രൂപ–ഭാവ വൈവിദ്ധ്യങ്ങളുടെ സംഗമം
(ഡോക്‌ടര്‍ ജോയ് ടി കുഞ്ഞാപ്പുവിന്റെ മൂന്നു കവിതകള്‍ )
സുധീര്‍ പണിക്കവീട്ടില്‍
*************************************
വായനക്കാരന്‍ വിസ്‌മയത്തോടെ എന്തെങ്കിലും കണ്ടെത്തുന്ന ഒരു സവിശേഷത ഡോക്‌ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ കവിതകളിലുണ്ട്. ഓരോ വരികളും ഒരു പുതിയ ലോകത്തേക്ക് നമ്മെ ആകര്‍ഷിക്കുന്നു. ആലങ്കാരിക പ്രയോഗങ്ങളാല്‍ സമൃദ്ധമാണ് അദ്ദേഹത്തിന്റെ കവിതകള്‍ . ഉപമകളേക്കാള്‍ രൂപകാലങ്കാരങ്ങള്‍ക്ക് വായനക്കാരില്‍ സ്വാധീനവും അനുഭൂതിയും ഉളവാക്കാന്‍ കഴിയും. രൂപകാലങ്കാരങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കവികളെ സൈദ്ധാന്തിക കവികള്‍ എന്ന് വിളിച്ചിരുന്നു. കാരണം അത്തരം കവികള്‍ അവരുടെ അറിവുകള്‍ പകരുന്നത് ശൈലികളിലൂടെയാണ്. കേട്ടാല്‍ ഉടനെ മനസ്സിലേക്ക് ഓടി വരുന്ന വിധത്തിലുള്ള ഉപമകള്‍ അവര്‍ ഉപയോഗിക്കുന്നില്ല.
ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ മൂന്നു കവിതകളെപ്പറ്റിയാണു് ഇവിടെ പ്രതിപാദിക്കുന്നത്. ഈ മൂന്നു കവിതകളും അവയുടെ രൂപത്തില്‍ , ഭാവത്തില്‍ വൈവിദ്ധ്യം പുലര്‍ത്തുന്നു. ആദി പാപത്തിന്റെ സൂചന തരുന്ന ഗന്ധങ്ങള്‍ക്ക് ഒരു മുഖവുരയില്‍ ശക്‌തമായ ബിംബങ്ങളുടെ (imagery) ഒരു നിരയുണ്ട്. നിറങ്ങള്‍ക്ക് മണമുണ്ടെന്ന ഒരു പ്രസ്താവന അതിലുണ്ട്. അത് മസ്തിഷ്‌ക്കത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തിയാണ്. ഇതിനെ Synesthesia എന്ന് ഇംഗ്ലീഷില്‍ പറയുന്നു. അതേപോലെ കശ്‌മലന്‍ എന്ന കവിതയിലെ ഉള്ളടക്കത്തെ ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നുണ്ട്. ജീവന്റെ അധികാരം ഈശ്വരനില്‍ പൂര്‍ണ്ണമായി ഇല്ലയെന്നു ശങ്കിക്കുന്ന മനുഷ്യരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കയാണിതില്‍ . യന്ത്രങ്ങളെകൊണ്ട് ശ്വസിപ്പിച്ച് നില നിര്‍ത്തുന്ന ജീവന്‍ ജീവനാണോ? എന്താണു് ജീവന്‍ എന്ന ഒരു ചോദ്യത്തിന്റെ നേര്‍ത്ത ശബ്‌ദവും ഈ കവിതയില്‍ കേള്‍ക്കാം. വാക്കുകള്‍ അര്‍ത്ഥവാളാകുമ്പോള്‍ എന്ന കവിതയും പുതുമ നിറഞ്ഞതാണു. ഇതില്‍ വാക്കുകളെ എങ്ങനെയൊക്കെ “അറുത്ത്” അര്‍ത്ഥങ്ങള്‍ക്ക് മാറ്റമുണ്ടാക്കാം എന്ന് കാണിക്കുന്നു. അത്‌കൊണ്ട് വാക്കുകള്‍ അര്‍ത്ഥ വാളല്ല വാസ്തവത്തില്‍ “അറക്ക വാളാകുകയാണു” ഓരോ കവിതകളെക്കുറിച്ചുള്ള ഈ ലേഖകന്റെ നിഗമനങ്ങള്‍ വായിക്കുക.
