മാറുന്ന വിദ്യ ‘അഭ്യാസം’ (ലേഖനം ) ഗീത രാജന്‍)

0
1440

style="text-align: center;">മാറുന്ന വിദ്യ ‘അഭ്യാസം’ (ലേഖനം ) ഗീത രാജന്‍)
************************************
പഠനം…! നിര്‍വചിക്കാനാവാത്ത ഒരു പ്രതിഭാസം! ജനമൃതികള്‍ക്കിടയില്‍ അരങ്ങേറുന്നൊരു നാടകം പോലെ…ഒരു കുഞ്ഞു ഇരുളിന്റെ മറ നീക്കി വെളിച്ചത്തിലേക്ക് പിറന്നു വീഴുന്നത് മുതല്‍ അവന്‍ പഠിക്കാന്‍ തുടങ്ങുകയായി! സാഹചര്യങ്ങളുടെ സംമാര്‍ദ്ധത്താല്‍ പരിസരങ്ങളില്‍ നിന്നും അവന്റെ ആവശ്യാനുസരണം കാര്യങ്ങള്‍ ഗ്രഹിക്കുകയും അതു പ്രവര്‍ത്തി തലത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു. അതൊരു തുടര്‍ച്ചയാണ്! മരിക്കുവോളം തുടരുന്ന പ്രക്രിയ! കാലത്തിന്റെ ഓട്ടത്തിനൊപ്പം എത്തിച്ചേരാന്‍ ബോധപൂര്‍വ്വമായ ഒരു പഠനം അനിവാര്യമായി തീര്‍ന്നത് കൊണ്ടാവാം നമ്മുടെ പൂര്‍വ്വികര്‍ വിദ്യ “അഭ്യാസം” എന്നൊന്ന് തുടങ്ങി വച്ചത്…ഗുരുകുലത്തില്‍ തുടങ്ങിയ ആ പ്രക്രിയയുടെ യാത്ര നീണ്ടു പോവുകയാണ്….
സന്ധ്യക്ക്‌ വിളക്ക് വച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മക്ക് ഒരു കാര്യം മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളു…images
“ബുക്ക്‌ എടുത്തു വച്ചു പഠിക്കെടി…” അതു കേള്‍ക്കുമ്പോള്‍ തോന്നി പോയിട്ടുണ്ട്….ഈ പഠിത്തം കണ്ടു പിടിച്ചതരാണ്?….ഹോ…ആരെയൊക്കെയോ മനസ്സില്‍ ശപിച്ചു കൊണ്ട് പുസ്തകങ്ങളിലേക്ക് അരിച്ചിറങ്ങിയ ബാല്യം! ചോദ്യോത്തരങ്ങള്‍ വായിച്ചു മനപ്പാഠമാക്കുമ്പോള്‍ എന്താണ് ഞാന്‍ ചെയ്യുന്നതെന്നൊ ..എന്തിനു വേണ്ടിയെന്നൊ പോലും അറിയാതെ ആര്‍ക്കൊക്കെയോ വേണ്ടി പുസ്തകത്തിന്റെ പേജുകളിലൂടെ കടന്നു പോയ കൌമാരം! കാലച്ചക്രങ്ങളിലൂടെ ഒഴുകിയ ഞാന്‍ ഏത്തപെട്ടതോ അദ്ധ്യപനത്തിലും!!
വിധിയുടെ വിളയാട്ടം പോലെ എന്നെ ഈ അത്ഭുതങ്ങളുടെ നാട്ടിലേക്കു പറിച്ചു നടുമ്പോള്‍ എന്റെ സമ്പാദ്യമായി എനിക്കുണ്ടായിരുന്നത് സ്പെഷ്യല്‍ എജ്യുക്കേഷനില ഒരു ഡിഗ്രിയും, അദ്ധ്യപികയായി ആയി ജോലി ചെയ്ത 15 വര്‍ഷങ്ങളുടെ പരിചയവും, പിന്നെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ രംഗത്ത് വിവിധ മേഖലകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും എന്നൊരു സ്വകാര്യ അഹങ്കാരവും ആയിരുന്നു! അതുകൊണ്ട് തന്നെ ഇവിടെ പബ്ലിക്‌ സ്കൂളില്‍ നിയമനം ലഭിച്ചപ്പോള്‍, ജോലിയുടെ കാര്യത്തില്‍ യാതൊരു അങ്കലാപ്പുകളും ഉണ്ടായിരുന്നില്ല! അമേരിക്ക എന്ന മഹാനഗരത്തിലേക്ക്‌ ‍ ചേക്കേറുന്നതിന്റെ ആകാഷയും ഉത്ക്കണ്ടയും പിന്നെ പ്രിയപെട്ടവരെയൊക്കെ പിരിയുന്നതിന്റെ വേദനയുമൊക്കെ കലര്‍ന്ന സമ്മിശ്ര വികാരമായിരുന്നു എന്നെ ഭരിച്ചിരുന്നത്!
