റിട്ടേണ്‍ ഫ്ലൈറ്റ് – റീനി മമ്പലം

0
1513

style="text-align: center;">റിട്ടേണ്‍ ഫ്ലൈറ്റ് – റീനി മമ്പലം

********************

പുറത്ത് വസന്തത്തിന്‌ ഹയാസിന്തും ഡാഫൊഡിൽസും വിരിയും മുമ്പെയുള്ള മണമായിരുന്നു.
“നിന്റെ മൂക്കിന്‌ വല്ല കുഴപ്പോം കാണും” അശോകിന്‌ അവൾ ഉദ്ദേശിക്കുന്ന മണം മനസിലായില്ല. ശിശിരത്തിന്റെ തുടക്കത്തിലാണ്‌ വീസ കിട്ടി അവൾ അശോകിനോടൊപ്പം താമസമായത്. വസന്തത്തിൽ അവനോടൊപ്പം നടക്കാനിറങ്ങിയപ്പോഴെല്ലാം അവളുടെ മുടിയിലും ജാക്കറ്റിലും അവന്റെ മുടിയിലുമെല്ലാം ആ മണം പിടിച്ചിരുന്നു. ശിശിരം കൊഴിച്ചുകളഞ്ഞ ഇലകൾ മഞ്ഞിലും മഴയിലും ജീർണ്ണിച്ച മണം.
ചുറ്റും സാറ്റിൻ തുണിയുടെ തിളക്കമുള്ള വെളുപ്പാണ്‌. ഇരുണ്ട നിറമുള്ളവർക്ക്‌ ഇണങ്ങാത്ത നിറം. അതുകൊണ്ടാണ്‌ വിവാഹസാരി ക്രീം നിറമുള്ളതാവണമെന്ന് അവൾ ശഠിച്ചത്. ഒരു അമേരിക്കക്കാരന്‌ ഗർവ്വോടെ കൊണ്ടുനടക്കുവാൻ പാകത്തിൽ സുന്ദരിയായൊരു വധുവായിരുന്നവൾ.
നേഴ്സിങ്ങ് പഠിത്തം കഴിഞ്ഞപ്പോഴാണ്‌ പാലാക്കാരൻ റ്റോമിയുടെ വിവാഹാലോചന വന്നത്. അല്പ്പം റബ്ബർ എസ്റ്റേറ്റുമായി തരക്കേടില്ലാതെ ജീവിക്കാൻ കഴിയുമായിരുന്ന ആ വിവാഹാലോചന അവൾ നിരസിച്ചു. എനിക്കു പാലാക്കാരൻ തോമാച്ചന്റെ ഭാര്യയായിട്ട് ആ കാട്ടില്‍ കഴിയാൻ വയ്യ, ഭാവിവരൻ മധുരമുള്ള അസ്വസ്ഥതയായി മനസ്സിൽ നിറയാൻ തുടങ്ങിയപ്പോഴാണ്‌ സ്വന്തത്തിലുള്ളൊരാളുടെ മകന്റെ വിവാഹാലോചനയുമായി അമ്മായി വന്നത്. ചെറുക്കൻ കുടുംബസഹിതം അമേരിക്കയിലാണ്‌.
“നീ കോളടിച്ചല്ലോ. അമേരിക്ക വ്യക്തി സ്വാതന്ത്ര്യത്തിന്റെ നാടല്ലേ. അവിടെച്ചെന്ന്‌ ചെത്തിനടന്നിട്ട് അവധിക്കൊരുവരവുണ്ട്” കൂട്ടുകാരിയവളെ കളിയാക്കി.
പെർഫ്യൂമിന്റെ മണം പരത്തിയും പുറംകാഴ്ചയിൽ പണം ചുരത്തിയും വന്ന അമ്മയോടും അപ്പനോടുമൊപ്പം അശോക് അവളെ പെണ്ണുകാണാൻ വന്നു. ചെറുക്കനും പെണ്ണിനും തമ്മിലറിയുവാൻ കുറച്ചുസമയം തനിയെ കിട്ടണമെന്നവൻ ആവശ്യപ്പെട്ടു.
അവർ പട്ടണത്തിലെ പാർക്കിൽ കറങ്ങിനടന്നു. “ഐ വോണ്ട് റ്റു ഗെറ്റ് റ്റു നൊ യു” പാർക്കിലെ അണ്ണാറക്കണ്ണന്മാരെയും കാക്കകളെയും കുസൃതികാട്ടി അവൻ വിരട്ടിയോടിച്ചു.
-കുസൃതി ചെക്കൻ- അവൾ ചിരിച്ചു.
