
style="text-align: center;">ബാലകൃഷ്ണന്റെ പെണ്‍വേഷവും പിന്നെ ഈ ഞാനും – ജോര്‍ജ് കക്കാട്ട്
****************************
വളരെ പണ്ട് ടിവി കംപ്യൂടര്‍ ഈമെയില്‍ ഫെയിസ്ബുക്ക് ഒന്നും എത്തിപ്പെടാത്ത ചിങ്ങപ്പുലരിയിലെ ഒരു ഓണക്കാലം ഞാന്‍ പതിവുപോലെ കുളിക്കാന്‍ കുളിക്കടവിലെക്ക് നടക്കുമ്പോള്‍ ദൂരെ നിന്നും നേരിയ സ്വരത്തില്‍ ഉച്ച ഭാഷിണിയിലൂടെ ബാലകൃഷ്ണന്റെ ഖനഗാംഭീരസ്വരത്തിലുള്ള മൈക്ക് അനൗണ്‍സ്മെന്റ്; നാട്ടിലെ ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള അറിയിപ്പായിരുന്നു. ഞാന്‍ ഉടനെ തന്നെ തലകുത്തി വെള്ളത്തിലേക്കു എടുത്തു ചാടി ഒരുവിധത്തില്‍ കുളിച്ചപോലെ വരുത്തി കയറാന്‍ തുടങ്ങുമ്പോള്‍ ബാലകൃഷ്നനും ഓട്ടോയും കുളിക്കടവില്‍ എത്തി എന്നെ കണ്ടതും-ഉച്ച ഭാഷിണിയിലൂടെ എടാ വേഗം കയറിവാ പരിപാടികള്‍ തുടങ്ങാന്‍ സമയമായ് നിന്നെ നോക്കി അവിടെ മറ്റുള്ളവര്‍ കാത്തു നില്‍ക്കുന്നു മേകപ്പ് തുടങ്ങണ്ടേ എന്ന്; മൈക്ക് ഓഫ് ചെയ്യാനുള്ള എന്റെ കഥകളി ഭാഷ മുദ്ര വശമുള്ള എന്റെ കൂട്ടുകാരനു വേഗം പിടികിട്ടി. ഉടനെ മൈക് ഓഫ് ചെയ്തു. എന്നോട് പതുക്കെ പറഞ്ഞു, കുറേ പച്ചകിളികള്‍ ഓണക്കോടിയും ഉടുത്തു ഇറങ്ങുന്ന ദിവസമാ നീ ഒന്നു വേഗം വാ! അതു കേട്ടപാതി ഒന്നുകൂടി വെള്ളത്തിലേക്കു ചാടിയിട്ട് അവനോട് പറഞ്ഞു നീ പോ… ഞാന്‍ എത്തിക്കഴിഞ്ഞു .
മൈക്ക് ഓണാക്കി ബാലന്‍ വണ്ടിയിലേക്ക് കയറി അനൗണ്‍സുമെന്റുമായി മെല്ലെ വണ്ടി നീങ്ങി. വെള്ളത്തില്‍നിന്നും കയറി ഞാന്‍ നേരെ വീട്ടിലേക്ക് നടന്നു. വഴിയില്‍ കാത്ത് നിന്ന ഒരു പച്ചകിളി എന്നോടായി ചോദിച്ചു എന്തൊക്കെ പരിപാടികളുണ്ട്, അവള്‍ക്ക് മറുപിടിയായി – ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് എന്നാല്‍ എന്താ? കഴിഞ്ഞ വര്‍ഷത്തെക്കാളും ഭംഗിയുള്ള കലാപരിപാടികളായിരിക്കും ചുമ്മാ നോക്കി നില്‍ക്കാതെ പോയി സ്ഥലം പിടിക്കെടീ പച്ചക്കിളി എന്നു പറഞ്ഞു നേരെ നോക്കിയത് അപ്പന്റെ നേരെ. പിന്നെ കണ്ണും പൂട്ടി ഒരൊറ്റ ഓട്ടം വീട്ടിലെത്തി. മുടിയില്‍ മെല്ലെ ഒരു കുരുവിക്കൂടും മേലാകെ പൌഡറും പൂശി ഉള്ള പുള്ളി ഉടുപ്പും മുണ്ടുമായി നേരെ സൈക്കിള്‍ എടുത്തു, മയില്‍വാഹനത്തില്‍ കയറാന്‍ തുടങ്ങുമ്പോള്‍ വന്നു ഉടന്‍ ചേട്ടന്റെ വക; നോക്കി പോണം എനിക്ക് കുറേ കഴിയുമ്പോള്‍ അവിശ്യമുണ്ട്. ‘ഓ’ എന്ന മറുപിടിയുമായ് കവലയില്‍ എത്തി
എന്നെ കണ്ടപാടേ കൂട്ടുകാരുടെ വക ആര്‍പ്പു വിളികള്‍ അതിനു കാരണമുണ്ട് ഇന്നലെ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ എന്റെ വക രണ്ടു ഗോള്‍ മാത്രമല്ല കപ്പ് ഞങ്ങള്‍ സ്വന്തമാക്കി. എല്ലാം ഒരു ചിരിയിലൊതുക്കി മത്സരങ്ങളുടെ തിരക്കിലേക്ക് കടന്നു ബാലന്റെ വക ഗംഭിര കമന്‍ട്രീയും; മത്സരങ്ങളിലെ പ്രധാന ഇനമായ പ്രശ്ചന്നവേഷ മല്‍സരങ്ങള്‍ തുടങ്ങാറായി. ബാലകൃഷ്ണന്‍ തന്റെ പെണ്‍വേഷം അണിഞ്ഞു ഞാനും വേഷം മാറി ഏതാണ്ട് നാനൂറു മീറ്റര്‍ ഞങ്ങള്‍ കരകയാട്ടവുമായി വീഥിയിലുടെ നടന്നു നീങ്ങിയപ്പോള്‍ ഉച്ചത്തിലുള്ള കൈയ്യടിയും ബാലന്റെ കുടം തലയില്‍ വച്ചുള്ള ഡാന്‍സും കണ്ടു നാട്ടുകാര്‍ പ്രോത്സാഹനം തന്നപ്പോള്‍ എല്ലാം മറന്നു ഞങ്ങള്‍ തകര്‍ക്കുകയായിരുന്നു.
