ആത്മഹത്യക്ക്‌ ഒരാമുഖം (കവിത) ചെറിയാന്‍ കെ. ചെറിയാന്‍

0
1233

style="text-align: center;">ആത്മഹത്യക്ക്‌ ഒരാമുഖം
(കവിത)
ചെറിയാന്‍ കെ. ചെറിയാന്‍

**************************************

സ്വരം ഖരമായാല്‍
സംഭൃതവികാരം കോപിക്കുമെന്ന്‌
ജീവിതം
നമ്മെ വ്യാകരണം പഠിപ്പിക്കുന്നു.
അങ്ങനെ നാം മൌനം ദീക്ഷിക്കിലും
കുഴിയാന കൊമ്പനാനയെ പ്രസവിക്കും ;
കുരങ്ങന്‍ ‘കുമാരസംഭവം’
നിശിതം വിമര്‍ശിക്കും ;
രണ്ടു വറ്റു ചോറിനുവേണ്ടി
ഊമന്‍ കിടന്നലറും ;
അധ്വാനത്തിന്റെ കൂന്താലിത്തലപ്പിന്മേല്‍
സ്വപ്നം മരവിച്ചു കിടക്കും !
( ഉപ്പിനു കാരമില്ലാതെപോയാല്‍
അതിലെന്തു ചേര്‍ത്ത്‌
അല്‍പം രസം വരുത്താനാവും? )
സംസ്‌കൃതിയുടെ പൂവമ്പഴക്കാവില്‍
പൊങ്ങച്ചസഞ്ചിയും കാട്ടി
കോഴിപ്പിടയ്ക്കൊക്കുമമ്മച്ചിമാര്‍ വന്ന്‌
കൂവിത്തെളിയുന്നു.
ഒന്നോടൊന്നു ഗുണിച്ചാല്‍
എത്രയെന്ന്‌
ഇസ്പേഡുരാജാവു വിചിന്തനം ചെയ്‌കെ,
ഒന്നിന്റെ ലോഗരിതത്തെ
രണ്ടു കൊണ്ടു ഗുണിച്ച്‌
ഏഴാംകൂലികള്‍ ഉത്തരം കണ്ടെത്തുന്നു.
അങ്ങനെ ഇസ്പേഡുരാജാക്കന്മാര്‍
ഏഴാംകൂലികള്‍ക്കു കപ്പം കൊടുക്കുന്നു.
( ജീവിതമെന്ന ചതുരവൃത്തത്തിലെ
ത്രികോണമാണു മര്‍ത്യന്‍. )
പകലിന്റെ കണങ്കാലില്‍
നിഴല്‍ ദംശിച്ച സന്ധ്യ.
ചത്ത നിനവിന്‍ ചറം കെട്ടും
നഗരാന്തരസീമയില്‍
ഓരോ തെറിച്ച വാക്കിലും
തെമ്മാടി സത്യം തേടുന്നു;
ഓരോ നശിച്ച തെരുവിലും
ഒരു പെണ്ണു കാത്തുനില്‍ക്കുന്നു.
കറുത്തവാവില്‍ കാകോളചന്ദ്രന്‍
ഉദയമെന്നോര്‍ത്തസ്തമിക്കെ
ഇരവിന്റെ കവാടത്തില്‍
ഇന്ദ്രിയത്തിന്റെ താക്കോല്‍
ഇരുട്ടുതാഴിനെ വിവാഹം ചെയ്യുന്നു.
നാമമന്ത്രങ്ങളും ചൊല്ലി
ചിന്തയാം ചുമടും ചുമ്മി
കുടുംബമെന്ന മാംസാലയത്തിലേക്ക്‌
മനുഷ്യന്‍ നിര്‍ബോധം മടങ്ങുന്നു.
( നല്‍പിനു നന്മയില്ലാതെപോയാല്‍
എന്തു തൂകി
അതില്‍ നൈര്‍മ്മല്ല്യം വളര്‍ത്തും? )
നമ്മുടെ നാട്ടില്‍ അച്ഛന്മാര്‍
വങ്കന്മാരാണ്‌;
രാത്രി തോറും ഭാര്യയെ
ബലാല്‍ സംഗിക്കുന്നവരാണ്‌.
നമ്മുടെ നാട്ടില്‍ അമ്മമാര്‍
നാണംകെട്ടവരാണ്‌;
കൊല്ലം തോറും മക്കളെ
അവര്‍ പെറ്റുകൂട്ടുന്നു.
ഇന്നത്തെ ഭാരതം
ഒരു ചിതല്‍പ്പുറ്റു മാത്രം;
പാറ്റ കേറിയിറങ്ങും
