മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യവസന്തം

0
1518

മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യവസന്തം

************************************

ഹൂസ്റ്റണ്‍ : ഗ്രെയ്‌റ്റര്‍ ഹൂസ്റ്റണിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, `മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന `മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക’യുടെ 2013 സെപ്‌ടംബര്‍ സമ്മേളനം 29-ാം തീയതി വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡ്‌ ഏബ്രഹാം ആന്‍ഡ്‌ കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. `മുട്ടത്തു വര്‍ക്കി മലയാള ഭാഷയിലെ നിത്യവസന്തം’ എന്ന ശീര്‍ഷകത്തില്‍ മുട്ടത്തു വര്‍ക്കിയെക്കുറിച്ചായിരുന്നു മുഖ്യപ്രഭാഷണം. എ.സി. ജോര്‍ജ്‌ ആയിരുന്നു പ്രഭാഷകന്‍.
സ്വാഗതപ്രസംഗത്തില്‍ മണ്ണിക്കരോട്ട്‌, മുട്ടത്തു വര്‍ക്കി വായനക്കാരില്‍ നിത്യവസന്തം തീര്‍ത്ത ഒരു സാഹിത്യപ്രതിഭയായിരുന്നുവെന്ന്‌ എടുത്തു പറഞ്ഞു. തുടര്‍ന്ന്‌ ജി. പുത്തന്‍കുരിശ്‌ `ഓണം അന്നും ഇന്നും’ എന്ന സ്വന്തം കവിത ആലപിച്ചു. ഒരു കാലത്തെ ഓണത്തിന്റെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഇന്നത്തെ ഓണത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യങ്ങളില്‍ ചിന്തകുലനാകുകയാണ്‌ കവി.
തുടര്‍ന്ന്‌ എ.സി. ജോര്‍ജ്‌ മുട്ടത്തു വര്‍ക്കിയെക്കുറിച്ചുള്ള പ്രഭാഷണം ആരംഭിച്ചു. ലളിതവും ഹാസ്യാത്മകവുമായ അദ്ദേഹത്തിന്റെ സുദീര്‍ഘമായ പ്രഭാഷണം സദസ്യര്‍ ശ്രദ്ധയോടെ ശ്രവിച്ചു. `മലയാള ഭാഷയിലെ ജനപ്രീതി ആര്‍ജ്ജിച്ച അനേകം സാഹിത്യകൃതികളുടെ രചയിതാവും, മലയാളികളെ വായനാശീലത്തിലേക്ക്‌ കൈപിടിച്ചാനയിച്ച രചനാവൈഭവത്തിന്റെ അപൂര്‍വ്വ പ്രതിഭയുമായിരുന്നു മുട്ടത്തു വര്‍ക്കി’ എന്ന്‌ എ.സി. ജോര്‍ജ്‌ പറഞ്ഞു. അദ്ദേഹം 1913 എപ്രില്‍ 28-ന്‌ ജനിച്ച്‌ 1989 മെയ്‌ 28-ന്‌ അന്തരിച്ചു. 76 വര്‍ഷത്തെ ജീവിതത്തില്‍ അദ്ദേഹം കൈവയ്‌ക്കാത്ത സാഹിത്യ ശാഖകളില്ല. 150-തില്‍ പരം കൃതികള്‍ രചിച്ചു.
1991-ല്‍ മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപിച്ച്‌ ഓരോ വര്‍ഷവും പ്രസിദ്ധരായ എഴുത്തുകാര്‍ക്ക്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി. ഒ.വി. വിജയനായിരുന്നു പ്രഥമ മുട്ടത്തുവര്‍ക്കി പുരസ്‌ക്കാരം ലഭിക്കുന്നത്‌ (1992). തുടര്‍ന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ , എം.ടി. വാസുദേവന്‍ നായര്‍ , കോവിലന്‍, കാക്കനാടന്‍ മുതലായ വളരെ പ്രസിദ്ധരായ സാഹിത്യ പ്രതിഭകള്‍ ഈ പുരസ്‌ക്കാരം സ്വീകരിച്ചു. 2013-ല്‍ സി.വി. ബാലകൃഷ്‌ണനാണ്‌ മുട്ടത്തു വര്‍ക്കി പുരസ്‌ക്കാരം ലഭിച്ചത്‌.
വിഖ്യാതനായ സാഹിത്യ പ്രതിഭ എന്നതു കൂടാതെ മുട്ടത്തുവര്‍ക്കി ഒരു തിരക്കഥാകൃത്ത്‌, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പല നോവലുകള്‍ സിനിമയായിട്ടുമുണ്ട്‌. `മലയാളികള്‍ക്ക്‌ വായനയുടെ വാതായനങ്ങള്‍ തുറന്നുകൊടുത്ത അനശ്വര പ്രതിഭയായിരുന്നു മുട്ടത്തുവര്‍ക്കി’ എന്ന്‌ കേസരി ബാലകൃഷ്‌ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. സദസ്യരെല്ലാം മുട്ടത്തു വര്‍ക്കിയുടെ കൃതികളെക്കുറിച്ച്‌ വാചാലരായി. അദ്ദേഹത്തിന്റെ ഒന്നിലധികം കൃതികള്‍ വായിക്കാത്തവരൊ ചലച്ചിത്രം കാണാത്തവരൊ ആയി ആരും സദസില്‍ ഉണ്ടായിരുന്നില്ല. ചര്‍ച്ചയില്‍ ജോര്‍ജ്‌ ഏബ്രഹാം, എ.സി. ജോര്‍ജ്‌, ജോസഫ്‌ മണ്ഡവത്തില്‍, ജി. പുത്തന്‍കുരിശ്‌, ജോളി വില്ലി, സക്കറിയ വില്ലി, തോമസ്‌ വര്‍ഗ്ഗീസ്‌, ടോം വിരിപ്പന്‍, ജോസഫ്‌ തച്ചാറ, ഫിലിപ്പ്‌ ഏബ്രഹാം, ഏബ്രഹാം പത്രോസ്‌, ടി.എന്‍. സാമുവല്‍, തോമസ്‌ വൈക്കത്തുശ്ശേരി, ജെയിംസ്‌ ചാക്കൊ, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ മുതലായവര്‍ പങ്കെടുത്തു.
ജോളി വില്ലിയുടെ നന്ദി പ്രസംഗത്തോടെ 6.30-തിന്‌ സമ്മേളനം പര്യവസാനിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217.

msc3

msc2
******************************************
/// മണ്ണിക്കരോട്ട് /// യു.എസ്.മലയാളി ///
******************************************

Share This:

Comments

comments