കള്ളിച്ചെടികൾ – ശ്രീദേവി വര്‍മ്മ

0
1555

style="text-align: center;">കള്ളിച്ചെടികൾ (കവിത) ശ്രീദേവി വര്‍മ്മ

*********************

നോവിന്‍‌റെ പെരുമഴയില്‍
മനസ്സിന്‍‌റെ മരുഭൂമിയില്‍
കള്ളിച്ചെടികള്‍ പുത്തുതളിര്‍ത്തു
രക്തമിറ്റുന്ന മുള്‍മുനകള്‍ക്കിടയില്‍
അസ്വാരസ്യത്തിന്‍‌റെ പൂക്കള്‍ കണ്‍‌മിഴിച്ചു
തലോടുന്ന കാറ്റിനേയും ഭയക്കണം
ഇലയനക്കം പോലും രക്തം ചീറ്റും
മുറിവിന്‍‌റെ നീറ്റലസഹ്യമാകവെ
മാനം തെളിഞ്ഞതുനോക്കി
ചിന്തയുടെ മഴുവെറിഞ്ഞാ-
രക്തമോഹികളുടെ തലകളറുത്തു.
കാറ്റിന്‍‌‌റെ സാന്ത്വനമിപ്പോള്‍ ആസ്വാദ്യം
നിശ്വാസങ്ങള്‍ക്ക് ആശ്വാസത്തിന്‍‌റെ താളം.
ഇരുണ്ടു വെളുത്തൊരു പകലില്‍
വിഷാദമേഘങ്ങള്‍ വീണ്ടും വിരുന്നു വന്നു
നോവിന്‍‌റെ മഴയാര്‍ത്തുപെയ്തു
പുതുനാമ്പുകള്‍ നീട്ടി കള്ളിച്ചെടി കളിയാക്കി
നിണമാർ‌ന്ന ചിന്തകളുറപ്പിച്ചു
ഏത് നോവിന്‍‌റെ കാലവര്‍ഷത്തിലും
മനസ്സ് മുറിയാതിരിക്കുവാന്‍
വേരോടെ മുച്ചൂടും മുടിക്കണമിവറ്റയെ
വേരുകള്‍ ചികയാനിനിയൊരു താഴമ്പൂവാകണം
ശിവജഢയില്‍ നിന്നും നിപതിക്കണം
നോവിന്‍‌റെ പിന്നാമ്പുറങ്ങള്‍ തേടി
ആഴങ്ങളിലേക്കാര്‍ത്ത് കുതിക്കണം
ഇന്നലെകളുടെ താളുകളില്‍
മറന്നിട്ട അക്ഷരങ്ങളെ കടന്നു പോകണം
എഴുതി തീര്‍ത്ത കഥകളിലെ
ചിരിയും കരച്ചിലും നെഞ്ചേറ്റണം
ഒടുവിലന്ത്യരംഗത്തിലീ രക്തദാഹികളുടെ
വേരുകള്‍ കണ്ടെത്തി പിഴുതെറിയണം
ആദിയെവിടെന്ന ചോദ്യത്തെ
അന്ത്യമെവിടെന്ന ഉത്തരംകൊണ്ട് വേലി കെട്ടണം
നോവിന്‍‌റെ പെരുമഴകളാര്‍ത്തു പെയ്യുമ്പോഴും
രക്തം ചീറ്റാനിവയിനിയും കിളിര്‍ക്കാതിരിക്കട്ടെ.
***************************************************
/// ശ്രീദേവി വര്‍മ്മ /// യു.എസ്.മലയാളി ///
**************************************************

Share This:

Comments

comments