ഞാനും എന്റെ ശങ്കരനും (ചെറുകഥ) പി.ഗോപാല കൃ ഷ്ണ ൻ

0
1065

style="text-align: center;">ഞാനും എന്റെ ശങ്കരനും (ചെറുകഥ) പി.ഗോപാല കൃഷ്ണൻ

***************************************

ഉദിക്കാനാവാത്ത സൂര്യന്റെ താപമേൽക്കുവാനാകാതെ തോരാത്ത മഴയിൽ കിളിരണിഞ്ഞു നിൽക്കുന്ന മരങ്ങളും, അവയെ തഴുകി വരുന്ന നനുത്ത ഇളംകാറ്റും കർക്കിടകത്തിലെ ആ പ്രഭാതത്തിന് വല്ലാത്തൊരു ഉണർവ്വായിരുന്നു. ഉറക്കം മതിവരാത്ത കണ്ണുകൾ തിരുമ്മികൊണ്ട് ഞാൻ കാർമേഘങ്ങൾ ഉരുണ്ടുകൂടി ഗർജ്ജിക്കുന്ന ആ തണുത്ത പ്രഭാതത്തിൽ ലയിച്ചിരിക്കുകയായിരുന്നു. മുറ്റത്തെ പ്ലാവിൽ ചില്ലയിൽ ഇരുന്ന് എന്നും പ്രഭാതത്തിൽ ബഹളം വെക്കാറുള്ള കക്കക്കൂട്ടങ്ങളെ പതിവുപോലെ അന്ന് കണ്ടില്ല. പക്ഷെ പതിവു തെറ്റിക്കാനാകാത്തതു കൊണ്ടായിരിക്കാം വളരെ കൃത്യനിഷ്ടയോടു കൂടി ഒരു കാക്ക മാത്രം പതിവിനു വിപരീതമായി ഒച്ച വെക്കാതെ മഴ ആസ്വദിക്കും വിധം നനഞ്ഞു കുതിർന്നു ഒരു ചില്ലയിൽ ഇരിക്കുന്നു. പിതൃക്കളുടെ പ്രതിരൂപമാണല്ലോ കാക്കകൾ എന്ന് പണ്ട് അമ്മ പാഞ്ഞുതന്നത് ഈ അവസരത്തിൽ ഞാൻ ഓർത്തു. അങ്ങേയെങ്കിൽ പിതൃക്കളുടെ ആത്മവാഹകരെ എന്തിനു നാം എപ്പോഴും ആട്ടി ഓടിക്കണം എന്ന ചിന്ത എന്റെ ഇളം മനസ്സിൽ ഒരു ചോദ്യചിഹ്നമായി കിളിർത്തു. എന്റെ ചിന്തകളെ ഭേദിക്കും വിധം അപ്പുറത്തെ തെക്കിനിയിൽ നിന്നും അമ്മയുടെ വിളി. ഞാരാഴ്ചയായതിനാൽ അന്നൊരു സ്കൂൾ അവധിദിനമാണ് ….പിന്നെന്തിനായിരിക്കും അമ്മ വിളിക്കുന്നത്‌ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിന്നെയും അമ്മയുടെ വിളി വന്നപ്പോൾ ഞാൻ തെക്കിനിയിലേക്ക് ചെന്നു. അപ്പോൾ അമ്മ അവിടെ കോഴിമുട്ട എണ്ണുകയായിരുന്നു. തോട്ടപ്പുറത്തായി ചിറകുകൾ വിടർത്തി തള്ളകോഴിയും നിൽപ്പുണ്ടായിരുന്നു. നാളെ ആ തള്ളകോഴിയെ അടവെക്കണമെന്ന് ഇന്നലെ രാത്രി കിടക്കുന്നതിനു മുൻപ് അമ്മ പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു.
ഒരു കുട്ടയുടെ അകത്തായി കുറച്ചു വൈക്കോൽ അമ്മ തിരുകി വച്ചു. പിന്നെ വൈക്കൊലിനുള്ളിലായി ഒരു ചെറിയ കരികട്ടയും, മഞ്ഞളും പിന്നെ ഒരു ഇരുമ്പിൻ കഷ്ണവും വച്ചു. പൊതുവെ സംശയാലുവായ ഞാൻ ആയതിന്റെ കാരണം തിരക്കി. അപ്പോൾ അമ്മ പറഞ്ഞു ഈ വക സാധനങ്ങൾ അടവേക്കുമ്പോൾ ഇട്ട് കൊടുത്താൽ പിന്നെ അതിൽ മറ്റു ബാദകളോ ഇടിമിന്നലോ ഏൽക്കില്ല പോലും. ആയതു അന്നു ഞാൻ വിശ്വസിച്ചുവെങ്കിലും, ആരോ എപ്പോഴോ എന്തിനോ ചെയ്തൊരു കാര്യം കാലങ്ങളായി മാനവർ ചെയ്യുന്നതല്ലാതെ ശാത്രീയമായൊരു അടിത്തറയും ആയതിനില്ലെന്നു കാലാന്തരത്തിൽ എനിക്ക് ബോദ്യപ്പെട്ടു. എന്തായാലും മുട്ടകൾ ആ കുട്ടയിൽ വൈക്കോലിന് മുകളിലായി ഒതുക്കി വച്ചുകൊണ്ട് അതിലേക്കു തള്ളക്കൊഴിയെ കിടത്തി. ആ മുട്ടകൾ തന്റെ കൊക്കുകൾ കൊണ്ടും കാലുകൾ കൊണ്ടും ആ തള്ളക്കോഴി തന്റെ ചിറകുകൾക്കടിയിലേക്ക് പൂർണ്ണമായി ഒതുക്കുവാൻ ശ്രമിക്കുന്നുതു ഞാൻ കണ്ടു. പിന്നെ ആ കുട്ട പുരയുടെ കഴിക്കൊലിൽ തൂക്കിയിട്ടിരിക്കുന്ന പനയുടെ നാരിലേക്ക് നന്നായി കെട്ടി തൂകി. ഇന്നത്തെ പോലെ കയറുകൾ സുലഭമല്ലാതിരുന്ന കാലത്തിൽ പെട്ടെന്ന് ചിതൽ ശല്ല്യം എൽക്കില്ല എന്ന കാരണത്താൽ പനയുടെ പട്ടതണ്ടിൽ നിന്നും ചീന്തിയെടുക്കുന്ന നാരുകളാണ് സാധാരണയായി പലക്കാട്ടുക്കാർ വേലി കേട്ടുന്നതിനും മറ്റും ഉപയോഗിച്ചിരുന്നത്. “കരിക്ക് ” എന്ന നാമത്തിലാണ് ഇതു അറിയപ്പെട്ടിരുന്നത്. അതു പോലെ തന്നെ വാഴനാരുകളും നിർല്ലോഭം ഉപയോഗിച്ച് പോന്നിരുന്നു. എന്തായാലും പിന്നീടെപ്പോഴും തെക്കിനിയിലെ ഇറയത്തായി എന്റെ ശ്രദ്ധ മുഴുവനും. ആയതിനു പലപ്പോഴും അമ്മയുടെ വഴക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഏകദേശം കൃത്യം മുന്നാഴ്ച്ചകൾക്ക് ശേഷം തെക്കിനിയിലെ ഇറയത്തു നിന്നും കോഴി കുഞ്ഞുങ്ങളുടെ കരച്ചിൽ ഞാൻ കേട്ടു. ആകാംക്ഷ എനിക്കടക്കാനായില്ല…..
