ചില കൊച്ചുകൊച്ചു ഭാഷാപ്രശ്നങ്ങള്‍ – പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.

0
2283

ചില കൊച്ചുകൊച്ചു ഭാഷാപ്രശ്നങ്ങള്‍

പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.

****************************************

[എഴുത്തുകാരെയും ഭാഷയില്‍ താല്പര്യമുള്ളവരെയും മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ലേഖനം]
[കുറിപ്പ്: ഇതു ഗവേഷണസ്വഭാവമുള്ള ഒരു ലേഖനമാണ്. സ്വന്തം കണ്ടെത്തലുകള്‍ക്കു പൂര്‍വ്വവിജ്ഞാനം അകമ്പടി സേവിക്കും.]
കൃത്യമായ ഭാഷ എഴുതുന്നത് വലിയ കാര്യമൊന്നുമല്ലെന്നു കരുതുന്ന ഭൂരിപക്ഷത്തിനിടയില്‍ ഭാഷാശുദ്ധീസംരക്ഷണം അപ്രധാനമല്ലെന്നു വിശ്വസിക്കുന്ന ന്യൂനപക്ഷം എക്കാലവും ഭൂമുഖത്ത് സഹവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രധാനകാര്യം നടപ്പിലാക്കാന്‍ ചുരുക്കം എഴുത്തുകാരും പ്രസാധകരും മാത്രമേ ശ്രദ്ധവെക്കാറുള്ളു.
വായനയ്ക്കും എഴുത്തിനുമിടയില്‍ കണ്ടെത്തിയ — എന്നെ നേരിട്ടതും എല്ലാവരെയും അഭിമുഖീകരിച്ചതുമായ — ചില ഭാഷാപ്രശ്നങ്ങളെക്കുറിച്ചും സാഹിത്യരചനയെസംബന്ധിച്ചും സാമൂഹ്യവിഷയങ്ങളെപ്പറ്റിയും ചെറുതുംവലുതുമായ ലേഖനങ്ങള്‍ പോയവര്‍ഷങ്ങളില്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ചിലത് ഇവയാണ്:
1. അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും
2. അമേരിക്കന്‍ മലയാളിയുടെ ദ്വിത്വപ്രതിസന്ധി
3. അമേരിയ്ക്ക എപ്പോള്‍ അമേരിക്കയായി?
4. എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും
5. കഥയും കഥന-കഥാവശേഷ ചിന്തകളും
6. സംഘടനകള്‍ വിഘടിക്കുന്നത് എന്തുകൊണ്ട്?
ഭാഷാപരമായ പലവകക്കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇതൊക്കെ വലിയ കാര്യമാണോയെന്നു തോന്നാമെങ്കിലും, എഴുത്തിനെ കൂടുതല്‍ ശുദ്ധീകരിച്ചുതിളക്കി പരിപൂര്‍ണ്ണതയിലേക്കു ചരിക്കാനും, ഭാഷയ്ക്കു ദാര്‍ഢ്യം കൂട്ടാനും ആഗ്രഹിക്കുന്ന എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഈ കുറിപ്പുകള്‍ പ്രയോജനപ്പെടുമെന്നു ആശിക്കട്ടെ.
ഭാഷ പഠിക്കാനാരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വസ്തുതകളല്ല ഇവ. പലതും മുന്‍കാല ഭാഷാശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടില്ലെന്നുമില്ല. എന്നാല്‍, ആ സംഹിതകളുടെ ഉണ്മ ഗ്രഹിച്ച് പ്രയോഗത്തില്‍ വരുത്താന്‍ ഒരു ന്യൂനപക്ഷം മാത്രമേ തയ്യാറെടുക്കുന്നുള്ളു. വിദ്യാസമ്പന്നരും പണ്ഡിതരും ഉപയോഗിക്കുന്ന രീതികളാണ് ഭാഷയിലെ നിയമങ്ങളായി പരിണമിക്കുന്നത്.
എഴുതുന്ന സമയത്ത്, ഇതാണോ അതാണോ വേണ്ടത്, ഈ രൂപമാണോ ആ രൂപമാണോ ഉപയോഗിക്കേണ്ടത് എന്ന് എപ്പോഴെങ്കിലും ശങ്കയുണ്ടായിട്ടുണ്ടെങ്കില്‍ അവിടെ ഭാഷാ-വ്യാകരണപ്രശ്നമുണ്ടെന്നു ഉറപ്പിക്കാം. കണ്ടിട്ടും കണ്ണടയ്ക്കുന്ന എഴുത്തുകാരും ഭാഷാസ്നേഹികളും ഭാഷാപോഷണത്തിനു കൈത്താങ്ങല്ലെന്നു പറഞ്ഞുവെച്ച് വിഷയം ക്രോഡീകരിക്കാം:
1. വിഭക്തി പ്രത്യയങ്ങളിലെ ഹ്രസ്വദീര്‍ഘങ്ങള്‍:
(i) “എ”, “ഏ” ഉപയോഗിക്കാനുള്ള നിയമങ്ങള്‍: പ്രതിഗ്രാഹിക, സംബന്ധിക, സംബോധിക എന്നീ വിഭക്തികളാണല്ലോ “എ”, “ഏ” എന്നിവയില്‍ അവസാനിക്കാറ്: പ്രതിഗ്രാഹികയ്ക്കും, സംബന്ധികയ്ക്കും ഹ്രസ്വ “എ”യാണ് വേണ്ടത്; സംബോധികയ്ക്ക് ദീര്‍ഘ “എ (ഏ)”യും. ഉദാഹരണമായി, “കുമാരനെ”, “കുമാരിയെ” എന്നിങ്ങനെ ഹ്രസ്വമായാണ് പ്രതിഗ്രാഹികാ-സംബന്ധികകളിലെ ശരിയായ രൂപം; “കുമാരനേ”, “കുമാരിയേ” എന്നിങ്ങനെയല്ല. അതുപോലെ “സീതെ” എന്നു സംബോധികയില്‍ വിളിക്കാറുമില്ലല്ലോ ─ “സീതേ” എന്നത് ശരിയായ രൂപം. “എ” യില്‍ അവസാനിക്കുന്ന വിഭാക്ത്യാഭാസങ്ങളില്‍ — കാട്ടിലെ, സമയത്തെ മുതലായവ — ഹ്രസ്വമാണ് പതിവ്. “വീട്ടിലേ താമസിക്കു” തുടങ്ങിയ പ്രയോഗങ്ങളില്‍ അര്‍ത്ഥമാറ്റം സൂചിപ്പിക്കാന്‍ “വീട്ടിലേ” എന്നു ദീര്‍ഘിപ്പിക്കണം.