ഗന്ധങ്ങള്‍ക്കൊരു മുഖവുര
(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു)
****************
ആദിയില്‍
ഗന്ധകത്തിനു മുമ്പേ
ഗന്ധം സൃഷ്ടിക്കപ്പെട്ടു ~
ആദിദമ്പതികള്‍
നഗ്നരായ് പരസ്പരം
നാട്യമില്ലാതോടിച്ചത്
ആപ്പിളിന്‍റെ മണത്തെയോ
എസ്ട്രോജന്‍ ടെസ്റ്റോസ്റ്റെറോണ്‍
വികാരവിയര്‍പ്പിന്‍ ശൂരതയില്‍
ഉന്മാദരസശ്ശൂരിനെയോ
പകര്‍പ്പവകാശ ഗവേഷകര്‍ക്കു
ചോദ്യോത്തര പദപ്രശ്നം.
പ്രിയപ്രിയങ്ങള്‍ക്കു പിന്നംമുന്നം
ഇടതൂര്‍ന്ന മണസഞ്ചയം.
നിറമൊരു ഗന്ധം.
കറുപ്പൊരു കരിംമണം.
വെളുപ്പൊരു വെളുംമണം.
വിമാനയാത്രേ
രാഷ്ട്രത്തിനു വാട ~
ചില ചെറുമണം
ചില ചീയല്‍നാറ്റം.
നാറ്റിക്കുകയെന്നത്
ഭാഷയിലൊരു
ശൈലിയായത്
വൈകിയത്രെ!
അതിനുമുമ്പും
വിസര്‍ജ്ജ്യം വിതറി
വ്യക്തികള്‍ക്കു
നാറ്റപ്രഭു ബിരുദം
ദാനംചെയ്തു.
യുഗസംക്രമത്തില്‍
രാസമുനീന്ദ്രര്‍
നാറുന്ന തന്മാത്രകള്‍
ദ്രവ്യവാഹിനിക്കുഴലില്‍
നിറച്ചുതെളിച്ചതും …
ഓര്‍മ്മയില്‍
മുല്ലപ്പൂ ഗന്ധഹേതു
കുംഭപൂജയ്ക്കായ്
ശിരസ്സിലേറ്റി
സന്തുലന നൃത്തമാടാന്‍
ചര്‍മ്മവാദ്യ നടയ്ക്കു
കാതോര്‍ത്തു നില്‍ക്കും
ചിയര്‍ലീഡര്‍ കന്യകയുടെ
ആന്ദോളന രസമൂര്‍ച്ഛയ്ക്കു
കണ്ണോര്‍ത്തതും …
ഒരു ബൈബിള്‍ വചനം പോലെയാണു് ഈ കവിത ആരംഭിക്കുന്നത്. “ആദിയില്‍ ഗന്ധകത്തിനു മുമ്പേ ഗന്ധം സൃഷ്‌ടിക്കപ്പെട്ടു.“ പാപം ഭൂമിയിലേക്ക് വന്നതിന്റെ ഒരു സൂചന ഇതില്‍ നിന്നും കിട്ടുന്നു.
ഗന്ധകത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കെട്ടമുട്ടയുടെ ദുര്‍ഗ്ഗന്ധവുമായി അതിനെ മനുഷ്യര്‍ ബന്ധിപ്പിക്കുന്നു. എന്നാല്‍ ശുദ്ധമായ ഗന്ധകത്തിനു ഗന്ധമില്ലെന്നതാണു് വാസ്തവം. അത് മറ്റൊന്നുമായി കൂടിചേരുമ്പോള്‍ അസഹനീയമായ ഗന്ധം വരുന്നു. ഇവിടെ തിന്മയുടെ പ്രതീകമായി ഗന്ധകത്തെ കാണുമ്പോള്‍ അതിനു് മുമ്പ് ഗന്ധം സൃഷ്‌ടിക്കപ്പെട്ടു എന്നു കവി പറയുന്നു. രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്നും ഉരുത്തിരിയുന്നു. അതായത് ശുദ്ധമായ ഒന്നിനും ഗന്ധമില്ല. എന്നാല്‍ അതിന്റെ ഘടനയനുസരിച്ച് അതിലുണ്ടാകുന്ന ചില രാസമാറ്റങ്ങള്‍ ആ പരിശുദ്ധതയെ മലിനമാക്കുന്നു, മറ്റുള്ളതിനു് അതിനെ ഗന്ധമുള്ളതാക്കാന്‍ കഴിയുന്നു. കാരണം ഗന്ധം മുമ്പേ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. മുന്‍കരുതലുകള്‍ ഇല്ലാതിരുന്നാല്‍ എന്തും മറ്റൊന്നായി ചേര്‍ന്നു് വേറൊരു ഗന്ധം പുറപ്പെടുവിക്കും.
