ഒരു പ്രവാസിയുടെ രണ്ടാംകെട്ട് – ജോര്‍ജ് കക്കാട്ട്

0
1180

ഒരു പ്രവാസിയുടെ രണ്ടാംകെട്ട് – ജോര്‍ജ് കക്കാട്ട്

നിങ്ങള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ. സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആക്കുന്നതുമെല്ലാം. രണ്ടും മൂന്നും കെട്ടുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ കെട്ടിയവനേ അതിന്റെ ദണ്ണം അറിയൂ. ഒന്നുള്ളതിനെ തന്നെ മേയ്ക്കാന്‍ പാടുപെടുന്ന എന്റെ സുഹൃത്ത് പ്രവാസി രവിയുടെ ദുരിത വര്‍ത്തമാന കാലത്തിലെ രണ്ടാം കെട്ടിന്റെ കഥ നീളുന്നത്.
നിലവില്‍ ഒരു ഭാര്യയും രണ്ടു മക്കളുമുള്ള രവിക്ക് ഒടുവില്‍ അതു ചെയ്യേണ്ടി വന്നു. യൂറോപ്പില്‍ നിന്നും അവധിക്ക് നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണാ സംഭവബഹുലമായ രണ്ടാം കെട്ടിന്റെ മോഹത്തിനു മനസ്സില്‍ തുടക്കം കുറിക്കുന്നത്. അതിരാവിലെ ഉണര്‍ന്നു വീടിന്റെ കോലായില്‍ കളറുപോയ കസേരയില്‍ കാലിന്മേല്‍ കാലും വച്ച് കയ്യില്‍ ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും മറുകയ്യില്‍ പത്രവുമയ് മല്ലിടുമ്പോള്‍ പ്രവാസി രവി ആ നാലുവരി പെട്ടിക്കോളം വാര്‍ത്ത കാണുന്നത് , തിരിച്ചറിയല്‍ കാര്‍ഡു ഇത് വരെ കിട്ടാത്തവര്‍ക്ക് ഒരവസരം കൂടി. നമ്മുടെ വില്ലേജ് ഓഫീസില്‍ വരുന്നു, കൂടാതെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനും ഒരവസരവുമുണ്ട് എന്നതായിരുന്നു അതിലെ ഉള്ളടക്കം .
ഏതാണ്ട് മൂന്നു കോടി ഇന്ത്യന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ വിവരവും കൂടി ആധാര്‍ എന്ന പദ്ധതിവഴി കമ്പ്യൂട്ടറില്‍ ചേര്‍ത്ത് – തിരിച്ചറിയല്‍ കാര്‍ഡ്‌. യൂറോപ്പില്‍ ഞാന്‍ അസൂയയോടെയും ആദരവോടെയും കാണാറുള്ള കാര്‍ഡ് സകല മലയാളീസിനും കൂട്ടത്തില്‍, എനിക്കും കിട്ടാന്‍ പോകുന്നു . എന്നിട്ട് വേണം വീട്ടില്‍ സ്ഥിരമായി തോട്ടപ്പണി ചെയ്യാന്‍ വരുന്ന തമിഴന്‍ പയ്യന്റെ പേരിലുള്ള നടത്തിപ്പാവകാശം അച്ഛന്റെ പേരില്‍ നിന്നും എന്റെ പേരിലേക്ക് മാറ്റാന്‍ . മാത്രമല്ല കയ്യില്‍ കുറച്ചു കാശ് വരുമ്പോഴേക്കും ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിര്‍ത്തി വെച്ച് നാട്ടിലേക്ക് പോവുന്ന അവന്റെ സ്വഭാവം ഞാന്‍ ആദ്യം നിര്‍ത്തും. കൂടാതെ ഇത് കിട്ടി യൂറോപ്പില്‍ എത്തിയിട്ട് വേണം മറ്റു വിഐപി മലയാളികളെ ഒന്ന് ഞെട്ടിക്കാന്‍ !! ഇതൊക്കെ ആലോചിച്ചപ്പോള്‍ ഉടനെ വില്ലേജ ഓഫീസിലേക്ക് ഓടാനുള്ള ആഗ്രഹത്തിനു തിടുക്കം കൂടി.
എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് സ്വപ്നലോകത്തു നിന്നും രവി ഉണര്‍ന്നു. തിടുക്കത്തില്‍ കുപ്പായം മാറ്റി സഹധര്‍മ്മിണിയോട് കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു നേരെ പഞ്ചായത്തു ഓഫീസിലേക്ക് . അതിരാവിലെ തന്നെ അവിടെയെത്തിയ രവി കണ്ടത് ഒരു കൂട്ടം ജനങ്ങള്‍ ഒരു കൗണ്ടറിനു മുമ്പില്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവരും എന്നെപ്പോലെ കാര്‍ഡ്‌ ഉണ്ടാക്കാന്‍ വന്ന പ്രവാസിമാരായിരിക്കുമോ? തിക്കി തിരക്കി ഒരു വിധം മുമ്പിലെത്തിയപ്പോഴാണ് മനസ്സിലായത് അവര്‍ക്കൊന്നും കാര്‍ഡ്‌ അല്ല വേണ്ടത്‌, പകരം ആറ്റിലെ തടിയതും നേരിയതുമായ മണല്‍ മതി. അതിനുള്ള പാസ് ഒപ്പിക്കാനാണീ അടിപിടി. തൊട്ടപ്പുറത്ത് ന്യൂസ് പേപ്പര്‍ വായിച്ചു ചുമ്മാ സമയം കളയുന്ന വേറൊരു സാറിനെ അപ്പോഴാണ് രവി ശ്രദ്ധിച്ചത്. അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് രവി ചോദിച്ചു.