ഇവിടെ എത്തി, അദ്ധ്യാപികയായി പ്രവേശിച്ചു ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക്‌ മനസിലായി…എന്റെ 15 വര്‍ഷങ്ങളെ ഞാന്‍ മറന്നെ മതിയാകൂ, എന്നിട്ട് ആ ടീച്ചിംഗ് ട്രെയിനിംഗ് കാലഘട്ടത്തിലേക്ക് ഇറങ്ങി ചെല്ലണം… എന്നാല്‍ മാത്രമേ ഇവിടെ ഒരു അദ്ധ്യാപിക എന്ന നിലയില്‍ എനിക്ക്‌ വിജയിക്കാന്‍ കഴിയു എന്ന്! കാരണം ഇവിടെ ഓരോ ദിവസവും ഒരു പുതിയ ദിവസം ആണ്…
നാട്ടില്‍ ടീച്ചര്‍ ട്രെയിനിംഗ് സമയങ്ങളില്‍ മാത്രം അനുഭവിച്ചിരുന്ന സംഘര്‍ഷാവസ്ഥയായിരുന്നു ഓരോ ദിവസവും! അദ്ധ്യാപന നിയമങ്ങളും ‍ തത്വങ്ങളും ഒക്കെ നാട്ടിലും ഇവിടെയും ഒന്ന് തന്നെ! പക്ഷെ അവയൊക്കെ പ്രവര്‍ത്തി തലത്തില്‍ കൊണ്ടുവരുന്ന രീതി ആയിരുന്നു വ്യത്യസ്തമായി എനിക്ക്‌ തോന്നിയത്. നാട്ടില്‍ പഠിപ്പിക്കലിന്റെ എല്ലാ ഘട്ടത്തിലൂടെ കടന്നു പോകുന്നതും, ശരിയായ പഠിപ്പിക്കല്‍ അതായതു ശാസ്ത്രിയമായ അദ്ധ്യാപനം എന്ന പ്രക്രിയ നടക്കുന്നത് അദ്ധ്യാപക പരിശീലന ഘട്ടത്തില്‍ മാത്രമാണ്! പഠിപ്പിക്കലിന്റെ രൂപരേഖ (Lesson Plan) തയ്യാറാക്കി, അതിനനുസരിച്ച് അനുബന്ധ പഠന സഹായ സാമഗ്രഹികള്‍ ‍ (Teaching materials) ഉണ്ടാക്കി, എല്ലാ വിധ സജ്ജീകരണങ്ങളോടും തയ്യാറെടുപ്പോടും കൂടി ക്ലാസ്സില്‍ എത്തുക, പഠിപ്പിക്കാന്‍ പോകുന്ന വിഷയം അവതരിപ്പിച്ചു, അതു പഠിക്കുന്നതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കി പഠനത്തിലേക്ക് കുട്ടികളെ കൊണ്ട് വരിക, വിവിധ തലങ്ങളിലൂടെ വിവധ മാദ്ധ്യമങ്ങളിലൂടെ വിഷയം മനസിലാക്കി കൊടുക്കുക, അതു പ്രായോഗിക തലത്തില്‍ പ്രവര്‍ത്തിച്ചു മനസിലാക്കാനുള്ള അവസരം നല്‍കുക, വിഷയം സ്വായത്തമാക്കുന്നതിലേക്ക് ആവശ്യമായ പ്രാക്ടീസിനു അവസരം നല്‍കുക, കുട്ടികള്‍ എത്രത്തോളം കാര്യങ്ങള്‍ ഗ്രഹിച്ചു എന്ന് പരീക്ഷിച്ചറിയുക, തുടങ്ങിയ വിവധ പടികളിലായി കടന്നു പോകുന്ന അദ്ധ്യാപനം കുട്ടികളെ പഠനത്തിലേക്ക് കൊണ്ട് വരാനും, കാര്യങ്ങള്‍ ശരിയായ രീതിയില്‍ ഗ്രഹിക്കാനും അതും പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താനും അവരെ പ്രാപ്തരാക്കുന്നു!
