
എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഒരു സ്ഥിരം യാത്രക്കാരന്റെ (ഇനിമുതലില്ല!) ഓര്‍മ്മക്കുറിപ്പ് (ജോണ്‍ ഇളമത)
***************************
മാന്യമായ ഒരു തട്ടിപ്പ് പദ്ധതിയിലൂടെ യാത്രക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു എമിറേറ്റ്‌സ് എന്ന വലിയ വിമാന കമ്പനി. കേരളത്തിലും ദുബായിലുമൊക്കെ ഇതിനു കൂട്ടുനില്‍ക്കുന്നതോ ! ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള സഹോദരങ്ങള്‍ തന്നെ! അവരുടെ മട്ടും ഭാവവും കണ്ടാല്‍ എമിറേറ്റ്‌സിന്റെ ഓഹരിക്കാരാണെന്നേ തോന്നൂ!
മാന്യമായ ജോലി ചെയ്‌ത് ജീവിക്കുന്ന (ബിസിനസുകാരല്ലെന്ന് ഭാഷ്യം!) ബഹുഭൂരിപക്ഷം യാത്രക്കാര്‍ (പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും) സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പ്രസ്‌തുത ആകാശവാഹനം വഴിയായിരുന്നു. എന്നാലിപ്പോള്‍ മാറ്റങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ഈ അനാസ്ഥയെപ്പറ്റി കമ്പനിയുടെ ഉന്നതങ്ങളില്‍ അറിയിക്കാന്‍ ടിക്കറ്റുകള്‍ തരപ്പെടുത്തുന്ന ഏജന്‍സികള്‍ക്കും ഉത്തരവാദിത്വമില്ലേ എന്നു തോന്നിപ്പോകുന്നു.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശശി തരൂര്‍ ഒരിക്കല്‍ പ്രസ്‌താവിച്ചു: എക്കോണമി ക്ലാസ്, സാക്ഷാല്‍ മൂന്നാം ക്ലാസ് `കാറ്റില്‍ കാര്‍ട്ടാണെന്ന്’ (മലയാള വിവര്‍ത്തനം: `പശു തൊഴുത്ത്’) ആ സ്ഥിതിയിലേക്ക് എമിറേറ്റ്‌സ് എന്ന വലിയ വിമാന കമ്പനി തരംതാണുകൊണ്ടിരിക്കുന്നു എന്ന് ഖേദപൂര്‍വ്വം പറയട്ടെ.
ആദ്യകാലങ്ങളിലുണ്ടായിരുന്ന ആതിഥ്യമര്യാദകള്‍ കമ്പനി പാടെ മറന്നിരിക്കുന്നു. ബിസിനസ് തന്ത്രമെന്നൊക്കെ പറയുന്ന തന്ത്രം. ചൂഷണത്തിലൂടെ ആയാല്‍ അത് കമ്പനിക്ക് യാത്രക്കാര്‍ കുറയുമെന്ന് ഓര്‍ക്കുക! ഭക്ഷണത്തിന്റെ മേന്മ കുറയുന്നു, അതു തന്നെ അറ്റത്തിരിക്കുന്നവര്‍ക്ക്, ഒരു ക്ഷമാപണം – മെനുവില്‍ പറഞ്ഞിരിക്കുന്നത് കിട്ടാതിരുന്നാല്‍ ക്ഷമാപണം ! പിന്നെ ആല്‍ക്കഹോളിന്റെ (കുടിക്കുന്നവര്‍ക്ക്) കാര്യം പറയാനേ ഇല്ല. എല്ലാം സൌജന്യം! ഔദാര്യം! മുമ്പ് ഇതൊക്കെ തലയില്‍ ചൊരിയുമായിരുന്നു. ഇപ്പോള്‍ ചോദിക്കണം! (ദളിതരെന്ന തോന്നല്‍ ഉണ്ടാകാം) അപ്പോള്‍ മാത്രമേ യജമാനര്‍ ചൊരിയൂ!
ഇതൊക്കെ പോകട്ടെ. മറ്റൊരു ചൂഷണ ചരിത്രമാണ്! സ്‌കൈവാര്‍ഡ്‌സ് എയര്‍ മെയില്‍ അപ്‌ഗ്രേഡ്! ഇതെപ്പറ്റി ഉരിയാടാതെയിരിക്കുക ഭേദം. ഉത്തരം ലളിതം– കേരളത്തിലും, ദുബായിലും എവിടേയും! ആദ്യം പുച്ഛത്തില്‍ ഒരു നോട്ടം, പിന്നീട് എങ്ങുനിന്നോ വിളിച്ചുവരുത്തിയ സ്‌നേഹമോ, സഹതാപമോ, ദേഷ്യമോ എന്ന് നിര്‍വചിക്കാനാകാത്ത ഭാവത്തില്‍ ഒരു സ്റ്റേറ്റ്‌മെന്റ്. എലിജിബിലിറ്റിയുണ്ട്. എന്നാല്‍ അവൈലബിലിറ്റിയില്ല! കേരളത്തിലെ സബ് ഇന്‍സ്‌പെക്‌ടറായ മട്ട്! എന്നാല്‍ റിയല്‍ ഏമാന്‍ വരുമ്പോള്‍ എഴുന്നേല്‍ക്കണമെന്നോ അര്‍ത്ഥം? ആരാണീ നിഖണ്‌ഡു ഉണ്ടാക്കിയത്. ഏഷ്യക്കാര്‍ക്ക് എവിടെ ജനാധിപത്യം? എവിടെ നീതി? കടലാസില്‍ മാത്രം! വാക്കില്‍ മാത്രം!
നമ്മുടെ കുടിയേറ്റ രാജ്യത്ത്, ആദ്യം കുടിയേറിയ വെള്ളക്കാരെ നാം പലതും പറഞ്ഞ് പുച്ഛിക്കുന്നു. എന്നാല്‍ സായിപ്പ് ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടാല്‍ `ഏഷ്യക്കാര്‍ കവാത്ത് മറക്കും!’ എന്തുകൊണ്ട്? അവര്‍ അവസരവാദികളല്ല എന്നതു തന്നെ ഉത്തരം. അല്ലെങ്കില്‍ നിയമത്തിലൂടെ അവര്‍ നിയമം നടപ്പാക്കും. ഒരു വിട്ടുവീഴ്‌ചയുമില്ലാതെ. ഈ നല്ല കാര്യങ്ങളല്ലേ നാം അവരില്‍ നിന്ന് പഠിക്കേണ്ടതെന്ന് തോന്നിപ്പോകുന്നു. അമേരിക്കയിലെവിടേയും `സെയില്‍’ എന്നെഴുതി വിലയിട്ടാല്‍ `തെറ്റിപ്പോയി ക്ഷമിക്കണം’ എന്നു പറയാറുണ്ടോ? എലിജിബിലിറ്റിയുണ്ട്, അവൈലബിലിറ്റിയില്ല എന്ന ആപ്‌തവാക്യം. ഏഷ്യക്കാരുടെ മാത്രം നിഖണ്‌ഡുവിലൊതുങ്ങി നില്‍ക്കട്ടെ. അത് ജനാധിപത്യവിരുദ്ധം! നീതിയില്ലായ്‌മ, അന്തസില്ലായ്‌മ!!!

***************************************
/// ജോണ്‍ ഇളമത /// യു.എസ്.മലയാളി ///
***************************************
Comments
comments