
style="text-align: center;">കാമക്രോധങ്ങള്‍ വിട്ട് മറുപടി പറയുവിന്‍ – ഗീത
*************************************
തന്നെ പണയം വെച്ചതിന്റെയും അപമാനിച്ചതിന്റെയും നീതിയെപ്പറ്റി ദ്യുതസഭയിലേക്കു വലിച്ചിഴക്കപ്പെട്ട പാഞ്ചാലി അവിടെ കൂടിയിരുന്ന മഹാരഥന്‍മാരോടുറക്കെ ചോദിച്ചു. ധര്‍മ്മത്തിന്റെ സൂക്ഷ്‌മഗതിയോര്‍ത്ത് അത്ഭുത പരതന്ത്രനായ ഭീഷ്‌മര്‍ തിരിച്ചറിഞ്ഞത് ബലവാനായ പുരുഷന്‍ ധര്‍മ്മത്തെ ഏതുനിലയില്‍ കാണുന്നുവോ അതുതന്നെയാണ് ധര്‍മ്മമെന്നായിരുന്നു. ദുര്യോധനന്‍, ധൃതരാഷ്‌ട്രര്‍ എന്ന ബലവാന്‍മാര്‍ക്ക് ദ്രൗപതിയെ സഭയില്‍ ആക്രമിക്കുകയും അപമാനിക്കുകയുമായിരുന്നു ധര്‍മ്മം. കുരുവംശത്തിന്റെ നാശം ഭീഷ്‌മര്‍ക്കു പ്രവചിക്കാനായത് അങ്ങനെയത്രേ.
പുരാണേതിഹാസങ്ങള്‍ ചരിത്രമല്ല. പക്ഷേ ഒരു കാലയളവിലെ സാംസ്‌കാരിക നിലവാരത്തെ സൂചിപ്പിക്കുന്ന പാഠങ്ങളാണവ. മറ്റൊരു കാലത്തെ സാംസ്‌കാരികമൂല്യത്തെ തീര്‍ച്ചപ്പെടുത്താന്‍ ശേഷിയുള്ളവ. സീതയോ ദ്രൗപതിയോ പേരെന്തുമാകട്ടെ ഇന്ത്യന്‍ പൗരുഷത്തിന്റെ ധര്‍മ്മാധര്‍മ്മബോധങ്ങളില്‍ അപമാനിക്കപ്പെട്ട പെണ്ണുങ്ങള്‍ എക്കാലവും പ്രശ്‌നം സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു. ഇതറിഞ്ഞ ആണുങ്ങള്‍ ചരിത്രത്തില്‍ നിന്ന് പെണ്ണിന്റെ കര്‍തൃത്വങ്ങളെ സദാ മായ്‌ച്ചുകളഞ്ഞുകൊണ്ടുമിരുന്നു. ഈ നിന്ദയുടെയും നീരസത്തിന്റെയും ആക്രമണത്തിന്റെയും പാരമ്യത്തിലാണ് റെയ്‌സിനാക്കുന്നുകളില്‍ പ്രക്ഷോഭങ്ങളുണ്ടാകുന്നത്.
ദല്‍ഹിയില്‍ ഓടുന്ന ബസ്സിലുണ്ടായ കൂട്ടബലാത്സംഗത്തോടു മാത്രമുള്ള ജനതയുടെ പ്രതിഷേധമല്ല റെയ്‌സിനാകുന്നില്‍ അലയടിച്ചത്. ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ നേര്‍ക്കുള്ള അമര്‍ഷത്തില്‍ നിന്നുമാണ് അത്തരമൊരു പ്രതിഷേധം പൊട്ടിപ്പുറപ്പെടുക. ഏറ്റവും പുതിയ കൂട്ടബലാത്സംഗം അതിനൊരു നിമിത്തമായെന്നു മാത്രം. ഈ പ്രശ്‌നം കത്തിനില്‌ക്കുമ്പോള്‍ത്തന്നെ, ദല്‍ഹിയില്‍ നിന്നുതന്നെ മറ്റൊരു കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്ത പ്രത്യക്ഷപ്പെടുന്നതെന്തുകൊണ്ട്?
ദക്ഷിണേന്ത്യയും ഒട്ടും മോശമല്ല. ഒപ്പത്തിനൊപ്പമെന്നു പറയുന്നതിനേക്കാള്‍ ഒരുപടി മുന്നിലെന്നു കാണാം.
