
മോറിസ്സണ്‍ റാഞ്ചില്‍ ഓണം മോടിയായി.
**************************
അരിസോണ: ഗില്‍ബര്‍ട്ട് മോറിസ്സണ്‍ റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര് 28 ന് ശനിയാഴ്ച ലിബെര്‍ട്ടി ആര്ട്സ് അക്കാഡമി ഓഡിറ്റോറിയത്തില് വച്ച് കേരളീയ തനിമയില് വര്ണ്ണാഭമായി ആഘോഷിച്ചു.
രാവിലെ 11 മണിക്ക് മനോജ് ജോണ് , സോണി ജോസഫ്, ജോസ് മണവാളന്‍, സുധ ജേക്കബ്, രേഖ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിറപറയും, നിലവിളക്കും വനിതകള്‍ ചേര്‍ന്നൊരുക്കിയ പൂക്കളവും മലയാള നാടിന്റെ പ്രതിഛായ നിറച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ വളരെ വര്‍ണ്ണാഭവും ആസ്വാദ്യജനകവുമായിരുന്നു. തിരുവാതിരകളി, ഗാനങ്ങള്‍ , സ്കിറ്റ്, വിവിധ നൃത്യനിര്‍ത്തങ്ങള്‍ , മഹാബലി തമ്പുരാന് സ്വീകരണം എന്നിവ ഓണാഘോഷത്തിനു കൂടുതല്‍ പകിട്ടേകി. പ്രകാശ് മുണ്ടയ്ക്കലാണ് മഹാബലിയുടെ വേഷപ്പകര്‍ച്ചയിലെത്തിയത്.
അജിത സുരേഷ്, ആന്ജലീന മുണ്ടയ്ക്കല്‍ , നീമ, അനിത ബിനു, രേഖ ജോസഫ്, സുധ ജേക്കബ്, രാജി വേണുഗോപാല്‍ , മേഴ്സി ജോര്ജ് എന്നിവര്‍ തിരുവാതിര കളി അവതരിപ്പിച്ചു. കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം കാണികളുടെ മനം കവര്‍ന്നു. ആഡംബരപ്രൗഢിയോടെ എഴുന്നള്ളിയ മാവേലിമന്നനെ ആര്‍പ്പുവിളി, വാദ്യമേളം, എന്നിവയുടെ അകമ്പടിയോടു കൂടി താലപ്പൊലിയേന്തിയ മങ്കമാര്‍ ഘോഷയാത്രയോടെ സ്‌റ്റേജിലേക്ക് ആനയിച്ചു. തുടര്‍ന്ന് മാവേലിമന്നനെ ഓടവള്ളത്തില്‍ കയറ്റി അസോസിയേഷന്റെ ഭാരവാഹികളായ മനു നായരും ജേക്കബ് ജോണും ചേര്‍ന്ന് തുഴഞ്ഞ് വഞ്ചിപാട്ട് പാടി സ്റ്റേജില്‍ വന്നിറങ്ങിയത് അവിസ്മരണീയമായ ഓണക്കാഴ്ചയായി. മഹാബലി തമ്പുരാന്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
ഷിബു തോമസ് അവതിരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. മനു നായരും ലേഖ നായരും ചേര്‍ന്ന് മഹാബലിയേയും സമന്വയിപ്പിച്ച് കേരളത്തിലെ ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി കോമഡി നാടകം അവതരിപ്പിച്ചു.
ആഘോഷ പരിപാടികള്‍ക്ക് ഈവെന്റ് കോറ്ഡിനേറ്റര്‍മാരായ മനോജ് ജോണ്, സോണി ജോസഫ്,എന്നിവര്‍ നേതൃത്വം നല്കി. കലാസാംസ്കാരിക പരിപാടികള്‍ക്ക് സുധ ജേക്കബ്, രേഖ ജോസഫ് എന്നിവരാണ് ചുക്കാന് പിടിച്ചത്. രേഖ ജോസഫ് ഏവര്‍ക്കും സ്വാഗതവും ഓണാശംസയും സോണി ജോസഫ് കൃതജ്ഞതയും അര്‍പ്പിച്ചു. നീമ ആഘോഷപരിപാടികളുടെ അവതാരകയായിരുന്നു. തുശനിലയിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ദേശഭക്തി ഗാനാലാപനത്തോടെ ആഘോഷ പരിപാടികള്ക്ക് പരിസമാപ്തിയായി.

*****************************************
/// മനു നായര്‍ /// യു.എസ്.മലയാളി ///
*****************************************
Comments
comments