പ്രപഞ്ചസൃഷ്ടിയുടെ ആവര്‍ത്തനം – ജോണ്‍ മാത്യു

0
1288

പ്രപഞ്ചസൃഷ്ടിയുടെ ആവര്‍ത്തനം – ജോണ്‍ മാത്യു

***************************

`നീ നില്‌ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്ന് ചെരിപ്പ്‌ അഴിച്ചുകളയുക എന്ന് കല്പിച്ചു.` പുറപ്പാട്‌ : 3 : 5
കലാകാരന്മാര്‍ തങ്ങളുടെ ഭാവനയില്‍ കാണുത്‌ ഈ പ്രപഞ്ചം മുഴുവന്‍ നിറങ്ങളും വെളിച്ചവും ആണൊണ്.
വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു.
ഈ പ്രപഞ്ചസൃഷ്ടിയുടെ തുടക്കം ഒരു കലാസൃഷ്ടിയില്‍ക്കൂടി നേരിട്ടൊന്ന് കാണാനുള്ള അവസരം വിലപ്പെട്ടതെന്നുതന്നെ കരുതുകയാണ്.
ഹൂസ്റ്റണിലെ മ്യൂസിയം ഓഫ്‌ ഫൈന്‍ ആര്‍ട്സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന  ‘വെളിച്ചവും നിറങ്ങളും’ കലര്‍ന്ന പ്രപഞ്ചത്തിലേക്ക്‌ കടക്കുതിനുമുന്‍പ്‌ ചെരിപ്പുകള്‍ അഴിച്ചു വയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത്‌ വിശുദ്ധഭൂമിയാണ്.
ജയിംസ്‌ റ്ററല്‍ എന്ന കലാകാരന്റെ സ്വപ്‌നമായ ഈ `ദേവാലയ’ത്തില്‍ മങ്ങിയ വെളിച്ചം. മുകളിലും വശങ്ങളിലും നേരെ മുന്നിലും അവിശ്വസനീയമായ അഗാധതയുടെ വിശ്വരൂപം. മേഘങ്ങളുടെ ഉള്ളില്‍ അകപ്പെട്ടതുപോലെ! ചലനമില്ലാതെ, ശബ്ദമില്ലാതെ, പ്രതിമപോലെ ശൂന്യതയിലേക്ക്‌ നോക്കി നില്‌ക്കുന്ന കുറേ മനുഷ്യര്‍ . അവര്‍ ധ്യാനത്തിലാണോ? ഞാനും ഭാര്യ ബേബിയും അവരുടെയൊപ്പംകൂടി.
വെറും ദൃശ്യഭംഗിക്കുവേണ്ടിയല്ല ഈ കലാസൃഷ്ടികള്‍ , പകരം ഒരു അനുഭവമാണ്‌. ജയിംസ്‌ റ്ററലിന്റെ അസംസ്‌കൃത വസ്‌തുക്കള്‍ വെളിച്ചം, മാനം, പ്രത്യക്ഷതാബോധം എന്നിവ. അദ്ദേഹത്തിന്റെ ഈ ജീവിതകാലസ്വപ്‌നത്തെ എങ്ങനെയാണ്‌ വിശേഷിപ്പിക്കേണ്ടത്‌. ഘനരഹിതം, നിസീമം, പ്രൌഢം, അനന്തം എന്നൊക്കെ പറയാന്‍ മാത്രമേ എനിക്ക്‌ വാക്കുകളുള്ളൂ.
ഒരു എഴുത്തുകാരന്റെ ഒഴിച്ചുകൂടാന്‍പാടില്ലാത്ത വിദ്യാലയമാണ്‌ ആര്‍ട്ട് മ്യൂസിയങ്ങള്‍ . അമേരിക്കയിലെ മറ്റേത്‌ വന്‍ നഗരംപോലെയും ഇക്കാര്യത്തില്‍ ഹൂസ്റ്റണ്‍ സമ്പമാണ്. ലോകത്തിലെ പ്രശസ്‌ത മ്യൂസിയങ്ങളില്‍നിന്ന് കടംവാങ്ങികൊണ്ടുവരുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയുതുതന്നെ ഭാഗ്യം.