കേരളത്തിന്റെ കാര്യം പറയാനില്ല. ദക്ഷിണേന്ത്യയിലെ സ്‌ത്രീപീഡന തലസ്ഥാനമെന്നു കേരളത്തെ വിളിക്കാവുന്നതാണ്. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം പാര്‍ലര്‍, കവിയൂര്‍ കിളിരൂര്‍ എന്നീ കുപ്രസിദ്ധമായ കേസുകളിലെ പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടില്ലെന്ന പരാതി തല്‌കാലം പറയാതിരിക്കാം. ഏറ്റവുമടുത്ത കാലത്തായി പുറത്തുവന്ന വാര്‍ത്തകള്‍ മാത്രം മതിയാവും ഈ വിശേഷണത്തെ സാധൂകരിക്കാന്‍ . പത്തുമാസം പ്രായമായ കുട്ടിക്കുവരെ ഇവിടെ രക്ഷയില്ല. ഇതു പറയുമ്പോള്‍ പത്തുമാസം പ്രായമായ എല്ലാ പെണ്‍കുട്ടികളും ഇവിടെ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നല്ല അര്‍ത്ഥം. അത്രയും നീചമായി പെണ്‍കുട്ടികളെ കാണുന്ന ഒരു കണ്ണ് ഇവിടെ തെളിയിച്ചെടുക്കപ്പെട്ടിരിക്കുന്നുവെന്നതാണ്.
മുത്തച്ഛന്‍, അച്ഛന്‍, സഹോദരന്‍, അധ്യാപകന്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവര്‍ക്കു ബലാത്സംഗം ചെയ്യാനുള്ള ഒരുപഭോഗവസ്‌തു മാത്രമായി പെണ്‍കുട്ടി മാറിയിരിക്കുന്നു. എല്ലാവരും കുട്ടിയുടെ `രക്ഷക’സ്ഥാനത്തുള്ളവരാണ്. സര്‍ക്കാര്‍ പദ്ധതികളായ നിര്‍ഭയയും ജെന്റര്‍ഫെസ്റ്റും ബോധവല്‍ക്കരണ ശ്രമങ്ങളും പൊടിപൊടിക്കുമ്പോഴാണീവിധം സംഭവിക്കുന്നത്. നല്ലതും ചീത്തയുമായ സ്‌പര്‍ശങ്ങളെ തിരിച്ചറിയാന്‍ പെണ്‍കുട്ടികളെ പ്രാപ്‌തരാക്കുന്നതാണ് പോംവഴിയെന്നാണ് മന്ത്രി എം.കെ. മുനീര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടത്. പത്തുമാസം, ഒരു വയസ്സ്, രണ്ടുവയസ്സ് ….. പ്രായമായ കുട്ടികളെ എങ്ങനെയിതു പഠിപ്പിക്കണം? ഇതറിയാത്ത പുരുഷന്‍മാരാണോ ബലാത്സംഗം ചെയ്യുന്നത്? ചെയ്യുന്നതു ശരിയല്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് മുതിര്‍ന്ന പുരുഷന്‍മാര്‍ കുഞ്ഞുങ്ങളോട് ഈ വിധം പെരുമാറുന്നത്. അപ്പോഴും വരും പുരുഷനുവേണ്ടിയുള്ള വാദം. മനോരോഗത്തിന്റെ ആനുകൂല്യഭാവത്തിലാണതു സംഭവിക്കുക. ഒരു സമൂഹത്തിനു മുഴുവന്‍ മനോരോഗമാണോ?
ഏറ്റവും `വിശുദ്ധ’ മെന്നു വാഴ്‌ത്തപ്പെടുന്ന കുടുംബബന്ധങ്ങളില്‍ ഒരുവള്‍ക്കു സംഭവിക്കുന്നതെന്താണ്? 1905. താത്രിക്കുട്ടിയെ പീഡിപ്പിച്ച 64പേരില്‍ അവളുടെ അച്ഛനും സഹോദരനും ഉള്‍പ്പെട്ടിരുന്നു. ആ പുരുഷന്‍മാര്‍ സ്വന്തം താല്‌പര്യത്തിനുവേണ്ടി അങ്ങനെ ചെയ്‌തതാണ്. എന്നാല്‍ ഏറ്റവും പുതിയ അച്ഛന്റെയും ആങ്ങളയുടെയും കാര്യമതല്ല. കുഞ്ഞിന്റെ പീഡകര്‍ മാത്രമല്ല കൂട്ടിക്കൊടുപ്പുകാര്‍ കൂടിയായി ആ രക്ഷകര്‍ത്താക്കള്‍ മാറിയിരിക്കുന്നു. പെണ്‍കുഞ്ഞിനെ സ്വയം ഉപയോഗിക്കുക മാത്രമല്ല വില്‍ക്കുകയും ചെയ്യുന്നു.
