അമ്മ (കവിത) പ്രൊഫ.ഡോ.എലിസബത്ത് ജോസഫ്–
*************************
അമ്മതന്‍ സ്നേഹാര്‍പ്പണ –
ദീപ്തിയെന്നത്മാവിന്റെ;
കന്മതില്‍ക്കെട്ടിനുള്ളി-
ല്ലെരിഞ്ഞു വെളിച്ചമായ്.
അമ്മപോയ് മറഞ്ഞൊരാ
വിണ്ണിന്റെയനന്തത,
എന്റെ ആത്മാവില്‍ മേഘ-
പ്പാളികള്‍ വിരിക്കവെ!
ഖിന്നമാം മനസ്സുമായ്
വിണ്ണിലെ ദൈവത്തിന്റെ,
തിണ്ണയിലിരുന്നു ഞാന്‍
കരഞ്ഞു കരം കൂപ്പി.
എന്നെയിന്നനാഥയായി
ഈ മരുഭൂവില്‍ വിട്ടി-
ട്ടെന്തിനെന്‍ ജനനിയെ
വിളിച്ചൂ വിധാതാവേ?
നിന്റെ ഗോപുരവാതില്‍
തുറന്നിട്ടെന്നെക്കൂടി,
ഇന്ന് നീ വിളിച്ചെങ്കി-
ലെന്നുഞ്ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
അംബരം വരിക്കുന്ന
താരകാംഗണങ്ങളും,
അമ്പിളിക്കല പെയ്യും
വെളിച്ചപ്പൊലിമ്മയും!
അമ്മയില്ലാത്തീലോകം
എനിക്കെന്തിനുവ്വേണം
അംബര വാതില്‍ തുറ-
ന്നെന്നെയും വിളിച്ചേക്കൂ!
അമ്മതന്നാലിംഗന-
മൊന്നതേ കൊതിച്ചു ഞാന്‍
അമ്മടിത്തട്ടില്‍ക്കിട-
ന്നൊന്നുഞ്ഞാന്‍ മയങ്ങട്ടെ!
എന്റെ ആത്മാവില്‍ ദുഃഖ-
ഗംഗകളൊഴുകുമ്പോള്‍
അമ്മയില്ലാത്തീലോക-
മ്മെനിക്കെന്തിനു വേണം?
***********************************************
/// പ്രൊ.ഡോ.എലിസബത്ത് ജോസഫ് /// യു.എസ്.മലയാളി ///
***********************************************