ഇവിടെ ഈ രീതി തന്നെ എല്ലാ ദിവസവും തുടരുന്നു എന്നതായിരുന്നു ഒരു പ്രത്യകത! പരിചയ സമ്പന്നരായ അദ്ധ്യാപകര്‍ പോലും സ്കൂള്‍ തലത്തിലും ഡിസ്ട്രിക്റ്റ് തലത്തിലം അട്മിനിസ്ട്രെടിവ് ടീമിന്റെ നിരീക്ഷണത്തിനും വിലയിരുത്തലിനും (Observation and evaluation) പാത്രമാകുന്നു എന്നത് എടുത്തു പറയെണ്ടുന്ന ഒരു വസ്തുതയാണ്! ഓരോ നിരീക്ഷണം കഴിയുമ്പോള്‍ ഇവാല്യുഷന്‍ റിപ്പോര്‍ട്ട്‌ നല്‍കും . നിരീക്ഷണത്തില്‍ അദ്ധ്യാപകര്‍ എന്തെങ്കിലും വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍ പിന്നെ കോണ്‍ഫറന്‍സ്…. വാണിംഗ്.. ഡിസ്മിസല്‍… ഇങ്ങനെ വിവധ പടികളിലയുള്ള നടപടികള്‍! ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയെ ഇല്ല! ആര്‍ക്കും തന്നെ ജോലി സ്ഥിരത ഇല്ല എന്നത് മറ്റൊരു സവിശേഷതയും . എത്ര വര്‍ഷത്തെ പരിചയ സമ്പന്നരയാലും ഒരു വര്‍ഷത്തെ കോണ്ട്രാക്റ്റ് മാത്രം! . ജോലിയില്‍ തുടരണമെങ്കില്‍ ജോലി ചെയ്തെ മതിയാവു. എന്ന് ചുരുക്കം!!
ഇവിടുത്തെ വിദ്യാഭ്യാസ രീതിയില്‍ എനിക്ക്‌ ഏറെ ആകര്‍ഷണീയമായി തോന്നിയ കാര്യം കുട്ടികളുടെ വിലയിരുത്തലും മൂല്യ നിര്‍ണയവും ആയിരുന്നു. നമ്മുടെ നാട്ടില്‍ ഞാന്‍ കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു രീതി! വര്‍ഷത്തിലെ മുഴുവന്‍ പ്രവര്‍ത്തി ദിനങ്ങളിലും ഓരോ കുട്ടിയും വിലയിരുത്തപെടുന്നു…. അവരുടെ ഓരോ പ്രവര്‍ത്തിയും, സ്വഭാവവും . .പഠിക്കുക എന്നത് ഒരു പുസ്തക പാരായണമോ അല്ലെങ്കില്‍ ചോദ്യോത്തരങ്ങള്‍ വായിച്ചു പഠിച്ചു അറിവ് സമ്പാതിക്കുന്ന ഒരു രീതിയെ അല്ല. മറിച്ചു LKG മുതല്‍ പ്രോജെക്റ്റിലൂടെ പരീക്ഷണങ്ങളിലൂടെ പ്രായോഗിക തലത്തില്‍ (application level)‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നു. മാത്രമല്ല; ഒരു വിഷയം പഠിക്കുമ്പോള്‍ അതിന്റെ വിവിധ വശങ്ങള്‍, മനസിലാക്കുകയും അതു പ്രവര്‍ത്തിയിലൂടെ അനുഭവത്തിലൂടെ സ്വായത്തമാക്കാനുള്ള അവസരം ലഭിക്കുന്നു എന്നതും വല്ല്യ ഒരു നേട്ടം തന്നെയാണ്!100305-N-7676W-182
ക്ലാസ്സ്‌ മുറികളില്‍ കിട്ടുന്ന അറിവ് വളരെ സ്വാഭാവികമായി തന്നെ ജീവിതത്തിലേക്ക് ‍ പകര്‍ത്താന്‍ കഴിയുന്നു എന്ന് ചുരുക്കം! മാത്രമല്ല കുട്ടികള്‍ക്ക് പരീക്ഷ ഭീതി ഒട്ടു തന്നെ ഇല്ല എന്ന് പറയാം! പൊതു പരീക്ഷകള്‍ പോലും ഒരു ക്ലാസ്സ്‌ ടെസ്റ്റിന്റെ ലാഘവത്തോടെ സമീപിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നു. അല്ലെങ്കില്‍ ഒരു പരീക്ഷയിലൂടെ മാത്രമല്ല അവരുടെ ഭാവി നിര്‍ണയിക്കപെടുന്നത് എന്ന അറിവ് കൂടി ആയിരിക്കാം പരീക്ഷ ഭീതി ഇല്ലതെയാവാന്‍ കാരണം. ക്ലാസ്സ്‌ വര്‍ക്ക്‌ തുടങ്ങി ഹോം വര്‍ക്ക്‌ വരെയുള്ള കുട്ടികളുടെ പ്രവര്‍ത്തിയുടെ ആവറേജ് ആണ് അവരുടെ ഫൈനല്‍ ഗ്രേഡ്!
