുവാനും, സ്വതന്ത്രമായി ജീവിക്കുവാനും അമേരിക്കന്‍ ഭരണഘടന തടസ്സമായി നില്‍ക്കുന്നില്ല. അതുകൊണ്ടാണല്ലോ അവസരങ്ങളുടെ നാട് (Land of opportunities‌) എന്ന് അതിനെ വിളിക്കുന്നത്. വിവിധ സംസ്കാരങ്ങള്‍ , നിറങ്ങള്‍ , ഭാഷകള്‍ , സാഹിത്യം എല്ലാം അമേരിക്കയെന്ന മെല്‍റ്റിങ് പോട്ടില്‍ ഉരുകിച്ചേര്‍ന്ന് പുതിയ രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നു. അങ്ങനെ രൂപം കൊള്ളുന്ന സംസ്കാരത്തെ അമേരിക്കന്‍ കള്‍ച്ചര്‍ എന്നും, അങ്ങനെ രൂപം കൊണ്ട സാഹിത്യത്തെ അമേരിക്കന്‍ സാഹിത്യം എന്നും വിളിക്കുന്നു.
കുടിയേറുന്ന സമൂഹം പിന്നിട്ടുപോന്ന രാജ്യത്തിന്റെ ഓര്‍മ്മകളും ഗൃഹാതുരത്വവും, ഭാഷയും, സാഹിത്യവുമൊക്കെ വളരെനാള്‍ നെഞ്ചിലേറ്റി നടക്കുന്നത് തികച്ചും സ്വാഭാവികം. വിങ്ങുന്ന ഒരു നോവുപോലെ ഗൃഹാതുരത പ്രവാസിയില്‍ തങ്ങി നില്‍ക്കുന്നു. കുടിയേറ്റക്കാരന്റെ പിന്മുറക്കാരിലൂടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.
ഇംഗ്ലണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സമൂഹത്തിന്റെ ആദ്യകാല സാഹിത്യത്തിനു ഇംഗ്ലണ്ടിലെ ഭാഷയോടും സാഹിത്യത്തോടുമ്മായിരുന്നു അടുപ്പം. അമേരിക്കന്‍ സാഹിത്യ ചരിത്രമ്മെന്നത് പ്യൂരറ്റിനിസ്സം മുതല്‍ പൊസ്റ്റ് മൊഡേണിസ്സം വരെയുള്ളതാണ്. പ്യൂരറ്റിനിസ്സത്തിന്റെ സ്വാധീനത്തില്‍ തുടങ്ങി സ്വന്തമായി ഒരു സാഹിത്യ ശാഖയായി അമേരിക്കയിലെ സാഹിത്യം വളര്‍ന്നത് വാള്‍ട്ട് വിറ്റ്മേന്റെ (Walt Whitman) കാലത്തോടെയാണ്. (Walt Whitman ന്റെ leaves of grass published in 1855‌) ബ്രിട്ടീഷ് പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായി കവിതാ രചനയില്‍ മുഴുകിയിരുന്നവരെ അലോരസപ്പെടുത്തിക്കൊണ്ടും അവരുടെ രചനാരീതികളെ അട്ടിമറിച്ചുകൊണ്ടും ഒരു പുതിയ കവിതാ ശൈലിയുമായി രംഗത്തുവന്ന വിറ്റ്മേന്‍, ബ്രിട്ടന് ഷേക്ക്സ്പീയറെന്നപോലെ ഇന്ത്യയ്ക്ക് രവീന്ദ്രനാഥ ടാഗോറെന്നപോലെ ഗ്രീസിനു ഹോമറെന്നപോലെ, അമേരിക്കയുടെ ദേശീയകവിയായി ആദരിക്കപ്പെട്ടു. (വാള്‍ട്ട് വിറ്റ്മേന്‍ ഇവര്‍ക്ക് സമശീര്‍ഷന്‍ എന്ന് അര്‍ത്ഥമ്മാക്കേണ്ടതില്ല).