വൈകുന്നേരം റെസ്റ്റോറന്റിൽ ചില്ലിചിക്കനും കരിമീൻഫ്രൈക്കും മുകളിലൂടെ അവളുടെ കൈ പിടിച്ചു “എനിക്ക് നിന്നെ ഇഷ്ടമായി. വിൽ യൂ മാരി മീ? അമേരിക്കൻ ആചാരമനുസരിച്ച് മോതിരം കൊടുത്താണ്‌ പ്രൊപ്പോസ് ചെയ്യേണ്ടത്. നേരത്തെ ആലോചിച്ച് ഉറപ്പിച്ചതല്ലല്ലോ. അതിനാൽ ഒരു മാലയാണിത്‌”. മേസീസിന്റെ ഒരു ചെറിയ പെട്ടി അവൻ നീട്ടി .
“പെണ്ണിന്റെ മുമ്പിൽ മുട്ടുകുത്തിനിന്ന് പ്രൊപ്പോസ് ചെയ്യുകയാണ്‌ പതിവ്‌. അങ്ങനെ ചെയ്താൽ എനിക്ക് കിറുക്കാണന്ന് ആൾക്കാർ വിചാരിച്ചാലോ?” അവൻ ഉറക്കെ ചിരിച്ചു. ചുറ്റുമിരുന്നവർ തിരിഞ്ഞുനോക്കുവാൻ തക്കവണ്ണം അവരുടെ ചിരി നിയന്ത്രണം വിട്ടു. അവനെയും അമേരിക്കൻ ആക്സന്റിലുള്ള അവന്റെ സംസാരവും അവൾക്ക് നന്നെ ഇഷ്ടപ്പെട്ടു.
“ഇത്രയും പെട്ടന്ന് അവർക്ക് വാക്ക് കൊടുക്കേണ്ടിയിരുന്നില്ല. അമേരിക്കേല്‌ അറിയാവുന്ന വല്ലോരോടുമൊക്കെ ചോദിച്ചിട്ട് തീരുമാനിച്ചാൽ മതിയായിരുന്നു” അമ്മ ആശങ്ക കാണിച്ചു.
“നിന്റെ നാത്തൂന്‌ നല്ലോണം അറിയാവുന്ന ആൾക്കാരല്ലേ, പിന്നെന്താ ഒരു സംശയം?. അഞ്ജൂനും അതല്ലേ താല്പര്യം? അതല്ലേ അവൻ കൊടുത്ത മാലേം കൊണ്ട് വീട്ടിൽ വന്നത്?”
അവളപ്പോൾ ഹൃദയത്തിന്റെ ആകൃതിയിൽ പെൻഡന്റുള്ള മാലയിട്ട് കണ്ണാടിയിൽ നോക്കി ആസ്വദിക്കയായിരുന്നു. ഇനിമുതൽ സുന്ദരമായൊരുജീവിതം കണ്ണാടിയിലെ പെണ്ണിനെപ്പോലെ കയ്യെത്തിപ്പിടിക്കാനാവാത്തതല്ല. സ്ത്രീധനമായി അവർ കറൻസിയും സ്വർണ്ണവുംകൊണ്ട് തുലാഭാരം ചോദിച്ചുമില്ല.
എയർപോർട്ടിൽ എത്തിയിരിക്കുന്നു. നല്ല തണുപ്പുണ്ട്. അമേരിക്കയിൽ വന്നിട്ട് നാട്ടിലേക്കുള്ള ആദ്യത്തെ യാത്രയാണ്‌. ഒക്കത്തൊരു കുഞ്ഞുമായി അശോകിനോടൊപ്പം പോകേണ്ടവൾ. കണ്ണുചിമ്മി തുറക്കുവാൻ ശ്രമിച്ചപ്പോൾ കനംതൂങ്ങിയ കണ്ണുകൾ അടഞ്ഞുതന്നെയിരുന്നു.
“എന്റെ കുഞ്ഞിനെ കടലുകടത്തുകാ നിങ്ങളെല്ലാരും കൂടി. ഒന്നു നല്ലോണം തിരക്കീട്ടുമതിയാരുന്നു. എടുപിടീന്ന് നടത്തേണ്ടാരുന്നു ഈ കല്യാണം” വല്യമ്മച്ചി മാത്രം കല്യാണത്തലേന്നുവരെ സന്ദേഹം പ്രകടിപ്പിച്ചു.
“ഈ അമ്മക്ക് എന്തവാ? ഒരുനല്ല കാര്യം നടക്കാൻ പോകുമ്പോഴാ ഒരു സങ്കടം പറച്ചിൽ“ അമ്മ ദേഷ്യപ്പെട്ടു. സൗഭാഗ്യം തേടിവരുമ്പോൾ ലോകം കാണാത്തവർ പറയുന്നതൊക്കെ ആരാ ശ്രദ്ധിക്കുന്നതെന്ന മട്ടിൽ ചാച്ചൻ ഇതൊന്നും കേട്ടില്ലെന്ന് നടിച്ചു.