ഇതിലെ വൈരുദ്ധ്യം ചില ഗന്ധങ്ങള്‍ പരസ്‌പരം ആകര്‍ഷിക്കയും കൂടിചേരുകയും ചെയ്യുന്നു എന്നതാണു്. അത് പ്രകൃതിയുടെ ആവശ്യമാണെങ്കിലും അവ വിലക്കപ്പെട്ടിരിക്കുന്നു..ആദി പിതാവും ആദി മാതാവും നിഷ്‌ക്കളങ്കരായിരുന്നു. എന്നാല്‍ അവരില്‍ പാപം മറഞ്ഞിരുന്നു എന്ന ഒരു ധ്വനിയുള്ളതായി വരുന്നുണ്ട്. അത്‌കൊണ്ടാണു് അവര്‍ നിസ്സഹായരായി പഴം തിന്നത് അല്ലെങ്കില്‍ അവരുടെ രാസഗന്ധങ്ങള്‍ അവരെ ഒന്നാക്കിയത്.
വിലക്കപ്പെട്ട മരത്തില്‍ ഫലങ്ങള്‍ വിളഞ്ഞപ്പോള്‍ അത് ഒരു ഗന്ധം പുറപ്പെടുവിച്ചു കാണും. പഴങ്ങളുടെ ഗന്ധം നാവിലെ രസഗ്രന്ഥികളെ ത്രസിപ്പിക്കുമ്പോള്‍ അത് തിന്നാനുള്ള ആശ വരുന്നത് സ്വാഭാവികം. ആദവും ഹവ്വയും കൊതിപ്പിക്കുന്ന ആപ്പിളിന്റെ മണത്തിനു പുറകെയല്ല പോയത് എന്ന് കവി ശങ്കിക്കുന്നു. കവിതയുടെ ആസ്വാദന ഭംഗി ഇവിടെയാണു്.., അവര്‍ നഗ്നരായിരുന്നു. പരസ്‌പരം നഗ്നത കണ്ട് കൊണ്ടിരുന്നവര്‍ക്ക് അതുമൂലം ലജ്‌ജയില്ലായിരുന്നു. അവര്‍ കുട്ടികളായിരുന്നിരിക്കണം. എന്നാല്‍ ആപ്പിളിന്റെ മണം വന്നനാള്‍ അവരും പൂത്തു തളിര്‍ത്തുവെന്ന് ഈ വരികള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നു. എസ്ട്രോജന്‍, ടെസ്‌റ്റസ്‌റ്റെറോണ്‍ വികാരവിയര്‍പ്പിന്‍ ശൂരതയില്‍ ഉന്മാദശ്ശൂരിനേയോ…. സ്ത്രീ പുരുഷന്മാര്‍ക്ക് പ്രായപൂര്‍ത്തിവരുമ്പോള്‍ അവരിലെ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു, .ആദവും ഹവ-യും വിലക്കപ്പെട്ട കനി തിന്നാന്‍ പോയത് കനിയുടെ രുചിയറിയാനുള്ള ആകാംക്ഷ കൊണ്ടാണോ അതോ തമ്മില്‍ തമ്മില്‍ പ്രായം നിറക്കുന്ന വികാരത്തിന്റെ ഗന്ധം അവരെ പ്രേരിപ്പിക്കുന്നത് കൊണ്ടാണോ ഇത് കവിയുടെ യുക്തിയുക്തമായ ചോദ്യം.