‘സാര്‍ എനിക്കും ഭാര്യക്കും തിരിച്ചറിയല്‍ കാര്‍ഡും,ആധാര്‍ കാര്‍ഡും വേണം’. മൂക്കിന്‍ തുമ്പില്‍ കണ്ണട വെച്ച് ഗ്ലാസിനു പുറത്തു കൂടി ചെറുതായൊന്നു നോക്കി, വീണ്ടും പത്രത്തിലേക്ക് തന്നെ നോട്ടം, അദ്ദേഹം പറഞ്ഞു.
‘ഭാര്യക്ക് റേഷന്‍ കാര്‍ഡില്‍ പേരുണ്ടോ?’
‘ഇല്ല സാര്‍, അവള്‍ക്കവളുടെ വീട്ടിലെ റേഷന്കാര്‍ഡിലാണ് പേരുള്ളത് ! പക്ഷേ അവള്‍ എന്റെ കൂടെയാണ് താമസം’
‘കല്യാണം രജിസ്റ്റര്‍ ചെയ്‌തോ?’
‘ഇല്ല‘
‘അപ്പോള്‍ പ്രശ്‌നമാണ്, അവള്‍ നിങ്ങടെ കൂടെയായിരിക്കും താമസം പക്ഷെ നിങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചിട്ടില്ല’
‘എന്താ സാര്‍ ഈ പറയുന്നത്? എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് പത്തഞ്ഞൂറു പേരെ വിളിച്ചു കോഴി ബിരിയാണിയും പൊരിച്ചതും കരിച്ചതും കൊടുത്തു ഞാന്‍ ഒരുവളെ കെട്ടിയിട്ടു, ഇപ്പോള്‍ പറയുന്നു ഞാന്‍ കെട്ടിയിട്ടില്ലന്ന്.,
‘എടൊ താന്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യ്, അല്ലാതെ നിനക്ക് ഒരു കാര്‍ഡും കിട്ടില്ല ഇയാളിതെവിടെന്നു വരുന്നു?പുതിയ നിയമം ഒന്നും അറിയില്ലേ?’
ജോലിസമയത്തെ വിശ്രമത്തെ രവി തടസ്സപ്പെടുത്തിയത് കൊണ്ടാവാം ഒരു എടുത്തടിച്ച മറുപടി അദ്ദേഹം തന്നത്, പക്ഷെ ഇത് കൊണ്ടൊന്നും പിന്‍മാറില്ല, പ്രവാസി രവി യുടെ അന്തിമ ലക്ഷ്യം ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌. പ്രവാസിയായതിനാല്‍ രവി ഒരു ഇന്ത്യന്‍ പൗരനാകാതിരിക്കുന്നില്ല, പ്രതികാര ദാഹിയെപ്പോലെ പഞ്ചായത്ത് ഓഫീസിനു പുറത്തു വന്നപ്പോഴാണ് പ്യുണ്‍ കൃഷ്‌ണേട്ടന്‍ എന്റെ മുമ്പില്‍ അവതാരമെടുത്തത്, നീ എന്നാ വന്നത് എന്തിനാണ് വന്നത് എന്നുള്ള വിവരണങ്ങള്‍ക്കു ശേഷം വേണ്ട ആവിശ്യം പറഞ്ഞു.കൃഷ്ണന്‍ ചേട്ടന്‍ ‘സത്യം രവിയോട് പറഞ്ഞു .
‘നീ യൂറോപ്പിലാണ്‌ എന്ന് ഇവിടെ ആരോടും പറയണ്ട,,പറഞ്ഞാല്‍ എത്ര കല്യാണം കഴിച്ചിട്ടും കാര്യമില്ല , ഒരു തിരിച്ചറിയല്‍ കാര്‍ഡും കിട്ടില്ല’ .കല്യാണം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, അങ്ങിനെ രവി മാര്യേജ് സര്‍ട്ടിഫിക്കറ്റിനായി അമ്പലക്കമ്മിറ്റിയുടെ മുന്‍പിലെത്തി
കുറച്ചു കൊല്ലം മുമ്പ് ഞാനീ അമ്പലത്തില്‍ വച്ചു കല്യാണം കഴിച്ചിരുന്നു. എനിക്ക് അതിന്റെയൊരു സര്ട്ടിഫിക്കറ്റ് വേണം ഞാന്‍ ഇപ്പോള്‍ അതിനാണ് വന്നത് ,കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കല്യാണ രജിസ്റ്റര്‍ എടുത്തു കുറെ തിരഞ്ഞു വെങ്കിലും എന്റെ പേര് മാത്രം കണ്ടില്ല, തിരച്ചില്‍ അവസാനിപ്പിച്ചു അദ്ധേഹം പറഞ്ഞു.
‘ഇനിഎന്താണ് ചെയ്യുക? ഇതില്‍ അങ്ങിനെയൊരു പേര് ഇല്ലല്ലോ’.
അല്‍പ്പം നിരാശയോടെ രവി പറഞ്ഞു,
‘ ഒരു മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഞാന്‍ തിരിച്ചു പോകില്ല.

