അക്ഷരദീപങ്ങൾ – ശ്രീദേവി വര്‍മ്മ
**********************
“യാഃ ദേവി സർവ്വഃ ഭൂതേഷു…മാതൃ രൂപേണ സംസ്ഥിതാഃ
നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ
യാഃ ദേവി സർവ്വഃ ഭൂതേഷു…ലക്ഷ്മി രൂപേണ സംസ്ഥിതാഃ
നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ
യാഃ ദേവി സർവ്വഃ ഭൂതേഷു…ശാന്തി രൂപേണ സംസ്ഥിതാഃ
നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ”
ആദിപരാശക്തിയെ പല രൂപങ്ങളിൽ പ്രകീർത്തിക്കുന്ന വ്രത വിശുദ്ധിയുടെ ഒമ്പതു നാളുകൾ. ഭക്തിസാന്ദ്രമായ നിമിഷങ്ങളുടെ പരിസമാപ്തിയിൽ വിദ്യാരംഭം. കുരുന്നുകൾ അക്ഷരം കുറിക്കുന്ന പരമപവിത്രമായ ദിനം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞ് തുടങ്ങുന്ന പൂജ ഒമ്പത് നാൾ നീണ്ടു നിൽക്കും. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു ദിനങ്ങളിൽ തമോഗുണയായ കാളീ രൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളിൽ രജോഗുണയായ ലക്ഷ്മീ രൂപത്തിലും, അവസാന മൂന്നു ദിനങ്ങളിൽ സത്വഗുണയായ സരസ്വതീ രൂപത്തിലും പൂജിക്കുന്നു. തമോ ഗുണത്തിൽ നിന്ന് രജോ ഗുണത്തിലൂടെ സത്വഗുണത്തിലേക്കുള്ള ഈ പ്രയാണം തിന്മയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമാണ്.
ദുർഗ്ഗ, ഭദ്രകാളി, അംബ, അന്നപൂർണ്ണ, സർവ്വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി എന്നിങ്ങനെ ഒമ്പതു മുഖങ്ങളിലെ ദേവിയെ പൂജിക്കുന്നതാണു ആചാരം. ദസറയെന്നും നവരാത്രിയെന്നും പൂജയെന്നും ഒക്കെ വിളിക്കുന്ന ഈ ആഘോഷത്തിന് ഇന്ത്യയിലങ്ങളോമിങ്ങോളം വിവിധ രൂപവും ഭാവവുമാണ്.. മഹിഷാസുര മർദ്ദനം നടത്തിയ ദേവിയെ ബന്ധപ്പെടുത്തിയാണ് ചിലയിടങ്ങളിലീ പൂജ ആഘോഷിക്കുന്നതെങ്കിൽ രാമായണവുമായി ബന്ധപ്പെടുത്തിയാണ് മറ്റിടങ്ങളിൽ.
കേരളവും തമിഴ്നാടും കർണ്ണാടകയും കഴിഞ്ഞ് ഉത്തരേന്ത്യയിലേക്ക് പോകുമ്പോൾ പൂജയുടെ രൂപം തന്നെ മാറുന്നു. ഗുജറാത്തിൽ ഇത് ശ്രീകൃഷ്ണലീലയുടെ കാലമാണ്. പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഭൂമിയെ രക്ഷിച്ച ശ്രീകൃഷ്ണനെ ഭക്തർ ഗീതങ്ങൾ പാടി ദാണ്ഡയാരസ്, ദർഭ തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ച് സന്തോഷിപ്പിക്കുന്നു.
രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരണാർത്ഥം രാമൻ ഒമ്പതു ദിവസം ദേവിയെ പൂജിച്ചുവെന്നും അതിനു ശേഷം രാവണ നിഗ്രഹം നടത്തിയെന്നും കഥ. അതു കൊണ്ടാവണം പൂജയിൽ ആയുധങ്ങളും ഉൾപ്പെടുത്തുന്നതും ചിലയിടങ്ങളിൽ പൂജയുടെ അവസാനം രാവണന്റെ കോലത്തിനു തീ കൊടുക്കുന്നതും.
ബംഗാളിൽ ഒമ്പത് ദിവസവും പൂജ ചെയ്ത കൂറ്റൻ ദേവീ വിഗ്രഹം സമുദ്രത്തിൽ നിമഞ്ജനം ചെയ്യുന്ന രീതിയും കണ്ടു വരാറുണ്ട്.
ക്ഷത്രിയ പരമ്പരയോട് ബന്ധപ്പെടുത്തിയും നവരാത്രിക്ക് ചടങ്ങുകളുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് നിറുത്തി വയ്ക്കുന്ന ആയുധാഭ്യാസം ക്ഷത്രിയർ പുനരാരംഭിച്ചിരുന്നത് ഈ പൂജയോടെയാണെന്നാണ് വിശ്വാസം.
നവരാത്രി പൂജയിൽ പ്രധാനം ബൊമ്മക്കൊലുവാണ്. കണ്ണിനു ഇമ്പമേകുന്ന ബൊമ്മക്കൊലു ആദ്യം ബ്രാഹ്മണ ഗൃഹങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നെങ്കിലും പിന്നീടത് പൂജവയ്പ്പിന്റെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി.