(ii) പ്രശ്നദ്യോതകമായ “ഓ”യും കേവലദ്യോതകമായ “ഏ” യും: പ്രശ്നദ്യോതകമായ “ഓ” ഒരു വാക്കിനോടു ചേര്‍ക്കുമ്പോള്‍ ദീര്‍ഘമാണ് നിയമം. കേവലദ്യോതകമായ “ഏ” യും ദീര്‍ഘമാകും. ഉദാ: “തെറ്റോ ശരിയോ എന്നറിയില്ല”; “ഓ! എനിക്കു വേണ്ട”; “ഏ, വല്ലതും പറഞ്ഞോ?”
2. “ന, നു, ന്ന, ന്നു” വരുന്ന സന്ദര്‍ഭങ്ങള്‍:
“മിത്രന്‍, ചിത്രന്‍” എന്ന രണ്ടുപേരെ നിര്‍ദ്ദേശികാവിഭക്തിയായും ഉദ്ദേശികാവിഭക്തിയായും ഉപയോഗിക്കേണ്ട സമയങ്ങളില്‍ “ന, ന്ന” എന്നീ അന്തരം കാണിക്കേണ്ടിവരും. ഉദാഹരണങ്ങള്‍ സംസാരിക്കട്ടെ:
“മിത്രനും ചിത്രനും പാഞ്ഞാളില്‍ യാഗത്തിനു പോയി”. നിര്‍ദ്ദേശികയോട് ഘടകദ്യോതകമായ “ഉം” ചേര്‍ത്തിരിക്കുന്നു, ഇവിടെ.
“മിത്രന്നും ചിത്രന്നും സംഗീതമത്സരത്തില്‍ സമ്മാനം കിട്ടി”. ഉദ്ദേശികയോട് “ഉം” ചേര്‍ത്തിരിക്കുന്നു. ഒരാളാണെങ്കില്‍, മിത്രന്നു (അല്ലെങ്കില്‍ മിത്രന്ന്) സംഗീതമത്സരത്തില്‍ സമ്മാനം കിട്ടി എന്നെഴുതാം. “ന്നു, ന്ന്” എന്നീ വേര്‍തിരിവ് മറ്റൊരു കാര്യം.
ഇംഗ്ലീഷിലാണെങ്കില്‍ Mithran and Chithran എന്നേ രണ്ടവസരങ്ങളിലും എഴുതേണ്ടൂ.
കവിതയില്‍ താളത്തിനുവേണ്ടി നീക്കുപോക്കുകള്‍ ആവശ്യമായി വന്നേക്കാമെങ്കിലും ഗദ്യത്തില്‍ ഈ മാറ്റം വ്യക്തമാക്കാവുന്നതാണ്.
3. “നിന്ന്, നിന്നും” എന്നിവയുടെ ഉപയോഗം:
“നിന്ന്” എന്നത് ഒരു ഗതിദ്യോതകമാണ്.
കൊട്ടാരത്തില്‍നിന്ന് രത്നങ്ങള്‍ മോഷണം പോയി (രാജാവ് പറയുന്നത്).
കൊട്ടാരത്തില്‍നിന്നും രത്നങ്ങള്‍ മോഷ്ടിച്ചു (കള്ളന്‍ പറയുന്നത്).
4. “ഇ, എ” എന്നീ സ്വരങ്ങള്‍ മാറ്റി ഉപയോഗിക്കുന്നത്:
തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് എന്നിവയില്‍ ഏതാണു ശരിയെന്ന് ഇപ്പോഴും ചര്‍ച്ചചെയ്യുന്നതു കേള്‍ക്കാറുണ്ട്, മുഖ്യ നിഘണ്ടുകളില്‍ രണ്ടു രൂപങ്ങളും ശരിയെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും. അതുകൊണ്ടാണ് “തിരഞ്ഞെടുത്ത കവിത”കളും “തെരഞ്ഞെടുത്ത കഥകളും” കമ്പോളത്തില്‍ കാണുന്നത്.
“എങ്ങിനെ, എങ്ങനെ; അങ്ങിനെ, അങ്ങനെ; ഇങ്ങിനെ, ഇങ്ങനെ” എന്നിങ്ങനെ അച്ചടിയില്‍ കാണാറുള്ളതും അതുകൊണ്ടാണ്. “എങ്ങിനെ നീ മറക്കും കുയിലേ …” എന്ന് ഭാസ്കരന്‍ കുറിച്ചത് അബ്ദുള്‍ ഖാദര്‍ പാടിപ്പതിപ്പിച്ചതുകൊണ്ടോ എന്നറിയില്ല, “എങ്ങിനെ”യെന്ന പ്രയോഗമാണ് എനിക്കു പഥ്യം! പ്രാദേശിക രുചിഭേദവും ഒരു ഘടകമായിരിക്കാം. അംഗീകൃത ഭാഷായേകീകരണ കമ്മിറ്റികളാണ് ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തേണ്ടത്‌.
5. വൃഥാസ്ഥൂലത വെടിഞ്ഞു ഭാഷയ്ക്കു മൂര്‍ച്ച കൂട്ടല്‍:
വായിച്ചും, കേട്ടും, വായിച്ചുപഠിച്ചും, കേട്ടുപഠിച്ചും ധാരാളം അനാവശ്യപദങ്ങള്‍ നാം എഴുത്തുഭാഷയില്‍ ഉപയോഗിക്കുന്നുണ്ട് (ഉപയോഗിക്കുന്നു). അത്തരം വാക്കുകള്‍ ഒഴിവാക്കിയാല്‍ ഗദ്യത്തിനു ശക്തിയേറുക മാത്രമേയുള്ളൂ. പലപ്പോഴും, വിശേഷാര്‍ത്ഥം ഉദ്ദേശിക്കുന്നില്ലെങ്കില്‍ വാചകങ്ങളെ മുറിച്ചു കൂര്‍പ്പിക്കാം; അറുത്തു ശക്തിപ്പെടുത്താം. മുന്‍വാചകത്തില്‍, ഒരു പക്ഷെ, “ഉപയോഗിക്കുന്നു”, “ശക്തിയേറും” എന്നിങ്ങനെ പ്രധാനക്രിയയെ (മുറ്റുവിന) മാറ്റാന്‍ കഴിയുന്നതാണ്. എന്നാല്‍, അര്‍ത്ഥഭേദം കാണിക്കേണ്ട അവസരങ്ങളില്‍ ഇവ നിലനിറുത്തേണ്ടത് അനിവാര്യവുമാണ്‌. “അനിവാര്യവുമാണ്‌” എന്നതിനു പകരം “അനിവാര്യം” എന്നെഴുതിയാലും ക്രിയയ്ക്കു ഊന്നല്‍ കിട്ടും.