‘എങ്കില്‍ പിന്നെ ഒരു മാര്‍ഗ്ഗമേയുള്ളൂ , ഒന്നും കൂടി മംഗല്യം ചെയ്യുക.

എന്റെ ദേവി ഒന്ന് തന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ പെടുന്ന പാട് രവിക്ക് അറിയൂ അപ്പോഴാണ് മൂപ്പര് രണ്ടാം വേളിയുമായ് വരുന്നത്
എങ്കില്‍ ഒരു കാര്യം ചെയ്യ്, ക്കമ്മറ്റി പ്രസിഡന്റ്‌നെ പോയിക്കാണ് ഇതിനു മുമ്പുള്ള ബുക്ക് അവരുടെ കയ്യിലുണ്ടാകും ബുക്കും മടക്കി മൂപ്പര് കൈമലര്‍ത്തി .
അന്നത്തെ ദൗത്യം അവിടെ അവസാനിപ്പിച്ചു രവി വീട്ടിലെത്തിയപ്പോള്‍ ശ്രീമതിയുടെ വക ഒരു മാതിരി ആക്കിയൊരു ചോദ്യം? ‘രാവിലെ പോയ പോക്കാണല്ലോ, എന്തായി കിട്ടിയോ ?’
‘കിട്ടും പക്ഷെ ഞാന്‍ ഒന്നും കൂടി പെണ്ണ് കെട്ടണം‘,
‘ആയിക്കോ. എന്നിട്ട് ജീവിച്ചോ. ഞാന്‍ എന്റെ വീട്ടീ പൊയ്‌ക്കോളാം’
‘നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ ആശിപ്പിക്കല്ലേ.ഇപ്പൊ അതല്ല പ്രശ്‌നം’
‘ നിന്നെ ഞാന്‍ കെട്ടിയിട്ടില്ല എന്നാണിപ്പോള്‍ എല്ലാരും പറയണതു, അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടു മതി ഇനി ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കല്‍’
‘എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ പക്ഷെ ആ പൂതി മാത്രം മനസ്സില്‍ വെച്ചാല്‍ മതി’ ..അവളുടെ ആ പിറു പിറുക്കല്‍ സൈലന്റ് മോഡില്‍ ആയിരുന്നുവെങ്കിലും രവിയുടെ ചെവിയില്‍ അതൊരു വൈബ്രേഷന്‍ ആയിട്ടാണ് റിംങ്ങിയത്.
എന്തായാലും ഇനി പിന്മാറില്ല, പിറ്റേന്ന് രാവിലെ നേരെ പ്രസിഡന്റിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞു, കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം അദ്ധേഹം രവി കല്യാണം കഴിച്ചതിനു തെളിവ് നല്‍കി, അതും കൊണ്ട് രവി പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ സമയം വൈകിയിരുന്നു ..എന്നെ കണ്ടതുംസാര്‍ പറഞ്ഞുനാളെ മണവാട്ടിയെയും രണ്ടു സാക്ഷികളെയും കൂട്ടി വാ’ ..