മഹിഷാസുരനെ വധിക്കാൻ ദേവിക്ക്, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവൻ നൽകി പ്രതിമകളെപ്പോലെ നിന്നു എന്നതാണ് ഈ ആചാരത്തിനു പിന്നിലെ ഐതീഹ്യം. പൂജാമുറിയിൽ വിവിധ തട്ടുകൾ ഒരുക്കി അതിൽ ദുർഗ്ഗ, സരസ്വതി, ലക്ഷ്മി, ഗണപതി എന്നിവർക്കൊപ്പം പല രൂപങ്ങളും നിറച്ചൊരുക്കിയതാണു ബൊമ്മക്കൊലു. ഇത് ദർശിക്കാനെത്തുന്നവർക്ക് (കന്യകമാർക്കും സുമംഗലിമാർക്കും) താംബൂലം, വസ്ത്രം, കുങ്കുമം, ദക്ഷിണ, ചുണ്ടൽ നിവേദ്യം എന്നിവ നൽകും. കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.
അനന്തപുരിക്ക് ഇത് ആഘോഷത്തിന്റെ കാലമാണ്. സ്വാതി തിരുനാൾ സംഗീതോത്സവം കൊടിയേറുമ്പോൾ തലസ്ഥാനത്തെ സന്ധ്യകൾ സംഗീത സാന്ദ്രമാകും. അത് മാത്രവുമല്ല പൂജയ്ക്ക് വയ്ക്കേണ്ട വിഗ്രഹങ്ങൾ ഘോഷയാത്രയായി തമിഴ്നാട്ടിൽ നിന്നാണു എത്തിച്ചേരുന്നത്.
കമ്പ രാമായണത്തിന്റെ കർത്താവായിരുന്ന കമ്പർ പൂജ ചെയ്തിരുന്ന സരസ്വതീ വിഗ്രഹം അദ്ദേഹം തിരുവിതാംകൂർ രാജവംശത്തെ ഏൽപ്പിച്ചുവത്രേ. യഥാവിധി പൂജാദി കർമ്മങ്ങൾ ചെയ്യാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് തിരുവിതാംകൂർ കൊട്ടാരമായ പത്മനാഭപുരത്ത് ഈ വിഗ്രഹത്തെ ഭക്തിപൂർവ്വം പരിപാലിച്ചു പോന്നിരുന്നു. ശ്രീ സ്വാതി തിരുനാൾ മഹാരാജാവ് തന്റെ കാലഘട്ടത്തിൽ നവരാത്രി പൂജയോടനുബന്ധിച്ച് വിഗ്രഹം തിരുവനന്തപുരത്ത് കൊണ്ട് വരികയും കുതിരമാളികയിലെ നവരാത്രി മണ്ഡപത്തിൽ വച്ച് പൂജിക്കുകയും പിന്നീട് തിരികെ പദ്മനാഭപുരത്തേക്ക് തന്നെ എത്തിക്കുകയും ചെയ്തുവത്രേ. ഇന്നും ആ ആചാരം മുടക്കങ്ങളില്ലാതെ നടക്കുന്നു.
സരസ്വതീ വിഗ്രഹത്തെ അനുയാത്ര ചെയ്ത് കുമാരകോവിലിലെ വേളിമലയിൽ നിന്നും മുരുക വിഗ്രഹവും ശുചീന്ദ്രത്ത് നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹവും തിരുവനന്തപുരത്ത് എത്താറുണ്ട്. ഇവരുടെ വരവറിയിച്ചു കൊണ്ട് ഏറ്റവും മുന്നിലായൊരു വെള്ളിക്കുതിരയും. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലിരുത്തി യഥാവിധി പൂജകൾക്ക് ശേഷം സാദരം ഇവരെ തിരിച്ചയയ്ക്കുകയാണ് പതിവ്.
നവരാത്രി പൂജയും വിദ്യാരംഭവും ആദ്യം ഒരു സമുദായത്തിന്റെ മാത്രം ഭാഗമായിരുന്നെങ്കിൽ ഇന്നത് മതേതര ആഘോഷമായി കേരളീയർ ഏറ്റു വാങ്ങിയിരിക്കുന്നു. വിജയ ദശമി നാളിൽ ചോറ്റാനിക്കരയിലും മൂകാംബികയിലുമൊക്കെ കുട്ടികൾ എഴുത്തിനിരിക്കുമ്പോൾ, തിരുവനന്തപുരത്തെ വെട്ടുകാട് ചർച്ചിലും പട്ടം ബിഷപ്പ് ഹൌസിലും കുട്ടികളെ എഴുത്തിനിരുത്തുന്നു. കൊടുങ്ങല്ലൂരിലെ ഏറെ പഴക്കം ചെന്ന ചേരമാൻ ജുമാ മസ്ജിദിലും കുട്ടികൾ അന്നത്തെ ദിവസം അക്ഷരം കുറിക്കുന്നുണ്ട്..
ഹരിശ്രീ ഗണപതയെ നമഃ എഴുതിയാലും, കർത്താവു എന്നെഴുതിയാലും, അലിഫ് എന്നെഴുതിയാലും കുരുന്നു മനസുകളിൽ നിറയുന്നത് അക്ഷരത്തിന്റെ പ്രകാശമാണ്. നന്മയുടെ പ്രകാശം. സമൂഹത്തിലെ ദുഷിച്ച മാലിന്യങ്ങളിൽ നിന്നും നിഷ്കളങ്ക ബാല്യങ്ങൾക്ക് വഴി മാറി നടക്കാൻ ഈ പ്രകാശം മാർഗ്ഗം തെളിക്കട്ടെ..
” സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ..”
സമർപ്പണം : ആദ്യാക്ഷരം നാവിൽ കുറിച്ച ഗുരുവിന്…
“ഗുരുര്‍ ബ്രഹ്മ:…. ഗുരുര്‍ വിഷ്ണു…
ഗുരുര്‍ ദേവോ മഹേശ്വര:
ഗുരു സാക്ഷാല്‍ പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:”
******************************