അശോക് മടങ്ങിപ്പോകുന്നതിന്‌ ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. ആരെയും കൂസലില്ലാതെയുള്ള അവന്റെ തുറന്നപെരുമാറ്റം അവൾക്കിഷ്ടമായി. പ്രത്യേകിച്ചും ആവശ്യത്തിലേറെ സ്നേഹം അവൾക്ക് വാരിച്ചൊരിയുമ്പോൾ. ”അഞ്ജു, ഐ ലവ്‌ യൂ“ തന്നെ ഓർമ്മിപ്പിക്കുവാനെന്നപോലെ ഇടക്കിടെ അവൻ പറഞ്ഞു. വർത്തമാനകാലത്തിനുനേരെ അന്ധനായി അവളെ കെട്ടിപ്പിടിച്ച് അവളോടൊട്ടിയിരുന്നു, അവന്റെ മമ്മിയും ഡാഡിയും അതേമുറിയിലുണ്ട് എന്നത് വകവെക്കാതെ.
”അവൻ ഒറ്റക്ക് വളർന്നതാ, അല്പ്പം വാശിക്കാരനും പൊസസീവും ആണെന്നു കണ്ടോ, മോളൊന്ന് വിട്ടുകൊടുത്താൽ മതി. അശോകിന്റെ മമ്മി അവളുടെ മുടിയിൽ തലോടി.
“സ്വീറ്റ്സ്, എനിക്ക് നിന്നെ കാണാതിരിക്കാൻ വയ്യ” മടങ്ങിപ്പോവും മുമ്പ് അശോകനവളെ പൊക്കിയെടുത്ത് വട്ടം കറങ്ങി, അമ്മയുടെയും ചാച്ചന്റെയും മുന്നിൽ വച്ചു തന്നെ.
“സ്നേഹം കൊണ്ടല്ലേ” പരസ്യമായി കൈപിടിക്കുന്നതുതന്നെ അശ്ളീലമെന്ന് കരുതിയ അമ്മ ചിരിച്ച് ചാച്ചനോട് പറഞ്ഞു. “എന്തായാലും അവനുള്ളപ്പോൾ ഒരനക്കമുണ്ടായിരുന്നു”
“ഞാൻ പെട്ടന്ന് ചത്തുപോയാൽ എന്റെ കുഞ്ഞിന്‌ ശവം പോലും ഒന്ന് കാണാൻ പറ്റത്തില്ലല്ലോ” അവളുടെ പേപ്പേർസ് എല്ലാം ശരിയായി അമേരിക്കയിലേക്ക് പോകുന്നദിവസം വല്യമ്മച്ചിമാത്രം പരാതിപറഞ്ഞ് കരഞ്ഞു.
“ഈ അമ്മക്ക് എന്തവാ, നല്ലൊരു കാര്യത്തിന്‌ പോകുമ്പോഴാ ഒരു പരാതി പറച്ചിൽ” അമ്മ പതിവുപോലെ ദേഷ്യപ്പെട്ടു.
അവൾ അമേരിക്കയിലെത്തിയപ്പോൾ ശിശിരം തുടങ്ങിയിരുന്നു, ഇലപൊഴിയും കാലം. മരങ്ങളുടെ നഗ്നമാക്കപ്പെട്ട ചില്ലകൾക്കിടയിലൂടെ തണുപ്പരിച്ചുവന്നു. അവന്റെ ദാഹം അവളിൽ വേനല്കാറ്റായി പടർന്നു. മനസും ശരീരവും തുറന്നിട്ട ജാലകങ്ങളായി.
“ ഈ ചെറിയ കുപ്പികൾക്കുള്ളിലെ കുഞ്ഞുഗുളികകൾ കണ്ടില്ലേ, ഈ ഗുളികകളാണ്‌ എന്റെ മനസിന്റെ കടിഞ്ഞാൺ പിടിക്കുന്നത്. പേടിക്കേണ്ട എല്ലാം അണ്ടർ കണ്ട്രോൾ. മുടങ്ങാതെ എടുത്താൽ മാത്രം മതി”
ഋതുക്കൾ മാറി. മഞ്ഞുകാലം വന്നു.
പുറത്ത് കനത്ത മഞ്ഞ് പെയ്തു. അവളുടെ ആദ്യത്തെ സ്നോസ്റ്റോം. അശോകനാണ്‌ അവളെ നിർബന്ധിച്ച് ആളൊഴിഞ്ഞ മഞ്ഞുമൂടിയ വഴികളിലൂടെ കാറോടിച്ച് കൊണ്ടുപോയത്. ഇലകൊഴിഞ്ഞ മരങ്ങളിലും കുറ്റിച്ചെടികളും നിറഞ്ഞുനിന്ന മഞ്ഞിൽ ഒരു വിന്റെർവണ്ടർലാന്റ്. കാറുകളില്ലാത്ത പാർക്കിങ്ങ്ലോട്ടിൽ ആവുംവേഗത്തിൽ നിയന്ത്രണം വിടുമ്മാറ്‌, അവൾക്ക് പേടിതോന്നും വിധം അവൻ ആക്സിലറേറ്ററിൽ ആഞ്ഞുചവുട്ടി. യുവത്വത്തിന്റെ തിളപ്പ്‌, മനസിന്റെ ഉന്മാദം.