ഒന്നാം സമ്മാനം ഞങ്ങള്‍ നേടിയതോടെ പച്ചകിളികളുടെ മുമ്പിലൂടെ ഞെളിഞ്ഞു നടന്നു. ആ ഒരു കരകയാട്ടം ഏതാണ്ട് കേരളത്തിലെ ഒട്ടുമിക്ക സ്റ്റേജ് പിന്നിട്ടു.
ഈ ഓണനാളില്‍ ബാലകൃഷ്ണനെ കുറിച്ച് ഒര്ക്കാതിരിക്കാന്‍ പറ്റില്ല. ചിങ്ങമാസത്തിലെ പൊന്നോണം പൂക്കളവും ഓണപാട്ടും തിരുവാതിരയും ഓണക്കളികളും ഓണ സദ്യയും പിന്നെ ഓണത്തല്ലും അന്യം നിന്നു കൊണ്ടിരിക്കുന്ന മാവേലിനാട്ടില്‍ ഫേസ്ബുക്കും ‘ഐ’പ്പാടും ‘ഇ’ ഗ്രീടിങ്ങ്സും കൊണ്ട് നട്ടം തിരിയുമ്പോള്‍ ബാല നിന്റെ ആവിശ്യം കുടിവരുന്നു.
ബാലകൃഷ്ണന്‍ ഉച്ചഭാഷിണിയുടെ ഒച്ച എവിടെ കേട്ടാലും ഓടിയെത്തുന്ന ബാലന്‍, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു പഠിക്കാന്‍ പോകുന്നതിനുപകരം വയറു നിറക്കാന്‍ കൂലി പണിക്കു പോകേണ്ടിവന്ന ജന്മം. പക്ഷെ കലയ്ക്കു വേണ്ടി രണ്ടു ദിവസം വരെ മുണ്ട് മുറുക്കി ഉടുത്ത് ഓടി നടന്ന ബാലന്‍ . ഏതാണ്ട് അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ നേടാത്ത സമ്മാനങ്ങള്‍ ഇല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു ഓണ നാളുകളില്‍ . പിന്നിട് വിദേശത്തേക്ക് വണ്ടികയറുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ബാലനെ ഇനി കാണുകില്ല എന്ന്.
കുറെ നാളത്തെ വിദേശ വാസത്തി നൊടുവില്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ ആ ദാരുണ സംഭവം ഞാനറിയുന്നത് വിശപ്പിന്റെ വിളി സഹിക്കവയ്യാതെ പണിക്കിടയില്‍ കാലുവഴുതി കിണറ്റില്‍ വീണ് ജീവിതത്തോട് വിടപറഞ്ഞ എന്റെ സുഹൃത്തു ബാലകൃഷ്ണന്‍ ഈ ഓണ നാളിലും അങ്ങകലെ ആകാശത്തു നക്ഷത്രങ്ങള്‍കിടയിലുടെ എന്നെ നോക്കുന്നുണ്ടാവും, വീണ്ടും ഒരു പെണ്‍വേഷം കെട്ടിയാടാന്‍ ,. എന്റെ ബാലാ നിനക്കുവേണ്ടി രണ്ടുതുള്ളി കണ്ണുനീര്‍ ഞാന്‍ പൊഴിക്കട്ടെ നിന്റെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാവും. പൂവിളിയും പൂക്കളവും പുലികളിയും ഒക്കെയായി മഹാബലി തമ്പുരാന്റെ ആ നല്ല നാളിന്റെ മധുരസ്മരണകള്‍ ആഘോഷിക്കുന്ന ഈ പൊന്നോണം ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.
********************************
/// ജോര്‍ജ് കക്കാട്ട് /// യു.എസ്.മലയാളി ///
********************************
Comments
comments