style="text-align: center;">ആത്മാക്കളുടെ കാവല്‍ക്കാരി – ശ്രീദേവി വര്‍മ്മ
**************************************
“ഹൊ.. ഇപ്പോ ചവിട്ടിയേനെ..“ മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുത്ത് നടന്നു.. നിലത്ത് നോക്കി വേണം നടക്കാൻ..അല്ലെങ്കിൽ..
ഇത് കേൾക്കുമ്പോള്‍ നിലത്താരെങ്കിലും കിടപ്പുണ്ടെന്ന് കരുതണ്ട.. ചുറ്റിനും ഓടി കളിക്കുന്നത് മറ്റാരുമല്ല.. മൂഷികരാണ്..
ഞാൻ സ്വപ്നലോകത്തിലാണെന്ന് തെറ്റിദ്ധരിക്കരുത്.. ഇത് നമ്മുടെ ഇന്ത്യയിൽ തന്നെയുള്ള ഒരു സ്ഥലമാണ്..
രാജസ്ഥാനിലെ ജയ്പ്പൂരിൽ നിന്നും കുറച്ച് ഉള്ളിലായിട്ടാണ് ഭരണസിരാകേന്ദ്രമായ ബിക്കാനീർ സ്ഥിതി ചെയ്യുന്നത്.. ബിക്കാനീറിനും നോഖയ്ക്കും ഇടയ്ക്കായി ദേശ്‌നോക്ക് എന്നൊരു പ്രകൃതി സുന്ദരമായ ഗ്രാമം ഉണ്ട്. അവിടെയാണ് ഈ സംഭവം അരങ്ങേറുന്നത്. ഈ ഗ്രാമത്തിന്റെ ചെല്ലപ്പേരു തന്നെ മൂഷികഗ്രാമം (ചൂഹോം കാ ഗാവ്) എന്നാണ്. ഇവിടെയാണു പ്രസിദ്ധമായ കർണ്ണിമാതാക്ഷേത്രം അഥവാ മൂഷികക്ഷേത്രം. പേരു സൂചിപ്പിക്കുമ്പോലെ ഗോപുരവാതിൽ കടന്ന്‍ അകത്തേക്ക് പ്രവേശിച്ചാൽ മൂഷികരുടെ തേർവാഴ്ച കാണാം. മനുഷ്യരെക്കണ്ടാലോടുന്ന എലികളെ പരിചയമുള്ള നമ്മൾ ഇവിടെ അവരെക്കണ്ടോടേണ്ട ഗതികേടാണു. കാരണം, അറിയാതെ എങ്ങാനും അവയിലൊന്നിനെ ഒന്നു ചവിട്ടിപ്പോയാൽ കിട്ടുന്നത് മാറാവ്യാധികളും അപകടങ്ങളുമായിരിക്കും. പക്ഷേ അതിനും പ്രതിവിധി പറയുന്നുണ്ട്. ഒരു മൂഷിക പ്രതിമ നടയ്ക്ക് വെച്ചാൽ മതിയത്രേ..
ഇനി ഈ ക്ഷേത്രമെങ്ങനെ മൂഷികക്ഷേത്രമായെന്നല്ലേ.. അതിനു പിന്നിൽ ഒരു കഥയുണ്ട് – ചരിത്രവുമായി കൂടിക്കലർന്നൊരു കഥ, കർണ്ണി എന്ന സന്യാസിനിയുടെ കഥ..
പതിന്നാലാം നൂറ്റാണ്ടിനടുപ്പിച്ചാണീ കഥ നടക്കുന്നത്. ജോധ്പൂരിലെ രാജാക്കന്മാരുടെ ചാവേറുകളാണു ചരൺ വംശജർ. കേരളത്തിലെ ചേകവന്മാരെപ്പോലെ. ആ വംശത്തിൽ മേഹോജി ചരണിന്റേയും ദേവാൽ ദേവിയുടേയും ഏഴാമത്തെ സന്താനമായിരുന്നു റിതുഭായി. ആറു വയസ്സുള്ളപ്പോൾ ആ പെൺകുട്ടി തന്റെ ചാർച്ചയിൽപ്പെട്ട ഒരു സ്ത്രീയുടെ മാറാവ്യാധി മാറ്റിയത്രെ. അതോടെ അവൾ ദുർഗ്ഗാദേവിയുടെ അവതാരമെന്ന അർത്ഥത്തിൽ കർണ്ണിയെന്നറിയപ്പെട്ടു. വീണ്ടും വീണ്ടും അൽഭുതപ്രവർത്തികളുടെ വിളനിലമായപ്പോള്‍ അനുചരവൃന്ദം അവളുടെ പേരിനൊപ്പം മാത എന്നു കൂടി ചാർത്തിക്കൊടുത്തു. അങ്ങനെയവൾ ഭക്തരുടെ ഇഷ്ടവരദായിനിയായ കർണ്ണിമാത ആയി. വിവാഹിതയായെങ്കിലും ഭർത്താവിനെ സഹോദരിയുടെ ജീവിതത്തിലേക്ക് പറഞ്ഞു വിട്ട് കർണ്ണിമാത ആധ്യാത്മിക പാതയിലേക്ക് നടന്നുപോയി എന്നാണ് പറയപ്പെടുന്നത്..
