നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും മറിയ ഭക്തിയും
ടിന തോമസ് വെട്ടം
*******************************
നന്മനിറഞ്ഞവളെന്ന് മറിയത്തെ ആദ്യം വിളിച്ചത് കത്തോലിക്കനോ മനുഷ്യരില്‍ … ആരെങ്കിലുമോ അല്ല. സ്വര്‍ഗ്ഗ രാജ്യത്തിലെ ഏറ്റവും ചെറിയ ദൂതനുമല്ല ഇപ്രകാരം മറിയത്തെ അഭിവാദ്യം ചെയ്തത്. ദൈവത്തിന്റെ മഹത്വത്തോട് ചേര്‍ന്നിരിക്കുന്ന അതിവിശുദ്ധരായ ഏഴ് ദൂതന്മാരില്‍ ഒരുവനായ ഗബ്രിയേല്‍ ആണെന്നു ബൈബിള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും വ്യക്തമാകും.
നന്മനിറഞ്ഞവളെന്ന് യേശുവിന്റെ അമ്മയെ വിളിക്കുന്നത് പാപമാണെങ്കില്‍ ഈ പാപം കത്തോലിക്കരെ പഠിപ്പിച്ചത് ‘ഗബ്രിയേല്‍ ‘ ദൂതനാണ്. പഠിപ്പിച്ചവനേക്കാള്‍ പാപിയോ പഠിച്ചവര്‍ ?
ദൈവദൂതനായ ഗബ്രിയേല്‍ ഇങ്ങനെ പറയുന്നു; “ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!”(ലൂക്കാ:1; 28)
മനുഷ്യര്‍ പാപികളും ബലഹീനരുമാണെന്ന പൂര്‍ണ്ണമായ അവബോധത്തോടെ കത്തോലിക്കാ വിശ്വാസികള്‍ പ്രാര്ത്ഥിക്കുന്ന ഈ പ്രാര്ത്ഥനയുടെ ഉറവിടം മുഴുവനായും ദൈവവചനമാണ്. ദൈവവചനം ഏറ്റുപറയുന്നത് പാപമാണെന്നു പഠിപ്പിക്കുന്നവര്‍ ആരായിരിക്കും!
ആദ്യഭാഗം ഗബ്രിയേല്‍ ദൂതന്റെ വാക്കുകളാണെങ്കില്‍ പിന്നീടുള്ള ഭാഗം ശ്രേഷ്ഠനായ അന്ത്യപ്രവാചകന്‍ യോഹന്നാന്റെ അമ്മ എലിസബത്ത് പരിശുദ്ധാത്മാവില്‍ പൂരിതയായി പറഞ്ഞവയാണ്. ‘മറിയമ്മെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ’ എന്ന് തുടങ്ങുന്ന ബൈബിള്‍ വചനം വീണ്ടും വേറൊരു വചനത്തിലൂടെ തുടരുകയാണ്; “നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്”(ലൂക്കാ:1 ;42 ,43 ). ഇത് എലിസബത്ത് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ഉദ്ഘോഷിച്ചതാണെന്ന് വചനം പറയുന്നു. ഇത് ദൈവീകമല്ലെന്നു പറയാന്‍ ആര്ക്കാണ് അവകാശം?
പ്രാര്ത്ഥനയുടെ അടുത്തഭാഗം നോക്കാം. ‘പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ’ എന്നത് ഗബ്രിയേല്‍ ദൂതന്റെയും എലിസബത്തിന്റെയും വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. കൃപ നിറഞ്ഞവളെന്നും കര്‍ത്താവ് കൂടെയുള്ളവളെന്നും പറയുമ്പോള്‍ പരിശുദ്ധയെന്നു മനസ്സിലാക്കാന്‍ കത്തോലിക്ക സഭക്ക് കൂടുതല്‍ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. എന്റെ കര്‍ത്താവിന്റെ അമ്മ എന്ന് പറയുന്നതും തമ്പുരാന്റെ അമ്മയെന്ന് പറയുന്നതും ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കണം.
ഇനിയുള്ള ഒരു വാചകം മാത്രമെ കത്തോലിക്കസഭ കൂട്ടിച്ചേര്‍ത്തതായിട്ടുള്ളു. അത് ഇപ്രകാരമാണ്. ‘ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ!’ പൌലോസ് അപ്പസ്തോലന്‍ മറ്റു സാധാരണ വിശ്വാസികളോട് പ്രാര്ത്ഥന ആവശ്യപ്പെടുന്നത് ബൈബിളില്‍ പലയിടത്തും കാണാം. “അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്ത്ഥിക്കുവിന്‍. ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവീന്‍ “(എഫേ:6 ;18 ,19 ).
ബൈബിള്‍ പൂര്‍ണ്ണമായും ദൈവനിവേശിതമായിരിക്കെ വചനം ഏറ്റുപറഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ എങ്ങനെ ദൈവ നിന്ദയാകും എന്നത് എല്ലാ ക്രൈസ്തവരും ചിന്തിക്കണം. സ്ഥാപിത താത്പര്യങ്ങള്‍ക്കായി പുത്തന്‍ സഭകള്‍ സ്ഥാപിക്കുന്നവര്ക്ക് നിലനില്ക്കുന്ന സഭകളെ അധിക്ഷേപിക്കേണ്ടത് അനിവാര്യമായിരിക്കാം. എന്നാല്‍ , ബൈബിളിനെ അടിസ്ഥാനമാക്കി നിലയുറപ്പിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ആക്ഷേപത്തിനായി വചനത്തിലെ സത്യങ്ങളെ അവഗണിക്കുന്നത് ഭൂഷണമല്ല.