പത്തായപ്പുര മാത്രം.
ഗര്‍ഭിണിച്ചക്ക തൂങ്ങിമരിച്ച
കൂഴപ്ലാങ്കൊമ്പില്‍ കൊടികെട്ടി,
ഫാമിലിപ്ലാനിംഗ്‌ ക്ലിനിക്കിന്റെ നേര്‍ക്ക്‌
വിരല്‍ ചൂണ്ടി
കുട്ടികള്‍ പൂരപ്പാട്ടു പാടുന്നു:
“എന്നും രാത്രിയിലമ്മയുമച്ഛനും
ഒന്നിച്ചെന്തിനുറങ്ങുന്നു?
ഉണ്ണാനില്ല, ഉടുക്കാനില്ലിഹ
ഉണ്ണികള്‍ക്കെന്നു പറഞ്ഞാവാം
ചിന്ത പെരുത്തു കിടക്കിലുമെന്തേ
ചന്തികളല്ലില്‍ തുള്ളുന്നു?
കൊല്ലംതോറുമിപ്പെണ്ണുങ്ങളെന്തിനു
വല്ലന്‍ കൂജ വിഴുങ്ങുന്നു?”
അതുകേട്ടു നാണിച്ചാവാം
നാട്ടുപാതകള്‍ വളഞ്ഞുപോകുന്നു;
കാട്ടുചോലകള്‍ വരണ്ടുപോകുന്നു.
അതുകേട്ടു കോപിച്ചാവാം
കാലത്തിന്റെ കലുങ്കുകള്‍ തോറും
കാലന്‍ കോഴികള്‍ കൂവുന്നു:
കാച്ചിക്കുറുക്കിയ പാലു തിരക്കും
പൂച്ച
വിലങ്ങം ചാടുന്നു.
മാവേലിപോലും വന്നെത്തിനോക്കാത്ത
മാവേലിക്കരയാണ്‌
ഇന്നു കേരളം.
ഇവിടെ ജനം കരയുന്നു;
നിയമം കലമ്പുന്നു;
നേതാക്കന്മാര്‍ അലറുന്നു !
എന്തു നേടാന്‍?
അഗ്നിപര്‍വ്വതം ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ച്‌
വേദനയോടേ പെറ്റിട്ട സന്തതി:
ഗണപതിയെന്ന ലംബോദരനെച്ചുമ്മും
ചുണ്ടെലി !
സംഘര്‍ഷങ്ങളെ നേരിട്ടു നേരിട്ട്‌
സങ്കല്‍പം
നമ്മില്‍ കെട്ടുപോകുന്നു.
പ്രതീക്ഷകള്‍ക്കിപ്പുറത്തും
പ്രതികാരത്തിന്നപ്പുറത്തും
നിയമത്തിന്റെ ‘മാഫിയാ’
തോക്കു ചൂണ്ടുന്നു.
തെണ്ടികളുടെ നാട്ടില്‍
തെമ്മാടി ഭരിക്കുന്നു.
കള്ളമന്ത്രിക്കും
കഞ്ഞിനേതാവിനുമിടയ്ക്ക്‌
നാടിന്റെ കണ്ണീരൊഴുകുന്നു !
ഇതാ ഭാവി
തുറുകണ്ണു നീട്ടി തെരയുകയാണ്‌;
നമ്മെ വിഴുങ്ങാന്‍
കാത്തുനില്‍ക്കുകയാണ്‌.
യന്ത്രയുഗത്തിന്‍ കൊടില്‍ഗ്രസനത്തില്‍
കലിയുഗം തലതല്ലിച്ചാവുമ്പോള്‍
അക്കം അക്ഷരങ്ങളെ
തുറുങ്കറയിലടയ്ക്കും.
ഗണിതമെന്ന വാമനന്റെ മുന്നില്‍
സാഹിത്യമഹാബലി മുട്ടുകുത്തും.
ദ്വിതീയാക്ഷരപ്രാസത്തെ വെല്ലും
ത്രിതീയാക്കപ്രഹേളിക !
ഇലെക്‌ട്രോഡയനാമിക്സിന്‍
മെക്കാനിക്കല്‍ നഗരങ്ങളില്‍
റേഡാര്‍ക്കണ്ണുകള്‍
നമ്മെ അനുധാവനം ചെയ്‌കെ,
കമ്പ്യൂട്ടര്‍ക്കാള മേഞ്ഞുനടക്കും
ഇലെക്‌ട്രോണിക്‌ പ്രപഞ്ചത്തില്‍5
കാലം അനന്തതയുടെ
ഡിഫറന്‍ഷ്യല്‍ കോഎഫിഷ്യന്റാണ്‌;
ആത്മാര്‍ത്ഥത ഭയത്തിന്റെ
ജ്യോമെട്രിക്‌ പ്രോഗ്രഷനാണ്‌.