ആര്‍ട്ട് മ്യൂസിക്‌, ഫിസികല്‍ എഡ്യുക്കേഷന്‍ ലൈബ്രറി തുടങ്ങിയവ നിര്‍ബന്ധിത വിഷയങ്ങള്‍ ആണ്.. മറ്റു പാഠ്യവിഷയങ്ങള്‍ പോലെ ഇവയും ഗ്രേഡ് ചെയ്യപെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതു കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും സാധിക്കുന്നു!. വിദ്യാഭ്യാസം എന്നത് പൂര്‍ണമായ ഒരു കുട്ടിയെ (Whole child) വാര്‍ത്തെടുക്കുക എന്ന തത്വം അക്ഷരാര്‍ഥത്തില്‍ നടപ്പില്‍ വരുത്തുന്നു. കുട്ടിയുടെ ബുദ്ധിപരവും മാനസികവും സാമൂഹ്യവും ശാരീരികവുമായ വളര്‍ച്ചയെ സഹായിക്കുന്ന തരത്തിലുള്ള ഈ വിദ്ധ്യാഭ്യാസ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു എന്ന കാര്യത്തില്‍ സംശയമേ ഇല്ല!
എന്നെ ഏറെ അത്ഭുതപെടുത്തിയ മറ്റൊരു ഘടകം ‌ ഇവിടുത്തെ ടെക്നോളജി ആയിരുന്നു! 5 കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന എന്റെ ക്ലാസ്സില്‍ 3 കമ്പ്യൂട്ടര്‍ ഒരു LCD പ്രോജെക്ടര്‍, TV , DVD , ഓവര്‍ ഹെഡ് പ്രോജെക്ടര്‍ തുടങ്ങി ടെക്നോളജിയുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു! ഇവടെ സ്പെഷ്യല്‍ നീഡ്‌ കുട്ടികള്‍ക്കായി പ്രത്യക വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ പബ്ലിക്‌ സ്കൂളിന്റെ തന്നെ ഭാഗമായിരുന്നു! അതുകൊണ്ട് തന്നെ അദ്ധ്യാപകരും സ്പെഷ്യല്‍ കുട്ടികളും പൊതു വിദ്ധ്യഭ്യസത്തില്‍ നിന്നും ഒഴിവക്കപെട്ടിരുന്നില്ല എന്നതാണ് സത്യം!
പ്രിമിത്ത്യന്‍ ‍ ബോര്‍ഡ്‌, തീം ബോര്‍ഡ്‌, സ്മാര്‍ട്ട്‌ ബോര്‍ഡ്‌ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ പഠനത്തെ കൂടുതല്‍ തല്പ്പര്യജനകമാക്കുന്നു! രണ്ടാം ക്ലാസ്സുമുതല്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ലാപ്ടോപ് ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇത് കുട്ടികള്‍ക്ക് വളരെ തന്മയത്തത്തോട് കൂടി ആത്യധുനിക സംവിധാനങ്ങളും ടെക്നോളജിയും വശത്താക്കാന്‍ സഹായിക്കുന്നു!