ഒരിക്കൽ ഭക്തരിൽ ഒരാൾ താൻ നൊന്തു പെറ്റ കുഞ്ഞിനെ മരണം തട്ടിയെടുത്തതിൽ വിലപിച്ച് കർണ്ണിമാതയെ ശരണം പ്രാപിച്ചു. യമധർമ്മനോട് ആ കുഞ്ഞിനെ തിരികെ കൊടുക്കാൻ മാത ആവശ്യപ്പെട്ടെങ്കിലും അത് മറ്റൊരു രൂപത്തിൽ പുനർജ്ജനിച്ചതിനാൽ തിരികെത്തരാൻ നിർവ്വാഹമില്ലെന്നു പറഞ്ഞ് യമധർമ്മൻ കയ്യൊഴിഞ്ഞു. എന്നാൽ ഇന്നുമുതൽ തന്റെ വംശത്തിലുള്ളവർ മരിച്ചാൽ അതേ വംശത്തിൽ തന്നെ പുനർജ്ജനിക്കണമെന്നും അതുവരെയുള്ള ഇടവേളയിൽ മൂഷികരൂപം ധരിച്ച് തന്റെ പരിപാലനത്തിലുണ്ടാവണമെന്നും അവർ മരണദേവനോട് ആവശ്യപ്പെട്ടുവത്രേ. അങ്ങനെയാവട്ടെയെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തുവെന്നാണു കഥ.
രാജ്യഭരണരംഗത്ത് കർണ്ണിമാത രാജാവിനൊരുപാട് സഹായങ്ങൾ ചെയ്തതിന്റെ നന്ദിപൂർവ്വകമായിട്ടാണത്രേ മഹാരാജ ഗംഗാസിംഹ് ഈ ക്ഷേത്രം പടുത്തുയർത്തിയത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ശത്രുതകൾ മാറ്റിയെടുത്ത് സമാധാനം പുനഃസ്ഥാപിക്കാനും അവരശാന്തം പരിശ്രമിച്ചിരുന്നുവെന്ന് കേൾക്കുന്നു.
ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും പ്രഭാഷണങ്ങൾക്കുമായുള്ള യാത്രകൾക്കിടയിൽ ബിക്കനീരിൽ വച്ചവർ അപ്രത്യക്ഷയായെന്നും കേട്ടുകേൾവിയുണ്ട്…
ഈ ക്ഷേത്രത്തിന്റെ പുനുരുദ്ധാരണം നടത്തിയത് ഹൈദരാബാദിലെ കുന്ദൻലാൽ വർമ്മയാണു. വെള്ളിയിൽ തീർത്ത ക്ഷേത്രകവാടവും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ക്ഷേത്രകവാടം കടന്നാൽപ്പിന്നെ ഓരോ ചുവടും ശ്രദ്ധിച്ചു വേണം, അബദ്ധവശാൽ എലികളെ ചവിട്ടിയാൽ തീർന്നില്ലേ. കാബാ എന്നാണീ എലികൾ അറിയപ്പെടുന്നത്. അതിൽ വെള്ളയെലികളെ കാണുന്നവരത്രേ ഭാഗ്യവാന്മാർ. എന്നാലവയെ കണ്ടു കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറക്കണ്ട. ഇവരൊന്നും നിസ്സാരന്മാരല്ല കേട്ടോ. രാജകീയവാഴ്ച നടത്തുന്നവരാണ്. ഇവരെ നോക്കാനും പരിപാലിക്കാനും പ്രത്യേകം പരികർമ്മികളുണ്ട്. അൽഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത അവിടൊരു കുഞ്ഞെലിയെപ്പോലും കാണാനാവില്ലെന്നുള്ളതാണ്. എന്നാലോ നിമിഷം പ്രതി എലികളുടെ അംഗസംഖ്യ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. പരിസരത്ത് ഏഴയലത്തായ് പോലും പേരിനൊരു പൂച്ചയെ കാണാനാവില്ലെന്നുള്ളതും സത്യം, ആശ്ചര്യം ഉളവാക്കുന്ന സത്യം..
ഭക്തർ നിവേദിക്കുന്ന പാലിലും മധുരപലഹാരങ്ങളിലുമൊക്കെ ഇവർ പൂണ്ടു വിളയാടി കഴിച്ചതിന്റെ ബാക്കിയാണു അവിടത്തെ പ്രസാദം. എലിയുടെ നിഴലടിച്ചാൽ ആ ആഹാരസാധനം വിഷമെന്ന മട്ടിൽ പുറത്തേക്ക് വലിച്ചെറിയുന്ന നമ്മള്‍ അവിടെച്ചെന്നു ഇവർ കഴിച്ചതിന്റെ ബാക്കി വാങ്ങി കഴിച്ച് നിർവൃതി അടയേണ്ടത് തന്നെ. ഇനി അബദ്ധത്തിലെങ്ങാനും അവ നിങ്ങളുടെ ശരീരത്തിൽ ഓടിക്കയറിയാൽ പേടിക്കരുത്..കർണ്ണീദേവിയുടെ അനുഗ്രഹാശിസ്സുകൾ നിങ്ങൾക്ക് ലഭിച്ചുവെന്നാണ് അതിനർത്ഥം.അപ്പോ ആശ്വസിക്കാമല്ലോ അല്ലേ?
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങള്‍ ഈ കാഴ്ച കാണാൻ എത്തുന്നുണ്ടെങ്കിലും നമ്മളിൽ പലർക്കും ഈ ക്ഷേത്രം ഇന്നും അപരിചിതം തന്നെ. മറ്റെല്ലാ ദുർഗ്ഗാക്ഷേത്രങ്ങളിലുമെന്ന പോലെ നവരാത്രിക്കാണ് ഇവിടേയും വിശേഷം..
മധുരപലഹാരങ്ങൾക്ക് പ്രശസ്തി നേടിയ ബിക്കാനീറും ദേശ്‌നോക്കും ഇനി മുതൽ ഈ മൂഷിക ക്ഷേത്രത്തിന്റെ പേരിലും അറിയപ്പെടും..