മേപ്പിള്‍ വീഥികളിലെ ഓണം – കുഞ്ഞൂസ്

0
557

style="text-align: center;">മേപ്പിള്‍ വീഥികളിലെ ഓണം – കുഞ്ഞൂസ്

*********************

മധ്യവേനല്‍ അവധി കഴിയാറാകുന്ന ഓഗസ്റ്റില്‍ , തീര്‍ന്നു പോകുന്ന അവധിക്കാലത്തെക്കുറിച്ചുള്ള സങ്കടങ്ങളും പുത്തന്‍ അധ്യയനവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പും മറ്റുമായി കുട്ടികളും ഒപ്പം മാതാപിതാക്കളും തിരക്കില്‍പ്പെടുന്നതിനിടയിലാണ് ഓണവും മാവേലിയും കാനഡയില്‍ എത്തുക. എങ്കിലും മലയാളി അസോസിയേഷനുകളും സമാജങ്ങളും നടത്തുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഏറെ ഗൃഹാതുരതയോടെ തന്നെയാണ്. ടൊറൊന്റോയില്‍ തന്നെ പല സംഘടനകള്‍ ഉള്ളതിനാല്‍ ഓരോന്നിന്റെയും വകയായുള്ള ആഘോഷങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും മിക്കവാറും ഉണ്ടാവുക ഒരേ ആള്‍ക്കൂട്ടവും…!
പട്ടുപാവാടയും ബ്ലൌസുമിട്ടു പെണ്‍കുട്ടികള്‍ വര്‍ണശലഭങ്ങളെപ്പോലെ പറന്നെത്തുമ്പോള്‍ ആണ്‍കുട്ടികള്‍ എന്താണാവോ മുണ്ടിനും കുപ്പായത്തിനും പകരം ഷെര്‍വാണി അണിഞ്ഞെത്തുന്നത്…? എന്നാല്‍ ആ കുറവ് കൂടി നികത്തിക്കൊണ്ട് കസവുമുണ്ട് ധരിച്ചെത്തുന്ന പുരുഷന്മാരും മുണ്ടും നേര്യതും കേരളാസാരി തുടങ്ങിയവ അണിഞ്ഞെത്തുന്ന സ്ത്രീകളും പരിപാടി നടക്കുന്ന തളത്തെ ഒരു കൊച്ചു കേരളമാക്കി മാറ്റുന്നു. മുല്ലപ്പൂവിന്റെ സുഗന്ധവും വിവിധ സ്ലാങ്ങില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളവും നാട്ടില്‍ നിന്നകലെയാണെന്ന ബോധം തന്നെ ഇല്ലാതാക്കിക്കളയുന്നു. ഇങ്ങിനെ തനി നാടന്‍ വേഷത്തില്‍ ഒരുങ്ങി വരുന്നതിനു ഇവിടെ സമ്മാനവും കിട്ടും കേട്ടോ… അതിനാല്‍ കൂടിയാവും അന്നേ ദിവസം എല്ലാവരിലും ഒരു പ്രസരിപ്പ് ഒളിമിന്നിപ്പരക്കുന്നത്…
വസ്ത്രധാരണത്തിന് മാത്രമല്ല, അത്തപ്പൂക്കളത്തിനും മത്സരവും സമ്മാനവും ഉണ്ട്. തുമ്പയും തെറ്റിയും മുക്കൂറ്റിയും വാടാമല്ലിയും ഒന്നുമില്ലെങ്കിലും തേങ്ങാപ്പീരയില്‍ കളറു ചേര്‍ത്തും ഇവിടെ ലഭ്യമായ പൂക്കള്‍ ഉപയോഗിച്ചും വാശിയോടെ പൂക്കളങ്ങള്‍ ഉണ്ടാക്കാറുണ്ട്. മാവേലി ഘോഷയാത്ര, പുലികളി, കാവടിയാട്ടം, ചെണ്ട മേളം, തിരുവാതിര കളി, ഓണപ്പാട്ടുകള്‍ തുടങ്ങിയ ഒരുപിടി നാടന്‍ കലാരൂപങ്ങള്‍ നാട്ടിലെ സ്കൂള്‍ യുവജനോത്സവങ്ങളെ ഓര്‍മപ്പെടുത്തുമെങ്കിലും ഭൂഖണ്ഡത്തിന്‍റെ മറുപുറത്തും ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുകയാണ് മലയാളികള്‍ .
