കായിക വിവാദങ്ങള്‍ – അമ്പിളി ഓമനക്കുട്ടന്‍

0
1109

style="text-align: center;">കായിക വിവാദങ്ങള്‍ – അമ്പിളി ഓമനക്കുട്ടന്‍
*********************************
ഇന്ത്യൻ കായിക മത്സര രംഗത്തെ മത്സരേതര വാർത്തകളാണ് സമീപ കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നത്. കളിക്കളത്തിനു പുറത്തുള്ള കാര്യങ്ങൾ കളിവാർത്തായിടങ്ങളിൽ നിറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കായിക താരങ്ങൾക്ക് നൽകുന്ന ബഹുമതികൾ മികവിന്റെ അടയാളങ്ങളാണ്. അർഹരായവർക്ക് കൊടുക്കേണ്ടവ. കിട്ടാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിട്ടും കിട്ടുന്നില്ലെങ്കിൽ അതിനുപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ പിഴവുണ്ടെന്നാർഥം.അർജുന, ഖേൽ രത്ന പുരസ്ക്കാര പ്രഖ്യാപനങ്ങളാണ് ഇത്തവണ കൂടുതൽ ചർച്ചകൾക്ക് വഴിവച്ചത്.
പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡിന്റെ പേരിലും വിവാദ പരാമർശമുണ്ടായെങ്കിലും പെട്ടന്ന് കെട്ടടങ്ങി. എന്നാൽ ഇതിൽ ഏറ്റവും അസഹനീയമായതു അർജുന അവാർഡിനായി വിവിധ സ്പോർട്സ് ഫെഡറേഷനുകൾ ശുപാര്ശ ചെയ്ത പതിനാറു പേരിൽ വോളിബോൾ താരം ടോം ജോസഫിനെ മാത്രം അവസാന നിമിഷം ഒഴിവാക്കിയതാണ്. ഒൻപതു വട്ടം ടോം അർജുനക്കായി ശുപാര്ശ ചെയ്യപ്പെട്ടു. സ്ഥിരതയാർന്ന പ്രകടനത്തിന്റെ ഈ സാക്ഷ്യ പത്രങ്ങൾക്കൊന്നിനും വിലയില്ലാതെ പോയി.
ഇതിൽ കൂടുതലെന്തു വേണമെന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് അവാർഡു നിർണയ കമ്മറ്റിയും സ്പോർട്സ് മന്ത്രാലയവുമാണ്. അപേക്ഷ ക്ഷണിച്ച് അവാർഡു നൽകുന്ന ഇപ്പോഴത്തെ രീതി മാറണം. അപേക്ഷ അയച്ചു അതിനു പിന്നാലെ പോകുന്നവർക്കും സമ്മർദ്ദം ചെലുത്താൻ പറ്റുന്നവർക്കും അവാർഡു കിട്ടുന്ന അവസ്ഥ ഉണ്ടാവരുത്.രാജ്യത്തിന് വേണ്ടി കായിക വേദികളിൽ അഭിമാനകരമായ നേട്ടങ്ങൾ കൊയ്തെത്തുന്നവർക്ക് വിളിച്ചു കൊടുക്കേണ്ടവയാണ് ഇത്തരം അംഗീകാരങ്ങൾ. അത് ചോദിച്ചു വാങ്ങേണ്ട ഗതികേടുണ്ടാവരുത്.
ഒരു ക്വോട്ട നിശ്ചയിച്ചു അത്രയും പേർക്കെ ഒരു വർഷം പുരസ്ക്കാരം നൽകൂ എന്ന നിബന്ധന യുക്തിസഹമല്ല. പ്രകടന മികവു കൂടുതലുള്ള വർഷം കൂടുതൽ പേർക്ക് ബഹുമതി നൽകുന്നതിൽ ആർക്കാണെതിർപ്പ്, എന്താണ് നഷ്ടം. രാജ്യത്തിനു നാണക്കേടായി കോമണ്‍വെൽത്ത് ഗയിംസിൽ അഴിമതിയുടെ ദുർഭൂതങ്ങൽ ഇനിയും ഇന്ത്യൻ കായിക രംഗത്തെ വേട്ടയാടതിരിക്കട്ടെ.
*****************************************
/// അമ്പിളി ഓമനക്കുട്ടന്‍ /// യു.എസ്.മലയാളി
*****************************************

Share This:

Comments

comments