“പോയിക്കൊണ്ടിരിക്കുന്നതായ” എന്ന പ്രയോഗം, വേണമെങ്കില്‍, “പോയിക്കൊണ്ടിരിക്കുന്ന”, “പോയിരിക്കുന്ന”, “പോകുന്ന” തുടങ്ങിയ കത്രിക്കല്‍വഴി, എഡിറ്റിങ്ങ് വേളയില്‍, സന്ദര്‍ഭമനുസരിച്ച്, വൃഥാസ്ഥൂലത ഒഴിവാക്കാന്‍ കഴിഞ്ഞേക്കും (ഒഴിവാക്കാം). എന്നാല്‍ പ്രയോഗമാധുര്യം നഷ്ടപ്പെടുത്തുകയുമരുത് (നഷ്ടപ്പെടുത്തരുത്).
ഇംഗ്ലീഷിലെ വിവിധ കാലരൂപങ്ങള്‍ (tenses) കാണിക്കാന്‍ ക്രിയയോടു പല പദങ്ങളും ചേര്‍ന്നുവരുമല്ലോ (ചേരുമല്ലോ). സാധൂകരിക്കാന്‍, have gone, had been thinking, can work എന്നീ പ്രയോഗങ്ങള്‍ കാണുക. മലയാളത്തില്‍ കാലഭാവങ്ങള്‍ സൃഷ്ടിക്കുന്നത് “അനു”പ്രയോഗങ്ങളിലൂടെയാണ് [അര്‍ത്ഥഭേദം ജനിപ്പിക്കാന്‍ ക്രിയാന്ത്യം ചേര്‍ക്കുന്ന മറ്റു ക്രിയകളാണ് അനുപ്രയോഗങ്ങള്‍. ദ്യോതകങ്ങള്‍ ഇവയെ ബന്ധിപ്പിക്കുന്നു]. ഉണ്ട് (ഉള്‍, ഉള്ള, …), കൊണ്ട് (കൊള്‍ എന്ന ധാതുവിന്‍റെ പിന്‍വിനയെച്ചരൂപം), മതി, ആകുക (ആണ്), ഇരിക്കുന്നു, പോകുക, വെക്കുക, തീരുക, വരിക, ഇടുക, ചെയ്യുക, കഴിയുക, (can എന്ന അര്‍ത്ഥത്തില്‍) എന്നിവയും, അവയുടെ വ്യത്യസ്തരൂപങ്ങളും സംയോഗങ്ങളുമാണ് ഭാഷയില്‍ ഈ ജോലി നിര്‍വ്വഹിക്കുന്നത്.
ഉദാഹരിക്കാം: “ആകുക” എന്ന അനുപ്രയോഗം എങ്ങിനെയൊക്കെ ക്രിയാരൂപങ്ങള്‍ കൈവരിക്കുന്നൂയെന്നു (കൈവരിക്കുന്നെന്നു) നോക്കുക:
മുറ്റുവിന (പൂര്‍ണ്ണക്രിയ): ആകുന്നു, ആയി, ആകും (നിര്‍ദ്ദേശകം: വര്‍ത്തമാനം, ഭൂതം, ഭാവി)
ആകട്ടെ, ആക്, ആകു, ആയാലും (നിയോജകം)
ആകണം (വിധായകം)
ആകാം (അനുജ്ഞായകം)
പറ്റുവിന (അപൂര്‍ണ്ണക്രിയ): പേരെച്ചം ─ ആകുന്ന, ആയ, ആകും (നിര്‍ദ്ദേശകം)
ആകേണ്ടുന്ന, ആകേണ്ടിയ, ആകേണ്ടും (വിധായകം)
ആകാവുന്ന (അനുജ്ഞായകം)
വിനയെച്ചം ─ ആയിട്ട് (മുന്‍വിനയെച്ചം)
ആകാന്‍, ആകുവാന്‍ (പിന്‍വിനയെച്ചം)
ആക, ആകവേണം (കേവലരൂപം)
ആകെ, ആകവേ (തന്‍രൂപം)
ആയ (അനവച്ഛേദകം)
ആകില്‍, ആകുകില്‍ (പാക്ഷികരൂപം)
ഇത്രയും രൂപങ്ങള്‍ മനസ്സിലാക്കിയാല്‍ കാലപ്രമാണങ്ങള്‍ മുഴുവനുമായി.
ഇനി, “ഉള്‍, കൊള്‍, മതി, ഇരിക്കുക, തീരുക, വരിക, വെക്കുക, പോകുക, ഇടുക, ചെയ്യുക, കഴിയുക” എന്നിവയുടെ എല്ലാ രൂപങ്ങളും സ്വയം ഉണ്ടാക്കുക.
വ്യാകരണപുസ്തകങ്ങളില്‍ ഉറങ്ങുന്ന സവിശേഷതകളെ വീണ്ടും ഉണര്‍ത്താന്‍ കാരിയമെന്തേ? എഴുത്തുഭാഷയിലെ ദുര്‍മ്മേദസ്സായ “വൃഥാസ്ഥൂലത” മനസ്സിലാക്കാന്‍ ഇതത്യാവശ്യം. മുകളില്‍ വിസ്തരിച്ച ക്രിയാരൂപങ്ങള്‍ കൂടിച്ചേരുന്ന പ്രയോഗങ്ങളാണ് വൃഥാസ്ഥൂലതയ്ക്കു മുഖ്യഹേതു. അവയുടെ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനുമാണ് വാചകാന്ത്യങ്ങളായി പരിണമിക്കുന്നത് (വാചകാന്ത്യങ്ങളാകുന്നത്).
“ആകുക, ആയിരിക്കുക, ആയിത്തീരുക, ആയിവരിക, ആയിട്ടുണ്ട്‌, ആകുന്നുണ്ട്, ആയിക്കഴിഞ്ഞ, മതിയായ, ആയിപ്പോയി” എന്നീ അനുപ്രയോഗങ്ങള്‍ ക്രിയയുടെ കാലരൂപങ്ങള്‍ക്കു നിദര്‍ശനമാകുന്നു. ഇത്രയും രൂപങ്ങള്‍ വേണ്ടതുതന്നെയാണ്; എന്നാല്‍, ഇവയുടെ “മാല”പ്രയോഗം വൃഥാസ്ഥൂലതയായി അനുഭവപ്പെട്ടേക്കാം.