കണ്ണൂര്‍ജില്ലയില്‍ നിന്ന റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസിലാണല്ലോ മകളെ കൊണ്ടുനടന്നു വില്‌ക്കുന്ന കഥ കേട്ടു കേരളം നടുങ്ങിയത്. പിന്നീടു പുറത്തുവന്നത് പറവൂര്‍ കേസ്.; അവിടെ അമ്മയും അച്ഛനും ഇടനിലക്കാര്‍. രാഷ്‌ട്രീയക്കാരും സിനിമാക്കാരും തന്നെയായിരുന്നു പതിവുപോലെ പ്രധാന ഉപഭോക്താക്കള്‍. വീണ്ടും അതേ പറവൂരില്‍ നിന്ന് ഈയടുത്തു പുറത്തുവന്ന കേസിലും അമ്മയും അച്ഛനും മാത്രമല്ല രണ്ടാനച്ഛനും ഇടനിലക്കാരായി നിന്നുകൊണ്ട് കുഞ്ഞിനെ കച്ചവടം ചെയ്‌തു. കാസര്‍കോട് സഹോദരന്റെ ഒത്താശയോടെ പെണ്‍കുട്ടിയെ ബാംഗ്‌ളൂരുപോലുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി കച്ചവടം ചെയ്‌തു.
കുടുംബത്തിനുള്ളിലെ രക്ഷിതാക്കള്‍ ഇതിലേര്‍പ്പെടുന്നുവെന്നതുകൊണ്ട് ഇതൊരു കുടുംബപ്രശ്‌നമായി കാണുന്ന പ്രവണത ശക്തമാണ്. യഥാര്‍ത്ഥത്തില്‍ ഇതു കുടുംബപ്രശ്‌നമേയല്ല. നമ്മുടെ കുടുംബങ്ങള്‍ക്കെന്തു സംഭവിക്കുന്നുവെന്ന മധ്യവര്‍ഗ്ഗ ഉത്‌കണ്‌ഠ അസ്ഥാനത്താണ്. ഏതെങ്കിലും ഒരച്ഛനോ ആങ്ങളക്കോ സംഭവിക്കുന്ന പ്രശ്‌നങ്ങളല്ല ഇവയൊന്നും തന്നെ. ഭോഗാസക്തമായ സമൂഹത്തിലെ വില്‌പന ഏജന്റുകള്‍ മാത്രമാണ് അച്ഛനും ആങ്ങളയും മറ്റും. ഇതിനെ ഒരു കുടുംബപ്രശ്‌നമാക്കി ചുരുക്കി വ്യാഖ്യാനിക്കുന്നതാണ് ഇവിടത്തെ അധികാരികള്‍ക്കു സൗകര്യവും സുരക്ഷിതവും.
എന്നാല്‍ സാംസ്‌കാരികമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ കുടുംബത്തിനു മാത്രമായി കൊണ്ടാടപ്പെടുന്ന പാരമ്പര്യവിശുദ്ധി സംരക്ഷിക്കുക സാധ്യമല്ല. പ്രശ്‌നത്തെ അടര്‍ത്തിയെടുത്ത് കുടുംബത്തിലേക്കും വ്യക്തിയിലേക്കും സങ്കോചിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടുപോകുന്നു. വനിതാകമ്മീഷന്‍, വനിതാവികസന കോര്‍പ്പറേഷന്‍, കുടുംബകോടതി എന്നിവക്കുള്ളില്‍ നടക്കുന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകളും പരിഷ്‌കരണ പദ്ധതികളും മുന്‍വെച്ചുകൊണ്ട് പ്രശ്‌നത്തെ നേരിടുകയാണെന്ന വ്യാജേന സ്വരക്ഷയുറപ്പാക്കാന്‍ ഭരണാധികാരികള്‍ക്കു സാധിക്കുന്നുവെന്നതാണ് ഈ `കുടുംബപ്രശ്‌ന’വ്യാഖ്യാനത്തിലൂടെ സമര്‍ത്ഥമായി സംഭവിക്കുന്നത്.