‘നിർത്തു“ അവൾ പേടിച്ച് കരയുവാൻ തുടങ്ങി.
പ്രകോപനം കൊണ്ടമുഖത്ത് തെളിഞ്ഞുകണ്ടത് പൈശാചീകതയാണ്‌. “യൂ ഷട്ട് അപ്പ്” കരുത്തുള്ള കൈപ്പത്തികൾ അവൾക്ക് നേരെ ഉയർന്നുതാണു.
“ചിലപ്പോഴൊക്കെ ഇങ്ങനെ നിയന്ത്രണം വിടാറുണ്ട്”. “കഴിഞ്ഞ കുറച്ചുദിവസങ്ങൾ അവൻ മരുന്നുകഴിച്ചുകാണില്ല. മറന്നുകാണും. നീയിതൊക്കെ നോക്കീം കണ്ടും ചെയ്യേണ്ട കാര്യങ്ങളല്ലേ?
മമ്മി അവനെയും കൊണ്ട് പതിവുഡോക്ടറുടെ അടുക്കൽ പോയി. മരുന്ന് മാറ്റിയെടുത്തു. മുടങ്ങാതെ കഴിക്കുന്നുണ്ടന്നവർ ഉറപ്പുവരുത്തി. മരുന്നുകൾക്കും കടിഞ്ഞാണിടാനാവത്തൊരു മനസ്സുണ്ടെന്ന് അവൾക്ക് ബോധ്യമായി.‘ബൈപോളാർ, മേനിയ, ഡിപ്രെഷെൻ’ മെഡിക്കൽ വാക്കുകൾ അവളുടെ മുന്നിൽ ഉരുണ്ടുകളിച്ചു.
‘നീ ഈ വിവരങ്ങളൊന്നും നാട്ടിലേക്ക് വിളിച്ചു പറയേണ്ട. കുഞ്ഞും കുട്ടിം ഒന്നുമല്ലല്ലോ ഇങ്ങനെ കരഞ്ഞോണ്ടിരിക്കാൻ. വല്ലതും പഠിച്ച് നേഴ്സിങ്ങ്പരീക്ഷ പാസാകാൻ നോക്ക്”
കുട്ടിയാണന്ന് തോന്നിയിട്ടില്ല. കല്യാണം കഴിഞ്ഞാൽ കുട്ടിത്തം മാറ്റിവെക്കണമെന്ന് അറിയാഞ്ഞിട്ടുമല്ല. പരീക്ഷപാസായി ജോലിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. കരയുമ്പോൾ മനസിന്റെ ഭാരം അല്പ്പം ഒഴുക്കിത്തീർക്കാമെന്ന് ഒരു മിഥ്യാബോധമായിരുന്നു.
’അവൻ പിന്നേം ഡ്രഗ്സ് എടുക്കാൻ തുടങ്ങിയെന്നാ തോന്നുന്നെ“ മമ്മിയും ഡാഡിയും ശബ്ദം താഴ്ത്തി സംസാരിച്ചു. അശോക് തെരുവുഡ്രഗുകൾ തേടിപ്പോയി.
അവൾ ആർത്തിപിടിച്ച് പഠിച്ചു. ജോലി തുടങ്ങിയാൽ വീടിന്‌ വെളിയിൽ ഇറങ്ങാമല്ലോ. ചാച്ചനോടും അമ്മയോടും രഹസ്യമായി സംസാരിക്കുവാൻ ഇന്ത്യൻ കടകളിൽനിന്ന് കോളിങ്ങ്കാർഡ് വാങ്ങുവാൻ പോലും പറ്റാത്തൊരു സ്ഥിതി. നടന്നുപോവാൻ പറ്റിയ ദൂരത്തിൽ കടകളില്ല. കാറോടിക്കുവാൻ ഇതുവരെ ലൈസൻസ് ഇല്ല. ഒരു ബസ്സ്റ്റോപ്പുപോലും അടുത്തെങ്ങുമില്ല.
“നേരത്തും കാലത്തും കൊച്ചുങ്ങളെ ഉണ്ടാക്കിയാൽ എനിക്ക് ആരോഗ്യം ഉള്ളപ്പോൾ വളർത്താൻ സഹായിക്കാം”. പരീക്ഷ പാസായി ജോലികിട്ടിയപ്പോൾ മമ്മി പറഞ്ഞുതുടങ്ങി. ഇങ്ങനത്തെ ഒരു പരിതസ്ഥിതിയിൽ കുട്ടികൾ? ആ ചിന്ത കൊലക്കയറുപോലെ അവളുടെ മുന്നിൽ കിടന്നാടി.
