
Home America Associations ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് ഔപചാരിക ഉദ്ഘാടനവും ഓണാഘോഷവും വര്‍ണ്ണോജ്ജ്വലവും ഘനഗംഭീരവുമായി
ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് ഔപചാരിക ഉദ്ഘാടനവും ഓണാഘോഷവും വര്‍ണ്ണോജ്ജ്വലവും ഘനഗംഭീരവുമായി
****************************
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ഔപചാരിക ഉദ്ഘാടനവും ഓണാഘോഷവും അതിഗംഭീരമായി കൊണ്ടാടി.
സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മനോഹരമായ ഓഡിറ്റോറിയത്തില്‍ സാബു ജോസഫിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 21 ശനിയാഴ്ച കൂടിയ പൊതുയോഗത്തില്‍ ചര്‍ച്ച് വികാരിയും, കുറവിലങ്ങാട് ദേവമാതാ കോളേജ് മുന്‍ പ്രിന്‍സിപ്പാളും, വിദ്യഭ്യാസ ആത്മീയ മണ്ഡലങ്ങളില്‍ ആചാര്യനുമായ റവ:ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ഭദ്രദീപം കൊളുത്തി ഫിലി പ്രൊവിന്‍സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഏറ്റവും വലിയ വംശീയ സംഘടനകളിലൊന്നായ ഡബ്ല്യു.എം.സി യുടെ അമേരിക്കന്‍ ശാഖയില്‍ ഒരു വര്‍ണ്ണ മുകളം കൂടി ചരിത്രത്തില്‍ കുറിക്കപ്പെടുവാന്‍ ഇടയായി. അമേരിക്കയിലെ മലയാളി സംഘടനകള്‍ അടുത്ത തലമുറയ്ക്കുവേണ്ടി അവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രേരിപ്പിക്കുകയും അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് സാബു ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഫോട്ടോയില്‍ ഉദ്ഘാടന വേളയില്‍ :ഇടത്തുനിന്ന് ആലീസ് ആറ്റുപുറം, പി.സി മാത്യു, സാബു ജോസഫ്, ആന്‍ഡ്രൂസ് പാപ്പച്ചന്‍ , ജോര്‍ജ്ജ് പനയ്ക്കല്‍, റവ:ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ജോസ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍
വിശിഷ്ടാതിഥികളായി ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ഗുഡ് വില്‍ അംബാസഡറായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഡാലസ്സില്‍ നിന്നെത്തിയ അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു, റീജിയന്‍ വൈസ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ന്യൂയോര്‍ക്ക് പ്രൊവിന്‍സ് സെക്രട്ടറി ഷോളി കുമ്പിളുവേലില്‍, ആലീസ് ആറ്റുപുറം, സെക്രട്ടറി ജോര്‍ജ്ജ് പനയ്ക്കല്‍, സെക്രട്ടറി രാജു പടയാറ്റില്‍, ബാബു ചിലയേഴത്ത് എന്നിവരും നിറഞ്ഞ സദസ്സും ആ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷികളായി.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ റവ:ഫാ. ഡോ. പാലയ്ക്കാപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. “ഈശ്വരന്‍ നല്‍കിയ താലന്തുകളെ വര്‍ദ്ധിപ്പിക്കുന്നവരായി ഏഴു തിരികള്‍ കത്തി ജ്വലിച്ച് പ്രകാശം പരത്തുന്നതുപോലെ എല്ലാ ദിക്കുകളിലേക്കും നന്മയുടെ നേര്‍വഴികളിലൂടെ യാത്രചെയ്ത് അനേകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഒരു സംഘടനയായി ഡബ്ലു.എം.സി ഫിലി പ്രൊവിന്‍സ് തീരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഡബ്ലു.എം.സിയുടെ ഫൗണ്ടര്‍മാരിലൊരാളാണ് താനെന്നും ലോകമെമ്പാടുമുള്ള പ്രൊവിന്‍സുകളുടെ വളര്‍ച്ച അത്ഭുതാവഹമാണെന്നും ആന്‍ഡ്രൂ പാപ്പച്ചന്‍ പറഞ്ഞു. മിസ് മലയാളി വേള്‍ഡ് വൈഡിന്റെ ചെയര്‍മാന്‍ കൂടിയായ ശ്രീ. പാപ്പച്ചന്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തി.
