
style="text-align: center;">വാര്‍ദ്‌ധക്യ വിപ്രിതിയില്‍ നശിക്കുന്ന മലയാളി സമുഹം – ഏബ്രഹാം തെക്കേമുറി
കഴിഞ്ഞപതിറ്റാണ്ടുകളില്‍ ലോകത്തിനുണ്ടായ ശീഘ്രവ്യതിയാനങ്ങളെ ഗ്രഹിക്കാന്‍ പ്രാപ്‌തിയില്ലാതെ പണ്ടെങ്ങോ പറഞ്ഞുകേട്ടതായ മൂഡസ്വപ്‌നങ്ങളുടെ ലോകത്ത് ഓളപ്പുറത്തിരുന്നു ചൂണ്ടയിടുന്ന നേതാക്കന്മാരാല്‍ കേരളം മുടിയുന്നു. കുഴിയിലേക്ക് കാലു നീട്ടിയിരുന്ന് ഇവര്‍ ജനത്തെ വഴിനടത്തുന്നു. ഹാ! എന്തൊരു കഷ്‌ടം! ഇരുപതാം നൂറ്റാണ്ടിന്റെ ദക്‌ഷിണാര്‍ത്‌ഥത്തില്‍ വളര്‍ന്നവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നേതാവായിത്തുടരുന്നു. മഹാകഷ്‌ടം! നാടിനെ കട്ടുമുടിച്ചു സമ്പാദിച്ച പണംകൊണ്ട് അണികളെ സ്യഷ്‌ടിച്ച് വിലസുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ മാറ്റങ്ങള്‍ ഇന്നത്തെ പത്തുവര്‍ഷങ്ങള്‍കൊണ്ട് ഈ ഭൂതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കയാണ് എന്ന യാഥാര്‍ത്‌ഥ്യം ഇവര്‍ ഗ്രഹിക്കുന്നില്ല.
“നരച്ച തല ശോഭയുള്ള കിരീടമാകുന്നു. നീതിയുടെ മാര്‍ഗ്ഗത്തില്‍ അതിനെ പ്രാപിക്കാ”മെന്ന് പറഞ്ഞ ജ്‌ഞാനികളില്‍ ജ്‌ഞാനിയായ സോളമനെയും വിഡ്ഡിയാക്കിക്കൊണ്ട് നരച്ച തലയെ കറുപ്പിച്ച് മുന്നേറ്റം നടത്തുന്ന വികലസംസ്‌കാരത്തിന്റെ ഉടമകളായി ആര്‍ഷഭാരതവും അതിലെ ഇത്തിള്‍ക്കണ്ണിയായ കേരളവും ഇന്ന് നശിക്കയാണ്. വെട്ടിനിരത്തിയും ഇടിച്ചുപൊളിച്ചും അധ;കൃതവര്‍ഗ്ഗത്തെ കൈയിലെടുത്ത് ഈക്വിലാബ് വിളിപ്പിച്ച് അഞ്ച് പതിറ്റാണ്ട് കേരളത്തിന്റെ വികസനം അനുവദിക്കാതെ ജൈത്രയാത്ര നടത്തിയ മഹാനായ അച്യുതാനന്ദന്‍ ഇന്ന് കാപ്പിറ്റല്‍ പണീഷ്‌മെന്റിനു വിധിക്കപ്പെട്ടവനായി വിറളി തുള്ളി അലയുകയാണ്. 1996-ല്‍ തന്റെ അനുയായിയും ഇപ്പോള്‍ തന്റെ പ്രതിയോഗിയുമായ പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ 48കോടി അടിച്ചുമാറ്റിയെന്ന് വ്യക്‌തമായി അറിയാമായിട്ടും നിഷ്‌ക്രിയനായ ദുര്‍വിധിക്കടിമ.
പിണറായിയുടെ മുന്നേറ്റമോ അതിവേഗം ബഹുദൂരം. ഫാരീസ് അബുബേക്കര്‍, ദീപികയുടെ ഉടമസ്‌ഥ്വത, മദ്രാസിലേക്കുള്ള യാത്രയില്‍ ബാഗില്‍ വെടിയുണ്ട, (ഉണ്ട കാട്ടി തോക്കുണ്ടെന്ന് ധരിപ്പിച്ചു) ജില്ലാസമ്മേളനങ്ങളിലൂടെ ഓരോ ജില്ലയും വിലയ്ക്കു വാങ്ങി, അടിവച്ചടി വച്ചു വളര്‍ച്ചതന്നെ. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതൊരു പാര്‍ട്ടി സെക്രട്ടറി.