നിനച്ചിരിക്കാത്ത നേരത്താണ്‌ ജീവിതം നേരമ്പോക്കുകളുമായി വരുന്നത്, എല്ലാവരെയും ഒന്ന് പരിഹസിക്കാൻ. പ്രസിഡന്റ് ബുഷ് വൈറ്റ് ഹൗസ് വിടും മുമ്പെ അമേരിക്കൻ ജോലികൾ കടലുകടന്നു. അവക്ക് പിറകെ കടല്ക്കാക്കകൾ കരഞ്ഞ് വിലാപയാത്ര നടത്തി. ‘വാൾസ്ട്രീറ്റിലെ കറുത്ത ദിവസങ്ങൾ അമേരിക്കൻ സാമ്പത്തികസ്ഥിതിയിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ ഓബാമ വൈറ്റ് ഹൗസിലേക്ക് വന്നു. അശോകിന്‌ ജോലി നഷ്ടപ്പെട്ടു. ഒബാമയെന്നും ബുഷ് എന്നും പക്ഷഭേദമില്ലാത്ത രോഗങ്ങൾ അഞ്ജു ജോലിചെയ്യുന്ന ആശുപത്രിയിലെ തിരക്കുകൂട്ടി.
“അവന്‌ വേറൊരു ജോലിയെന്തിനാ? നമ്മുടെ ഗ്യാസ്സ്റ്റേഷൻ നോക്കിനടത്തിയാൽ മതിയല്ലോ. നീയവനെ ഓരോന്ന് പറഞ്ഞ് കൊച്ചാക്കാതിരുന്നാൽ മതി. അവനേക്കാളും കൂടുതൽ ശമ്പളമുള്ളതിന്റെ അഹംഭാവമാ നിനക്ക് പണ്ടേ”.
അശോകിനോടൊപ്പമുള്ള ജീവിതം കടലിലെ തോണിയിലെന്നപോലെ. അപ്രതീക്ഷിതമായ ക്ഷോഭങ്ങൾ, തിരമാലകൾക്കൊപ്പം ഉയർന്നും താഴ്ന്നും. ബാലിശമായ ചിലപെരുമാറ്റങ്ങൾ, എടുത്തുചാട്ടങ്ങൾ. മാനസികവും ശാരീരികവുമായ പീഢനങ്ങൾ. തെരുവു സംസ്കാരം പലപ്പോഴും വെളിയിൽ വന്നു. വിവാഹജീവിതം കന്നുപൂട്ടി നിലം ഉഴുകുന്നതുപോലെയാണ്‌. രണ്ട് കന്നുകളും ഒരേപോലെ യത്നിച്ചെങ്കിലേ മുന്നോട്ടു പോകാനാവു, നുകത്തിന്റെ ഭാരം താങ്ങാനാവു. കാര്യമായും കരഞ്ഞും സംസാരിച്ചു നോക്കി.
പള്ളിയിൽവെച്ച് പരിചയമുള്ളൊരു ആന്റി, മമ്മി കൂടെയില്ലാതിരുന്ന നേരം നോക്കി, അടുത്തുവന്നു. “അശോകിന്‌ പഴയ ഡ്രഗ് പ്രോബ്ലം തുടങ്ങിയല്ലേ? കുറച്ചുനാൾ ക്ലീൻ ആയി നടന്ന സമയത്താണ്‌ നാട്ടിൽ കൊണ്ടുപോയി പെണ്ണുകെട്ടിച്ചത്. കൂടാതെ മാനസികരോഗിയുമാണല്ലേ?. ഇതൊക്കെ ഇവിടെയെല്ലാവർക്കും പണ്ടേ അറിയാവുന്ന കാര്യങ്ങളാ”.
ജോലി നഷ്ടപ്പെട്ടതിനാൽ അശോക് മിക്കവാറും വീട്ടിൽ തന്നെ. ഡ്രഗ്സിന്റെ സ്വാധീനമേറിയ ഒരുരാവിൽ അവന്റെ സിരകളിൽ ആസക്തി പടർന്നു, കാമം കത്തി. “അഞ്ജു, എനിക്ക് ഒരു കുഞ്ഞുവേണം. എന്റെയും നിന്റെയും രക്തം അവനിലൂടെ ഒഴുകണം.”
സാധാരണ പരിതസ്ഥിതിയിൽ മാധുര്യമൂറുമായിരുന്ന വാക്കുകൾ തലക്കുള്ളിൽ സ്ഫോടനമുണ്ടാക്കി. അമ്മയുടെ അസമയത്തുവന്ന ഫോൺകോളാണ്‌ അവളെ രക്ഷിച്ചത്. അനുജത്തിയുടെ വിവാഹാലോചനകൾ തകൃതിയായി നടക്കുന്നു. ലിവിങ്ങ്റൂമിലിരുന്ന് സംസാരിക്കുമ്പോൾ മമ്മി ബെഡ്രൂമിൽ നിന്നിറങ്ങിവന്ന്‌ കഴുകന്റെ കണ്ണുകളോടെയും വവ്വാലിന്റെ ചെവികളോടെയും സോഫയിലിരുന്നു. തന്റെ സ്വകാര്യത പണ്ടേ പണയത്തിലാണ്‌.