അമേരിക്കയിലേക്കുള്ള ഇന്‍ഡ്യക്കാരുടെ കുടിയേറ്റ ചരിത്രം ആരംഭിച്ചത് 1950-കളിലാണെങ്കിലും, 1980-കളിലാണ് അത് ശക്തി പ്രാപിച്ചത്. അമേരിക്കന്‍ മലയാളിയുടെ സാഹിത്യ – പത്രപ്രവര്‍ത്തന മണ്ഡലങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു തുടങ്ങിയത് 90-കളിലാണ്. (ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട ന്യൂയോര്‍ക്കിലെ കൈരളി പത്രത്തെ വിസ്മരിക്കുന്നില്ല) ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയിലെ മലയാളി സാഹിത്യത്തിന് 18-ല്‍ താഴെ വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്കയില്‍ സ്വന്തമായി ഒരു സാഹിത്യ ശാഖ രൂപമെടുക്കാന്‍ 200-ലധികം വര്‍ഷങ്ങള്‍ എടുത്തെങ്കില്‍ 18 വര്‍ഷം ഒരു കാലയളവേ അല്ല!
ഒരു പ്രവാസിക്ക് പ്രവാസത്തിന്റെ ആദ്യഘട്ടം സാഹിത്യചിന്തയുടെ കാലമല്ല. പറിച്ചുനടപ്പെട്ട ഒരു വൃക്ഷത്തിന്റെ സ്ഥിതി ഓര്‍ത്തു നോക്കുക. വേരോടിയിട്ടുവേണ്ടെ ഫലം പുറപ്പെടുവിക്കാന്‍ . ആദ്യഘട്ടം ചുവടുറപ്പിക്കല്‍ പ്രക്രീയയാണ്. മലയാള പ്രസിദ്ധീകരണങ്ങള്‍ ഒന്നുമില്ലാതിരുന്ന ആദ്യഘട്ടത്തില്‍ നാട്ടില്‍ നിന്ന് തപാലില്‍ എത്തുന്ന പത്രമാസികകളായിരുന്നു ജന്മനാടുമായുള്ള ഭാഷാ സാഹിത്യ പുക്കിള്‍ക്കൊടി ബന്ധം. പിന്നീട് കൈയ്യെഴുത്തു മാസികകള്‍ , ടൈപ്പ്റൈറ്ററില്‍ തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങള്‍ , നാട്ടിലെ പത്രങ്ങളില്‍ നിന്ന് വെട്ടിയൊട്ടിച്ച് രൂപപ്പെടുത്തിയ പ്രസിദ്ധീകരണങ്ങള്‍ , കേരളത്തില്‍ ടൈപ്പ് ചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്ന പത്രമാസികകള്‍ ,… അങ്ങിനെ പോകുന്നു അമേരിക്കന്‍ പത്ര, സാഹിത്യ പുരാണം.
ഇന്റര്‍നെറ്റ് സര്‍വ്വ വ്യാപകമായതോടെ കേരളത്തിലെ ദിനപ്പത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രവാസിക്ക് സുലഭമായി. ഇന്റര്‍നെറ്റ് പത്രങ്ങളും മാസികകളും വളര്‍ന്നതോടെ, സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കാനും, മറുനാടുകളിലെ എഴുത്തുകാരുടെ രചനകള്‍ പരിചയപ്പെടാനും, സംവാദിക്കാനുമുള്ള അവസരങ്ങളും വളര്‍ന്നു. എസ്.എം.എസ് കവിതകള്‍ , ബ്ലോഗ് രചനകള്‍ ഒക്കെ പുതിയകാലത്തിന്റെ സാഹിത്യ രൂപങ്ങളാണ്.
ആരാണ് പ്രവാസി? ഒരു ഇംഗ്ലീഷ് നിഘണ്ടുവില്‍ അതിന്റെ നിര്‍വചനം ഇങ്ങനെ – ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തിലേക്ക് സ്ഥിരവാസത്തിനായി പോകുന്ന ആള്‍ . ശബ്ദ താരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് സ്വയമേ വിദേശത്തു പോയി പാര്‍ക്കുന്നവന്‍, വീടുവിട്ടുള്ള പാര്‍പ്പ് എന്നൊക്കെയാണ്. എനിക്ക് കൂടുതല്‍ യോജിപ്പ് വീടുവിട്ടുള്ള പാര്‍പ്പ് എന്ന നിര്‍വചനത്തോടാണ്.
ഏദന്‍ തോട്ടത്തില്‍ നിന്ന് ആദത്തെയും ഹവ്വയെയും ദൈവം ഇറക്കിവിട്ടത് ഒരു കുടിയൊഴിപ്പിക്കല്‍ ആയി കാണാമെങ്കില്‍ പ്രവാസചരിത്രം അവിടെ തുടങ്ങുന്നു. മാനവകുലചരിത്രമാകെ കുടിയൊഴിപ്പിക്കലിന്റെയും, പാലായനങ്ങളുടെയും, പ്രവാസത്തിന്റെയും, കുടിയേറ്റത്തിന്റെയും ചരിത്രമാണ്.
