പൈത്യരത്നം വയനാടന്‍ മൂസ്സ് ( കഥ ) കീറാമുട്ടി
*********************************
പലകടമ്പകളും കടന്ന്, പത്തുമാസത്തെ കഠിനാദ്ധ്വാനത്തിന് ഫലമെന്നോണം എനിക്ക് വാര്ഷികാവധി ശരിയായി. അവധിക്ക് പോകുന്ന എല്ലാവരിലും കാണുന്ന ഉത്സാഹം എനിക്കുണ്ടായിരുന്നില്ല. പ്രാരാബ്ദങ്ങളുടെ പാക്കിസ്ഥാനിലേയ്ക്കാണ് ഞാന്‍ പോകുന്നത്. പലസാധനങ്ങള്‍ വാങ്ങിയകൂട്ടത്തില്‍, അല്പം ദീര്‍ഘവീക്ഷണത്തോടെ, ഒരു ഒട്ടിപ്പിടിക്കാത്ത-തൂവല്ത്തൂക്കമുള്ള (non-stick, featherweight) തേപ്പുപെട്ടിയും വാങ്ങിച്ചു. നമ്മുടെ ബാലകൃഷ്ണപിള്ളക്ക് കട്ടുവില്‍ക്കുവാന്‍ കറണ്ട് ധാരാളം ഉണ്ടായിരുന്ന കാലം, എന്‍റെ വീട്ടിലില്ല. സമീപ ഭാവിയില്‍ കറണ്ട് കിട്ടായാല്‍ സൌകര്യമാവുമല്ലോ എന്ന എന്‍റെ വീക്ഷണം എത്ര ദീര്‍ഘമായിരുന്നുവെന്ന്, ഈ കഥ നടന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞ് ഞാനൊരു പ്രവാസിയായതിനുശേഷം പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ കറണ്ട് കിട്ടിയെന്നു കേട്ടപ്പോളാണ് മനസ്സിലായത്. കഥയിലേക്കുകടക്കാം.
പതിവിനു മറുത്തതായി കവലയെന്നു ഞങ്ങള്‍ വിളിക്കുന്ന സിറിള്‍ എന്ന ചങ്ങനാശ്ശേരിക്കാരനും എന്നെ യാത്രയയ്ക്കുവാന്‍ റെയില്‍വേസ്റ്റേഷനില്‍ വന്നുവെന്നതാണ്. യാത്രയിലും പതിവുള്ള ചെരുപ്പുമോഷണം, സൂട്ട്കെയിസുമോഷണം, ചെറിയയിനം പീഡനം ഒക്കെ ഉണ്ടായിരുന്നു. ഇടയ്ക്കു വണ്ടിയില്‍ കയറുന്ന വേശ്യകളുടെ കൈയും കലാശവും, ഇപ്പോഴുള്ള ഒരു 20 വയസ്സുകാരന്‍ കഥകളി കാണുന്നതുപോലെ ഞാന്‍ കണ്ടിരിക്കുമായിരുന്നു. അങ്ങനെ ഹൗറമെയിലിനു മദ്രാസ്സില്‍ ഇറങ്ങി മംഗലാപുരം മെയിലിനു പാലക്കാടിറങ്ങിയാല്‍ വീട്ടിലേക്കുള്ള യാത്ര പകുതിയാകും. വയനാടിനുപോകേണ്ട ഞാന്‍ മംഗലാപുരം മെയിലിനു കയറി കോഴിക്കോടിറങ്ങാതെ പാലക്കാടിറങ്ങുന്നതെന്തിനെന്നും, പാലക്കാടിറങ്ങിയാല്‍ വീട്ടിലേക്കുള്ള യാത്ര പകുതിയാകും എന്നതും കൂട്ടിവായിച്ചാല്‍ കിട്ടുന്ന ഉത്തരം മലപ്പുറം എന്നാണ്. പാലക്കാടുനിന്ന് കോഴിക്കോട് വരെ, ഹൗറ മുതല്‍ പാലക്കടുവരെയുള്ളതിനേക്കാള്‍ സ്റ്റോപ്പുകള്‍ ഉണ്ട്. ഖുറാനും, ബൈബിളും എഴുതപ്പെട്ടതിനു ശേഷം തീവണ്ടി കണ്ടുപിടിച്ചതുകൊണ്ടാകാം. ദീര്‍ഘദൂര തീവണ്ടി യാത്രക്കാരന്റെ സമയവും , ബുദ്ധിമുട്ടും പാലക്കാടിനും കോഴിക്കോടിനും ഇടക്കുള്ള ഭുപ്രദേശത്തുള്ളവര്‍ക്ക് മനസ്സിലാകാത്തത്. പാലായിലേയ്ക്ക് തീവണ്ടിയില്ലാത്തത് എത്ര നന്നായെന്നു തോന്നിപ്പോകാറില്ലേ. അങ്ങനെ പാലക്കാടുനിന്നും ബസ്സിനു കോഴിക്കോടെത്തി അവിടെനിന്നും കല്‍പ്പറ്റക്കും അവിടെനിന്നും ഈറ്റില്ലം എന്ന എന്‍റെ സാങ്കല്‍പിക ഗ്രാമ ത്തിലേയ്ക്കും.