ബീഡിത്തൊഴിലാളിയിന്നില്ല, ചെത്തുതൊഴിലാളിയില്ല എന്നിട്ടും തൊഴിലാളി ഐക്യം സിന്താബാദ് വിളിച്ച് വിഹിതം പിരിച്ച് ഉപജീവനം നടത്തുന്ന കുറെ നേതാക്കന്മാര്‍. കൊലപാതകം നടത്തിയ കണക്കുകളും കൊല്ലിച്ച വിധവും വിളിച്ചു പറഞ്ഞ് കൂട്ടില്‍ കിടന്ന് വികൃതി കാട്ടുന്ന ചിമ്പന്‍സിയെപ്പോലെ അട്ടഹസിക്കുന്നവര്‍. ടെക്‌്‌നോളജിയുടെ വളര്‍ച്ച പോലും അറിയാതെ ടെലിഫോണില്‍ കൂടി കൊലപാതകം വിളംമ്പരം ചെയ്യുന്ന മൂഢന്മാര്‍ ;നല്ല പിള്ള’ ചമെയുന്ന വലതുപക്‌ഷമോ? ജനസമ്പര്‍ക്കം എന്നും പറഞ്ഞ് നേതാക്കന്മാര്‍ വഴിയാധാരമായിരിക്കുന്നു. പൊതുമേഖലയിലുള്ള എന്തെല്ലാം അടിച്ചുമാറ്റാമോ അതെല്ലാം സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കുമൊക്കെയായി വീതിച്ചെടുത്ത് അതിവേഗം യാത്ര തുടരുകയാണ്. നിലവിലുള്ള റോഡുകള്‍ പോലും അപകടരഹിതമാക്കാന്‍ ശ്രദ്‌ധിക്കാതെ, സൂപ്പര്‍ ഹൈവേ, കേരള എയര്‍വേയ്‌സ്, ആറുമ്മുള എയര്‍പോര്‍ട്ട് എന്നിങ്ങനെ വികസനത്തില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നു. സര്‍വത്ര നാശം എല്ലാത്തുറകളിലും വിതച്ചുകൊണ്ട് ജനജീവിതം ദുസഹ്യമാക്കപ്പെടുമ്പോള്‍ കോടതി ഇടപെടുന്നു.
ബന്ത് നിരോധിച്ചു. ഇപ്പോള്‍ ഹര്‍ത്താലായി. രണ്ടാം ദിവസം കരിദിനം. നേതാക്കന്മാര്‍ കുലി കൊടുത്ത് പ്രതിയോഗികളെ കൊല്ലിക്കുന്നു. കുലപാതകിയായ നേതാവിനെ അറസ്‌റ്റു ചെയ്‌താല്‍ പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടകളെ ഇറക്കി ഹര്‍ത്താല്‍. പൊതുമുതല്‍ നശിപ്പിക്കുക ,സാധാരണക്കാരുടെ സ്വാതന്ത്ര്യം ഹനിക്കുക, സാധുക്കളെ ഉപദ്രവിക്കുക. എന്നിട്ട് നേതാക്കന്മാര്‍ ടി.വി. ചാനലുകളില്‍ വന്നിരുന്ന് പരസ്‌പരം സുഹൃത്ത് എന്നു സംബോധന ചെയ്യുക. അതേ! അവര്‍ സുഹൃത്തുക്കളാണെന്ന് വഴിയില്‍ വെട്ടുകൊണ്ടു വീഴുന്ന വിഡ്ഡികളറിയുന്നില്ല.
രാഷ്‌ട്രീയത്തില്‍ മാത്രമല്ല, കേരളസംസ്‌കാരത്തിന്റെ സകലതുറകളും ഈ വിഷമവ്യത്തത്തില്‍ ഇന്ന് നശിക്കയാണ്. പരിശുദ്‌ധ സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ പോലും പരസ്‌പരം തട്ടാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നു. കേരളത്തില്‍ ഇന്ന് വിലസുന്ന ആള്‍ദൈവങ്ങള്‍ക്കെതിരേ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ‘ഏകദൈവ’വിശ്വാസികളായവര്‍ക്കോ നിരീശ്വരവാദികള്‍ക്കോ ഇന്ന് കെല്‍പ്പില്ലാതായിരിക്കുന്നു.