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്ന് അടിമകളാക്കാന്‍ വേണ്ടി, ബലാല്‍ക്കാരമ്മായി പിടിച്ചുകൊണ്ടുവന്ന് അമേരിക്കന്‍ മണ്ണിലെത്തിയ ഒരു കഥാപാത്രത്തിലൂടെ അമേരിക്കയിലെ കറുത്തവര്‍ഗ്ഗത്തിന്റെ കറുത്തചരിത്രത്തിന്റെ നാള്‍വഴികള്‍ അടയാളപ്പെടുത്തിയ അലക്സ് ഹേലിയുടെ റൂട്ട്സ് എന്ന നോവല്‍ ശ്രദ്ധിക്കുക. കറുത്തവര്‍ഗ്ഗത്തിന്റെ ബൈബിള്‍ എന്നാണ് ആ കൃതി അറിയപ്പെടുന്നത്. ഭൂഖണ്ഡങ്ങള്‍ കടന്ന് വേരോടിയ ഒരു ജനതയുടെ ചരിത്രം ചികഞ്ഞു കണ്ടെടുത്തത് എത്രയോ തലമുറകള്‍ക്ക് ശേഷമാണെന്നോര്‍ക്കുക.
ഗ്രേറ്റ് ഡിപ്രഷന്‍ കാലത്ത് അമേരിക്കയിലെ തന്നെ ദുരിതങ്ങളില്‍ നിന്ന് കരേറാന്‍ ഓക്കലഹോമ സംസ്ഥാനത്തുനിന്ന്, കാലിഫോര്‍ണിയ എന്ന വാഗ്ധത്ത ഭൂമിയിലേക്ക് കുടിയേറിയ കുടുംബത്തിന്റെ കഥ പറയുന്ന ജോണ്‍ സ്റ്റൈന്‍ബെക്കിന്റെ ഗ്രേപ്പ്സ് ഓഫ് റാത്ത് (John Steinbeck – The grapes of wrath published in 1939 Nobel Prize winner 1962) പ്രവാസത്തിന്റെ – പ്രവാസിയുടെ കഥാഖ്യാനമാണ്.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറിയ ഒരു പറ്റം എഴുത്തുകാരല്ലെ മലയാള നോവല്‍ സാഹിത്യത്തിന്റെ ഗതിതിരിച്ചത്? എവിടെയാണ് പ്രവാസത്തിനും, പ്രവാസിക്കും, പ്രവാസി സാഹിത്യത്തിനും അതിര്‍വരമ്പുകള്‍ വരയ്ക്കുക? അതിനുള്ള മാനദണ്ഡങ്ങള്‍ എന്താണ്? കേരളത്തില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയാല്‍ പ്രവാസിയാകുമോ? അതോ ഗള്‍ഫ് രാജ്യങ്ങളിലേക്കോ, അമേരിക്കയിലേക്കോ, മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കോ മാറിത്താമസ്സിച്ചാലേ പ്രവാസി ആകുകയുള്ളോ?
ഇന്ന് മലയാളി ചെന്നുപെടാത്ത ഒരു സ്ഥലവും ഭൂമുഖത്തില്ല. കേരളത്തിന്റെ അതിര്‍വരമ്പുകള്‍ (Landscapes) മാറിപ്പോയിരിക്കുന്നു. അറബിക്കടലിനും സഹ്യനുമിടയിലല്ല ഇന്നതിന്റെ സ്ഥാനം. കേരളത്തിന്റെ അതിര്‍വരമ്പുകള്‍ മലയാളി വസിക്കുന്നിടത്തേയ്ക്കെല്ലാം നീട്ടിവരയ്ക്കേണ്ടിയിരിക്കുന്നു. ഭൂഖണ്ഡാന്തരങ്ങളിലേക്ക്, ചക്രവാളസീമകളിലേക്ക്. തറവാട് ഭാഗം വയ്ക്കുമ്പോള്‍ അങ്ങേപ്പറമ്പിലേക്ക് മാറിത്താമസ്സിക്കുന്നതുപോലെയേ ഇന്ന് പ്രവാസ ജീവിതത്തെ കാണേണ്ടതുള്ളു. വീടുവിട്ടുള്ള പാര്‍പ്പ്. അതാണ് ശബ്ദതാരാവലിയുടെ നിര്‍വചനം എനിക്ക് പ്രീയങ്കരമായത്. ‘വീട് കൊടകരേല്, ജോലി ജബല്‍ അലീല്; ഡയ്ലി പോയിവരും ‘ എന്നെഴുതിയ പ്രവാസിയായ വിശാല മനസ്കന്റെ (കൊടകര പുരാണം – ബ്ലോഗ് രചന) വിശാല വീക്ഷണത്തോട് എനിക്കും പത്ഥ്യം.