ആയിക്കൊണ്ടിരിക്കുക, ആയിക്കൊണ്ടിരിക്കുകയായിരുന്ന, ആയിട്ടുണ്ടായിക്കൊണ്ടിരിക്കുന്നതായ തുടങ്ങിയ രീതി, പ്രത്യേകിച്ചും, പണ്ടത്തെ അദ്ധ്യാപകരുടെ ഭാഷയില്‍ സുലഭമായിരുന്നു. രാഷ്ട്രീയപ്രസംഗങ്ങള്‍ വൈകൃതത്തിന്‍റെ നെല്ലിപ്പടിയിലേക്കു നമ്മെ നയിച്ചു. പത്രക്കാരത് അപ്പടി റിപ്പോര്‍ട്ടു ചെയ്തു. നാമത് കേട്ടും, പഠിച്ചും, ഉപയോഗിച്ചും വാക്യങ്ങളുടെ വാലറ്റം വികൃതമാക്കാക്കി.
ക്രിയയുടെ തെറ്റായ ഉപയോഗം വാക്യത്തിന്‍റെ ഉദകക്രിയയ്ക്കു തുല്യം.
ഓണത്തിന് കാമുകന്‍ അവള്‍ക്ക് എഴുത്ത് കൊടുത്തു.
ഓണത്തിനാണ് കാമുകന്‍ അവള്‍ക്ക് എഴുത്ത് കൊടുത്തത്.
ഓണത്തിന് അവള്‍ക്കാണ് കാമുകന്‍ എഴുത്ത് കൊടുത്തത്.
ഓണത്തിന് കാമുകന്‍ അവള്‍ക്ക് എഴുത്താണ് കൊടുത്തത്.
എല്ലാ ഓണത്തിനും കാമുകന്‍ അവള്‍ക്ക് എഴുത്ത് കൊടുത്തുകൊണ്ടിരുന്നു.
ഞാന്‍ ഓണത്തിനു ചെന്നപ്പോള്‍, കാമുകന്‍ അവള്‍ക്ക് എഴുത്ത് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.
മുകളിലെ വാചകങ്ങളില്‍നിന്നും കര്‍ത്താവ്‌, കര്‍മ്മം എന്നിവയുടെ പദവിന്യാസമനുസരിച്ച് ക്രിയയ്ക്കു രൂപഭേദം സംഭവിക്കുന്നെന്നു കാണാം.
… എഴുത്തു കൊടുക്കുന്നു [വസ്തു-സ്ഥിതികഥനം].
… എഴുത്തു കൊടുക്കുന്നുണ്ട് [വസ്തു-സ്ഥിതികഥനവും പ്രതീക്ഷാസാഫല്യസൂചനയും].
പൂര്‍ണ്ണക്രിയയിലെയും അപൂര്‍ണ്ണക്രിയയിലെയും വാലറ്റങ്ങള്‍ ഓരോ അര്‍ത്ഥദൌത്യം നിര്‍വ്വഹിക്കുന്നു (വാലറ്റങ്ങള്‍ക്ക് ഓരോ അര്‍ത്ഥദൌത്യമുണ്ട്). മുകളില്‍ ക്രിയാരൂപങ്ങള്‍ വിവരിച്ചപ്പോള്‍ ബ്രേക്കറ്റില്‍ കൊടുത്തിരുന്ന പേരുകളില്‍ ആവ ഉരുത്തിരിക്കുന്ന ഫലസൂചനയുണ്ടായിരുന്നു (നിര്‍ദ്ദേശകം, നിയോജകം എന്നിങ്ങനെ). അനുപ്രയോഗങ്ങളുടെ അനന്തസംയോഗം അപ്രതീക്ഷിത അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും സൃഷ്ടിക്കുന്നു.
ക്രിയയുടെ കാലഭേദമനുസരിച്ചുള്ള രൂപങ്ങള്‍ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭങ്ങളിലാണ്, അറിയാതെ വൃഥാസ്ഥൂലതയും ഭവിക്കുന്നത്. ഇവ കണ്ടുപിടിച്ചു നിഷ്കാസനംചെയ്‌താല്‍ എഴുത്തുഭാഷയ്ക്കു മൂര്‍ച്ചകൂടും. ബോധപൂര്‍വ്വമായ തിരുത്തലും ശുദ്ധീകരണവും ചാക്രിക സ്വഭാവമുള്ള നവീകരണപ്രക്രിയയ്ക്കു എല്ലാവര്‍ക്കും അഭികാമ്യമാണ്.
6. പുനരുക്തി ദോഷം വൃഥാസ്ഥൂലതയ്ക്കു കാരണമാണ്:
വാക്കുകള്‍ അനാവശ്യമായി “വീണ്ടുംപറയ”ലാണ്, അര്‍ത്ഥം ഭവിച്ചിട്ടും ആവര്‍ത്തിക്കലാണ്, പൌനരുക്ത്യത്തിന്‍റെ ഒരു ലക്ഷണം. ഈ വാചകത്തിലെ “ഭവിച്ചിട്ടും” എന്നത് “വന്നുഭവിച്ചിട്ടും” എന്നും “ആവര്‍ത്തിക്കലാണ്” എന്നത് “വീണ്ടും ആവര്‍ത്തിക്കലാണ്” എന്നും എഴുതുമ്പോള്‍ നാം ഈ ദോഷത്തിനു അടിമപ്പെടുന്നു. “അര്‍ത്ഥം ഭവിച്ചിട്ടും ആവര്‍ത്തിക്കലാണ്” എന്ന ഖണ്ഡം ബോധപൂര്‍വ്വം നിര്‍വ്വചനവീര്യത്തിനായി ചേര്‍ത്തിരിക്കുന്നു.