കുടുംബസുരക്ഷ, ഭാര്യാഭര്‍തൃബന്ധം, സ്‌ത്രീയുടെ ചാരിത്രസംരക്ഷണം എന്നീ കെണികളില്‍നിന്നു മാറിനിന്നുകൊണ്ടുമാത്രമേ ഈ പ്രശ്‌നത്തെ നമുക്ക് അഭിമൂഖീകരിക്കാനാകൂ. ജനാധിപത്യസര്‍ക്കാരുകള്‍ എന്ന പേരില്‍ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? കഴിഞ്ഞ 5വര്‍ഷത്തെ ഇലക്ഷന്‍ കമ്മീഷന്റെ കണക്കനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി ഇന്ത്യയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളില്‍ (എംഎല്‍എമാരും എംപിമാരും) 260 പേര്‍ സ്‌ത്രീപീഡനക്കേസിലെ പ്രതികളാണ്. അവരില്‍ ഏഴുപേര്‍ ബലാത്സംഗകേസ്സിലെ തന്നെ പ്രതികളാണ്.
അധികം കണക്കുകളിലേക്കു പോകാതെതന്നെ മലയാളികള്‍ക്കിതു മനസ്സിലാകും. രാജ്യസഭയില്‍ സ്‌ത്രീപീഡകര്‍ക്കു ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ ഒരു ഞെട്ടലോടെ നാം കണ്ടിരുന്നു. നിയമസഭാസാമാജികര്‍, മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, മന്ത്രിപുത്രന്‍മാര്‍ ഇങ്ങനെ പലതും നമുക്കറിയാം. കോടതിയില്‍ തെളിവില്ലാത്തതൊക്കെ ജനങ്ങള്‍ക്കു മുമ്പില്‍ തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. രാഷ്‌ട്രീയപാര്‍ട്ടികളുടെ ലോക്കല്‍കമ്മറ്റി അംഗം മുതല്‍ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി വരെയുള്ളവര്‍ സ്‌ത്രീപീഡകര്‍ക്കുവേണ്ടി വക്കാലത്തുമായി പ്രത്യക്ഷപ്പെടുന്നത് ഈ പാവം ജനങ്ങളുടെ മുമ്പാകെയാണല്ലോ.
ഇതോടൊപ്പം തന്നെ പരിശോധിപ്പിക്കപ്പെടേണ്ടതാണ് പട്ടാളം, പോലീസ്, ജുഡീഷ്യറി എന്നിവയുടെ സമീപനങ്ങളും. മണിപ്പൂരിലെ മനോരമാസംഭവം ഒറ്റപ്പെട്ട ഒന്നല്ല. ‘INDIAN ARMY RAPE US’ എന്ന ബാനറുമായി സ്‌ത്രീകള്‍ നഗ്നരായി നടത്തിയ മാര്‍ച്ചുകള്‍ എന്തിന്റെ സൂചനയാണ്? ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക് ഇവിടത്തെ ആര്‍മിയെ ശത്രുരാജ്യത്തെപ്പോലെ കാണേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? അവര്‍ ജീവിക്കുന്ന മണ്ണ് അവര്‍ക്ക് മറുരാഷ്‌ട്രമാകുന്നതോടെ ഇന്ത്യയിലെവിടെയുമുള്ള സ്‌ത്രീകള്‍ ഇന്ത്യയില്‍ മറുജനതയായി മാറുന്നു.
വനിതാവികസനകോര്‍പ്പറേഷനുകളും വനിതാകമ്മീഷനുകളും കുടുംബകോടതികളും പുരുഷാധികാരശാസനകള്‍ക്കനുസരിച്ച സംവിധാനങ്ങള്‍ മാത്രമായിരിക്കുന്ന ഈയവസ്ഥയില്‍ സ്വയം അദൃശ്യരാകാന്‍ സ്‌ത്രീകള്‍ തീരുമാനിച്ചാല്‍ ആര്‍ക്കാണുത്തരവാദിത്വം? ഒരു ജനതയുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ അവരുടെ ശിക്ഷകരായിത്തീരുന്നതോടെ എന്തു സംഭവിക്കുന്നു?
ജുഡീഷ്യറിയെ പുരുഷാധികാരികള്‍ വിലക്കെടുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഏറ്റവും പുതുതായി പുറത്തുവന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ വെളിപ്പെടുത്തലുകള്‍ . രക്ഷിക്കാന്‍ ചുമതലപ്പെട്ട ജനാധിപത്യ സംവിധാനങ്ങള്‍ എല്ലാം, കൈമലര്‍ത്തുന്ന അഥവാ പീഡകര്‍തന്നെയായി മാറുന്ന അത്യന്തം സവിശേഷവും അപൂര്‍വവുമായ ചരിത്രസന്ധിയിലാണ് ഇന്ത്യന്‍ സ്‌ത്രീകള്‍ ഇന്നെത്തി നില്‌ക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് റെയിസിനകലാപം കേരളത്തിലെയും ഇന്ത്യയിലെയും സിവില്‍മനസ്സിനെ പ്രതിനിധാനം ചെയ്യുന്ന ജനകീയസമരമായി മാറുന്നത്.