നഗരാതിര്‍ത്തിയില്‍
ലോകമവസാനിക്കുന്നു.
അതിന്നപ്പുറം –
ഹിരോഷിമയും നാഗസാക്കിയും
ശ്മശാനപുഷ്പങ്ങളാല്‍
ശരശയ്യ വിരിക്കുന്നു.
പറവകള്‍
വിതയ്ക്കുകയില്ല, കൊയ്യില്ല.
മനുഷ്യപുത്രനു തലചായ്ക്കാന്‍
നഗരനിരത്തുകള്‍
തലമൊരുക്കുകയില്ല.
സത്യത്തിനും
സൌന്ദര്യത്തിനുമിടയ്ക്ക്‌
സാഹചര്യങ്ങള്‍ കുമിഞ്ഞുകൂടുന്നു.
സ്നേഹത്തിനും
വെറുപ്പിനുമിടയ്ക്ക്‌
വിശുദ്ധിയുടെ കടലാസുകഷ്ണം
നാം തിരുകിവെയ്ക്കുന്നു.
പാമ്പിന്‍ നിശബ്ദചലനത്തിനും
കഴുകന്റെ കാല്‍നഖത്തിനുമിടയ്ക്ക്‌
വിധി
തന്റെ നിയമമെഴുതി
ഒപ്പുവെയ്ക്കുന്നു !
കരളില്‍ തൊടുത്ത വിഷാദഘടികാരം
കാരണത്തിന്റെ താളമളക്കവേ
ഞാനെന്റെ നടുത്തളത്തില്‍
തലകുത്തി നടക്കുന്നു;
ഞാനെന്റെ കണ്ണാടിച്ചെപ്പില്‍6
സയനൈഡ്‌ ഗുളിക തിരയുന്നു.
പിന്നെ – ഉഷ്ണമേഖലയില്‍
മഞ്ഞുപാറുകയും
സമതലങ്ങളില്‍
മാറ്റൊലി മുഴങ്ങുകയും ചെയ്യുന്നു.
കാലത്തിന്റെ കരുനാഗപ്പള്ളിയില്‍
കരിമേഘപ്പാമ്പുകള്‍
ഇണചേരുന്നു.
പുഴകള്‍ മലയിലേയ്ക്കൊഴുകുന്നു.
കാറ്റു കടലിനു തീ കൊളുത്തുന്നു.
താരകള്‍ നീര്‍പ്പോളയായ്‌ മാറി
വാനിലെങ്ങും പറക്കവേ
തിങ്കളില്‍ തിരി കത്തിച്ച സൂര്യന്‍
താനേ കെട്ടുപോകുന്നു.
“ഏലീ , ഏലീ ,
ലെമ്മാ ശെബക്താനി? ” (1)
“എക്സ്‌ നിഹിലൊ നിഹില്‍ ഫിറ്റ്‌ ” (2)
“തമാം ഷുദ്‌. “ (3)
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌************************************
(1) “ദൈവമേ, ദൈവമേ, നീയെന്നെ കൈവിട്ടതെന്ത്‌? ”
മത്തായി 27: 46. ഭാഷ: അര്‍മെയ്‌ക്‌.
(2) “ഇല്ലായ്മയില്‍നിന്ന്‌ യാതൊന്നും ഉണ്ടാവുകയില്ല.“ ഭാഷ: ലാറ്റിന്‍.
(3) ഒമാര്‍ ഖയ്യാമിന്റെ റുബൈയ്യാത്തിലെ അവസാനവരി. ഭാഷ: പേര്‍ഷ്യന്‍.
കുറിപ്പ്‌: ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടെ ഭാരതത്തിലെ ജനസംഖ്യ
ചൈനയിലേതിനെക്കാള്‍ ഏറെയാവുമെന്ന അമേരിക്കന്‍ ടിവി പ്രവചനം
ഈ രചനയ്ക്കു നിദാനം. 1984
*********************************************************
/// ചെറിയാന്‍ കെ. ചെറിയാന്‍ /// യു.എസ്.മലയാളി ///
*********************************************************

Share This:

Comments

comments