കേരളത്തില്‍ നിന്നെത്തിയ എത്രയോ സാഹിത്യകാരന്മാരുമായി ഈ ഫൈന്‍ ആര്‍ട്ട്സ് മ്യൂസിയത്തിലെ അപ്പഴപ്പോഴുള്ള പ്രദര്‍ശനങ്ങള്‍ കണ്ട്‌ ആസ്വാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാക്കനാടനും, എം. മുകുന്ദനും, ഡി. വിനയചന്ദ്രനും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും, ഡോ. എം.എം. ബഷീറും മറ്റും ഹൂസ്റ്റണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഫൈന്‍ ആര്‍ട്ട്സ് മ്യൂസിയം ചുറ്റിനടന്ന് കണ്ട്‌ ദിവസം മുഴുവന്‍ നീണ്ടുനില്‌ക്കുന്ന ‘മ്യൂസിയം പഠനത്തില്‍ ` എന്റെ ഒപ്പം ചേര്‍ന്നിട്ടുണ്ട്. ഇവരുടെയൊക്കെ അറിവും പരിചയവും കലാസൃഷ്ടികളെ വിലയിരുത്തുതില്‍ പ്രയോജനപ്പെട്ടിട്ടുമുണ്ട്. ഒരു വര്‍ഷം മുന്‍പാണ്‌ സതീഷ്‌ ബാബു പയ്യൂരിനൊപ്പം മ്യൂസിയത്തിലെ ആനിമേഷന്‍ കലാരൂപങ്ങള്‍ കണ്ടത്.
ചിത്രങ്ങള്‍ മനസ്സിലാക്കുന്നതിലും പ്രായോഗികമായി പഠിക്കുന്നതിനും സജീവമായും നിരന്തരമായും എന്റെയൊപ്പം പങ്കെടുക്കുന്നത് ഹൂസ്റ്റണിലെ ആര്‍ട്ടിസ്റ്റ് ഷാജി പാംസ്. എഴുത്തുകാരന്റെ വാക്കുകള്‍ രൂപങ്ങളായി അദ്ദേഹം കണ്ടെത്തുന്നു. സാഹിത്യത്തിലെ പ്രസ്ഥാനങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുത്‌ ചിത്രകലയിലാണ്‌. അതുകൊണ്ടുതന്നെ എഴുത്തുകാര്‍ ഈ രംഗത്തുണ്ടാകുന്ന സകല മാറ്റങ്ങളും ശ്രദ്ധിച്ചേ തീരൂ.
ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നിറങ്ങളുടെ ആഘോഷവുമായി സ്‌പാനീഷ്‌ കൊട്ടാരങ്ങളില്‍ നിന്നെത്തിയ ചിത്രങ്ങളുടെ ഉത്സവമായിരുന്നു. ഇതേ കടംവാങ്ങലിന്റെ പരമ്പരയില്‍ പെട്ടതാണ് ഇപ്പോഴത്തെ ജയിംസ്‌ റ്ററലിന്റെ വെളിച്ചത്തിന്റെ പ്രദര്‍ശനവും.
പൈലറ്റ്‌ ആയി ജീവിതവൃത്തി ആരംഭിച്ച ജയിംസ്‌ റ്ററലിന് തുറന്ന ആകാശം ആവേശം നല്‍കി. ഉയരത്തില്‍ പറക്കുമ്പോള്‍ ശൂന്യാകാശത്തില്‍ക്കൂടി വെളിച്ചം മുറിച്ചുകടന്നുവന്ന് ഐന്ദ്രജാലികമായ അടുക്കുകള്‍ സൃഷ്ടിക്കുന്നത് കാണാന്‍ കഴിഞ്ഞു. ഋതുഭേദങ്ങളും ആകാശനീലിമയും ജലകണികളും സ്വപ്‌നദര്‍ശനങ്ങളുണ്ടാക്കി. അതുകൊണ്ടാണ്‌ ഈ കലാകാരന്‍ ക്യാന്‍വാസിനുപകരം വിശാലമായ ആകാശംതന്നെ തന്റെ ചിത്ര ലേഖനത്തിനായി തെരഞ്ഞെടുത്തത്. ഇതിന്റെ മുന്നില്‍ നാമൊക്കെ സ്വയം ഇല്ലാതായി സ്‌തംഭിച്ച്‌ നിന്നുപോയില്ലങ്കിലല്ലേ അത്ഭുതം.
