മാവേലി, കുടവയർ, കുട, കുപ്പി – എതിരൻ കതിരവൻ

0
1795

style="text-align: center;">മാവേലി, കുടവയർ, കുട, കുപ്പി – എതിരൻ കതിരവൻ

*************************************

മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒഴുകി നീങ്ങിയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല.

     ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു. പൂക്കളവും ചുണ്ടൻ വള്ളവുമാണ് ഓണാഘോഷമെന്ന് ആദ്യം പ്രസ്താവിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. ഓലക്കുടയും ചൂടി വലിയ വയറുള്ള മഹാബലി വന്നു കയറിയത് പിന്നീട്. മാവേലിയുടെ വരവിന്റെ ഉത്സവംകൂടിയാണ് ഓണം എന്നു നാടൻ പാട്ടുകൾ ചൊല്ലി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ സ്വാംശീകരിച്ചില്ല മലയാളി. പൂവിടലും സദ്യയും ഓണക്കോടിയും പ്രധാന അനുഷ്ഠാനങ്ങൾ എന്നപോലെയാണ് രൂപഘടന.. ഓണത്തപ്പനെ കളിമണ്ണു കുഴച്ച് പ്രതിഷ്ഠിയ്ക്കുന്നതും ഇതിന്റെ ഒരു ഭാഗമായി നില നിന്നു. തൃക്കാക്കരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ..എന്നതിൽ ദൈവീകാംശപ്രാർത്ഥന അത്ര പ്രകടമല്ല താനും.
     മാവേലി ആര്? കാൽക്കരൈ നാട്ടുരാജാവായ മഹാബലിപ്പെരുമാൾ എർപ്പെടുത്തിയ ഉത്സവാഘോഷത്തിലെ നായകനോ? മാനുഷരെല്ലാരുമൊന്നുപോലെ ചരിച്ചിരുന്ന ഒരുകാലത്തെ പ്രജാവത്സലനായ, ചേരരാജാവായ നെടും ചേരലാതനോ? തൃക്കാക്കരക്ഷേത്രത്തിലെ മഹാദേവനോ? വിഷ്ണുക്ഷേത്രമായി അത് മാറ്റിയെടുത്തപ്പോഴുള്ള ശൈവ-വൈഷ്ണവസംഘർഷത്തെ പുരാണവുമായി കൂട്ടിയിണക്കിയതായിരിക്കുമോ? ബുദ്ധമതത്തിലെ മൈത്രേയനും മാവേലിരൂപവും തമ്മിൽ സാദൃശ്യമില്ലേ? കേസരി ബാലകൃഷ്ണപിള്ള വ്യാഖ്യാനിച്ചതുപോലെ ബാബിലോണിയ-ഇറാൻ പ്രദേശത്തെ കുലീവ് രാജവംശത്തിലെ ‘മാബെൽ’ അല്ലെ മഹാബലി? ഇവരുടെ പിരമിഡ് ആകൃതിയിലുള്ള ശിൽ‌പ്പവ്യവസ്ഥയല്ലെ ആ രൂപത്തിൽ ഓണത്തപ്പനെ ഉണ്ടാക്കുന്നതിന്റെ പ്രാക്ചരിത്രം എന്ന് ആനന്ദും സംശയിച്ചില്ലെ?. മാവേലിയുടെ ആവിർഭാവത്തിന്റെ വേരുകൾ തേടാൻ ഇന്നും ചരിത്രസ്ഥലികൾ വെട്ടിത്തെളിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും വാമനനാൽ ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി എന്ന പുരാണപുരുഷനല്ല കേരളം കാണാൻ മാത്രം വിരുന്ന വരുന്ന മാവേലി എന്ന യുക്താനുശീലത്തിനു ഗവേഷണപ്രതിഭയൊന്നും ആവശ്യമില്ല.Onaththappan