എന്റെ ശല്ല്യം സഹിക്കവയ്യാതായപ്പോൾ അട വച്ച ആ കുട അമ്മ താഴേക്കിറക്കി. അട വച്ച പന്ത്രണ്ടു മുട്ടയിൽ പാത്തും വിരിഞ്ഞു കുഞ്ഞുങ്ങളായിരിക്കുന്നു. വാലില്ലാത്ത കുഞ്ഞു കൊക്കും ,കുഞിക്കാലുകളും ഉള്ള ആ കോഴികുഞ്ഞുങ്ങളെ കാണാൻ എന്തു രസമായിരുന്നു. എല്ലാറ്റിനെയും വാരിയെടുക്കുവാൻ എന്റെ മനസ്സ് മോഹിച്ചു. അപ്പോഴാണ്‌ എന്റെ ശ്രദ്ധ ആ കൊഴികുഞ്ഞിൽ ഉടക്കിയത്. മറ്റു കോഴികുഞ്ഞുങ്ങളെ പോലെ അതിൽ ഒന്നിന് കഴുത്തിൽ തൊപ്പയില്ല (പൂടയില്ല). ഇനിവല്ല അസുഖവും ആയിരിക്കുമോ എന്നാ ശങ്കയാൽ ഞാൻ അമ്മയോട് തിരക്കി. അതു കഴിത്തിൽ തോപ്പയില്ലാത്ത ഗണത്തിൽ പെടുന്ന കോഴികുഞ്ഞാണെന്ന് അമ്മ പറഞ്ഞപ്പോഴാണ് ആശ്വാസമായത്. ആ പ്രത്യേകത കൊണ്ടായിരിക്കാം അതിനോട് കൂടുത അടുപ്പം തോന്നി. അതിനെ കയ്യിൽ എടുത്തുകൊണ്ടു ഒരു ഉമ്മ കൊടുത്തു. അപ്പോൾ തള്ളക്കോഴി കോ..ക്കോ.ക്കോ. എന്നു മൂളികൊണ്ട് എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ചിങ്ങം പിറന്നതു കൊണ്ട് പാടത്തു കൊയ്ത്തും മറ്റു പണികളും ആരംഭിച്ചു കഴിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ കോഴികുഞ്ഞുങ്ങളെ പിടിക്കുന്ന കാക്കകളും മറ്റും യഥേഷ്ടം ക്രിമികീടങ്ങലുള്ള പാടത്ത് ഇര പിടിക്കുവാനായി തിക്കും തിരക്കും കൂട്ടുന്നു. ഇതു കൊണ്ടായിരിക്കാം പഴമക്കാർ ഇങ്ങനെയൊരു പഴമൊഴി ഉണ്ടാക്കിയത്……”ചിങ്ങക്കൊഴി കയ്യിലും കന്നിക്കോഴി കൊമ്പത്തും എന്ന്.”. തള്ളക്കോഴി പതുക്കെ കുഞ്ഞുങ്ങളെയും കൊണ്ടു മുറ്റത്തേക്ക് ഇറങ്ങുവാൻ തുടങ്ങിയിരിക്കുന്നു. കണ്ണിൽ കണ്ട കൃമികീടങ്ങളെ കാലുകൊണ്ടു ചിനക്കി കുഞ്ഞുങ്ങൾക്കിട്ടു കൊടുത്തു. ആശ്ചര്യത്തോടും ആർത്തിയോടും അത് കൊത്തി തിന്നുന്ന കുഞ്ഞുങ്ങൾക്ക്‌ അവരുടെ ജീവിതത്തിലേക്കുള്ള ബാലപാഠങ്ങൾ കൂടിയായിരുന്നു അത്. എങ്കിലും കഴുത്തിൽ തൊപ്പയില്ലാത്ത ആ കോഴികുഞ്ഞിനെ എനിക്ക് നന്നേ ബോധിച്ചു. അതുകൊണ്ടു തന്നെ ഞാൻ ആ കൊഴികുഞ്ഞിനൊരു പേരിട്ടു…..ശങ്കരൻ.
