
style="text-align: center;">സ്വീകരണമുറിയില്‍ (കവിത) ശിവപ്രസാദ് പാലോട്
*************************************
അതിരിട്ട
ആകാശം ഉണ്ട്
കുപ്പിയിലടച്ച കടലുണ്ട്
ചട്ടിയിലോതുക്കിയ കാടുണ്ട്
ഉപ്പിലിട്ട
വന്യതകളുണ്ട്
കൂട്ടിലിട്ട
പാട്ടുണ്ട്
ഒന്നുമറിയാതെ ഉറങ്ങുന്ന
തൊട്ടിലുണ്ട്
പുഴയൊരു പടം
പാടമൊരു ശില്‍പം
നിലാവ് ചോദിച്ചപ്പോള്‍
വെയിലുകൊണ്ട്
ഉദ്യാനം ചോദിച്ചപ്പോള്‍
മരുഭൂമി കൊണ്ട്
കൂടെ നിന്ന് ഒറ്റിയ
സുഹൃത്തിന്റെ സമ്മാനം
സമയം
സ്വീകരണമുറിയില്‍
പ്രലോഭനങ്ങളുണ്ട്
മേല്‍ക്കൂരയിലെ കൊളുത്ത്
കുരുക്കിട്ട കയര്‍
മൂര്‍ച്ചയില്‍ ഒരു ബ്ലേഡ്
തിരി താഴ്ത്തിവച്ച
ഒരു സ്വപ്നം
ചഷകത്തില്‍ ഒരു തുടം
പ്രണയം ,
ഒരു ശവപ്പെട്ടി .
കാല്‍ച്ചുവട്ടില്‍ നിന്നും
ഒലിച്ചുപോകുന്ന
മണ്ണുകൊണ്ടാണിനി
തുലാഭാരം
എനിക്ക് തോല്പ്പിക്കേണ്ടത്
എന്നെ തന്നെ ,
പിന്നില്‍ നിന്ന്
കുത്തി മലര്‍ത്തണം
ആഴത്തിലേക്ക് തള്ളിയിടണം
പിടയാന്‍ പോലും
ഇട കൊടുക്കാതെ
കഴുത്ത് ഞെരിക്കണം..
അതിനു മുമ്പ്
നിന്നെ ഉറക്കി കിടത്തണം
ശുഭാരാത്രിയുടെ
കറുത്ത ചുംബനം
തരാന്‍ ഞാന്‍ കിടപ്പുമുറിയിലെത്തും
നീ ഉണര്‍ന്നു പോകരുത്
***************************************************
/// ശിവപ്രസാദ് പാലോട് /// യു.എസ്.മലയാളി ///
***************************************************
Comments
comments