മാരാരുടെ “മലയാളശൈലി”ക്കുശേഷം ഈ വിഷയം ധീരമായും വിശാലമായും ചിന്തിച്ചത് വാസുദേവഭട്ടതിരിയുടെ “നല്ല മലയാള”മാണ്. മാരാരുടെ അഭിപ്രായങ്ങളെത്തന്നെ ഇതില്‍ കാലാനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ഒപ്പം, മാരാര്‍ ചൂണ്ടിക്കാണിച്ച പല വൃഥാതാസ്ഥൂലതാസന്ദര്‍ഭങ്ങളും ആവര്‍ത്തിച്ചിട്ടുമുണ്ട്. പന്മന രാമചന്ദ്രന്‍നായരുടെ “തെറ്റില്ലാത്ത മലയാള”വും “തെറ്റും ശരിയും” എന്നീ പുസ്തകങ്ങളും, ഈ വിഷയം പുതിയ ഉദാഹരണങ്ങളോടെ ഹാസ്യമായി വികസിപ്പിച്ചിരിക്കുന്നു. മാരാരുടെ മൌലികത എല്ലാവര്‍ക്കും ചിന്തിക്കാനുള്ള അതുല്യമായ ചട്ടക്കൂടു സമ്മാനിച്ചു.
പൊതുഗുണപാഠമിതാണ്: നാം നിര്‍വ്വചിച്ച മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു; സനാതന“സത്യം”മാത്രം സ്ഥിരം ─ മോഡലിങ്ങുകാര്‍ പറയുമ്പോലെ, ഫേഷന്‍ മാറിക്കൊണ്ടിരിക്കും; സ്റ്റൈല്‍ സ്ഥിരമായി നില്‍ക്കും. വാസ്തവത്തില്‍, ഇന്നത്തെ “നല്ലമലയാളം” നാളത്തെ “ചീത്തമലയാള”മായി മാറുന്നു [“നല്ലതായ മലയാളം” നാളത്തെ “ചീത്തയായ മലയാള”മായി മാറുമെന്നു പറയേണ്ട].
ഭട്ടതിരി, വാക്യഖണ്ഡങ്ങളിലും വാക്യങ്ങളിലും പ്രത്യയങ്ങളിലും പുനരുക്തിദോഷം എപ്രകാരം കടന്നുകൂടുന്നുവെന്നു (കടന്നുകൂടുന്നെന്നു) ഭംഗിയായി വിശകലനം ചെയ്തിരിക്കുന്നു (“വിശകലനം” സ്വയംഭൂവായ നാമമാണ്; ക്രിയാരൂപമുണ്ടാക്കാന്‍ “ചെയ്യുക” ചേര്‍ക്കാതിരിക്കാന്‍വയ്യ).
(I) നാമങ്ങളുടെ വാലറ്റം:
നാമത്തോടു വിഭക്തിയും ഗതി-ഘടകദ്യോതകങ്ങളും ചേര്‍ത്ത് വാക്യത്തില്‍ അര്‍ത്ഥബോധം കുത്തിവെക്കുന്നു. ഈ “അന്വയസമീക്ഷ”യ്ക്കിടയില്‍ നാനാവിധം പുനരുക്തിദോഷങ്ങള്‍ വരുന്നു/കടക്കുന്നു [വന്നുചേരുന്നു/കടന്നുകൂടുന്നു: ഇത്തരം വാക്യഖണ്ഡങ്ങള്‍ അത്യന്താപേക്ഷിതമെങ്കിലേ ഉപയോഗിക്കേണ്ടൂ].
താഴെയുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കുക:
കളി ആവശ്യമായതുകൊണ്ട് ഗ്രൌണ്ടില്‍ പോയി.
കളിക്കാന്‍ വേണ്ടി ഗ്രൌണ്ടില്‍ പോയി.
കളിക്കാനായി ഗ്രൌണ്ടില്‍ പോയി.
കളിക്കാന്‍ ഗ്രൌണ്ടില്‍ പോയി.
“കളിക്കാന്‍” എന്നത് “കളിക്കുക” എന്ന ക്രിയയുടെ പിന്‍വിനയെച്ചമാണല്ലോ. അത് “പോയി” എന്ന ക്രിയയോടു ചേര്‍ക്കുന്നതിനിടയില്‍ അറിയാതെ പാഴ്വാക്കുകള്‍ ചെലുത്തുന്നു. കളി ചികിത്സയാകുമ്പോള്‍, ഒരുപക്ഷേ, ആദ്യവാചകം ശരിയാകാം. വിഭക്തിപരിഷ്കാരകങ്ങളായ (ഗതിദ്യോതകം) “കൊണ്ട്, നിന്ന്‍, വെച്ച്, കുറിച്ച്, പറ്റി, മുതല്‍, തൊട്ട്, വേണ്ടി, മാത്രം, ആയിട്ട്” തുടങ്ങിയവ നാമങ്ങളോടു ചേര്‍ക്കുമ്പോള്‍ ഇത്തരം ദോഷങ്ങള്‍ വരുന്നു.
നാമങ്ങളില്‍നിന്നു വിശേഷണങ്ങള്‍ സൃഷ്ടിക്കുമ്പോഴും അനാവശ്യ പ്രയോഗങ്ങള്‍ നുഴഞ്ഞു കയറാം. “നല്ലതായ മലയാള”വും “ചീത്തയായ മലയാള”വും, “നല്ലമലയാള”ത്തിനും “ചീത്തമലയാള”ത്തിനും പകരക്കാരാകുന്നത് അങ്ങിനെയാണ്.
(II) നാമവും ക്രിയയും ചേരുമ്പോള്‍:
ക്രിയാനാമങ്ങളെ ക്രിയയാക്കി മാറ്റുന്നത്തിനു പകരം, അസ്സല്‍ ക്രിയാരൂപംതന്നെ ഉപയോഗിക്കുക ─ “ചെയ്യുക, ചെലുത്തുക, എടുക്കുക, ആവശ്യമാകുക” തുടങ്ങിയ ക്രിയകള്‍ ക്രിയാനാമാങ്ങളോടുചേര്‍ത്ത് വൃഥാസ്ഥൂലത വരുത്താതെ. “ഭക്ഷിക്കുന്നു”യെന്നതിനു പകരം “ഭക്ഷണം കഴിക്കുന്നു” എന്നും, “അദ്ധ്വാനിക്കുന്നു” എന്നതിനു പകരം “അദ്ധ്വാനം ചെയ്യുന്നു” എന്നും എഴുതുമ്പോള്‍, ക്രിയാനാമത്തില്‍നിന്ന് വീണ്ടും ക്രിയാപദം സൃഷ്ടിക്കുകയാണ് (സൃഷ്ടിക്കയാണ്). “നുണ പറയേണ്ട” എന്നതിനു “നുണ പറയേണ്ട ആവശ്യമില്ല” എന്നെഴുതാന്‍ പ്രേരിപ്പിക്കുന്നത് അന്യഭാഷാസ്വാധീനമാകാം.