-ഇങ്ങനെയൊരു പരിതസ്ഥിതിയിൽ അശോകിന്റെ കുട്ടിയെ പ്രസവിക്കുക? തെരുവുഡ്രഗുകൾ രക്തത്തിലലിഞ്ഞിരിക്കുമ്പോഴല്ല ഒരു കുഞ്ഞുപിറക്കേണ്ടത്, സ്നേഹം സിരകളിൽ ഒഴുകുമ്പോഴല്ലേ?. അവരുടെ കുഞ്ഞ്‌, അവനുമായി ബന്ധിച്ചിട്ട ഇരുമ്പുചങ്ങലയായി കഴുത്തിൽ ചുറ്റി മുറുക്കി. അവൾക്ക് ശ്വാസം മുട്ടി, ജീവവായു ലഭ്യമല്ലാത്തപോലെ.
കൂടെ ജോലി ചെയ്യുന്ന രശ്മി ഓടിവന്നു “നിനക്ക് പാനിക്ക് അറ്റാക്കാണ്‌. ഇങ്ങനെ ആദ്യമായി വരികയാണോ. നീയെന്താണ്‌ ഇത്രയധികം ഭയപ്പെടുന്നത്”?
എല്ലാം തുറന്ന് പറയേണ്ടി വന്നു. അവൾക്ക് ധൈര്യം കൊടുത്തുകൊണ്ട് കൂട്ടുകാരി പറഞ്ഞു “പോംവഴികളില്ലാത്ത പ്രശ്നങ്ങളുണ്ടോ, അഞ്ജു”.
പീഢിതരായ സ്ത്രീകളെ സഹായിക്കുന്ന മലയാളിസംഘടനകളുണ്ട്. വക്കിലന്മാർ അവരുടെ സേവനം സൗജന്യമായി ഇത്തരം സംഘടനകൾക്ക് നല്കുന്നുണ്ട്. ചാച്ചനോടുമാത്രം അവൾ കാര്യങ്ങൾ തുറന്നുപറഞ്ഞു, അതും രശ്മിയുടെ സെല്ഫോണിലൂടെ. എല്ലാം വിട്ടെറിഞ്ഞ് തിരികെ വരുവാനാണ്‌ ചാച്ചൻ ആവശ്യപ്പെട്ടത്‌. അനുജത്തിയുടെ വിവാഹം ഉറപ്പിച്ചതിനാൽ തല്ക്കാലം എല്ലാം രഹസ്യമായിത്തന്നെയിരിക്കട്ടെ എന്നായിരുന്നു അവളുടെ തീരുമാനം. വിവരം ഉടനെ അറിയിച്ച് അമ്മയുടെ മനസ്സ് വിഷമിപ്പിക്കുവാൻ ചാച്ചനും ഇഷ്ടമുണ്ടായിരുന്നില്ല. ജീവിതത്തിലാദ്യമായി ഒരു മകൾക്ക് ഒരിക്കലും തോന്നുവാൻ പാടില്ലാത്തവിധം അമ്മയോട് അസൂയ തോന്നി-അമ്മയെക്കുറിച്ച് കരുതുവാൻ ചാച്ചനുണ്ടല്ലോ!
അവനിൽനിന്ന് രക്ഷപെടണം. മരക്കുരിശിൽ കിടക്കുമ്പൊഴും മാനസാന്തരപ്പെടാത്ത ജന്മമാണ്‌ അവനിപ്പോൾ.
രാത്രി അധികം വൈകിയില്ലാത്തതിനാൽ മമ്മിയും ഡാഡിയും ഗ്യാസ്സ്റ്റേഷൻ അടച്ച് വീട്ടിൽ എത്തിയിരുന്നില്ല. അശോക് മുറിയിലാകെ എന്തോ തിരയുകയായിരുന്നു. കയ്യിലുള്ള പണം തീർന്നുകാണണം.
“അഞ്ജു” ഒരു ഗർജ്ജനമായിരുന്നു.
അശോക് ഒരു വെളിച്ചപ്പാട് പോലെ ഉറഞ്ഞുതുള്ളുന്നു. അവന്റെ കയ്യിൽ അവൾ ഹാൻഡ്ബാഗിൽ ഒളിപ്പിച്ചുവെച്ച ഗർഭനിരോധന ഗുളികകളുടെ പാക്കേജ്.
അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. അവന്റെ സിരകളിൽ പടർന്നത്‌ പ്രതികാരം. സ്നേഹത്തിന്റെ നൂലിഴകൾ പാകാത്ത മുഖത്തും കണ്ണുകളിലും കത്തിയത് ഉന്മാദം. അവൻ തലയിണ പലതവണ അവളുടെ മുഖത്തോടമർത്തിപ്പിടിച്ചു. എതിർക്കുവാൻ ശക്തിയില്ലാതായപ്പോൾ ശവത്തിലെന്നപോലെ പുഴുക്കൾ ഇഴഞ്ഞു. പഴുതാര അവളിൽ വിഷമിറക്കി.