അമേരിക്ക റീജിയന്‍ ഏലിയാസ് കുട്ടി പത്രോസ്സിന്റെയും, ജോണ്‍സണ്‍ തച്ചനെല്ലൂരിന്റെയും നേതൃത്വത്തില്‍ വളരുകയാണെന്നും, അമേരിക്കയിലെ മലയാളികള്‍ അന്വേഷിച്ച് അംഗത്വമെടുക്കുന്ന ഒരു സംഘടനയായി മാറുമെന്നും തുടക്കം മുതലെ അസൂയാവഹമായ പരിലാളനം കൊണ്ട് പ്രൊവിന്‍സിനു പ്രചോദനം നല്‍കിവരുന്ന പി.സി മാത്യു പറഞ്ഞു. ‘മലയാളിയെക്കണ്ടാല്‍ പറയണം മലയാളം, മറക്കണം ഇംഗ്ലീഷ് അല്പനേരം, മലയാളിയാണെങ്കില്‍ ചേരണം വേള്‍ഡില്‍, വേള്‍ഡുമലയാളി കൗണ്‍സിലിലേതെങ്കിലും പ്രൊവിന്‍സില്‍ ” എന്ന തന്റെ സ്വന്തം വരികള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ജോസ് ആറ്റുപുറം, ഷോളി കുമ്പിളുവേലി എന്നിവര്‍ പ്രസംഗിച്ചു. മിസ്. നിമ്മി ബാബു കൊരിയോഗ്രാഫി ചെയ്തവതരിപ്പിച്ച ലയനാ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ തിരുവാതിര ഓണക്കാലത്തെ ഓര്‍മ്മകള്‍ക്ക് ഒളിമങ്ങാത്ത നിറം ചാര്‍ത്തിയപ്പോള്‍ മലയാളി മങ്കമാരോട് ചേര്‍ന്നു കളിച്ച അമേരിക്കന്‍ വനിതകളായ മരിയാ പാപ്പ്സും, ഒളീവിയ പാപ്പ്സും സദസ്സിന്റെ അപൂര്‍വമായ ആകര്‍ഷണം പിടിച്ചുപറ്റി. കുട്ടികള്‍ക്കുവേണ്ടി അജി പണിക്കര്‍ കൊരിയോഗ്രാഫി ചെയ്ത് ആയുരാ ഡാന്‍സ് അക്കാദമി അവതരിപ്പിച്ച നിര്‍ത്തനൃത്യങ്ങള്‍ കുട്ടികളുടെ ആവേശം വിളിച്ചറിയിച്ചു. തുടര്‍ന്ന് സാന്ദ്ര പോളിന്റെ നേതൃത്വത്തില്‍ നൃത്താ ശ്രീ ഡാന്‍സ് സ്കൂളിനുവേണ്ടി ചുവടുവച്ച കുട്ടികള്‍ ഭാവിയുടെ വാഗ്ദാനമായി മാറി. ജറോം ചിലയേഴത്തിന്റെ കീബോര്‍ഡും, ജോസ് പാലത്തിങ്കല്‍ ശബ്ദത്തിനും പ്രകാശത്തിനും നല്‍കിയ കൈത്താങ്ങലുകളും സ്റ്റേജിനെ ഒരു മാസ്മരിക ലോകത്തിലേക്ക് എത്തിച്ചു.
മാവേലിത്തമ്പുരാനായി വേഷമിട്ട മോഹനന്‍ പിള്ള പൊതുജനത്തിന്റെ ആശീര്‍വാദങ്ങളേറ്റുവാങ്ങുകയും ഓണത്തിന്റെ സന്ദേശമായ സ്നേഹവും സാഹോദര്യവും ധാരാളമായി നിങ്ങളുടെ ഇടയില്‍ ഭവിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അമേരിക്ക കാണുവാനെത്തിയ മാമന്‍ കണ്ട അമേരിക്കയെ ഓട്ടം തുള്ളല്‍ എന്ന മനോഹരമായ പ്രാചീന കലകൊണ്ട് ബാബു ചിലയേഴത്ത് അവതരിപ്പിച്ചത് സദസ്സിനെ കോരിത്തരിപ്പിച്ചുവെന്ന് മാത്രമല്ല അമ്പലപ്പറമ്പിലെ ഉത്സവങ്ങളെ ഓര്‍മ്മിപ്പിക്കുകയുമുണ്ടായി.
റവ.ഫാ. ഡോ. പാലയ്ക്കാപ്പറമ്പില്‍, ജോസ് ആറ്റുപുറം, മോഹന്‍ പിള്ള എന്നിവര്‍ അവതരിപ്പിച്ച വള്ളംകളി ഗൃഹാതുരത ഉണര്‍ത്തുന്നവയായി. ബാബു ചിലയേഴത്ത്, ജറോം ചിലയേഴത്ത്, ഷാജി മിറ്റത്താനി എന്നിവരുടെ നേതൃത്വം പരിപാടികള്‍ ഭംഗിയാക്കുവാന്‍ സഹായിച്ചപ്പോള്‍ വിവിധ കമ്മിറ്റികള്‍ക്ക് ജോര്‍ജ്ജ് അമ്പാട്ട്, ജോയി കരുമതി, സജി സെബാസ്റ്റ്യന്‍, തോമസ് പുരയ്ക്കല്‍, ജോജി ചെറിയാന്‍, മാത്യു ഐപ്പ് എന്നിവര്‍ നേതൃത്വം കൊടുത്തു.
ആലീസ് ആറ്റുപുറം സ്വാഗതവും, ജോര്‍ജ്ജ് പനയ്ക്കല്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. സാറാമ്മ ഐപ്പ് മാനേജ്മെന്റ് സെറിമണി ഭംഗിയായി നിര്‍വ്വഹിച്ചു. ഇലയില്‍ വിളമ്പിയ ഓണസദ്യ കേരളത്തനിമ വിളിച്ചോതുകയും മറക്കാനാവാത്ത അനുഭവവുമായി.

************************************
/// യു.എസ്.മലയാളി ///
************************************
Comments
comments