ആരും കാണാതെ പത്തായത്തിൽ നിന്നും അരിയെടുത്ത് ഒറ്റക്കും തെറ്റക്കുമായി ഞാൻ ശങ്കരന് ധാരാളം തീറ്റ കൊടുത്തു .ആയതു കൊണ്ടു തന്നെ മറ്റു കുഞ്ഞുങ്ങളെക്കാൾ വേഗത്തിൽ ശങ്കരൻ വളർന്നു . അതെ വേഗത്തിൽ തന്നെ ഞങ്ങളുടെ ആത്മബന്ധത്തിന്റെ വ്യാപ്തിയും വളർന്നു പന്തലിച്ചു തുടങ്ങി. “ശങ്കരൻ” എന്ന ശബ്ദധ്വനി തനിക്കുള്ളതാനെന്ന് അവൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. യാതൊരു ഭയവുമില്ലാതെ വീടിനകത്തും പുറത്തും അവൻ എന്നോടൊപ്പം സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ തോളിലും തലയിലും പറന്നു കയരിയിരിക്കുവാൻ അവൻ യാതൊരു ഭയവും കാണിച്ചിരുന്നില്ല. ഞാൻ കിടക്കുമ്പോൾ എന്റെ മുതുകിരുന്നുകൊണ്ട് ശങ്കരൻ തന്റെ ചിറകുകൾ വിടർത്തി അതിനുള്ളിൽ ഒളിച്ചിരിക്കുന്ന പേൻ നോക്കുന്ന തിരക്കിലായിരിക്കും. അങ്ങനെ മാസങ്ങൾക്കുള്ളിൽ ശങ്കരൻ വലിയൊരു ചേവലായി (പൂവ്വൻ) മാറി. എന്നും ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ യാത്ര അയക്കാനെന്നോണം പടിപുറത്തെ പാടവരമ്പു വരെ അവൻ വരും .അതു പോലെ തന്നെ വൈകുന്നേരം സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ദൂരെ നിന്നുപോലും തിരിച്ചറിഞ്ഞുകൊണ്ട് പാടവരമ്പത്തെക്ക് ഓടിവരികയും എന്റെ തോളിലേക്ക് പറന്നു കയറിയിരിക്കുകയും ചെയ്യും. അങ്ങനെ ഷർട്ടിൽ ചളിയാകുന്നതിനാൽ അമ്മയുടെ ശകാരം എന്നും എനിക്ക് പതിവായിരുന്നു. ഞാൻ കഴിക്കുന്ന ചോറിൽ നല്ലൊരു പങ്കും ശങ്കരൻ കൈപ്പറ്റും. അങ്ങനെ കളിയും , തീറ്റ കൊടുക്കലുമായി മാസങ്ങൾ വീണ്ടും കടന്നു പോയി.
അന്നൊരു കലശദിനമായിരുന്നു എന്റെ വീട്ടിൽ. പാലക്കടാൻ ഗ്രാമങ്ങളിൽ കലശങ്ങൾ എന്ന ആചാരം ഒരു കാലത്ത് നിത്യസംഭവങ്ങളായിരുന്നു . “കലശം” എന്നു പറഞ്ഞാൽ മണ്മറഞ്ഞുപോയ പിതൃക്കൽക്കും അത് പോലെ തന്നെ തൊടിയിൽ (വളപ്പിൽ / പറമ്പിൽ) ഓരോ പനകളുടെയും ചുവട്ടിൽ ചെറുകല്ലിന്റെ രൂപത്തിൽ കുടിയിരുത്തിയിരിക്കുന്ന മധ്യഗണത്തിൽപ്പെടുന്ന ദുർമൂർത്തികൾക്കും ഉള്ള വച്ചു-വിളമ്പൽ. കരിമ്പനച്ചുവട്ടിൽ വച്ചിരിക്കുന്ന ഓരോ കല്ലും ഓരോ ദുർമൂർത്തിയെ പ്രതിനിതീകരിചിട്ടുള്ളതായിയിക്കും. മുണ്ട്യേൻ, പറക്കുട്ടി, രക്ഷസ്സ്,യക്ഷി , ചാത്തൻ എന്നിങ്ങനെ നീളുന്നു ആ ദുർമൂർത്തികളുടെ നീണ്ട പട്ടിക. അവർക്കായി വർഷത്തിൽ ഒരിക്കൽ കോഴിയെ ബലി കൊടുത്തുകൊണ്ട് ദോശയും ഇറച്ചിയും പിന്നെ അസ്സൽ പനങ്കള്ളും വിളമ്പുന്നതാണ് പാലക്കാടൻ കലശം എന്ന ആചാരം. കള്ളും കോഴിയും ഉള്ളതു കൊണ്ട് മുതിർന്ന പുരുഷന്മാരക്ക് അന്നേ ദിവസം വലിയൊരു ആഘോഷമാണ്. കോഴിയും ദോശയും കഴിക്കാമെന്നുള്ളത് കൊണ്ട് വീട്ടുകാർക്കും അന്നേ ദിവസം സന്തോഷം. പക്ഷെ കാലം നമ്മിൽ നിന്നും ഇത്തരം അനാചാരങ്ങൾ അനിവാര്യമെന്നോണം തുടച്ചു മാറ്റിയിരിക്കുന്നു. കരിമ്പന ചുവട്ടിലെ ചെറു കല്ലുകൾക്ക് ഇന്നു പഴയ ദൈവീക പ്രതാപമില്ല…..അത് ശക്തി ക്ഷയിച്ചു വെറും കല്ലിന്റെ ഗണത്തിലേക്ക് പരിണമിച്ചിരിക്കുന്നു.
അന്നു എന്റെ വീട്ടിൽ മുൻപ് പറഞ്ഞ ഗണത്തിലെ ഏതോ ഒന്നിന് വച്ചു വിളമ്പുന്ന കലശമായിരുന്നു. പതിവ് പോലെ വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്കു തിരിച്ചപ്പോൾ കോഴികറി തിന്നാമെന്നുള്ള സന്തോഷവും ഒപ്പം തന്നെ എന്തോ ഒരു അസ്വസ്ഥത മനസ്സിനെ അലട്ടികൊണ്ടും ഇരുന്നു. എങ്കിലും പതിവുപോലെ കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പം നടന്നു വീടെത്താരായപ്പോൾ അതാ ശങ്കരൻ വരമ്പത്ത് കാത്തു നിൽക്കുന്നു. മുറ്റത്ത്‌ കലശത്തിനു ക്ഷണിച്ചിട്ടുള്ള പുരുഷജനങ്ങളും കൂട്ടത്തിൽ അച്ഛനും നിൽക്കുന്നത് ദൂരെ നിന്നും ഞാൻ കണ്ടു. അടുത്തെത്തിയ പാടെ ശങ്കരൻ എന്റെ തോളിൽ പറന്നു കയറിയിരുന്നു. അങ്ങനെ ശങ്കരനെയും വഹിച്ചുകൊണ്ട് വീട്ടു മുറ്റത്തെത്തിയപ്പൊഴാണ് എനിക്ക് മനസ്സിലായത്‌ അവർക്ക് പിടികൊടുക്കാതെ ശങ്കരൻ എന്നെ കാത്തു നിൽക്കുകയായിരുന്നുവെന്ന്. നല്ല വലിപ്പവും തൂക്കവും ഉള്ള എന്റെ ശങ്കരനെ ബലി കൊടുക്കുവാനായിരുന്നു അച്ഛനും മറ്റുള്ളവരും അന്നു തീരുമാനിച്ചിരിക്കുന്നത്. അവനെ പിടിക്കുവാൻ പറ്റാത്തതുകൊണ്ട് മാത്രം അവർ എന്നെ കാത്തു നിൽക്കുകയായിരുന്നു. അച്ഛനറിയാമായിരുന്നു ഞാൻ എത്തിയാൽ പിന്നെ ശങ്കരനെ പിടികിട്ടും എന്ന്‌. കാര്യം മനസ്സിലാക്കിയ ഞാൻ എന്റെ ശങ്കരനെ തോളിൽ നിന്നും തട്ടിമാറ്റി. എത്ര ആട്ടിയിട്ടും അവൻ പുറകിൽ നിന്നും മാറുന്നില്ല…..