(III) അര്‍ത്ഥം സിദ്ധിച്ചിട്ടും ആവര്‍ത്തിക്കല്‍:
ഇത് രണ്ടുതരത്തില്‍ കാണുന്നു: പദമിരട്ടിപ്പും പ്രയോഗ(പ്രത്യയ)മിരട്ടിപ്പും.
(a) പദമിരട്ടിപ്പ്: ചൂര്‍ണ്ണപ്പൊടി, ഗേറ്റുപടി മുതലായ പ്രശസ്തോദാഹരണങ്ങള്‍ സുപരിചിതം. മുന്‍ഗാമികള്‍ കൊയ്ത മറ്റുദാഹരണങ്ങള്‍: അന്യോന്യം തമ്മില്‍; തമ്മില്‍ പരസ്പരം; കേവലം മാത്രം; കൃത്യനിഷ്ഠ; പൂര്‍ത്തി തികഞ്ഞ; മറ്റു ഗത്യന്തരം; എകയൊരുത്തി; ബലസിദ്ധി; പൊടിഭസ്മം; വിവിധങ്ങളായ പല; ബാക്കി ശേഷിച്ചവ, അര്‍ദ്ധപകുതി; നടുമദ്ധ്യം; ആകെമൊത്തം.
(b) പ്രയോഗമിരട്ടിപ്പ്: “എല്ലാ മാസംതോറും”, “അയ്യഞ്ചുവീതം” തുടങ്ങിയ പൌനരുക്ത്യങ്ങള്‍ കേട്ടും വായിച്ചും പഴകിയതിനാല്‍ ഉപയോഗത്തില്‍ ധാരാളമുണ്ട്. എല്ലാമാസവും/മാസംതോറും; അയ്യഞ്ച്/അഞ്ചുവീതം എന്നിവയില്‍ ഒന്നുമാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ (ഉപയോഗിക്കേണ്ടൂ) എന്നറിയാമെങ്കിലും ശീലപ്പഴക്കം വഴിത്തെറ്റിക്കുന്നു. മാരാര്‍ക്കുമുമ്പേ ഇത്തരം ഗുണദോഷവിചാരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആവര്‍ത്തനദോഷം തുടര്‍ക്കഥയാകുന്നു.
“ഞാന്‍ (എന്നെ) വിളിച്ചവരെ തേടിനടക്കുകയാണ്” എന്നതില്‍, “എന്നെ” ഒഴിവാക്കാവുന്നതാണ്. ഇത്തരം വൈകല്യങ്ങള്‍ എഴുത്തില്‍നിന്നും അകറ്റുന്നത് കൈവല്യദായകം!
ഭാഷാശാസ്ത്രസാഹിത്യത്തില്‍നിന്നും കൂടുതല്‍ ഉദാഹരണങ്ങള്‍ [ഒഴിവാക്കാവുന്ന പദങ്ങള്‍ ബ്രേക്കറ്റിലോ, വെട്ടിത്തിരുത്തിയോ കാണിക്കുന്നു; ഇവിടെ ചൂണ്ടിക്കാണിക്കാത്ത രീതികളിലും തിരുത്താന്‍ കഴിയും]:
(i) ഉം…കൂടി / ഉം…പോലും /ഉം…തന്നെ: ഒട്ടും തന്നെ /കൂടി /പോലും ഇഷ്ടമില്ല
(ii) ഓട്ട്…ഏയ്ക്ക്: പടിഞ്ഞാറോട്ടേക്ക്ട്ട്
(iii) ഓരോ…തോറും/എല്ലാ…തോറും/ഓരോ…വീതം: ഓരോ നാടുതോറും/എല്ലാ ഏകാദശിതോറും/ഓരോ വ്യക്തിയും പത്തുരൂപവീതം കൊടുക്കണം.
(iv) അതേ…തന്നെ/ഒരേ…തന്നെ: അതേ ഗുരുതന്നെയാണ് (വാണ്)/ഒരേ വിശ്വാസംതന്നെയുള്ള (വിശ്വാസമുള്ള)
(v) ഏറ്റവും…ഏറിയ: ഏറ്റവും പ്രിയമേറിയ (പ്രിയമുള്ള) അമ്മയ്ക്ക്
(vi) ഏതാണ്ട്(ഏകദേശം)…ഓളം: ഏതാണ്ട് അമ്പതോളം വയസ്സായ സുന്ദരി
(vii) ഏകദേശം…പരം: ഏകദേശം നൂറില്‍പരം
(viii) രോ…അഥവാ/രോ…അല്ലെങ്കില്‍: സമ്പന്നരോ അല്ലെങ്കില്‍ ദരിദ്രരോ
(ix) എന്നാല്‍…ആകട്ടെ: ഭര്‍ത്താവ് ഉയരമുള്ളവനാണ്; എന്നാല്‍, ഭാര്യയാകട്ടെ, തടിയുള്ളവളും.
(x) യാതൊരു…തന്നെ: യാതോരാളുംതന്നെ വന്നില്ല (ആരുംതന്നെ വന്നില്ല).
(xi) കാള്‍…കവിഞ്ഞ: ഇതിനേക്കാള്‍ കവിഞ്ഞ ഗുണമൊന്നും അതിനില്ല.
(xii) മറ്റൊരു…വേറെ: മറ്റൊരു കാര്യം വേറെയുണ്ട് (മറ്റൊരു കാര്യമുണ്ട്)
(xiii) തീര്‍ച്ചയായും…തന്നെ: തീര്‍ച്ചയായും ഇത് സ്വീകാര്യമല്ലതന്നെ.
(xiv) ഭേദം…നല്ലത്: ഇതു ചെയ്യുന്നതിലും ഭേദം ചെയ്യാതിരിക്കുകയാണല്ലോ നല്ലത്.
(xv) കുറഞ്ഞത്‌…എങ്കിലും: അയാള്‍ക്ക്‌ കുറഞ്ഞത്‌ തൊണ്ണൂറു വയസ്സെങ്കിലുമായി.
(xvi) സാധാരണ…പതിവ്: സാധാരണയായി അഞ്ചുമണിക്ക് എഴുന്നേല്‍ക്കുകയാണു പതിവ്.
(xvii) കാരണം…കൊണ്ട്: വന്നതിനുകാരണം ഡോക്ടറെ കാണേണ്ടതുകൊണ്ടാണ് (വന്നത് ഡോക്ടറെ കാണേണ്ടതുകൊണ്ടാണ്/വന്നതിനുകാരണം ഡോക്ടറെ കാണേണ്ടതാണ്).
