ജോൺസൺ ചെറിയാൻ .
തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്. ആറു മാസത്തിലേറെയായി ചാലക്കുടിയിലെ ജനങ്ങളെ ദേശീയപാത അതോറിറ്റി ബന്ദികളാക്കിയിരിക്കുകയാണെന്നും എം.എൽ.എ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഇത് കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ഉൾപ്പെടെയുള്ള ഉന്നത കോടതികൾ വിഷയത്തിൽ ഇടപെട്ടിട്ടും ദേശീയപാത അതോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എം.എൽ.എ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