ശരീരം കൊണ്ടുമാത്രമേ ഒരാള്‍ക്ക് പ്രവാസിയാകാന്‍ പറ്റുകയുള്ളോ? മനസ്സുകൊണ്ടും ഒരാള്‍ക്ക് പ്രവാസിയായിക്കൂടെ? സ്വന്തം മുറിയില്‍ അടച്ചിരുന്ന് സാഹിത്യ രചനയില്‍ മുഴുകുന്ന ആള്‍ മാനസ്സീകമായ പ്രവാസത്തിലല്ലേ? ലൗകീക ജീവിതത്തില്‍ നിന്നകന്ന് സന്യസ്സിക്കുന്നവന്‍ മാനസ്സീകമായും ശാരീരികമായും പ്രവാസത്തിലല്ലേ? സമൂഹ ബന്ധങ്ങളില്‍ നിന്നകന്ന്, മനസ്സും ശരീരവും ഏകാഗ്രമാക്കി മൗനത്തിന്റെ വാല്മീകത്തില്‍ പൊതിഞ്ഞ മുനിയില്‍ നിന്നല്ലെ രാമന്റെ അയനം (സഞ്ചാര മാര്‍ഗ്ഗം) രാമായണം പിറന്നത്.
പ്രവാസ സാഹിത്യം (Immigrant literature) എന്ന ഒരു സാഹിത്യവിഭാഗം തന്നെ ഇന്ന് നിലവിലുണ്ട്. ദളിത രചന, സ്ത്രീപക്ഷ രചന എന്നൊക്കെ പറയുമ്പോലെ. കുടിയേറ്റക്കാരന് അവന്റേതായ ഒരു വീക്ഷണവും മനഃശാസ്ത്രവും ഉണ്ട്. അവന്റെ വീക്ഷണങ്ങള്‍ക്ക് വിശ്വമാനവികതയുടെ ടച്ച് ഉണ്ട്. മറ്റു സംസ്കാരങ്ങളുമായി ഇടപെട്ടതിന്റെ, കണ്ടറിഞ്ഞതിന്റെ, അനുഭവപാഠങ്ങളുമ്മായി ജന്മനാടിന്റെ രീതികളെ താരതമ്മ്യം ചെയ്യാനും തിരുത്തിക്കുറിക്കാനുമുള്ള പ്രവണത സ്വാഭാവികം. എന്നാലും മലയാളിയെപ്പോലെ ഗൃഹാതുരത്വം ഒഴിയാബാധയായി കൂടെക്കൊണ്ടുനടക്കുന്ന മറ്റൊരു സമൂഹവും ഉണ്ടെന്ന് തോന്നുന്നില്ല.
കാലഘട്ട വിഭജന ക്രമം കൊണ്ട്, ഉത്തരാധുനികന്മാരാണല്ലോ നാമെല്ലാം. അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റവും സാഹിത്യപ്രവര്‍ത്തനങ്ങളും ഈ കാലഘട്ടത്തിലുള്ളതാണ്. എന്നാല്‍ അവരുടെ സാഹിത്യ സംരഭങ്ങള്‍ ഉത്തരാധുനികത്വത്തിലേക്കോ പോസ്റ്റ് പോസ്റ്റ് മോഡേണസ്സത്തിലേക്കോ എത്തിച്ചേര്‍ന്നിട്ടുണ്ടോ? നിരൂപകര്‍ വിലയിരുത്തട്ടെ!