മ്യൂസിയത്തിലെ കലാരൂപങ്ങള്‍ ആസ്വദിക്കുകയല്ലാതെ ആഴത്തിലുള്ള പഠനം നടത്താനൊന്നും ഞാനാളല്ല. ആനിമേഷന്റെ അസാമാന്യ സാദ്ധ്യതകള്‍ ഒരിക്കല്‍ കണ്ടു, സ്വപ്‌നത്തിന്റെ ചിത്രങ്ങള്‍ കണ്ടു. യൂറോപ്പില്‍ നിന്നുള്ള ക്ലാസ്സിക്ക് പെയ്‌ന്റിങ്ങുകള്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. ഇവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്‌തവും വിഭിന്നവുമാണ്‌ ജയിംസ്‌ റ്ററലിന്റെ ഭാവന.
ഒരിക്കല്‍ കണ്ടാല്‍ മറക്കാനാവാത്ത ആകര്‍ഷണീയമായ നരച്ച മുടിയും താടിയുമുള്ള ജയിംസ്‌ റ്ററലിന്‌ ഇപ്പോള്‍ എഴുപത്‌ വയസ്‌ കഴിഞ്ഞിരിക്കുന്നു. പതിനാറാമത്തെ വയസില്‍ത്തന്നെ വിമാനം പറത്താനുള്ള ലൈസന്‍സ്‌ വശത്താക്കിയിരുന്നു. ഈ പറക്കല്‍ അനുഭവത്തിലൂടെയാണ്‌ അമേരിക്കയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ തുറന്ന ആകാശം തടസങ്ങളില്ലാതെ ദീര്‍ഘനേരം കാണാന്‍ കഴിഞ്ഞത്. ഇത്‌ വിഭ്രാന്തി ജനിപ്പിക്കുന്ന ഉദ്‌ബോധകശക്തി പകര്‍ന്നുകൊടുത്തു. ഇതിനോടൊപ്പം ചിത്രകലയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു.
പരമ്പരാഗതമായ കലാരൂപമാണ്‌ വെളിച്ചവും നിറങ്ങളും ചേര്‍ത്ത ഈ സൃഷ്ടികളെന്ന് പറയുന്നില്ല. കേവലഭാവനക്ക്‌, യുക്തിക്ക്‌ ഒറ്റതിരിഞ്ഞ തപസ്യക്ക്‌, പ്രവര്‍ത്തനത്തിന്‌ ഉപരിയായി എത്രയോ സാങ്കേതിക വിദഗ്‌ധരുടെ സേവനംകൂടി ഇതുപോലെയുള്ള ആവിഷ്‌ക്കാരങ്ങളുടെ പിന്നില്‍ ആവശ്യമുണ്ട്.
ഇവിടെ എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം ഈ കലാസൃഷ്ടികള്‍ സാധാരണക്കാര്‍ക്ക്‌ അപ്രാമ്യമാണെതാണ്. വെളിച്ചത്തിന്റെ ചിത്രവും യൂറോപ്യന്‍ പെയിന്റിങ്ങുകളും എല്ലാം ലോകത്തിലെ മികച്ച കാഴ്‌ചബംഗ്ലാവുകളില്‍ മാത്രമേ കാണാന്‍ കഴിയൂ. അവര്‍ക്കേ ഇത്‌ കടം വാങ്ങാന്‍പോലും ശേഷിയുള്ളൂ. ഇനിയും ഈ സൗകര്യങ്ങള്‍ എല്ലാമുണ്ടായിരുന്നിട്ടും ചുരുക്കം ചിലര്‍ മാത്രമേ ഇത്‌ മുതലെടുക്കുന്നുമുള്ളു. സാഹിത്യവും ചിത്രകലയുമായുള്ള ബന്ധം കണക്കിലെടുത്ത്‌ എഴുത്ത്‌ ഗൌരവമായി കണക്കാക്കുമ്പോള്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുകതന്നെ വേണം.
John Mathew
*******************************************************************
/// ജോണ്‍ മാത്യു /// യു.എസ്.മലയാളി ///
*******************************************************************

Share This:

Comments

comments