പെണ്ണിന്റെ വേദന ഏദന്തോട്ടത്തിൽ വെച്ച് ഹൗവ്വയിൽ തുടങ്ങിയതാണ്‌. ഹൗവ്വയെ പഴം കാട്ടി പ്രലോഭിപ്പിച്ച് അവൾക്ക് വേദനകൊടുത്ത പാമ്പ്. അതൊരു ആൺ പാമ്പായിരുന്നോ? ആദാം ഇല്ലാതിരുന്ന തക്കം നോക്കി അവളുടെ അടുത്ത് വന്നതല്ലേ? അവളുടെ രക്ഷകനായ ആദാം അന്ന്‌ എവിടെയായിരുന്നു? ദൈവം അന്ന് കോപിച്ചു. ആദാം അവളെ കുറ്റപ്പെടുത്തി, അവളോട് കലഹിച്ചു. ഹൗവ്വ പിന്നീട് മക്കളെ നൊന്തുപ്രസവിച്ചു.
മടുത്ത ജീവിതം തലയിണക്കടിയിൽ ശ്വാസം കിട്ടാതെ പിടയുന്നു. മരുന്നിന്റെ ഓവെർഡോസ്.. തടാകത്തിലെ നിലയില്ലാക്കയം,.. കൈത്തണ്ടയിലെ നീലക്കുഴലുകളിൽ അമർന്നുവീഴുന്ന വേദന…എന്തെല്ലാം എന്തെല്ലാം വഴികൾ!
ധൈര്യം എവിടെനിന്നോ ഇഴഞ്ഞുവന്നു, ഏദൻതോട്ടത്തിലെ പാമ്പിനെപ്പോലെ പ്രലോഭിപ്പിച്ചുകൊണ്ടും മോഹിപ്പിച്ചുകൊണ്ടും – ജീവിതം മധുരമുള്ളൊരു കനിയാണ്‌, ഒന്ന്‌ രുചിച്ച് നോക്കു. നിന്റേതായൊരു ജീവിതമുണ്ടാക്കാം. ഡ്രഗുകൾക്ക് അടിമയാക്കപ്പെട്ടവന്റെ അടിമയാകരുത്. –
“ഇതെന്താ നിന്റെ മുഖത്തും കഴുത്തിലും നിറയെ പാടുകൾ? എന്തെങ്കിലും ഫിസിക്കൽ അബ്യൂസ്?
”നിന്റെ ഭർത്താവിനെപ്പോലുള്ളവനെയാണ്‌ ഭാര്യയെ ബലാൽസംഗം ചെയ്തവൻ എന്നുവിളിക്കുന്നത്. നിന്നെ കൊല്ലാൻ ശ്രമിച്ചില്ലേ, എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പായി പോലീസിൽ പരാതികൊടുക്കണം. ഞാൻ സഹായിക്കാം. നീ എന്റെ കൂടെ വന്ന് താമസിക്ക് മോളെ“ മദ്യപാനിയായ ഭർത്താവിൽ നിന്നും വിവാഹമോചനം നേടി ഉറയാതെ പിടിച്ചു നില്ക്കുന്ന രശ്മി പറഞ്ഞു.
അശോക് വീട്ടിലില്ലാതിരുന്ന ഒരു സന്ധ്യക്ക് കുറെ തുണികളുമായി വീടുവിട്ടു. ഇനി വിഷപ്പാമ്പിന്റെ ദംശം ഏല്ക്കാൻ വയ്യ. ഇന്നു വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്താതാവുമ്പോൾ തന്നെ കാണാതായി എന്ന് മമ്മിയും ഡാഡിയും അശോകും പോലീസിൽ പരാതികൊടുക്കും. താമസിയാതെ തന്നെ അശോക് അവളിൽനിന്ന് അകന്ന് നില്ക്കണമെന്ന് ആവശ്യപ്പെടുന്ന പോലീസ്ഓർഡർ അവന്‌ കിട്ടും.
ആരും ആശുപത്രിയിൽ തിരക്കി വന്നില്ല. അനുജത്തിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചയായിരുന്നു. പല ഒഴിവുകഴിവുകൾ പറഞ്ഞവൾ വിവാഹത്തിന്‌ പോയില്ല. ഇന്നു രാത്രിയിൽ അമ്മയെ വിളിച്ച് വിവരങ്ങൾ പറയണം. അമ്മ വിഷമിക്കും, തീർച്ച. തന്നത്താൻ കാര്യങ്ങൾ നോക്കാൻ പ്രാപ്തിയുള്ള പെണ്ണായി മാറിയെന്ന് അമ്മയെ മനസ്സിലാക്കണമപ്പോൾ. ഉടനെ വക്കീലിനെക്കൊണ്ട് ഡിവോഴ്സിനുള്ള പേപ്പറുകൾ ഫയൽ ചെയ്യിക്കണം. റ്റിക്കറ്റിന്‌ വിലകൂടും മുമ്പ് നാട്ടിൽ പോകുവാൻ അവധി ചോദിക്കണം. നിർബന്ധിച്ചാൽ അമ്മയും ചാച്ചനും ഒരിക്കൽ അമേരിക്ക കാണാൻ വരാതിരിക്കില്ല. അങ്ങനെ പല ചിന്തകളുമായാണ്‌ അന്നവൾ ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചത്. അന്ന് രശ്മിക്ക് ഈവനിങ്ങ് ഷിഫ്റ്റായിരുന്നു.
