
Home Houston മാജിക്കിലെ ഓസ്‌കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിനൊപ്പം ഡോക്‌ടറേറ്റും, അപൂര്‍വ നേട്ടവുമായി മലയാളി വൈദീകന്‍ സാജു അച്ചന്‍.
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : മാജിക് രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ് ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റിയുടെ ചെയര്‍മാനും സി.ഇ.ഒയുമായ ടോണി ഹസിനിയില്‍ നിന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. സാജു മാത്യു ഏറ്റുവാങ്ങിയപ്പോള്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്റര്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു.
മെര്‍ലിന്‍ അവാര്‍ഡിന്റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദീകന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഗോസ്‌പല്‍ മാജിക് വിഭാഗത്തിലാണ് സാജു അച്ചന് അവാര്‍ഡ് ലഭിച്ചത്.
ഈ അവാര്‍ഡിനൊപ്പം തന്നെ `ഡോക്‌ടര്‍ ഓഫ് മാജിക്’ സര്‍ട്ടിഫിക്കറ്റും അച്ചന് നല്‍കി ആദരിച്ചപ്പോള്‍ അത് ഇരട്ടിമധുരവും അപൂര്‍വ്വ നേട്ടവുമായി മാറി. ആഗോളതലത്തില്‍ ആദ്യമായാണ് ഒരു വൈദീകന് മാജിക്കില്‍ ഡോക്‌ടറേറ്റ് ലഭിക്കുന്നത്.
ആഗോളതലത്തില്‍ 37000 മജീഷ്യന്മാര്‍ അംഗങ്ങളായുള്ള ലോകത്തിലെ ഏറ്റവും വലിയ മാജിക് സംഘടനയായ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി 1968 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മെര്‍ലിന്‍ അവാര്‍ഡ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനും, മൂന്നാമത്തെ മലയാളിയും എന്ന ബഹുമതിയും സാജു അച്ചന്‍ സ്വന്തമാക്കി. പ്രഗത്ഭ മജീഷ്യന്മാരായ പി.സി. സര്‍ക്കാര്‍, ഗോപിനാഥ് മുതുകാട്, സാമ്രാജ് എന്നിവരാണ് മുമ്പ് ഈ അവാര്‍ഡ് നേടിയവര്‍.
ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ഡോക്‌ടറേറ്റ് നല്‍കി ആദരിച്ചവരില്‍ മൂന്നു ഇന്ത്യക്കാര്‍ മാത്രമേയുള്ളൂ റവ.ഡോ. സാജു മാത്യുവിന് മുന്‍ഗാമികളായി. പി.സി. സര്‍ക്കാര്‍ സീനിയര്‍, പി.സി. സര്‍ക്കാര്‍ ജൂണിയര്‍, ഗോപിനാഥ് മുതുകാട് എന്നീ പ്രഗത്ഭ മജീഷ്യന്മാരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു.
പ്രൗഢഗംഭീരമായിരുന്ന പുരസ്‌കാര ചടങ്ങില്‍ ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി സ്ഥാപകനും ചെയര്‍മാനും സി.ഇ.ഒയുമായ ടോണി ഹസിനിയില്‍ നിന്ന് മെര്‍ലിന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ഇമ്മാനുവേല്‍ സെന്ററില്‍ തിങ്ങി നിറഞ്ഞ സദസ് ആവേശഭരിതരായി കരഘോഷങ്ങളുയര്‍ത്തി. ഓസ്‌കാര്‍ ട്രോഫിയുടെ മാതൃകയിലുള്ള `മെര്‍ലിന്‍ ട്രോഫി’യും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് മെര്‍ലിന്‍ അവാര്‍ഡ്. തുടര്‍ന്ന് ടോണി ഹസിനി സാജു അച്ചന് `ഡോക്‌ടര്‍ ഓഫ് മാജിക്’ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
സമ്മേളനത്തല്‍ രാജന്‍ ദാനിയേല്‍ സ്വാഗതം ആശംസിച്ചു. ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് ജോജി ജോണ്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മാന്‍ കെന്‍ മാത്യു, ആഴ്‌ചവട്ടം ന്യൂസ് ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് കാക്കനാട്ട്, ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ്, വൈദീക സമൂഹത്തെ പ്രതിനിധീകരിച്ച് ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാജു അച്ചന്റെ സ്വദേശമായ പത്തനാപുരം ചാച്ചിപുന്ന നിവാസികളെ പ്രതിനിധീകരിച്ച് ഷാജിമോന്‍ ഇടിക്കുള ആശംസയര്‍പ്പിച്ച് അച്ചനെ പൊന്നാട അണിയിച്ചു.
തുടര്‍ന്ന് പുരസ്‌കാര ജേതാവായ റവ.ഡോ. സാജു മാത്യു മറുപടി പ്രസംഗം നടത്തി. സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന തന്റെ മാജിക് യാത്രയില്‍ വ്യാപരിക്കുന്ന ദൈവകൃപയ്‌ക്ക്, ദൈവത്തിന് നന്ദി കരേറ്റുന്നുവെന്നും, തനിക്ക് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന സഹധര്‍മ്മിണി ബിന്‍സി, മക്കളായ ജോയല്‍, ജോയന്ന എന്നിവര്‍ക്കും മാതാപിതാക്കള്‍ക്കും മെര്‍ലിന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും തന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഇമ്മാനുവേല്‍ കുടുംബത്തിനും ഡോക്‌ടറേറ്റ് ഡിഗ്രി സമര്‍പ്പിക്കുന്നുവെന്നും സാജു അച്ചന്‍ പറഞ്ഞു.
ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക ട്രസ്റ്റി ജോയി എന്‍ ശാമുവേല്‍ നന്ദി പ്രകാശിപ്പിച്ചു. റവ. കെ.ബി കുരുവിളയുടെ പ്രാര്‍ത്ഥനയ്‌ക്കും ആശീര്‍വാദത്തിനും ശേഷം സമ്മേളനം അവസാനിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

Comments
comments