കഴിഞ്ഞ നാലു വര്‍ഷങ്ങളായി ബ്രാംപ്റ്റണ്‍ മലയാളി സമാജം നടത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളി വളരെ ആവേശകരവും രസകരവുമായ ഓണാഘോഷത്തെ സമ്മാനിക്കുന്നു. ഓരോ വര്‍ഷവും കൂടി വരുന്ന കാഴ്ചക്കാരും പങ്കെടുക്കുന്നവരും അത് ശരി വെക്കുകയും ചെയ്യുന്നു. മനോഹരമായ ഹൃദയതടാകം അന്നേ ദിവസം പുന്നമടക്കായലായി മാറുന്ന കാഴ്ച ഹൃദയഹാരിയാണ്. നാട്ടിലെ നെഹ്‌റു ട്രോഫി വള്ളംകളി ഒരിക്കലേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ഇവിടുത്തെ വള്ളംകളിയുടെ ആസ്വാദ്യത കൂട്ടുന്നു. പുഴയും വള്ളവും കൊതുമ്പുതോണിയുമെല്ലാം ബാല്യകൌമാര ജീവിതത്തോട് ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ വള്ളംകളി നല്‍കുന്നത് സുഖകരമായ നൊമ്പരങ്ങള്‍ കൂടിയാണ്. കാനഡയില്‍ ഈ വര്‍ഷത്തെ ഓണം തുടങ്ങുന്നത് ഓഗസ്റ്റ് 24 നു നടത്തപ്പെടുന്ന വള്ളംകളിയും സദ്യയുമായാണ്.
സദ്യയില്ലാതെ ഓണാഘോഷം പൂര്‍ണമാകുന്നത് എങ്ങിനെ…? വാഴയിലയില്‍ പരമ്പരാഗതമായ രീതിയില്‍ വിളമ്പുന്ന സദ്യ എന്നൊക്കെയുള്ള പരസ്യങ്ങളുമായി മലയാളി സംഘടനകളുടെ നോട്ടീസുകള്‍ എത്തിത്തുടങ്ങി. നല്ല പച്ച വാഴയിലയില്‍ വിളമ്പുന്ന ചൂട് ചോറിന്റെയും കറികളുടെയും ഹൃദ്യമായ ഗന്ധം നോട്ടീസിലൂടെ മൂക്കിലേക്കെത്തുന്നത് പോലെ …. നാവിനെയും മോഹിപ്പിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും പേപ്പര്‍ ഇലയും പാത്രങ്ങളും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുള്ളതിനാല്‍ , ആവേശത്തിനൊരു മങ്ങല്‍… പതിനഞ്ച് ഡോളറില്‍ ഒരു വര്‍ഷത്തെ ഓണസദ്യയും ആഘോഷങ്ങളും ലഭിക്കുമ്പോള്‍ കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിയൊക്കെ ആരോര്‍ക്കാന്‍ ….!!
ആഘോഷങ്ങളെല്ലാം ആഴ്ചയവസാനത്തിലേക്ക് മാറ്റി വെക്കുന്നത് കൊണ്ട് ഓണം, കാനഡയിലെ മലയാളിക്ക് ഓഗസ്റ്റും സെപ്റ്റംബറും കടന്ന് ഒക്ടോബറിലേക്കും നീളാറുണ്ട്.
kunjus
*****************************************************
/// കുഞ്ഞൂസ് /// യു.എസ്.മലയാളി ///
*****************************************************

Share This:

Comments

comments