ദൈവവചന ശുശ്രൂഷകളിലും , ആരാധനകളിലും , സ്തുതിപ്പുകളിലും , വിജാതീയ ആചാരങ്ങളില്‍ നിന്നും വിടുതല്‍ നേടിയുള്ള ആത്മീയ ജീവിതത്തിലും ‘പ്രൊട്ടസ്റ്റന്റ്’ സഭകളെ ഏറെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ , പരിശുദ്ധ കന്യകാമറിയത്തോടുള്ള അവജ്ഞ അവരുടെ സത്യസന്ധതയെ സംശയിക്കാന്‍ തക്കതും, ഈ നന്മകളെ മുഴുവന്‍ കെടുത്തിക്കളയുന്നതുമാണ്. ദൈവം തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്തവരെ നീചമായി ചിത്രീകരിക്കുമ്പോള്‍ സ്വാഭാവീകമായും വെളിപാടിന്റെ പുസ്തകത്തിലെ ചില മുന്നറിയിപ്പുകള്‍ ഓര്‍മ്മയില്‍ വരും. വെളിപാട് പുസ്തകം പരിശോധിക്കുമ്പോള്‍ യേശുവിനെപ്പോലെതന്നെ മറിയത്തെയും പിശാച് ശത്രുവായി പരിഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി കാണാം. അതിനാല്‍ തന്നെ മറിയത്തെ എതിര്‍ക്കുന്നവര്‍ ആരുടെ വക്താക്കളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.
‘നന്മനിറഞ്ഞ മറിയമേ…’ എന്ന പ്രാര്‍ത്ഥനയും മറിയ ഭക്തിയും മനുഷ്യ നിര്‍മ്മിതമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ഒരു കാര്യവും കൂടി മുഖവിലക്കെടുക്കണം. ഹെസക്കിയ രാജാവിനുവേണ്ടി ഏശയ്യാപ്രവാചകന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു ചലിപ്പിച്ചു. വിശുദ്ധരുടെ പ്രാര്‍ത്ഥനകളിലൂടെ നിലവിലുള്ള സംവിധാനങ്ങളെപോലും മാറ്റിമറിക്കാന് ദൈവം തയ്യാറാകുമെന്ന് വചനത്തിലൂടെ നമുക്കറിയാം .(2 രാജാക്കന്മാര് :20;11)
ഇതിലും അല്പ്പംകൂടി ശ്രേഷ്ഠമായ ഒരു പ്രവര്‍ത്തി കന്യകാമറിയത്തിന്റെ ആവശ്യപ്രകാരം യേശു പ്രവര്‍ത്തിക്കുന്നതായി സുവിശേഷത്തില്‍ കാണാം . കാനായിലെ വിവാഹ വിരുന്നില്‍ യേശു അദ്ഭുതം പ്രവര്‍ത്തിക്കുന്നത് സമയത്തെ പിന്നോട്ട് ചലിപ്പിച്ചുകൊണ്ടാണ്. തന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞ കര്‍ത്താവുതന്നെ വെള്ളം വീഞ്ഞാക്കി അദ്ഭുതങ്ങളുടെ ആരംഭം കുറിക്കുന്നു.(യോഹ:2;1-11)
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുമായിട്ടാണ് കര്‍ത്താവ് ഭൂമിയില്‍ വന്നത്. ഓരോ മണിക്കൂറിലും എന്തെല്ലാം ചെയ്യണമെന്ന് പിതാവുമായി ചേര്‍ന്ന് തീരുമാനിച്ചുറച്ചിരുന്നു. യേശു പറയുന്നു; “എന്തെന്നാല്‍ ഞാന്‍ സ്വമേധയ അല്ല സംസാരിച്ചത്. ഞാന് എന്തു പറയണം , എന്തു പ്രവര്‍ത്തിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ കല്പന നല്കിയിരിക്കുന്നു” (യോഹ:12;49).
സുവിശേഷ കാലഘട്ടത്തില്‍ യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതും ആ നാളുകളില്‍ ജീവിച്ചവര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ സുവിശേഷ പ്രസംഗങ്ങള്‍ അനാവശ്യമാണെന്നു കരുതേണ്ടിവരും! ഈ സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുമ്പോള്‍ , “ഇതാ നിന്റെ അമ്മ” എന്ന് യോഹന്നാനോടു പറയുന്ന യേശുവിന്റെ വാക്കുകളെ അനന്തതയില്പ്പോലും നിലനില്ക്കുന്ന വചനമായി കരുതണം. കാരണം, ‘ ആകാശവും ഭൂമിയും കടന്നുപോയാലും കര്‍ത്താവിന്റെ വചനം നിലനില്ക്കും’. ഈ സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളൂന്ന സഭകളെ വിമര്‍ശിക്കുന്നതിനു മുന്‍പ് വചനത്തിന്റെ സത്യങ്ങള്‍ പഠിക്കുകയല്ലാതെ മറ്റുവഴികള്‍ ഒന്നുമില്ല.
കേള്‍ക്കുന്ന പ്രസംഗങ്ങളെ മാത്രം പരിഗണിക്കാതെ വചനം വായിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും തയ്യാറാകുക! സ്വര്‍ഗ്ഗത്തില്‍ എത്തുന്നവര്‍ക്കെല്ലാം അവിടെ മറിയം മാത്രമായിരിക്കും അമ്മ! യേശുവിന്റെ വാക്കുകള്‍ അനന്തതയിലും നിലനില്ക്കുന്നതാണ്.
*************************************************
/// ടിന തോമസ് വെട്ടം /// യു.എസ്.മലയാളി ///
*************************************************
Comments
comments