ഗാനരചയിതാവ് യൂസഫലി കേച്ചേരി അന്തരിച്ചു.
കോട്ടയം: മലയാള ചലച്ചിത്രഗാന ശാഖയ്ക്കും കവിതയ്ക്കും അപൂർവ്വ വ്യക്തിത്വം കൊണ്ട് നിറകുടം ചാര്‍ത്തിയ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദില്‍ നടക്കും.
വൈകുന്നേരം 5.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശത്തിലേറ്റ അണുബാധയാണ് മരണകാരണമായത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.
കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. ,ബി.എല്‍ നേടി. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ത്ഥന്‍ ഞാന്‍’ പ്രസിദ്ധീകരിച്ചു.
600ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു മലയാളത്തിന്റെ എക്കാലത്തെയും, മനസ്സിൽ നിറഞ്ഞു നിക്കുന്ന മികച്ച പല പ്രണയഗാനങ്ങളുടെയും രചയിതാവ് യൂസഫലിയാണ്.ദേവരാജനൊപ്പം തമ്പ്രാന്‍ കൊടുത്തത് മലരമ്പ്, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങിവന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്. ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ ഖല്‍ബിലെ, ഇശല്‍ തേന്‍കണം, അഞ്ചു ശരങ്ങളും, മറന്നോ നീ നിലാവില്‍, മോഹന്‍ സിതാരയ്‌ക്കൊപ്പം ആലില കണ്ണാ, കണ്ണീര്‍ മഴയത്ത്, ശ്യാമിനൊപ്പം വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം അനുരാഗക്കളരിയില്‍ എന്നീ ഹിറ്റ് ഗാനങ്ങള്‍ യൂസഫലി മലയാളിക്ക് സംഭാവന ചെയ്തു.കേച്ചേരിയുടെ ഹിന്ദു ഭക്തിഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.
ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.
യു .എസ് . മലയാളി ടീമിന്റെ ആദരാഞ്ജലികൾ .