ഇതൊക്കെയാണെങ്കിലും ടെക്നോളജിയുടെ അതിപ്രസരം ഈ കുട്ടികളെ ഇത്തിരി മടിയന്‍മാര്‍ ആക്കുന്നില്ലേ എന്ന സംശയം ബാക്കിയാകുന്നു! കൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് പോലും ടെക്നോളജിയെ വല്ലാതെ ആശ്രയിക്കുന്നു എന്ന് തോന്നി പോയിട്ടുണ്ട്. ചെറിയ ചെറിയ കണക്കുകൂട്ടലുകള്‍ക്കുപോലും കാല്ക്കുലേറ്ററിനെ ആശ്രയിക്കേണ്ടി വരുന്നു എന്നത് അപക്വമായി ഒരു പ്രവണതയായി തോന്നിയിരുന്നു .. പിന്നെ ഇവിടെ ജനിച്ചു വളര്‍ന്നു ഇവിടെ തന്നെ ജീവിക്കുന്നവര്‍ക്ക് അതൊരു പ്രശ്നം ആവില്ലായിരിക്കാം! കാരണം കണക്കുക്കൂട്ടലുകള്‍ ഒക്കെ മെഷീന്‍ ചെയ്തോളുമല്ലോ. ജീവിതത്തിന്റെ എല്ലാ തലങ്ങളും മെഷിനുകളുമായി ബന്ധിചിരിക്കുകയല്ലേ! അപ്പോള്‍ പിന്നെ ഹൈ ടെക് ജീവിത സാഹചര്യത്തില്‍ മനുഷ്യന് സ്വന്തം തലച്ചോറിനു വിശ്രമം കൊടുക്കാമല്ലോ അല്ലെ? എന്റെ വേരുകള്‍ അങ്ങ് കേരളത്തിലേക്ക് പടര്‍ന്നു കിടക്കുന്നത് കൊണ്ടാവാം ഇതൊരു അപകതയായി എനിക്ക്‌ തോന്നിയത്.
ഉന്നത പ്രതീക്ഷ (High Expectation) പുലര്‍ത്തുന്ന വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ തന്നെയാണ് രാജാവ്! ( child centered) അധ്യാപകര്‍ വെറും സേവകര്‍ മാത്രം! (Facilitator) പഠിപ്പിക്കുക എന്നതിനേക്കാള്‍ കുട്ടികളെ പഠനത്തില്‍ സഹായിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് അദ്ധ്യാപകരില്‍ നിക്ഷിപ്തമായിരിക്കുന്നത്! നേരിട്ടുള്ള അദ്ധ്യാപന രീതി അല്ല എന്ന് ചുരുക്കം. ഓരോ കുട്ടികളുടെയും അഭിരുചിക്കനുസരിച്ച് വിവിധ തരം സാഹചര്യത്തിലൂടെ പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്നു! (differentiated Instruction). ദൃശ്യാ മാദ്ധ്യമങ്ങള്‍ വഴിയും ശ്രവണ മാദ്ധ്യമങ്ങള്‍ വഴിയും കുട്ടികളിലേക്ക് എത്തുന്ന നിര്‍ദേശങ്ങള്‍ ക്രോടീകരിക്കാനും അതു പ്രവര്‍ത്തി തലത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നും കണ്ടെത്തേണ്ടത്‌ കുട്ടികള്‍ തന്നെയാണ്. അവരുടെ കണ്ടെത്തലുകള്‍ നടകിയാവിഷ്കരണത്തിലൂടെയോ (role play) പോസ്റ്റെറിലൂടെയോ, റിസേര്‍ച് പേപ്പറിലൂടെയോ പ്രതിഫലിപ്പിക്കാനുള്ള അവസരവും കുട്ടികള്‍ക്ക് നല്‍കുന്നു! അതുകൊണ്ട് തന്നെ പഠിക്കുന്ന കാര്യങ്ങള്‍ മറക്കാനുള്ള സാദ്ധ്യത വളരെ കുറവും! മാത്രമല്ല ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും, കഴിവുകള്‍ക്കതീതമായി കാര്യങ്ങള്‍ പഠിക്കാനും പ്രായോഗിക തലത്തില്‍ ഉപയോഗിക്കാനുമുള്ള അവസരം ലഭിക്കുന്നു!