മെട്രാപോളിറ്റന്‍ മധ്യവര്‍ഗ പ്രതിനിധിയായിരിക്കെത്തന്നെ, ബസ്സില്‍ കൂട്ടബലാത്സംഗത്തിനു വിധേയപ്പെട്ട പെണ്‍കുട്ടി ഇന്ത്യന്‍ പൗരമനസ്സിന് ആഴത്തിലേറ്റ മുറിവായി മാറുന്നു. ഓടുന്ന തീവണ്ടിയില്‍ നിന്ന് അപമാനവും മരണവും ഏറ്റുവാങ്ങിയ സൗമ്യയെപ്പോലെത്തന്നെ ഇവളും മധ്യവര്‍ഗസദാചാരത്തിന്റെ മാത്രമല്ല ഏതുവര്‍ഗത്തിലും പീഡിപ്പിക്കപ്പെട്ട പെണ്ണിന്റെയും പ്രതിനിധിയായിരിക്കുന്നു. സൂര്യനെല്ലിയിലെയും വിതുരയിലെയും കോഴിക്കോട്ടെയും കവിയൂരിലെയും കിളിരൂരിലെയും പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരക്ഷരം ശബ്‌ദിക്കാത്തവര്‍ ഈ സന്ദര്‍ഭത്തില്‍ ഹൃദയഭേദകമായി നിലവിളിക്കുന്നതു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.
എല്ലാ വര്‍ഗവര്‍ണവ്യത്യാസങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പുരുഷാധികാരത്തിന്റെ രാക്ഷസീയമായ നഖങ്ങളും പല്ലുകളും നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിനുള്ളിലേക്കും നമ്മളിലേക്കുതന്നെയും നീണ്ടുവരിക മാത്രമല്ല ആഴ്‌ന്നുതുടങ്ങുകയും ചെയ്‌തിരിക്കുന്നുവെന്ന അബോധമായ തിരിച്ചറിവില്‍ നിന്നാണ് മണ്ണിനെയും മാനത്തെയും പിളര്‍ന്നുകൊണ്ടുള്ള അത്തരം നിലവിളികള്‍ ഉയരുന്നത്. ദളിതയും ദരിദ്രയുമായ ഗ്രാമീണയും ആദിവാസിയുമൊക്കെയായ എവിടെയോ ഉള്ള അനേകപെണ്‍കുട്ടികളുടെ വിധി തങ്ങളുടെയും മക്കളുടെയും മേല്‍ പതിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന മധ്യവര്‍ഗതിരിച്ചറിവ് ഇതിനെതിരെയുള്ള സമരത്തിന്റെ പ്രത്യക്ഷസാക്ഷ്യമാണ്. ഒരുപക്ഷേ അധഃസ്ഥിതരായ അനേകപെണ്‍മക്കളുടെ അപമാനത്തോടും അപമൃത്യുവിനോടും തങ്ങള്‍ പാലിച്ച മാന്യമായ നിശ്ശബ്‌ദതക്കുള്ള മധ്യവര്‍ഗത്തിന്റെ പശ്ചാത്താപം കൂടിയായി വേണം ഈ സമരത്തെ കണക്കാക്കാനെന്നു തോന്നുന്നു, അതവര്‍ അറിയുകയോ അംഗീകരിക്കുകയോ ചെയ്‌തില്ലെങ്കില്‍പ്പോലും.
ഒരു രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ആഹ്വാനങ്ങളില്ലാതെയാണ് രാഷ്‌ട്രപതി ഭവനുമുമ്പില്‍ വലിയ ജനക്കൂട്ടം കൂടുതല്‍ വലുതായത്. ഭരണകൂടത്തോട് സിവില്‍സമൂഹത്തിന്റെ അതൃപ്‌തിയും പ്രതിഷേധവും മൂര്‍ത്തമാവുകയായിരുന്നു. പട്ടാളവും പോലീസും നിസ്സഹായരായി. ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും പ്രസ്‌താവിക്കേണ്ടിവരുന്നു, താന്‍ കലാപക്കാരോടൊപ്പമാണെന്ന്! എന്തുകൊണ്ടാണ് ഒരു പ്രധാനമന്ത്രിക്ക് അങ്ങനെ പറയേണ്ടിവരുന്നത്? അദ്ദേഹം കലാപക്കാരോടൊപ്പമായതുകൊണ്ടല്ല. ഈ കലാപം നടക്കുന്നത് ഇന്ത്യന്‍ ജനതയുടെ മനസ്സിലാണെന്ന് അവര്‍ ഭയത്തോടെ അറിയുന്നു.