കാരണം ഞാൻ സ്കൂളിൽ നിന്നും വന്നാൽ പിന്നെ പത്തായത്തിൽ നിന്നുള്ള അരി അവനു യഥേഷ്ടം കിട്ടും എന്ന്‌ അവനറിയാമായിരുന്നു . അതായിരുന്നു പതിവും. ശങ്കരനെ പിടിച്ചു കൊടുക്കുവാൻ അച്ഛൻ പറഞ്ഞുവെങ്കിലും ഞാൻ അനുസരിച്ചില്ല. മിടായിയും ഇറച്ചിയുടെ നല്ലൊരു പങ്കും തരാമെന്ന് പറഞ്ഞു അച്ഛൻ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു……പക്ഷെ ഞാൻ വഴങ്ങിയില്ല. രക്ഷയില്ലാതായപ്പോൾ കോപത്താൽ അലറികൊണ്ട് അച്ഛൻ എന്നെ തല്ലുവാനായി വടിയെടുത്തു. അടി ഉറപ്പെന്ന് മനസ്സിലായ ഞാൻ അപ്പോഴേക്കും വീണ്ടും എന്റെ തോളിൽ കയറിയ ശങ്കരനെ മനസ്സില്ലാ മനസ്സോടെ വിതുമ്പികൊണ്ട് അച്ഛന് കൈമാറി. അപ്പോഴേക്കും അകത്തു നിന്നും ഒരാൾ ഗ്ലാസിൽ കുറച്ചു പനങ്കള്ളുമായി വന്നു ശങ്കരന്റെ കൊക്കിലേക്ക് മൂന്നു പ്രാവശ്യം ഒഴിച്ച് കൊടുത്തു. ആയതു ആ മൂർത്തികൾക്കുള്ളതാനെന്നാണ് സങ്കല്പം. അപ്പോൾ ഒന്നുമറിയാതെ ശങ്കരൻ ഭയന്നുകൊണ്ട്‌ രക്ഷക്കായി ഒളികണ്ണോടെ എന്നെ അവിടെ പരതുന്നുണ്ടായിരുന്നു. ആ രംഗം കാണുവാൻ കരുത്തില്ലാതെ കണ്ണീരോടെ നിസ്സഹായനായി ഞാൻ ആയതിനു കാരണക്കാരായ ദേവഗണങ്ങളെ ശപിച്ചുകൊണ്ടു ഒരു മൂലയിൽ കണ്ണടച്ചു നിന്നു. അന്നു വെറുത്തുപോയതാണ് ഈ കല്ലുദൈവങ്ങളേയും ആചാരങ്ങളേയും. കുറച്ചു നേരത്തിനു ശേഷം കണ്ണുകൾ ഞാൻ പതുക്കെ തുറന്നപ്പോൾ കഴുത്തറ്റ എന്റെ ശങ്കരൻ പുൽത്തകിടിയിൽ കിടന്നു പിടയുന്നത് കണ്ടു. …..അവന്റെ ചുടുചോര ആ പനംചോട്ടിലെ കല്ലിന് മുകളിലും ഒഴുകുന്നുണ്ടായിരുന്നു. അതിനു സാക്ഷികളായി ചുറ്റും സന്തോഷം തുളുമ്പുന്ന മുഖങ്ങളുമായി അച്ഛനടങ്ങുന്ന പുരുഷകൂട്ടങ്ങളും.
പിന്നീടൊരിക്കലും സ്കൂൾ ജീവിതത്തിലും അല്ലാതെയും എന്നെ യാത്ര അയക്കുവാനും സ്വീകരിക്കുവാനും എന്റെ ശങ്കരന്റെ നല്ല ഒഅർമ്മകൽ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
**************************************************
/// പി.ഗോപാല കൃഷ്ണൻ /// യു.എസ്.മലയാളി ///
**************************************************

Share This:

Comments

comments