കേട്ടതെല്ലാം വിശ്വസിക്കുകയും അതേപടി പകര്‍ത്തുകയും ചെയ്യുന്നവരോടുള്ള ഒരു ചോദ്യമായി ഇതിനെ കണക്കാക്കാം. സ്വന്തം ഗന്ധത്തിന്റെ പ്രേരണയും ശക്തിയും മനസ്സിലാക്കാതെ പാപം പാമ്പിനെ പോലെ ഇഴഞ്ഞ് വരുന്നു എന്ന് പറഞ്ഞ് ഒരു പാപ–പുണ്യ നീതിയെപ്പറ്റി സ്‌ഥാപിക്കാനാണു മനുഷ്യര്‍ക്ക് താല്‍പ്പര്യം. വാസ്തവത്തില്‍ ശുദ്ധമായ ഗന്ധകത്തിനെപോലെ ശൈശവ –ബാല–കൌമാര കാലം വരെ മനുഷ്യരും നിഷക്കളങ്കരായിരിക്കുന്നു. യവ്വനം അവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് ചെകുത്താന്‍ ഉത്തരവാദിയല്ല. കാരണം ഗന്ധം ആദ്യമേ സ്രുഷ്‌ടിക്കപ്പെട്ടിരുന്നു. ഗന്ധകത്തിന്റെ ഗന്ധത്തെ പിശാചിന്റെ സാന്നിദ്ധ്യമായി പഴമക്കാര്‍ കരുതിയിരുന്നത് വെറും അന്ധവിശ്വാസത്തിന്റെ പേരിലാണു. കാരണം ശരീരത്തില്‍ നിന്നും വായു വഹിച്ചുകൊണ്ട് പോകുന്ന ഒരു രാസദ്രവ്യമുണ്ട് അതിന്റെ ഗന്ധം മറ്റുള്ളവരില്‍ ഒരു വികാരവേലിയേറ്റം നടത്തുന്നു. ഇതിനെ ഇംഗ്ലീഷില്‍ ഫെറൊമോണ്‍ (pheromone) എന്ന് പറയുന്നു. കവിയുടെ അഭിപ്രായത്തില്‍ ആദാമും ഹവ്വയും വിലക്കപ്പെട്ട കനി തിന്നാന്‍ ഓടിയത് വാസ്തവത്തില്‍ അവരില്‍ തന്നെ കാലം വിളയിപ്പിച്ച ഒരു പഴം ( ഹോര്‍മോണുകള്‍ ) ചെലുത്തിയ സ്വാധീനം കൊണ്ടാണു.
മനുഷ്യ മസ്തിഷ്‌ക്കം വ്യത്യസ്ത നിറങ്ങള്‍ക്കും ഓരോ മണം നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് കൊണ്ടായിരിക്കാം ഭാഷയില്‍ പര്യായപദങ്ങള്‍ ഉണ്ടായത്. അങ്ങനെ വാക്കുകള്‍ക്ക് ഗന്ധം വന്നു. “നാറ്റിക്കുക” എന്ന ശൈലിയുണ്ടായതും കവി കണ്ടെത്തുന്നുണ്ട്. നേരത്തെ ശരീരത്തിലെ ഗന്ധങ്ങളെ കുറിച്ച് പറഞ്ഞ കവി ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേറൊരാളെ “നാറ്റിക്കുന്ന” പ്രക്രീയയെപറ്റി പറയുന്നു. ഒരേവീട്ടില്‍ കഴിയുന്ന ഒപ്പം ഋതുമതികളായ രണ്ടു സ്ത്രീകള്‍ ഒരേപോലെ പെരുമാറുമെന്ന് ശാസ്ത്രം പറയുന്നു. അവരില്‍ നിന്നും പുറപ്പെടുന്ന ഒരേ ഗന്ധത്തിന്റെ ശക്‌തിയാകാം അവരെ രമ്യതയില്‍ നിറുത്തുന്നത്. വാക്കുകള്‍കൊണ്ട് മറ്റുള്ളവരെ നാറ്റിക്കുന്നവരുടെ പ്രത്യേകത അവര്‍ പുറപ്പെടുവിക്കുന്ന നാറ്റഗന്ധം അതേ അഭിരുചിയുള്ളവര്‍ വഹിച്ചുകൊണ്ട് നടക്കുന്നു എന്നതാണു. എന്നാല്‍ പ്രകൃതിദത്തമായ ഗന്ധങ്ങള്‍ ഓരോ ഉദേശ്യത്തോടെ ഊറികൂടുകയും അതിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. എന്നാല്‍ നാറ്റപ്രഭു എന്ന് കവി വിശേഷിപ്പിക്കുന്ന മനുഷ്യന്‍ വിതറുന്ന നാറ്റം ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു സമൂഹത്തെ നശിപ്പിക്കാന്‍ പര്യാപ്തമാണെന്ന് സൂചന തരുന്നു.