(xviii) വേറെയും…കൂടി: അവള്‍ വേറെയും രണ്ടു ഡിഗ്രികള്‍കൂടി എടുത്തിട്ടുണ്ട് (അവള്‍ വേറെയും രണ്ടു ഡിഗ്രികള്‍ എടുത്തിട്ടുണ്ട്/അവള്‍ രണ്ടു ഡിഗ്രികള്‍കൂടി എടുത്തിട്ടുണ്ട്).
(xix) കഴിഞ്ഞ്…ശേഷം: എത്തിക്കഴിഞ്ഞതിനു ശേഷമാണ് (എത്തിയതിനു ശേഷമാണ്/എത്തിക്കഴിഞ്ഞാണ്‌).
കൂടുതല്‍ ഉദാഹരണങ്ങള്‍: നിഷ്ഫലമായ…പാഴ് വേല; കുശലപ്രശ്നം…ചോദിക്കുക; ലബ്ധപ്രതിഷ്ഠ…നേടുക; വീണ്ടും…ഒരിക്കല്‍ക്കൂടി; ചെയ്തേക്കാവുന്ന…ഇടയുള്ള; താഴെ…അടിവരയിടുക; ആധിക്യം…ചെന്ന; പരമാവധി…വരെ; കണ്ണുകള്‍ക്ക്‌…നയനാനന്ദകരം; സ്വയം…ആത്മഹത്യ; അത്ര…തോതില്‍; നൂറിനു…അമ്പതുശതമാനവും; ആശംസ…നേര്‍ന്നുകൊള്ളല്‍; അറിയാനുള്ള…ജിജ്ഞാസ.
(IV) ആയ/ഉള്ള എന്നിവയുടെ അതിപ്രസരം:
തക്കതായ; കണ്ടതായ; പറഞ്ഞതായ; ഉണ്ടാക്കിയതായ [ആയ]
പാടുള്ളതല്ല (പാടില്ല) [ഉള്ള]
സ്വാഭാവികമായുള്ള ലൈംഗികാസക്തി (സ്വാഭാവികമായ ലൈംഗികാസക്തി) [“ആയ”യും, “ഉള്ള”യും]
(V) വാക്കുകളുടെ സ്ഥാനം മാറ്റിയോ, ഒന്നുപേക്ഷിച്ചോ വൃഥാസ്ഥൂലത കളയല്‍:
“അയാള്‍ ഭംഗിയായി രാഗം ആലപിച്ചു; എങ്കിലും, അയാള്‍ക്കു തോന്നിയത് അങ്ങിനെയായിരുന്നില്ല”.
ഈ വാചകത്തില്‍, “എങ്കിലും” എന്നത് ഉപേക്ഷിച്ചും, “അങ്ങിനെയായിരുന്നില്ല” എന്നതിന്‍റെ സ്ഥാനം മാറ്റിയും വാക്യദൃഢത വര്‍ദ്ധിപ്പിക്കാം.
“അവള്‍ ഭംഗിയായി രാഗം ആലപിച്ചു; അങ്ങിനെയായിരുന്നില്ല അയാള്‍ക്കു തോന്നിയത്”.
ഒന്നുകൂടി എഡിറ്റുചെയ്താല്‍:
“അവള്‍ ഭംഗിയായി രാഗം ആലപിച്ചു; അങ്ങിനെയല്ല അയാള്‍ക്കു തോന്നിയത്”.
വേറെ ഉദാഹരണം:
“ആവശ്യംകഴിഞ്ഞാല്‍ ചാരനെ വെടിവെച്ചുകൊല്ലും; പക്ഷേ, പ്രശ്നങ്ങള്‍ എന്നിട്ടും തീരുന്നില്ല”.
തിരുത്തിയ രൂപം:
“ആവശ്യംകഴിഞ്ഞാല്‍ ചാരനെ വെടിവെച്ചുകൊല്ലും; എന്നിട്ടും (പക്ഷേ) പ്രശ്നങ്ങള്‍ തീരുന്നില്ല”.
(VI) സന്ധിവഴി ലഭിക്കുന്ന കൃശരൂപം സ്വീകരിക്കല്‍:
ലോപസന്ധിയിലും ആദേശസന്ധിയിലും ചിലപ്പോള്‍ രണ്ടുരൂപങ്ങള്‍ സിദ്ധിക്കും: അക്ഷരബാഹുല്യമുള്ളതും ഇല്ലാത്തതും. ഇതില്‍ കുറവക്ഷരമുള്ളത് സ്വീകാര്യം. താഴത്തെ ഉദാഹരണങ്ങളില്‍ രണ്ടാമത്തെ അക്ഷരം സ്വരത്തില്‍ തുടങ്ങുന്നു.
കണ്ടു + എങ്കില്‍ = കണ്ടുവെങ്കില്‍/കണ്ടെങ്കില്‍
കണ്ടു + എന്ന് = കണ്ടുവെന്ന്/കണ്ടെന്ന്
കണ്ടു + ഓ = കണ്ടുവോ/കണ്ടോ
പോട്ടെ + അവന്‍ = പോട്ടെയവന്‍/പോട്ടവന്‍
പറയാതെ + അറിയുന്നു = പറയാതെയറിയുന്നു/പറയാതറിയുന്നു
പപ്പന്‍റെ + അച്ഛന്‍ = പപ്പന്‍റെയച്ഛന്‍/പപ്പന്റച്ഛന്‍
വരും + ആന്‍ = വരുവാന്‍/വരാന്‍
ഇതേപോലെ, പോകുവാന്‍/പോകാന്‍; തരുവാന്‍/തരാന്‍; പോയയൊരു/പോയൊരു.
(VII) “ഒരു”വിന്‍റെ അനാവശ്യ ഉരുവിടല്‍:
“ഇന്ന് ഒരു പത്രം വായിച്ചു” എന്നത് രണ്ടു പത്രങ്ങള്‍ വായിച്ചുവെന്നു (വായിച്ചെന്നു) ഉദ്ദേശിക്കുന്നില്ലെങ്കില്‍ “ഇന്ന് പത്രം വായിച്ചു” എന്നുമതി. ഈ ദോഷവും അന്യഭാഷ കുത്തിവെച്ചതുതന്നെ!
(VIII) ഞാന്‍/എന്‍റെ; നീ/നിന്‍റെ; എന്നെ/തന്‍റെ:
പലപ്പോഴും ഇവയില്‍ ഒന്നുമതി.
എന്‍റെ പഠനക്കാര്യം എന്നെ അലട്ടിയിരുന്നില്ല.