     എന്നാൽ നിർവ്വചിക്കപ്പെട്ട രൂപഭാവങ്ങളോടെ മാവേലി ഒരു ഓണ മോടിഫ് ആയി രംഗത്തിറങ്ങിയിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല. അൻപതുകളോടെയാണ് അച്ചടിമാദ്ധ്യമങ്ങളിലെ പരസ്യങ്ങളിൽ മാവേലി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതും ഒരു പ്രൌഢരാജാവിന്റെ വേഷഭൂഷകളൊന്നും ഇല്ലാതെ ഒരു കാരിക്കേച്ചർ എന്ന നിലയ്ക്കാണ് മലയാളിയുടെ ഈ അഭീഷ്ഠദായകൻ ജനങ്ങളിലേക്ക് തിരുവെഴുന്നെള്ളത്ത് നടത്തിയത്.. കുടവയറുള്ള ഒരു ബ്രഹുദാകാരൻ ഓലക്കുടയും ചൂടി കൊമ്പൻ മീശയും പിരിച്ചുവച്ച് നടന്നു വരുന്ന ഏറെക്കുറെ കാർടൂൺ ചിത്രമെന്നു തോന്നിയ്ക്കുന്ന ഈ സ്കെച്ച്പ്രയോഗം പ്രഛന്നവേഷമത്സരക്കാരനെ വരയ്ക്കുന്ന ഉദാസീനതയോടെയും ലാഘവത്തോടെയും ആയിരിക്കണം വരക്കാരൻ വരഞ്ഞത്.. ചിത്രകാരൻമാരെ സ്വാധീനിച്ചത് രവിവർമ്മ പെയിന്റിംഗുകളുടെ രൂപസവിധാനം സ്വാംശീകരിച്ച് ഹിന്ദി-തമിഴ് സിനിമകളിൽ ചിത്രീകരിക്കപ്പെട്ട രാജാവിന്റെ സ്വരൂപം ആയിരുന്നിരിക്കണം. കേരളത്തിലെ രാജാക്കന്മാരുടെ ലളിതവേഷങ്ങളൊന്നും പുരാണപ്രതിപുരുഷനെ വരച്ചുണ്ടാക്കുമ്പോൾ സ്വാധീനിക്കരുതെന്നുള്ള നിർബ്ബന്ധവും ഈ കാ‍രിക്കെചറിസ്റ്റുകൾക്ക് തോന്നിക്കാണണം.
     ഓണം ഒരു സാംസ്കാരികവിപണനച്ചരക്ക് ആയത് 60 കളോടു കൂടിയാണ്. അത്തപ്പൂക്കളമത്സരം പൊതുസംഘടനകൾ എറ്റെടുത്തതോടുകൂടി. മറ്റ് ഏതു മലയാളി വിശേഷാവസരവും പോലെ വ്യക്തി/കുടുംബത്തിൽ ഒതുങ്ങി നിന്നിരുന്ന ഓണം എന്ന അനുഭവത്തെ പൊതു ഇടങ്ങളിലേക്ക് പറിച്ചു നടലിനു വിത്തെറിയുകയാണ് ഈ പരസ്യപൂക്കളക്കലവി ചെയ്തത്. വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരും അധികം താമസിയാതെ ഈ പൂത്തയ്യിനു വെള്ളം കോരി നനച്ചു, എളുപ്പത്തിൽ അത് വളർന്നു പൊങ്ങി. കുടുംബത്തിൽ നിന്നും ഇറക്കിയെടുത്ത ഓണത്തെ വിറ്റുകാശാക്കാൻ വിപണികൾ മത്സരിച്ചു. ഓണത്തിനു ഐക്കണുകൾ വന്നു ചേരേണ്ടത് അത്യാവശ്യമായി വന്നു, ആശയത്തിലോ സങ്കൽ‌പ്പത്തിലൊ നിറഞ്ഞു വിലസിയ മാവേലി ഒരു ചിത്രകഥാനായകനായി ജനങ്ങൾക്കിടയിലേക്ക് എഴുന്നെള്ളി. ആഴ്ച്ചപ്പതിപ്പുകളിലെ പരസ്യങ്ങളിൽ എലെക്ട്രിക് ഉപകരണം , സോപ്പ് മുതൽ സിമെന്റു കട്ട വരെ മാവേലി പൊക്കിപ്പിടിച്ച് വിറ്റുതുടങ്ങി. ടെലിവിഷൻ പരസ്യങ്ങൾ കൂടുതൽ വിശ്വാസയോഗ്യത നേടിയതോടെ മാവേലി വീട്ടുപകരണങ്ങൾ, കിടക്ക ഉൾപ്പെടെ വിൽക്കാനുള്ള എജെന്റായി മാറി. ഇക്കൂടെ എളുപ്പത്തിൽ കെട്ടുകാഴച്ചയ്ക്കായി എത്തിയത് കഥകളി വേഷം ആണ്. ഓണവും കഥകളിയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് കുട്ടികളിൽ വരെ വിശ്വാസം ജനിപ്പിക്കാൻ പ്രാപ്തമായി ഓണത്തിന്റെ ഐകൊണോഗ്രാഫി പടർന്നു പരന്നു.kadhakali
     ഒരു അഭീഷ്ഠദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സ്വാന്തനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്. ഫ്യൂഡൽ പാരമ്പര്യം വിടാൻ മനസ്സില്ലാത്ത മലയാളിയ്ക്ക് രാജഭക്തി പരോക്ഷമായി പ്രകടിപ്പിക്കാനുള്ള ഉപാധിയും കൂടി ആയി ഈ മാവേലിമന്നക്കാഴ്ച്ച. രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി. ഈ പ്രതിരൂപങ്ങൾ ആവോളം സമാഹരിക്കപ്പെട്ട മാവേലിവേഷം അവന്റെ പൂജാ‍ബിംബം ആയതിൽ അദ്ഭുതമില്ല. കൊല്ലത്തിലൊരിക്കൽ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും ഇതിനകം മലയാളി മനസ്സിൽ വച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രവാസിയുടെ വിയർപ്പ് തൂശനിലയിൽ പഞ്ചസാരകലർത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ ഒരു പ്രഹസന നാടോടിമന്നനെന്നവണ്ണം വീക്ഷിച്ച് എലിപ്പത്തായനായകനായി ഞെളിയാൻ മലയാളി പഠിച്ചതോ എളുപ്പത്തിൽ. മാവേലിയെ വിടാൻ മനസ്സില്ലാതെ വന്നത് ഇത്തരം മോഹസ്വരൂപങ്ങളുടെ സമ്മിളിത നിറവേറൽ മലയാളി സൈക്ക് സൌഭാഗ്യാനുഭൂതിനിർവൃതിയൊടെ നൊട്ടിനുണച്ച് അയവിറക്കിയതിന്റെ പരിണതി തന്നെ. സമത്വസുന്ദരസാഹോദര്യം നിറഞ്ഞ പൈതൃകവും ചരിത്രവും യാഥാർത്ഥ്യമല്ലെന്നും ഇത് സമയം തെറ്റിയ ഫലിതം പോലെ വെറും കെട്ടുകഥകളിൽ ഒതുക്കുകയാണു ഭേദം എന്നും അവൻ മുൻകൂട്ടിക്കണ്ടതും മാവേലിയ്ക്ക് ഒരു ഹാസ്യകഥാപാത്രത്തിന്റെ റോൾ നൽകാൻ വഴി വച്ചു. കൂടുതൽ കെട്ടുകാഴ്ച്ചകൾക്കു മാവേലി നിന്നു കൊടുക്കേണ്ടി വന്നത് മിക്കവാറും കേരളത്തിനു പുറത്താണ്. ഓണാഘോഷങ്ങൾ ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടി വരുന്ന പ്രവാ‍സികൾക്ക് ദൃശ്യപരത മുറ്റിനിൽക്കുന്ന ഒരു മോടിഫ് അത്യാവശ്യമായപ്പോൾ മാവേലി സ്വരൂപം എളുപ്പമായ കണ്ടുപിടിത്തമായി. വിദേശങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ വിവിധ വെറൈറ്റി മാവേലിമാർ ഇപ്പോഴും സ്ഥലകാലസമാകലനങ്ങളെ വെല്ലുവിളിച്ച് അപഹാസ്യമാം വിധം ഓണത്തിനു നിർവചനം ചമയ്ക്കുന്നുണ്ടായിരിക്കണം ഇതാ ഇപ്പോൾത്തന്നെ.maveli1