അപ്പോഴാണ് തനിക്കും പെണ്‍മക്കളുണ്ട് എന്നപോലുള്ള പൈങ്കിളിപ്രസ്‌താവനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നടത്തേണ്ടിവരുന്നത്. ആഭ്യന്ത്രമന്ത്രിക്കു പെണ്‍മക്കളുണ്ടെങ്കിലും ഇല്ലെങ്കിലും അത് ഇന്ത്യന്‍ ജനതയുടെ വിഷയമല്ല, പക്ഷേ ജനങ്ങളുടെ പെണ്‍മക്കള്‍ ആഭ്യന്തരമന്ത്രിയുടെ പ്രശ്‌നമാകേണ്ടതുണ്ട്. ആഭ്യന്ത്രമന്ത്രിയുടെ പെണ്‍മക്കളുടെ ഭാരം ഏറ്റെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് ജനങ്ങള്‍ അത്തരം നാട്യങ്ങളെ തള്ളിക്കളയുകയായിരുന്നു.
കാലാകാലമായി ആശ്രിതരായ ജനതക്കുമേല്‍ ഇത്തരം ഭരണാധികാരികള്‍ നടത്തിവരുന്ന വൈകാരിക ചൂഷണത്തിന്റെ മറ്റൊരു തലമാണിവിടെ വ്യക്തമാകുന്നത്. പക്ഷേ ഇവര്‍ക്ക് ജനതയെ അഭിസംബോധന ചെയ്യേണ്ടിവന്നുവെന്നതാണ് പ്രധാനം. അതും രാഷ്‌ട്രീയപാര്‍ട്ടികള്‍ വിലപേശാനില്ലാത്ത വലിയൊരു ജനക്കൂട്ടത്തെ. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും അഭിസംബോധനകള്‍ ചരിത്രപരമാകുന്നത്. ചരിത്രപരമാകുന്നു എന്നതിനര്‍ത്ഥം ആത്മാര്‍ത്ഥമാണ് എന്നല്ലേയല്ല. അങ്ങനെയവര്‍ നിര്‍ബദ്ധരായ സാഹചര്യം സൃഷ്‌ടിക്കാന്‍ ജനങ്ങള്‍ക്കു കഴിഞ്ഞു എന്നാണ്. സംഘടനാപരമായ അച്ചടക്കത്തെ അപ്രസക്തമാക്കിക്കൊണ്ട് ആശയപരമായ അച്ചടക്കത്തെ മുന്‍വെക്കുന്ന ഒരു ജനക്കൂട്ടമായിരുന്നു അത്. മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളെപ്പോലെ സ്വാര്‍ഥപരമായ അധികാരമോഹത്തിനു വേണ്ടിയായിരുന്നില്ല അവര്‍ സംഘടിച്ചത് എന്നതുകൊണ്ടുതന്നെ അവര്‍ക്ക് ഭരണാധികാരികളുടെ ഭീഷണിക്കോ ഒത്തുതീര്‍പ്പുതന്ത്രങ്ങള്‍ക്കോ വഴങ്ങേണ്ട ബാധ്യതയില്ലായിരുന്നു.
ദല്‍ഹി നഗരത്തിലേക്കു മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെയും ഗ്രാമത്തിലെയും നഗരത്തിലെയും കാട്ടിലെയുമെല്ലാം പെണ്‍കുട്ടികള്‍ സ്വതന്ത്രരും സുരക്ഷിതരുമായിരിക്കുമ്പോഴാണ് ഇന്ത്യ ഒരു ജനാധിപത്യരാഷ്‌ട്രമാവുക. അതിനുള്ള വഴി ഗര്‍ഭസ്ഥരായ പെണ്‍കുട്ടികളെ ബോധവത്‌കരിക്കുകയോ ബാലവാടികളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‌കുകയോ അല്ലതന്നെ. ഇതൊരു ദൗത്യമായേറ്റെടുത്തുകൊണ്ട് ജനപ്രതിനിധി സഭകളിലും മന്ത്രിസഭകളിലുമിരിക്കുന്ന സ്‌ത്രീപീഡകരെ അവിടെനിന്നിറക്കിവിടാന്‍ രാഷ്‌ട്രീയപാര്‍ട്ടികളും സര്‍ക്കാരുകളും തയ്യാറാകണം. എങ്കില്‍ മാത്രമേ സ്‌ത്രീസുരക്ഷക്കുള്ള നിയമം നിര്‍മ്മിക്കാനും നടപ്പിലാക്കാനും സാധിക്കൂ. സ്‌ത്രീപീഡകര്‍ എംഎല്‍എയും എംപിയും മന്ത്രിയുമൊക്കെയായിരിക്കുമ്പോള്‍ സ്‌ത്രീക്കനുകൂലമായ നിയമങ്ങള്‍ പാസ്സാക്കിയെടുക്കാനോ അവ നടപ്പിലാക്കാനോ സാധിക്കാതെ വരുന്നതിന് ഉദാഹരണങ്ങള്‍ എത്രയെങ്കിലുമുണ്ട്. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ഇത്തരം അധികാരികള്‍ ജനവിരുദ്ധരായി മാറാന്‍ ഉദ്യോഗസ്ഥവൃന്ദത്തെ പ്രേരിപ്പിക്കുകയും അവരെയൊന്നാകെ വിലക്കെടുക്കുകയും ചെയ്യുന്നു. പോലീസും കോടതിയും അന്വേഷണവും വിചാരണയും തടസ്സപ്പെടുത്തി സ്‌ത്രീപീഡകരെ സംരക്ഷിക്കാന്‍ സ്വയം സ്‌ത്രീപീഡകര്‍ തന്നെയായ ഇക്കൂട്ടര്‍ക്കു കഴിയുന്നു. ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍പ്പോലും ഏതെങ്കിലുമൊരു സര്‍ക്കാരിന് സ്‌ത്രീപീഡകരെ കൈയാമം വെക്കാന്‍ സാധിക്കാതെ വരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് സഭകളിലെ ഈ സ്‌ത്രീപീഡകരുടെയും സ്‌ത്രീപീഡക സംരക്ഷകരുടെയും വര്‍ദ്ധിച്ച അളവിലുള്ള സാന്നിധ്യവും ഇടപെടലുമാണ്.
സ്‌ത്രീപീഡനത്തിന്റെ അന്വേഷണം, വിചാരണ, ശിക്ഷാവിധികള്‍ എന്നിവ പുനഃപരിശോധിക്കപ്പെടണം. സ്‌ത്രീപീഡനങ്ങളില്‍ ബലാത്സംഗത്തിന് പരമാവധി ശിക്ഷ, വധശിക്ഷതന്നെ നല്‌കാവുന്നതുമാണ്. ഇത് പ്രാകൃതവും മതാത്മകവുമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ കൊലപാതകകത്തേക്കാള്‍ ഹീനവും അപരിഷ്‌കൃതവുമായ കുറ്റമാണ് ബലാത്സംഗം. അത് ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും വൈകാരികമായും ഒറ്റയടിക്കു തകര്‍ക്കുന്നു. മരണത്തേക്കാള്‍ ഭീകരമാണത്. അതോടൊപ്പം ആ വ്യക്തിയുമായി ബന്ധപ്പെട്ടവരെയും അതു സംഘര്‍ഷത്തിലാക്കുന്നു. സദാചാരത്തിന്റെയോ ചാരിത്രശുദ്ധിയുടെയോ പ്രശ്‌നമല്ല ഇത്. ആത്മവിശ്വാസം തകര്‍ത്ത് ഇരയെയും ബന്ധപ്പെട്ടവരെയും അതിജീവനത്തിന് അനര്‍ഹരാക്കുന്നു. അതോടെ ഇരക്കും കൂട്ടര്‍ക്കും വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം എന്നിവ ഒറ്റയടിക്കു നഷ്‌ടമാകുന്നു. പുറമേയുള്ളവര്‍ നടത്തുന്ന ഊരുവിലക്കുകളേക്കാള്‍ ഭയാനകമാണ് ഈ അവസ്ഥ. അത്തരമൊരവസ്ഥ സൃഷ്‌ടിച്ചെടുക്കുന്നത് ആരായാലും സമൂഹത്തില്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നു തീര്‍ച്ച.
വിചാരണയും അറസ്റ്റും തടവും ജാമ്യവുമൊക്കെ ബലാത്സംഗത്തെ തടയാന്‍ സാധിച്ചിട്ടില്ലെന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതിനര്‍ത്ഥം കൂടുതല്‍ കടുത്ത ശിക്ഷാവിധികളിലേക്ക് പോകേണ്ടതുണ്ട് എന്നുതന്നെയാണ്. അതു വധശിക്ഷതന്നെയാകുന്നതാണ് അഭികാമ്യം. അതു പൂര്‍വകാലപ്രാബല്യത്തോടെയാകട്ടെ. കുറച്ചുകാലത്തേക്കെങ്കിലും ഒരു പരീക്ഷണമെന്ന നിലക്ക് ബലാത്സംഗത്തിന് വധശിക്ഷ നടപ്പിലാക്കേണ്ടതാണ്. ഒരു പെണ്ണിന്റെ ജീവനും ജീവിതവും ഇല്ലാതാക്കുന്ന ബലാത്സംഗത്തിന് വധശിക്ഷയില്‍കുറഞ്ഞ ഏതു ശിക്ഷയുണ്ടു നല്‌കുവാന്‍? ആണിന്റെ ജീവനെപ്പോലെ വിലപ്പെട്ടതല്ലേ / ആകേണ്ടതില്ലേ പെണ്ണിന്റെയും ജീവന്‍ . ഒരു സര്‍ക്കാരിനും ഭരണകൂടത്തിനും അതങ്ങനെയായേ പറ്റൂ.