നീ എപ്പോള്‍ നിന്‍റെ ക്ലാസ്സില്‍ പോകും?
അവള്‍ എന്നെ തന്‍റെ ആല്‍ബം കാണിച്ചു.
7. കര്‍മ്മണിപ്രയോഗങ്ങള്‍ :
ഭാഷാന്തരീയം നടത്തുമ്പോളാണ് കര്‍മ്മണിപ്രയോഗം അധികം കടന്നുകൂടുന്നത്. “രാവണന്‍ രാമനാല്‍ കൊല്ലപ്പെട്ടു” എന്ന പ്രശസ്ത കര്‍മ്മണിരൂപം മലയാളത്തിന്‍റെ ജീനിയസ്സിനു ഉചിതമല്ലെന്നാണ് കാലാകാലങ്ങളായുള്ള കണ്ടെത്തല്‍. റോയിട്ടേഴ്സും, പി.ടി.ഐ.യും ഇംഗ്ലീഷിലയച്ച വാര്‍ത്താസന്ദേശം മലയാളത്തിലാക്കിയ, തലക്കെട്ടിലൂടെയും റിപ്പോട്ടിങ്ങിലൂടെയും ശൈലിയെ മലിനപ്പെടുത്തിയ, പണ്ടത്തെ കൊച്ചുപത്രപ്രവര്‍ത്തകരുടെ ദു:സ്വാധീനത്തില്‍നിന്ന്‌ മോചനം എളുപ്പമല്ല! തങ്ങള്‍ പറഞ്ഞ നുണയുടെ പത്രറിപ്പോര്‍ട്ടുവായിച്ച് അത് വിശ്വസിക്കാന്‍ തുടങ്ങിയ രാഷ്ട്രീയക്കാര്‍പോലുമുണ്ടെന്നു പറയാറില്ലേ? തൊണ്ണൂറുശതമാനംപേരും വായിച്ചുവളരുന്നത്‌ പത്രങ്ങളിലൂടെയാണല്ലോ!
8. നിയമഭാഷയും ആധാരഭാഷയും:
വ്യക്തത വര്‍ദ്ധിപ്പിക്കാനെന്ന ഭാവേനെ വളച്ചുകെട്ടലില്‍ നമ്മെ കുടുക്കിയ പണ്ടത്തെ നിയമഭാഷയും ആധാരഭാഷയും വായിച്ചവര്‍ക്കറിയാം, ഇന്നത്തെ ശൈലിപോലും അതില്‍ കുരുങ്ങിക്കിടക്കുന്നെന്ന്. ഇംഗ്ലീഷിലുള്ള പഴയ പേറ്റന്‍റുകള്‍ വായിച്ചവര്‍ വിശ്വസിച്ചേക്കാം, ഐന്‍സ്റ്റൈന്‍ പേറ്റന്‍റ് ആപ്പിസ്സിലെ ജോലി ഉപേക്ഷിക്കാനുള്ള പറയപ്പെടാത്ത ഒരു കാരണം വൈകൃത ഭാഷാപ്പഴമയില്‍നിന്ന് രക്ഷപ്പെടാനുള്ള മോഹമായിരുന്നെന്ന്!
9. ഉപസംഹാരം:
തിരുത്തലിന്‍റെ ലോകത്തേക്കു ഒരെത്തിനോട്ടം മാത്രമാണ് ഈ ലേഖനം. വേറെയും ഭാഷാ പ്രശ്നങ്ങള്‍ നിരവധി!
തര്‍ജ്ജമ ചെയ്യുമ്പോള്‍, ഒരു പക്ഷേ, അന്യഭാഷയുടെ അര്‍ത്ഥപ്രപഞ്ചത്തിലേക്കു കടക്കാന്‍ നീക്കുപോക്കുകള്‍ ആവശ്യമായേക്കാം.
അപ്രതീക്ഷിത അര്‍ത്ഥഭാവതലങ്ങള്‍ സൃഷ്ടിക്കുന്ന, സര്‍ഗ്ഗാത്മകതയുടെ അത്ഭുതപ്രപഞ്ചം നഷ്ടമാക്കുന്ന, രീതിയിലായിരിക്കരുത് തിരുത്തലുകള്‍.
“ഞാന്‍ എന്‍റെ കണ്ണുകള്‍കൊണ്ട് കണ്ടതല്ലേ!” എന്ന വാക്യം ഒറ്റയ്ക്കെടുത്താല്‍, ഒരുപക്ഷേ, “ഞാന്‍/എന്‍റെ”, “കണ്ണുകള്‍കൊണ്ട്” എന്നിവ അധികപ്പറ്റെന്നു തോന്നാം. എന്നാല്‍, “ഞാന്‍ തന്നെയാണ് കണ്ടത്” എന്ന നിശ്ചയദാര്‍ഢ്യം കലര്‍ന്ന ഊന്നലിനു അടിവരയിടാന്‍ ഇത്തരം തൊങ്ങലുകള്‍ അനിവാര്യമാണ്‌ (അനിവാര്യം).
പന്മന, ഈ പ്രതിഭാസത്തെ “ഗുണകരമായ ആവര്‍ത്തനം” എന്നു പേരിട്ടിരിക്കുന്നു ─ രണ്ട് ഉദാഹരണങ്ങള്‍ സഹിതം:
(1) “അവന്‍ വന്ന വരവ് ഒന്ന് കാണേണ്ടതായിരുന്നു”.
(2) “അപ്പോള്‍ അദ്ദേഹം എന്നെയൊരു നോട്ടംനോക്കി”.
അതിനാല്‍, ആകെയുള്ള അര്‍ത്ഥതലവും തിരുത്തുന്നതിനുമുമ്പ് കണക്കാക്കേണ്ടതാണ് (കണക്കാക്കണം). ഒറ്റപ്പെട്ട വാചകം തിരുത്തുന്നത് വേറെ കാര്യം!
ശ്രദ്ധിച്ചാല്‍, എഴുത്തുകാരന് അനാവശ്യപ്പദമേദസ്സു വലിച്ചുകളഞ്ഞു വാക്യങ്ങള്‍ക്ക് ഊര്‍ജ്ജോജസ്സു പകരാന്‍ കഴിയുമെന്ന “നീട്ടിപ്പറയലായിരുന്നു” ഈ ലേഖനം! ഓര്‍മ്മപുതുക്കാന്‍ ഒരു സഹായഹസ്തം!

joy T. Kunjappu

***************************************************************
///പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D./// യു.എസ്.മലയാളി ///
***************************************************************

Share This:

Comments

comments