ഇവിടുത്തെ വിദ്യാഭ്യാസത്തില്‍ മേന്മയെന്നും പോരയ്മയെന്നും ഒരുപോലെ തോന്നിയ ഒരു ഘടകം, കുട്ടികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാനും പഠിക്കാനുമുള്ള സ്വാതന്ത്ര്യം ആണ്. മിഡില്‍ സ്കൂള്‍ മുതല്‍ ഈ സൗകര്യം ലഭ്യമാണ്. ‍നിര്‍ബന്ധിത പഠനം അനിവാര്യമല്ലാത്തതിനാല്‍ ലളിതമായ കോഴ്സുകള്‍ തിരഞ്ഞെടുത്തു ഹൈസ്കൂള്‍ കടന്നു കിട്ടാന്‍ ആയിരിക്കും സാധാരണ കുട്ടികള്‍ ശ്രമിക്കുക! ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസം ഇവര്‍ക്ക് അസാദ്ധ്യമായി തീരുകയും ചെയ്യുന്നു! ഇത് വല്ല്യ ഒരു പോരായ്മ തന്നെയാണ്! അതെ സമയം കഴിവ് കുറഞ്ഞ കുട്ടികള്‍ക്കും, വികലാംഗരായ കുട്ടികള്‍ക്കും മറ്റുള്ളവരോടൊപ്പം തന്നെ പഠിക്കാനും ഹൈസ്കൂള്‍ ഗ്രജ്യുവേറ്റാകാനും സാധിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന നേട്ടവും ആണ്!
ഇത്രയേറെ സൌകര്യങ്ങളും ശാസ്തൃയതയുമൊക്കെ നിലവില്‍ ഉണ്ടെങ്കിലും കുട്ടികളെ അതു പഠനത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കാനൊ ഒരു പരിധിയില്‍ കൂടുതല്‍ പ്രചോദനം നല്‍കാനോ ലക്ഷ്യ ബോധം വളര്‍ത്തിയെടുക്കാനൊ സാധിക്കുന്നില്ല എന്നതും ദുഖകരമായ ഒരു യഥാര്‍ത്ഥ്യം മാത്രമാണ്! കെട്ടുറപ്പില്ലാത്ത കുടുംബ പശ്ചാത്തലങ്ങള്‍ ഒരു പരിധി വരെ ഇതിനു കാരണവുമാണ്!kerala education
നമ്മുടെ കുട്ടികളുടെ ഭാഗ്യവും അവിടെയാണ്! നല്ലൊരു കുടുംബ പശ്ചാത്തലവും ലക്ഷ്യബോധവും പ്രചോദനം പരമായ അന്തരീക്ഷവും നിലവിലുള്ള നമ്മുടെ നാട്ടില്‍, ഉള്ള സാധ്യതകള്‍ കുറച്ചു കൂടി പ്രയോഗ്യക തലത്തിലും ശാസ്ത്രിയവുമായ രീതിയില്‍ നടപ്പിലാക്കിയാല്‍, നമ്മുടെ കുട്ടികളെ വെല്ലു വിളിക്കാന്‍ ഒരു ലോക രാഷ്ട്രത്തിനും കഴിയില്ല എന്നതും പരമാര്‍ത്ഥം മാത്രം! മൂല്ല്യാധിഷ്ഠിതമായ ഒരു അദ്ധ്യാപന ചട്ടക്കൂടില്‍ മാത്രം ഒതുങ്ങുന്നതല്ല യഥാര്‍ത്ഥ വിദ്ധ്യഭ്യാസം. പശ്ചാത്ത്യ സംസ്കാരത്തിന്റെ പുറകെ പായുമ്പോള്‍ ഹൈടെക് സംസ്കാരം കെട്ടി പടുത്തുയര്ത്തുമ്പോള്‍ നമ്മള്‍ അറിയാതെ പോകുന്ന ഒന്നുണ്ട് കെട്ടുറപ്പുള്ള ഒരു കുടുംബ പശ്ചാത്തലമാണ് നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം! അതു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്ടപെടാതെ സൂക്ഷിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കും കഴിയട്ടെ!
****************************************************
/// ഗീതാ രാജന്‍ /// യു.എസ്.മലയാളി ///
****************************************************

Share This:

Comments

comments