കേരള സാഹിത്യ അക്കാദമി പ്രവാസി എഴുത്തുകാരുടെ രചനകള്‍ സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ആദ്യമായിട്ടാണ്. തീര്‍ച്ചയായും നല്ല ചുവടുവയ്പ്പുതന്നെ. ഇങ്ങനെ സംഭവിച്ചത് പ്രവാസിയെയും, പ്രവാസജീവിതത്തെയും അടുത്തറിഞ്ഞിട്ടുള്ള ശ്രീ. എം മുകുന്ദന്‍ അക്കാദമി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഇങ്ങനെ ഒരു സംരഭത്തില്‍ ഭാഗഭാക്കാകുവാന്‍ എനിക്ക് കഴിഞ്ഞതിന് പിന്നില്‍ മറ്റൊരു പ്രവാസി കവിതാ സമാഹാരത്തിന്റെ ചരിത്രമുണ്ട്. 1996-ല്‍ ആദ്യമായി അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കവിതകള്‍ ശേഖരിച്ച് ‘മലയാള കവിത അമേരിക്കയില്‍ ‘ എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന് നേതൃത്വം കൊടുത്തതിന്റെ ചരിത്രം. 35 കവികളുറ്റെ 101 കവിതകളാണ് അതിലുള്ളത് (Published by Kerala Literary Society). (മലയാള കവിത അമേരിക്കയില്‍ – അവതാരിക: ഡി. വിനയചന്ദ്രന്‍; ആമുഖം: ജോസഫ് നമ്പിമഠം) അമേരിക്കന്‍ മലയാള കവികളുടെ, കവിതകളുടെ ആദ്യ സമാഹാരമാണത്.
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ അമേരിക്കന്‍ മലയാള കവിതകളുടെ സമാഹാരമാണ് ഈ കൃതിയും. ഈ രണ്ടു സമാഹാരങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഈ ഗ്രന്ഥത്തിന്റെ ഗസ്റ്റ് എഡിറ്ററാകാന്‍ രാവുണ്ണി സാറിനോടും, മറ്റ് അക്കാദമി ഭാരവാഹികളോടും നന്ദി അറിയിക്കുന്നു. മേലിലും കൂടുതല്‍ മെച്ചപ്പെട്ട കവിതകള്‍ ഉള്‍പ്പെടുത്തി സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ അക്കാദമിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വീണിടം വിഷ്ണു ലോകമാക്കുന്ന, ചുടലയും പട്ടുമെത്തയാക്കുന്ന, നാറാണത്തിന്റെ നിസ്സംഗതയും കറുത്തചിരിയും കൈമുതലായുള്ള പ്രവാസി മലയാളി ഭൂഗോളത്തിന്റെ നാലതിരുകളിലേക്ക് ചിതറിപ്പറന്നു പോയത് ഏതോ നിയോഗം കൊണ്ടാണന്ന് ഞാന്‍ കരുതുന്നു. പ്രവാസിയില്‍ ഏതോ അജ്ഞാത ദൗത്യത്തിന്റെ വിത്തുകള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ? ‘’when power corrupts, poetry cleanses” എന്നത് പഴങ്കഥ. ഇന്ന് കവിയും കവിതയും ആ ദൗത്യ നിര്‍വഹണത്തിന് മുതിരുന്നുണ്ടോ? അഥവാ മുതിര്‍ന്നാലും യുദ്ധക്കൊതിപൂണ്ട, അഴിമതിയുടെ കറപുരണ്ട രാഷ്ട്രീയക്കോമരങ്ങള്‍ കവിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാറുണ്ടോ?
And I will make a song for the ears of the president
Full of weapons with menacing points
And behind the weapons, countless dissatisfied faces …,
I will acknowledge contemporary lands
I will trail the whole geography of the globe
and will courteously every city large and small.
ഇത് വാള്‍ട്ട് വിറ്റ്മാന്‍ 1860 എഴുതിയ വരികള്‍ . കവികളുടെ വാക്കുകള്‍ക്ക് ഭരണാധികാരികള്‍ പുല്ലുവിലയെങ്കിലും കൊടുത്തിരുന്നെങ്കില്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഹിരോഷിമയും നാഗസാക്കിയും അഞ്ചുവര്‍ഷത്തിലേറെയായി നീളുന്ന ഇറാക്ക് യുദ്ധവും പോലുള്ള കഥകള്‍ ഉണ്ടാകുമായിരുന്നില്ല. കവികള്‍ സ്വപ്നം കാണുന്ന ഭരണാധികാരികള്‍ കൊന്നൊടുക്കുന്നുവെന്ന് തല്‍ക്കാലം തിരുത്തിയെഴുതാം.
Joseph Nambimadam
**************************************
/// ജോസഫ് നമ്പിമഠം /// യു.എസ്.മലയാളി ///
**************************************

Share This:

Comments

comments