മനുഷ്യശാരീരികശാസ്‌ത്രമനുസരിച്ച് 48 വയസുവരെ ആരോഹണവും പിന്നീട് അവരോഹണവും ആണ്. വിജ്‌ഞാനങ്ങളെ ഉള്‍ക്കൊള്ളുന്ന മാനസികവളര്‍ച്ച ,കുടുംബപരിസ്‌ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളാലും ശാരീരിക ഹോര്‍മോണിന്റെ പ്രവര്‍ത്തനവ്യതിയാനങ്ങളാലും മുരടിച്ച് ചിന്താമണ്ഡലം ക്രമേണ മരവിക്കുന്നുവെന്നതാണ്‌് പ്രക്യതിനിയമം. അതുകൊണ്ടാണ് 55-ാം വയസില്‍ പെന്‍ഷന്‍പ്രായം നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ മലയാളിമാഹാത്‌മ്യം നേരെ മറിച്ചാണ്. അവന്‍ പാരില്‍ ചിരംജ്‌ജീവിയാണ്. കല്ലറയ്ക്കകം പൂകാതെ മറ്റൊരുവന് സ്‌ഥാനം കൊടുക്കില്ല. കേരളം മുടിഞ്ഞതിന്റെ മൂലകാരണവും അതാണ്.
കേരളം മാത്രമോ മുടിയുന്നത്? മലയാളി കുടിയേറിയ സര്‍വലോകങ്ങളിലും അവരുടെ സമൂഹത്തില്‍ ഈ മൂഡചിന്താഗതി ഇന്നും തുടരുകയാണ്. ഇന്ത്യയ്ക്ക് വെളിയില്‍ പോയവന് രാഷ്‌ട്രീയം ഒക്കാതെവന്നതിനാല്‍ പിന്നെ കിട്ടിയത് ആത്‌മീയമാണ്. വസിക്കുന്ന ഇടങ്ങളില്‍ നല്ലവണ്ണം കലക്കി പയറ്റിത്തെളിഞ്ഞിട്ടുണ്ട്. വീണതെല്ലാം വിദ്യയാക്കിക്കൊണ്ട് അതിനെല്ലാം ഒത്തുവാക്യങ്ങളും വേദങ്ങളില്‍ നിന്നു തന്നെ കണ്ടെത്തിവിളമ്പും. ഇങ്ങനെ ദശാധിപന്മാര്‍, ശതാധിപന്മാര്‍ ഒക്കെയുണ്ട്. പിന്നീട് സംഘടിച്ചുശക്‌തരാകുവീന്‍ എന്ന തലതൊട്ടപ്പന്റെ വചനം കേട്ട് അവകാശങ്ങള്‍ ഒന്നും നേടിയെടുക്കാനില്ലെങ്കിലും വിദേശത്തും അവന്‍ സംഘടിച്ചിട്ടുണ്ട്. സംസ്‌കാരം നിലനിര്‍ത്താന്‍. പക്‌ഷേ സ്വന്തകുടുബത്തില്‍ ഒന്നും നിലയ്ക്കുനില്‍ക്കുന്നില്ലയെന്നതാണ് വാസ്‌തവം. ഇംഗ്‌ളീഷ് ഒട്ട് പഠിച്ചതുമില്ല, മലയാളം മറന്നുംപോയി. കമൃൂണിക്കേഷന്‍തന്നെ മന്ദബുദ്‌ധിയുടേതായി. എങ്കിലും ഇത്തരക്കാരനും പാരമ്പര്യത്താല്‍ ഇവിടെയും നേതാവുതന്നെ.
ഇത്തരം നേതാക്കന്മാരെ ആദരിക്കാതെ സ്വതന്ത്രമായ വഴിയേ അമേരിക്കന്‍ മലയാളികളില്‍ സിംഹഭാഗവും ഇന്ന് ചരിക്കയാണ്. ഇതൊന്നുമറിയാതെ ചിരട്ടയിലെ മാക്രികളായ ഒരുകൂട്ടം ഞങ്ങള്‍ നേതാക്കന്മാരെന്നു പറഞ്ഞ് സംഘടനകളുടെ പേരും പറഞ്ഞ് ചിരിക്കയാണ്. ഈ വക്രിച്ച പൊള്ളച്ചിരിയേ നോക്കി ‘ഇത് വിവരമില്ലായ്‌മയുടെ വേഷംകെട്ടലാണെന്നു് തിരിച്ചറിഞ്ഞ്’ “നീയല്ലേ തുഴയുന്നത്, നിന്റെ അമ്മയല്ലേ വെള്ളത്തിലേക്ക് താഴുന്നത്’ എന്ന നിസംഗതയുടെ ചോദ്യവുമായി വിവേകമതികള്‍ പിന്‍വാങ്ങുന്നു.
********************************************
/// ഏബ്രഹാം തെക്കേമുറി /// യു.എസ്.മലയാളി ///
********************************************
Comments
comments