പ്ലെയിൻ ഒന്ന് കുലുങ്ങി താണു. എയർപോക്കറ്റിലൂടെ കടന്നുപോവുകയാവും. താഴ്ന്ന്‌ പറന്നുതുടങ്ങിയെന്നു തോന്നുന്നു. പെട്ടന്ന്‌ വലിയൊരു പ്രകാശം കടന്നുവന്നു. പ്രകാശവലയത്തിൽ അകപ്പെട്ടപ്പോൾ വെള്ളച്ചിറകുള്ള മാലാഖമാർ.
“ഇന്നു മൂന്നാം ദിവസമല്ലേ? നീ വരുമെന്ന് ഉറപ്പായിരുന്നു. ഇതാണ്‌ നിന്റെ ആത്മാവിനും അവകാശപ്പെട്ട സ്വർഗം. നിന്റെ ശരീരം ഭൂമിയിലെവിടെയോ ഇപ്പോൾ ജീർണ്ണിച്ചുകൊണ്ടിരിക്കുന്നു”. സ്നേഹത്തിന്റെ ഊഷ്മളതയില്ലാത്ത കാരുണ്യം നിറഞ്ഞ ചൈതന്യമായിരുന്നു അവരുടെ മുഖങ്ങളിൽ.
“നിനച്ചിരിക്കാത്ത നേരത്ത്, ജീവിച്ചുകഴിയാത്ത ജീവിതങ്ങളിൽ അടിച്ചേല്പ്പിക്കുന്ന സ്വർഗം എനിക്ക് വേണ്ട. എന്നെ സ്നേഹിക്കുന്നവരോടൊപ്പം എനിക്ക് ജീവിക്കണം. എനിക്ക് സ്നെഹം വേണം. ഞാൻ എന്തു പാപമാണ്‌ ചെയ്തത്?”
വിമാനം എയർപോർട്ടിൽ താഴ്ന്നിറങ്ങി. ചാച്ചനും അമ്മയും കാത്തുനിൽക്കുന്നുണ്ടാവും. നടക്കാനാവാത്തതിനാൽ വല്യമ്മച്ചി വന്നു കാണില്ല. സില്ക്കുസാരിയണിഞ്ഞ സുന്ദരികളായ എയർഹോസ്റ്റസുമാരെ അടുത്തെങ്ങും കണ്ടില്ല, പകരം പെട്ടിക്കുള്ളിലെ സാറ്റിൻ തുണിയുടെ വെളുത്ത തിളക്കം മാത്രം. കൈകൾ വിടുവിക്കുവാൻ നോക്കി. അനങ്ങുന്നില്ല. കൂട്ടിപ്പിടുപ്പിച്ചിരിക്കുന്ന കൈകൾക്കുള്ളിൽ കൊന്തയും കുരിശും.
അവൾ ഇപ്പോൾ എല്ലാം ഓർക്കുന്നു. അന്ന് രശ്മിക്ക് ഈവനിങ്ങ് ഷിഫ്റ്റായിരുന്നതിനാൽ തനിയെയാണ്‌ ജോലിയിൽ നിന്നിറങ്ങിയത്. അപ്പാർട്ടുമെന്റിന്റെ താക്കോൽ പഴുതിലിട്ടുതിരിച്ചു. പുറകിൽ നിന്നും കരുത്ത കൈകൾ വായ് പൊത്തി. മുഖത്തിന്‌ അശോകിന്റെ ഛായ, ഒരുവർഷം മുമ്പ് പാർക്കിൽ അണ്ണാറക്കണ്ണനെ വിരട്ടിയോടിച്ച കുസൃതിച്ചെക്കനായിരുന്നില്ല അവനപ്പോൾ. തോക്കിന്റെ പിന്നാലെ അകത്തുകയറി.
“നിനക്കെന്നെ മാറ്റിനിർത്തണം, അല്ലേ?” പോലീസിന്റെ റിസ്ട്രെനിങ്ങ് ഓർഡർ അവന്റെ കയ്യിൽ വിറച്ചു.
“അഞ്ജു, എന്റെ അഞ്ജു, നീ എന്റേതുമാത്രം” അവൻ കരഞ്ഞോ? അഞ്ചാമത്തെ തവണ അവൻ തോക്ക് തിരിച്ചുപിടിച്ചു. നിറയൊഴിയുന്ന തോക്ക് ജീവനൊടുക്കുമെന്ന് അവൻ അറിഞ്ഞിരുന്നില്ലേ?
Reeni Mambalam
*********************************
///റീനി മമ്പലം/// യു.എസ്.മലയാളി ///
*********************************

Share This:

Comments

comments