style="text-align: center;">പുഴ (കവിത) ശ്രീദേവി വര്‍മ്മ
****************************
പുഴയൊഴുകി കടലിലേക്ക്
മാലിന്യങ്ങള്‍ നക്കിത്തുടച്ചുന്മാദച്ചിത്തത്തോടെ!
തണുത്ത കൈകള്‍കൊണ്ടിടക്കിടെ
വാരിപ്പുണര്‍ന്നും ഇക്കിളിയിട്ടും,
കരയുടെ മൃദുലവികാരങ്ങളെയുണര്‍ത്തി
പുഴയൊഴുകി കടലിലേക്ക്.
കടലിന്‍റെ സ്വന്തമെന്നറിഞ്ഞിട്ടും
കര കാത്തിരുന്നാ പുഴയുടെ ആലിംഗനങ്ങള്‍ക്ക്,
വിരഹത്തിന്‍ പരിഭവങ്ങള്‍
പുനഃസമാഗമത്തിലലിഞ്ഞില്ലാതെയായി.
നെടുവീര്‍പ്പുപോലുമവശേഷിപ്പിക്കാതെ,
യാത്ര പറയാതെയകലുന്ന പുഴയെ
കര വീണ്ടും കാത്തിരുന്നു.
കണ്ണുനീര്‍ത്തുള്ളികളുമായി.
വിഷലിപ്തതയെ വേര്‍പിരിക്കാതെ,
പരിഭവം പറയാതെ,
മൂര്‍ദ്ധാവില്‍ മുത്തമിട്ട്,
പുഴയെ നെഞ്ചോട് ചേര്‍ത്ത്,
കളങ്കവും നാശവും സ്വയമറിഞ്ഞേറ്റെടുത്ത്,
കടലും പുഴയെ പ്രണയിച്ചു.
നിന്നെ പ്രണയിക്കാന്‍ ഞാന്‍
മാറിമാറി കടലും കരയുമായി
പക്ഷെ!
നീയെപ്പോഴും പുഴ മാത്രമായിരുന്നു…
***************************
/// ശ്രീദേവി വര്‍മ്മ /// യു.എസ്.മലയാളി ///
****************************
Comments
comments