കവിത അവസാനിപ്പിച്ചിരിക്കുന്നതിലും ഒരു പുതുമയുണ്ട്. വിവാഹത്തിനു തടസ്സങ്ങള്‍ കാണുന്നു എന്ന ഒരു പ്രവചനം കന്യകമാരെ പരിഭ്രമിപ്പിക്കുന്നു. അതിനു പ്രതിവിധിയായിട്ട് നിര്‍ദ്ദേശിക്കപ്പെട്ട ഒരു അനുഷ്‌ഠാനമാണു് കുംഭപൂജ. പൂജാവിധിപ്രകാരം ഒരു കുടം തലയില്‍ വച്ച് കന്യകമാര്‍ നടത്തുന്ന ഒരു കര്‍മ്മം. അവര്‍ക്ക് ഉത്സാഹവും ഉന്മേഷവും പകരാന്‍ മുന്നില്‍ ആര്‍പ്പു വിളിച്ച് നില്‍ക്കുന്ന മറ്റ് കന്യകമാര്‍ . അവരുടെ സ്വന്തം വിവാഹദിനമോര്‍ത്ത് ആ രതിസുഖനിര്‍വൃതി നുണയുന്നതു കവി ‘കണ്ണോര്‍ക്കുന്നു“. ഒരു രംഗം നമ്മള്‍ മനസ്സില്‍ കാണുന്നു. പക്ഷെ കവി കണ്ണോര്‍ക്കുകയാണു. മുമ്പ് കണ്ട ഒരു രംഗത്തിലേക്ക് കണ്ണും മനസ്സും ചെല്ലുന്ന ഒരവസ്‌ഥ. കാരണം പരിചയമുള്ള ഗന്ധങ്ങള്‍ അവിടെയും ഉയരുന്നു. ഇവരും കൂട്ടുകാരനെ (ആദാമിനെ) അന്വേഷിക്കുന്നു. ചുവട് തെറ്റിക്കാതെ നൃത്തമാടുന്ന കന്യകമാരുടെ ”ചര്‍മ്മവാദ്യ നടയ്ക്കു കാതോര്‍ത്ത് നില്‍ക്കുന്ന എന്ന പ്രയോഗം പ്രാധാന്യമര്‍ഹിക്കുന്നു. കവിതയുടെ ആദ്യ ഭാഗങ്ങളില്‍ നിറമൊരു ഗന്ധം എന്ന വിവരണത്തോട് പ്രസ്തുത വരികള്‍ ചേര്‍ന്നു നില്‍ക്കുന്നു. കാരണം വ്യത്യസ്ഥ വികാരങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ അതിന്റെ പ്രതികരണം തൊലിയേയും ബാധിക്കുന്നു. വിവര്‍ണ്ണമാകല്‍ , ശോണിമ പരക്കല്‍ , കോരിതരിക്കല്‍ തുടങ്ങിയ അനുഭവങ്ങള്‍ തൊലിക്കും ശരീരത്തിനും വ്യതാസമുണ്ടാക്കുന്നുണ്ട്. അപ്പോഴെല്ലാം ശരീരം ഓരോ ഗന്ധങ്ങള്‍ ഉത്ഭവിപ്പിക്കുന്നു. വിവാഹത്തിന്റെ മുടക്ക് മാറ്റാന്‍ അനുഷ്‌ഠിക്കുന്ന നൃത്തങ്ങളില്‍ കന്യാചര്‍മ്മങ്ങള്‍ ആവേശം കൊള്ളുമായിരിക്കാം. മുന്നില്‍ ആര്‍പ്പ് വിളിച്ച് നില്‍ക്കുന്ന കന്യകമാരില്‍ അത്തരം ചിന്തകളുണ്ടാകം അതു കൊണ്ടായിരിക്കും അവര്‍ കണ്ണോര്‍ത്തത്. വാദ്യങ്ങളുടെ ശബ്‌ദമല്ല മറിച്ച് ആ രംഗം അവര്‍ ഭാവനയില്‍ കാണുകയാണ് വളരെ കയ്യടക്കത്തോടെ കവി ഈ വിഷയം അവതരിപ്പിച്ചിട്ടിട്ടുണ്ട്.