പീഡിപ്പിക്കപ്പെട്ട പെണ്ണിനോട് `തെളിവു’കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന പുരുഷാധികാര വ്യഗ്രതകള്‍ തിരുത്തപ്പെടണം. അവള്‍ തന്നെയാണ് തെളിവ്, അവള്‍ ചൂണ്ടിക്കാണിക്കുന്ന ആളുതന്നെയാണ് കുറ്റവാളി, ഇതു ദുരുപയോഗം ചെയ്യപ്പെടില്ലേ എന്ന പുരുഷാധികാരത്തിന്റെ ഉത്‌കണ്‌ഠ സ്വാഭാവികമാണ്. ശരിതന്നെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഏതുനിയമമുണ്ട് ദുരുപയോഗം ചെയ്യപ്പെടാത്തതായി? അഴിമതിക്കാരും കൊലപാതകികളും വര്‍ഗീയവാദികളും വിഘടനവാദികളും ഒളിച്ചുകടക്കുന്നത് നിയമത്തിന്റെ പഴുതുകളിലൂടെത്തന്നെയാണെന്ന യാഥാര്‍ഥ്യം നാം മറന്നുപോകരുത്.
പണത്തിനോട് അത്യാര്‍ത്തിയുള്ള ഉദ്യോഗസ്ഥന്‍മാര്‍ സ്‌ത്രീപീഡനക്കേസിന്റെ അന്വേഷണച്ചുമതലയില്‍ ഒരിക്കലും ഉണ്ടായിരിക്കരുത്. ഇരകളുടെ പുനരധിവാസ പദ്ധതികള്‍ക്കാണ് നമ്മുടെ സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുന്നത്; കാരണം പരിഷ്‌കരണപരമായ പുനരധിവാസം, ശാക്തീകരണം തുടങ്ങിയവ സര്‍ക്കാരിനെയും സുരക്ഷിതമാക്കുന്നു. വേലിതന്നെ വിളവുതിന്നുന്ന സാഹചര്യങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കുകയെന്നതിനേക്കാള്‍ എളുപ്പം ഇരകളെ പുനരധിവസിപ്പിക്കുകയാകുന്നു. അതറിയാവുന്നവരാണ് നിര്‍ഭയപോലുള്ള പദ്ധതികളും ജെന്റര്‍ഫെസ്റ്റ് പോലുള്ള ആഘോഷങ്ങളും നടപ്പിലാക്കുന്നത്. ആഗോളവത്‌കരണവുമായി ബന്ധപ്പെട്ട വികസനനയങ്ങളെക്കൂടി പുനഃപരിശോധിക്കേണ്ടതാണ്. രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരും കുറേക്കൂടി ആത്മാര്‍ത്ഥമായ ഇച്ഛാശക്തിയോടുകൂടി ഇക്കാര്യങ്ങളില്‍ ഇടപെട്ടില്ലായെങ്കില്‍ റെയിസിനാക്കലാപം രാഷ്‌ട്രപതിഭവനുമുമ്പില്‍ നിന്ന് ഇന്ത്യയെങ്ങും വ്യാപിക്കും. സിവില്‍സമൂഹം പ്രതികരണശേഷിയില്ലാത്ത കഴുതകളായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു.
രജസ്വലയായ ദ്രൗപതി അഴിഞ്ഞുലഞ്ഞ മുടിയോടെ, ഒറ്റവസ്‌ത്രത്തോടെ സഭയില്‍ നിലവിളിച്ചപ്പോള്‍ വികര്‍ണന്‍ ഉച്ചത്തില്‍ പറഞ്ഞു: “രാജാക്കന്‍മാരേ കാമക്രോധങ്ങള്‍ വിട്ടു മറുപടി പറയുവിന്‍”
*************************************************************
/// ഗീത /// യു.എസ്.മലയാളി ///
************************************************************
Comments
comments