     മാവേലിയ്ക്കു കൽ‌പ്പിച്ചു നൽകപ്പെട്ട സ്വരൂപം നിരവധി സങ്കൽ‌പ്പങ്ങളുടെ മേളനവും സംശ്ലിഷ്ടവുമാണെന്നാണു പറഞ്ഞുവന്നത്. വാമനനാൽ ചവിട്ടിത്താഴ്ത്തപ്പെട്ട അസുരചക്രവർത്തിയെ തെളിഞ്ഞു ദർശിക്കാം പലേ ചിത്രങ്ങളിലും കെട്ടുകാഴ്ച്ചകളിലും. ഓണത്തെക്കുറിച്ചുള്ള ചരിത്ര-സാമൂഹ്യ ഗവേഷണങ്ങളുടെ പാടെയുള്ള നിരാകരണമാണ് പുരാണത്തിലെ മഹാബലിയെ കേരളത്തിന്റെ രാജാവായി നാമനിർദ്ദേശം ചെയ്യുത്. ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലിയാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ. ഭാരതം മുഴുവനും പ്രചാരത്തിലുള്ള അവതാര കഥയെ കേരളത്തിൽ മാത്രമായി ഒതുക്കാനുള്ള വിഫലശ്രമം. ആഘോഷങ്ങൾക്ക് കാലാനുസൃതമായി ദൈവീക പരിവേഷം നൽകപ്പെടുന്നത് ചരിത്രം സമൂഹത്തിനു മേൽ കളിയ്ക്കുന്ന കളിയാണ്. വിഷുവിലേക്ക് ശ്രീകൃഷ്ണൻ കടന്നു വന്നിട്ട് അധികം നാളായില്ല. ശതപഥബ്രാഹ്മണത്തിൽ വിസ്തരിച്ചിരിക്കുന്ന വാമനാവതാര കഥ കേരളത്തിൽ മാത്രം നടന്നതാണെന്ന അസംബന്ധാലോചന ഇനി മായ്ക്കപ്പെടാനും എളുപ്പമല്ല. പക്ഷെ ശതപഥബ്രാഹ്മണത്തിലും വാമനൻ അസുരന്മാരെ മാത്രമേ ജയിക്കുന്നുള്ളു, മഹാബലിയെന്ന പരാമർശം ഇല്ല. മത്സ്യപുരാണം, അഗ്നിപുരാണം, വിഷ്ണു ധർമ്മോത്തരം, വൈഖാനസാഗമം, രൂപമണ്ഡനം, ശിൽ‌പ്പരത്നം ഇവയിലൊക്കെക്കൂടിയാണ് ഈ കഥ വളർന്നത്. പരിപൂർണമായി വികസിച്ച കഥാപാത്രങ്ങളും ഘടനയൊത്ത കഥയും ഭാഗവതപുരാണത്തിലാണ് തെളിയുന്നത്. മാവേലിയെ വരച്ചുണ്ടാക്കിയവർ പക്ഷെ ഒരു അതിസാധാരണന്റെ ഓലക്കുടയാണ് ഈ മഹാരാജാവിനു വച്ചുകൊടുത്തതെന്നുള്ളത് ശ്രദ്ധേയം തന്നെ. വാമനാവതാരവുമായി കണ്ണി കോർത്ത് പുരാണമഹാബലിയെ ഓണമാവേലിയിൽ ചേർത്തു ബാധ കയറ്റാനുള്ള ഉൾപ്രേരണയായിരിക്കണം വെൺകൊറ്റക്കുട ചൂടാൻ യോഗ്യനായ ചക്രവർത്തിതിരുമനസ്സിനെ വെറും ഓലക്കുട ചൂടിപ്പിച്ചത്. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രംഗം ഭാരതത്തിൽ ഉടനീളം ദൃശ്യവൽക്കരിച്ചിട്ടുള്ളത് ശിൽ‌പ്പങ്ങളിലാണ്: ശിലകളിൽ, ലോഹത്തിൽ, ദാരുവിൽ കൊത്തിവച്ചവ. മൂന്നുലോകവും കീഴടക്കിയ ത്രിവിക്രമൻ അതിഗാംഭീര്യത്തോടെ പ്രതാപവാനായി വിലസുന്നതായാണ് മഹാബലിപുരത്തും കാഞ്ചീപുരത്തും നാമക്കലും എല്ലോറയിലും രാജസ്ഥാനിലെ അബനേരിയിലും ഒറീസയിലെ ഉദയഗിരിയിലും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എല്ലാ ശിൽ‌പ്പങ്ങളിലും കുടയുണ്ടെങ്കിൽ അത് വാമനൻ മാത്രമാണ് ചൂടുന്നത്. മഹാബലിയ്ക്ക് കുടയില്ല. രൂപമണ്ഡനയും ശിൽ‌പ്പരത്നവും വാമനന് കുട നിർദ്ദേശിക്കുന്നു. എന്നാൽ കേരളത്തിൽ വാമനാവതാരത്തിന്റെ ചിത്രീകരണമോ ശിൽ‌പ്പങ്ങളോ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തടുത്ത് ത്രിവിക്രമമംഗലം എന്നൊരു ക്ഷേത്രമുണ്ടെങ്കിലും വാമനനോ മഹാബലിയോ പ്രത്യക്ഷപ്പെടുന്നില്ല. കോട്ടയം ജില്ലയിലും പാലക്കാട് ജില്ലയിലെ വാവന്നൂരിലും ഉള്ള വാമനക്ഷേത്രങ്ങളിലും വാമനനോ മഹാബലിയൊ കല്ലിലോ ദാരുവിലോ കൊത്തിവയ്ക്കപ്പെടുകയോ ചുവർചിത്രങ്ങളായി പ്രത്യക്ഷീഭവിയ്ക്കുകയോ ചെയ്യുന്നില്ല.. വാമന-മഹാബലി കഥയും മാവേലിയുമായി കണ്ണി ചേർത്തത് പിൽക്കാലത്താണെന്നതിന്റെ തെളിവാണ് തൃക്കാക്കര അമ്പലത്തിലും ഇവരുടെ നാടകാവിഷ്ക്കാരം തെളിയുന്നില്ല എന്നത്. വാമനനുമായി ബന്ധിപ്പിക്കുന്ന കൃത്യം അബോധമനസ്സിലെങ്കിലും ആദ്യകാല കാരിക്കേച്ചറിസ്റ്റുകളിൽ വെളിപാടുണർത്തിച്ചത് വാമനന്റെ ഓലക്കുട മാവേലിയിലേക്ക് വച്ചുമാറ്റാൻ വഴിവച്ചു എന്നതായിരിക്കണം സത്യം. മലബാർ ഭാഗത്ത് പതിവുണ്ടായിരുന്ന ‘ഓണപ്പൊട്ടൻ’ ഓലക്കുടയുമായാണ് ഓണത്തിനു വീടുവീടാന്തരം കയറി ഇറങ്ങാറ്‌. ഓണപ്പൊട്ടന്റെ ഈ കുടയും മാവേലിയെ വരച്ചുണ്ടാക്കിയവർക്ക് ആശയപ്രദാനം നൽകിയിട്ടുണ്ടാവണം. പാണപ്പാട്ടുകളിൽ കുടയും പിടിച്ച് ഓണം കൊള്ളാൻ എഴുന്നെള്ളുന്ന മാതേവപരാമർശം മനസ്സിലെവിടെയൊ ഉടക്കിയിരുന്നതാകാനും മതി. ആഗമശാസ്ത്രങ്ങളേയും ശിൽ‌പ്പനിബന്ധനകളേയും പുരാണങ്ങളേയും മറികടന്ന് മലയാളി സ്വന്തം മോഹങ്ങളുടെ പരിപൂർത്തി നിറവേറ്റാൻ പലേ രക്ഷാരൂപന്മാരേയും സഫലബിംബങ്ങളേയും സമാഹരിയ്ക്കുകയാണ് മാവേലി വേഷനിർമ്മിതിയിൽക്കൂടി. പുരാണരാജാപ്പാർട്ടിനെ മലയാളീകരിയ്ക്കുന്ന സൌജന്യസൌഭാഗ്യവും ഓലക്കുടസമ്മാനത്തിൽക്കൂടെ നേടിയെടുത്തു..