കശ്മലന്‍
(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, (D.Sc, Ph.D.)
*******************
അന്ത്യശ്വാസ കോട്ടുവായുവില്‍
അമ്മിഞ്ഞ മണമുള്ളമ്മ മുരളവേ
മസ്തിഷ്ക്കാഘാത തലപ്പെരുപ്പില്‍
താടികോട്ടി ഹൃദയം ത്രസിക്കെ
വലം തലച്ചോറാമര്‍ദ്ധഗോളം
ഇടംപക്ഷപാത മരവിപ്പാകെ
കാറുകോരി വൈദ്യുതീനാളം
പ്രാണവായൂയന്ത്രമണയ്ക്കെ
വായുമുട്ടി മിടിപ്പിന്‍ താളം
അവതാള ചൊല്‍ക്കെട്ടാകെ:
പാപമോചനക്കടം തീര്‍ക്കാന്‍
നെഞ്ചില്‍ കൈയിടിച്ചോര്‍മ്മയില്‍
നെഞ്ചോടുച്ചേര്‍ത്തു തലോടാതെ
മുഷ്ടിയാല്‍ കഠിനമര്‍ദ്ദനത്തില്‍
പ്രാണക്കിളിയെ കൂട്ടില്‍ മടക്കേ
കൂട്ടാരുടെ സംഘഗാനശ്ശീലില്‍
നാട്ടാര്‍ ഈരടിച്ചിട്ട പെരുക്കും:
സ്വന്തമമ്മയെ കണ്ണീരിലാഴ്ത്താന്‍
പുനര്‍ജന്മപത്രം ചില്ലിട്ടുച്ചാര്‍ത്തി
തൂണില്‍ തറയ്ക്കും കശ്മലന്‍!
മാതാവിന്റെ വാത്സല്യങ്ങള്‍ മനസ്സിലാക്കുന്ന മകന്‍ അവര്‍ക്കായി അനുഷ്‌ഠിക്കുന്ന പ്രവര്‍ത്തി വാസ്തവത്തില്‍ അവര്‍ക്ക് എങ്ങനെ ഗുണകരമാകുന്നില്ലെന്ന സത്യത്തിന്റെ പൊരുള്‍ നിവര്‍ത്തപ്പെടുന്നീ കവിതയില്‍ . കശ്‌മലന്‍ എന്ന വാക്കിന്റെ അര്‍ത്ഥം നിന്ദ്യന്‍, പാപി എന്നൊക്കെയാണു. ദയാവധത്തിന്റെ ഒരു പശ്‌ചാത്തലവും ഈ കവിതക്കുണ്ട്. രോഗക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ അതില്‍ നിന്നും വിടുവിക്കാന്‍ ദയാവധം ഉപയോഗിക്കാമെന്നുള്ള കാര്യത്തില്‍ മനുഷ്യര്‍ തമ്മില്‍ തര്‍ക്കമുണ്ട്. കാരണം ജീവന്‍ തരാനും തിരിച്ചെടുക്കാനും ദൈവത്തിനു മാത്രമേ അവകാശമുള്ളുവെന്ന് വിശ്വാസം തന്നെ.. ജീവന്‍ നിലനിര്‍ത്താന്‍ മനുഷ്യന്‍ മരുന്നുകളും, യന്ത്രങ്ങളും ഉപയോഗിക്കുമ്പോള്‍ ദയാവധം നടപ്പാക്കാന്‍ മനുഷ്യര്‍ കാണിക്കുന്ന വൈഷമ്യത്തിനു നേരെ കവി കൈചൂണ്ടുന്നുണ്ട്. അതാണിതിലെ വ്യംഗോക്‌തി. (irony).