അന്ന് രാത്രി രവിക്ക് ഉറക്കം വന്നില്ല, പിറ്റേന്ന് നടക്കാന്‍ പോകുന്ന രവിയുടെ രണ്ടാം കല്യാണമായിരുന്നു മനസ്സ് നിറയെ, നാളെ നടക്കാന്‍ പോകുന്ന കല്യാണവും അത് കഴിഞ്ഞുള്ള സല്‍ക്കാരവും ആദ്യരാത്രിയുമൊക്കെ കിനാക്കണ്ടിരിക്കുമ്പോഴാണ് അവളുടെ വരവ്
‘അതേയ് എനിക്ക് ആദ്യത്തെ കല്യാണത്തിന് വാങ്ങി തന്ന ആ സാരിയുടെ സെലക്ഷന്‍ തീരെ ശെരിയായില്ല. നാളെ കല്യാണപ്പെണ്ണായി കൂടെ വരണമെങ്കില്‍ ഒരു ലക്ഷം രൂപയുടെ പുതിയ പട്ടു സാരി വാങ്ങി തരണം ‘.. ഇവള് ആളു തരക്കേടില്ലല്ലോ, പുര കത്തുമ്പോഴാണ് അവളുടെ വാഴ വെട്ട്!
രാവിലെ തന്നെ കുളിച്ചു കുറിയും തൊട്ടു നല്ല നേരിയതുമുടുത്തു നേരെ ഓഫീസില്‍ എത്തി തികച്ചും ഒരു മണവാളന്‍ സ്‌റ്റൈലില്‍, ഇനി അതിന്റെ പേരില്‍ ഒരു മുടക്കം വരരുതല്ലോ ..
‘അതേയ് നിങ്ങള്‍ രണ്ടാളും മാത്രമേ ഉള്ളൂ.’
‘അല്ല സാര്‍ ബാക്കിയുള്ളോരോക്കെ വീട്ടിലാ’
‘എടൊ അതല്ല. സാക്ഷികള്‍ വേണം. നിങ്ങള്‍ കല്യാണം കഴിച്ചു എന്നുള്ളതിന്. എന്നാലേ ഇത് നടക്കൂ,
അപ്പോഴാണ് രവി സാക്ഷികളെ കൂട്ടാന്‍! മറന്ന കാര്യം ഓര്‍ത്തത് ..ഇനിയും ഈ കെട്ടു നീളുമോ? അപ്പോഴാണ് കാറിലിരിക്കുന്ന മോളെ ഓര്‍മ്മ വന്നത് .. ഒരിക്കലും കൂറ് മാറാത്ത ഒരു സാക്ഷി,, ഇവളെക്കാള്‍ യോഗ്യത വേറെ ആര്‍ക്കുണ്ട് ? .അങ്ങിനെ അവളെ തന്നെ ഒന്നാം സാക്ഷിയാക്കി, അച്ഛന്റെയും അമ്മയുടെയും രണ്ടാം വേളിക്കു സാക്ഷിയായ മകള്‍ക്ക് ഒരു ഐസ് ക്രീമും വാങ്ങി നേരെ ഹണി മൂണിനു മക്കളുമായ് മൂന്നാറിന് വിട്ടു. ഇനി നിങ്ങള്‍ പറയൂ ,, രവി കെട്ടിയ രണ്ടാം കെട്ടില്‍ വല്ല തെറ്റുമുണ്ടോ? ഞാന്‍മനസ്സില്‍ ഓര്‍ത്തു ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ ഉള്ള പ്രവാസി ആയിട്ടു ഇങ്ങനെ, അപ്പോള്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച വിദേശ പൌരത്വം സ്വീകരിച്ചവരുടെ ഗതി!
********************************************
/// ജോര്‍ജ് കക്കാട്ട് /// യു.എസ്.മലയാളി ///
********************************************

Share This:

Comments

comments