     ഭാരതീയോത്സവങ്ങളൂടെ വേരുകൾ സൂര്യ-നക്ഷത്രങ്ങളുടെ രാശിപ്പകർച്ചകൾ, കാർഷികം, ഋതുഭേദങ്ങൾ, പുരാണപുണ്യസ്മൃതികൾ, പ്രകൃതിക്ഷോഭ- പകർചവ്യാധികളിൽ നിന്നുള്ള വിടുതൽ ഇവയിലൊക്കെയാണ് പടർന്നു കിടക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചരിത്രപരമായ ലക്ഷണങ്ങളോ കാരണങ്ങളോ കുഴിമാന്തിയെടുക്കാൻ പ്രയാസവുമാണ്. കാലാനുസൃതമായി ഇവയിൽ ഒന്നു വേറൊന്നോട് കെട്ടുപിണയുകയും സംശ്ലേഷണ-വിശ്ലേഷണങ്ങൾ സംഭവിയ്ക്കുകയും അതോടെ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. ആഘോഷങ്ങളേയും ഉത്സവങ്ങളേയും വിപണി കയ്യടക്കുമ്പോൾ സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും വിപണിമൂല്യാധിഷ്ഠിതമായ അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യും. ഓണം ഈ സന്നിഗ്ധാവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ മാവേലിയും കഥകളിരൂപവും ചുണ്ടൻ വള്ളവും പൂക്കളവും വിറ്റഴിയ്ക്കപ്പെടനുള്ള മോടിഫുകൾ മാത്രമാവുകയാണ്.toddy
     ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസം ഹൈജാക്ക് ചെയ്യുമ്പോൾ സമ്പദ്ഘടന അഴിച്ചു പണിയപ്പെടുകയാണ്. ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യം കലർന്ന സാമ്പത്തികവീക്ഷണം അറം പറ്റിയപോലായിട്ടുണ്ട് ഇന്ന്. വർദ്ധിച്ചു വന്ന മദ്യപാനാസക്തിയെ മുതലെടുത്ത് മദ്യലോബികൾ വലിയ കൊയ്ത്താണു ഓണത്തിനു കൊയ്യ്തെടുക്കുന്നത്. കഴിഞ്ഞ രണ്ട് ഓണങ്ങൾക്കും 150 ഓളം കോടിയുടെ വീതം മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. ഓണം കയ്യടക്കിയ സർക്കാർ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു ഉപകാരസ്മരണയാൽ നിർവൃതിയടയുന്നു. ഖജനാവു നിറയുന്ന ഐശ്വര്യയവേള. ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം. സർക്കാർ പത്തായത്തിൽ സമൃദ്ധിയുടെ പുന്നെല്ലു നിറയ്ക്കാൻ മാവേലി വന്നെത്തുകയാണ്. അദ്ദേഹം ഇടുക്കിപ്പിടിച്ചിരിക്കുന്ന വലിയ മദ്യക്കുപ്പി കാണാതെ കാണുകയാണു നമ്മൾ.
**********************************************
/// എതിരന്‍ കതിരവന്‍ /// യു.എസ്.മലയാളി ///
**********************************************
 

Share This:

Comments

comments