ജീവന്‍ നിലനിര്‍ത്താനുള്ള ഒരു ആസ്‌പത്രി ഉപകരണത്തിന്റെ സഹായത്താല്‍ ശ്വാസോഛ്വാസം നടത്തിയിരുന്ന അമ്മയുടെ സ്‌നേഹ മണത്തിനരികെ കരുതലോടെ ഇരുന്ന പുത്രന്‍ പെട്ടെന്ന് വൈദ്യുതി പോയപ്പോള്‍ നിന്നു പോയ യന്ത്രത്തിനു പകരമായി കൃത്രിമ ശ്വാസോച്ഛാസം അമ്മക്ക് നല്‍കുന്നു. മാറില്‍ മര്‍ദ്ദിച്ചും അമ്മയുടെ ജീവനെ പിടിച്ച് നിര്‍ത്താന്‍ അയാള്‍ പെടാപ്പാട് പെട്ടു. ഈ മാറത്തടിയെ കാത്തോലിക്ക വിശ്വാസികളുടെ കുമ്പസാര പ്രാര്‍ഥനയോടെ കവി ഉപമിക്കുന്നത് കവിതക്ക് ശക്‌തി കൂട്ടുന്നു. തെറ്റ് ചെയ്‌തവര്‍ അതില്‍ വ്യസനം രേഖപ്പെടുത്തി ”എന്റെ പിഴ“ എന്ന് മൂന്നു പ്രാവശ്യം ഉരുവിടുന്നുണ്ടീ പ്രാര്‍ത്ഥനയില്‍ . കൂടാതെ പ്രാര്‍ത്ഥനയില്‍ എന്റെ പിഴ എന്ന ഭാഗം വരുമ്പോള്‍ അവര്‍ നെഞ്ചില്‍ ഇടിക്കുന്നു. ഈ വാക്ക് മൂന്നു പ്രാവശ്യം പറയുന്നത് കൊണ്ട് മൂന്നു പ്രാവശ്യം നെഞ്ചില്‍ ഇടിക്കുന്നുണ്ട്. പിഴക്ക് മാപ്പപേക്ഷിക്കുന്നവര്‍ വിശുദ്ധമാതാവിനോടും അപേക്ഷിക്കുന്നുണ്ട്. ഇവിടെ ഈ മകന്‍ അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതിനുപയോഗിക്കുന്ന മാര്‍ഗ്ഗം എന്റെ പിഴ എന്ന പ്രാര്‍ത്ഥനയുടെ പ്രതീകമാണു. ലൂക്കിന്റെ വചനങ്ങളില്‍ പറയുന്നത് ഃ പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തില്‍ ശരീരത്തിലേക്ക് പറന്നിറങ്ങിയെന്നാണു. പരിശുദ്ധാത്മാവിനെ പ്രാവിനോട് ബൈബിളില്‍ ഉപമിച്ചിരിക്കുന്നു.
അമ്മയുടെ പ്രാണക്കിളിയെ മകന്‍ അവരുടെ നെഞ്ചിന്‍ കൂടിലേക്ക് മടക്കി എന്ന് കവി പറയുന്നു. ചൈതന്യമറ്റ ശരീരത്തില്‍ ആത്മാവിനു ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ജീവശ്ശവം പോലെ അമ്മയെ പുനര്‍ജീവിപ്പിക്കുന്നത് അവരുടെ പടം ചില്ലിട്ട് വക്കുന്ന പോലെ എന്ന് ആലങ്കാരിക പ്രയോഗവും വായനക്കാരുടെ ചിന്തകളെ ഉണര്‍ത്താന്‍ പര്യാപ്തമാണു. കിളി തന്നെ പറന്ന് വരികയല്ല. അത് കൊണ്ട് തന്നെ വിശുദ്ധി നഷ്‌ടപ്പെട്ടിരിക്കുന്നു. നെഞ്ച് കൂട്ടില്‍ മൂന്നു പ്രാവശ്യം ഇടിക്കുന്നത് കൊണ്ടും എന്റെ പിഴ എന്നു മൂന്നു പ്രാവശ്യം പറയുന്നത് കൊണ്ടും ആത്മീയമായ ഉണര്‍വുണ്ടായില്ലെങ്കില്‍ ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന തത്വം കവി സമര്‍ത്ഥിക്കയാണു. അമ്മയെ എപ്പോഴും ദേവതയുടെ രൂപത്തില്‍ കാണുന്നത് കൊണ്ട് അത് വിശുദ്ധമാതാവിന്റെ പ്രതീകമാണു. മകന്‍ അമ്മയുടെ നെഞ്ചില്‍ മര്‍ദ്ദിച്ച് കൃത്രിമ ശ്വാസോച്ഛാസം നടത്തി അവരെ ഒരു പടം പോലെ വച്ചു പൂജിക്കുന്നു.
വാക്കുകള്‍ അര്‍ത്ഥവാളാകുമ്പോള്‍
(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D.)
***************