
Home Literature ചാക്രിക രഥങ്ങള്‍ (കവിത) പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.
ചാക്രിക രഥങ്ങള്‍
(കവിത)
പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.
***************************************
1
ഒന്നാം നമ്പര്‍ തീവണ്ടിയിലെ
ഫ്ലൂറെസെന്റ് വെളിച്ചം
പ്രകാശതന്ത്രമായ്.
രോമകൂപ തുരങ്കദ്വാരേ
പേശീമാംസ്യങ്ങളിലരിപ്പ്:
“താണെA” തൊട്ട് “ഘാട്ട്കോപ്പര്‍ B”-
വരെയുള്ള ഫസ്റ്റ്ക്ലാസിലെ
ഒന്നാംക്ലാസ്സ് ഇടിമുഴക്കം
സുഖശീതളത പതയും
ഷാമ്പെയിന്-ബീയര്‍ നുരകള്‍ .
2
ഒന്നാം നമ്പര്‍ തീവണ്ടിCയിലെ
ഫ്ലൂറെസെന്റ് വെളിച്ചം:
വെളുത്തേടെ മകള്‍ ശങ്കയില്‍
“ചലിക്കും കവിതാ”പ്പരസ്യക്കടാക്ഷേ
ഒഴിഞ്ഞയിരിപ്പടം ഒഴിവാക്കി
വെളുത്തേടെ സന്തതിയില്‍ മുങ്ങി.
കറുത്തേടെ കരളും
പീതാങ്കിതപ്പുത്രിയും
ഓറശ്ലേം കാമിനിയും
ഇരുവശം പന്തലിക്കും
ശൂന്യ സമയസ്ഥലമാം
കേന്ദ്രകോശം അവഗണിച്ച്
വര്‍ഗ്ഗം വര്‍ഗ്ഗത്തോടും
വംശം വംശത്തോടും
തൂവ്വല്‍ തൂവ്വലോടും
ഉപ്പ് വെള്ളത്തോടും
മെഴുക് എണ്ണയോടും
ലയിക്കും വചനത്തിന്
തനതുശാഖയില് ചേക്കേറി.
3
ഏകാന്തയേകത
കണ്ടിട്ടോ,യെന്തോ
സദാ നാക്കുനീട്ടും
സര്പ്പയിഴച്ചി-
ലലിയും വാരിയെല്ലില്‍
അസംശയക്കണ്ണുള്ള
ഭൂലോകരംഭയെ
വലത്തിരുത്തി:
അജ്ഞാതശില്‍പ്പി
അനാദിയില്‍ കൊത്തിയ
ചൂടുമാറാത്ത രൂപം ─
കണ്ണുവര്ണ്ണനക്കു
കാളിദാസനില്ലല്ലോ,
നാസികാവരപ്പിനു
രവിവര്മ്മയില്ലല്ലോ,
മേനീമികവു കൊത്താന്‍
ആഞ്ചലോയില്ലല്ലോ ─
പുഞ്ചിരി മാത്രം
പകര്‍ന്നവള്‍
മനംമാറ്റക്കടലാസ്സില്
മതംമാറ്റ ലഘുലേഖ
വൃത്തത്തിലലങ്കരിച്ച്
കേന്ദ്രബിന്ദുവില്‍ കളമെഴുതി
ഒന്നാംനമ്പര്‍ പാതയിലെ
അടുത്ത സ്റ്റേഷനില്‍
കുടിയിറങ്ങി.
***********************************************
A, B — മുംബൈയിലെ തീവണ്ടി സ്റ്റേഷനുകള്‍
C — ന്യു യോര്‍ക്കിലെ ഒരു ട്രെയിന്‍

*******************************************************************
/// പ്രൊഫസര്‍ ജോയി ടി. കുഞ്ഞാപ്പു, D.Sc., Ph.D. /// യു.എസ്.മലയാളി ///
*******************************************************************
Comments
comments