ഇതൊക്കെ നടക്കുന്നത്, വല്ലപ്പോഴും ഉള്ള ബന്ത് അല്ലാതെ ഹര്‍ത്താല്‍ കണ്ടുപിടിക്കുന്നതിനുമുമ്പായിരുന്നു. അതുകൊണ്ടുതന്നെ, രാവിലെ ഏഴുമണിക്ക് പാലക്കാട്ട് എത്തുന്ന ഞാന്‍ മയക്കലോടെ ഈറ്റില്ലത്തുള്ള വീട്ടിലെത്തുന്നു. പത്തുമാസംകൂടി കാണുന്ന സന്തോഷത്തിനുപുറമേ, ഇനിയുള്ള രണ്ടുമാസം പട്ടാളചിട്ടയും, ശാസനകളും അനുഭവിക്കണമല്ലോ എന്നുള്ള ചിന്തയില്‍നിന്നുമുളവാകുന്ന നിരാശയും, അഭിനയം അശേഷം അറിയാത്ത, വീട്ടിലുള്ളവരുടെ മുഖത്തുണ്ടാകുന്നത് മണ്ണെണ്ണവിളക്കില്‍നിന്നുമുയരുന്ന പുകയില്‍ അലിഞ്ഞുചേരുന്നതും, പൊത്തില്‍ നിന്നും ഒരു നത്ത് തുറിച്ചുനോക്കുന്നതുപോലെ തുറന്നുവെച്ച എന്‍റെ പെട്ടിയിലേക്ക് നോക്കുന്നതും ഒക്കെ പതിവ് കലാപരിപാടികളാണ്. ഓരോരുത്തര്‍ക്കുവേണ്ടി വാങ്ങിച്ചവ കിട്ടുമ്പോള്‍ അവര്‍ ശരിക്കും സന്തോഷിച്ചിരുന്നോ എന്നറിയില്ല. അങ്ങനെ, ഭാവിയില്‍ ഉപയോഗിക്കാനുള്ള തേപ്പുപെട്ടിയുള്ള കൂട് വര്‍ത്തമാനപത്രം കൊണ്ടു പൊതിഞ്ഞിരുന്നപ്പോള്‍ തന്നെ സംശയിക്കെണ്ടതായിരുന്നു (ഞാന്‍ ഈ കൂട് പൊതിഞ്ഞിട്ടില്ലായിരുന്നു). പൊതിയെടുത്തപ്പോള്‍ തൂവല്‍തൂക്കത്തിനുപകരം ഒരു വരിക്കച്ചക്കയുടെ ഭാരം അനുഭവപ്പെട്ടപ്പോഴേ മനസ്സിലായി പണികിട്ടിയെന്ന്.
പക്ഷെ ഒത്തിരി താമസിച്ചുപോയി, പൊതിയഴിക്കാതിരിക്കാനുള്ള ഒരുപായവും, വൈകിഓടുന്ന തീവണ്ടി എന്നപോലെ ബുദ്ധിയുള്ള, എനിക്ക് തോന്നിയില്ല. അങ്ങനെ വക്കുപൊട്ടിയതും, അഴുക്കും,ചെളിയും പിടിച്ച ഒരു “ബംഗാള്‍ ഇഷ്ടിക” ഓണംകേറാമൂലയായ ഈറ്റില്ലത്ത് എത്തി. ബംഗാള്‍ കടുവ എന്നൊക്കെ പറയുന്നപോലെ ബംഗാള്‍ ഇഷ്ടിക പ്രത്യേക ജനുസ്സോന്നുമല്ല, ബംഗാളില്‍ നിന്നും കെട്ടിച്ചുമന്നു , അതിസാഹസ്സികമായി മലപ്പുറം ഒഴിവാക്കി കൊണ്ടുവന്നതുകൊണ്ട് ആ പേരിട്ടെന്നേയുള്ളു. ഇത്തവണ കട്ടയ്ക്കാണല്ലോ പണി തന്നെതെന്നു ആരൊ പറഞ്ഞത് അവ്യക്തമായി കേട്ടു.
എന്നാണുവന്നതെന്ന ചോദ്യത്തിനു ആദ്യമാസവും, എന്നാണ് തിരിച്ചുപോകുന്നതെന്ന ചോദ്യത്തിന് രണ്ടാംമാസവും ഉത്തരങ്ങള്‍ പറഞ്ഞും രണ്ട് മാസങ്ങള്‍ കഴിക്കുന്നുണ്ടെങ്കിലും, പരോക്ഷമായി, ഒരുമാസം കഴിയുമ്പോള്‍തന്നെ ഞാന്‍ എന്‍റെ സ്വന്തം നാട്ടില്‍ അധികപ്പറ്റായി എന്ന സൂചനയില്ലേ . എന്നിരുന്നാലും, നാട്ടിലുള്ള കൂട്ടുകാര്‍ പത്തുമാസം എനിക്കായി കരുതിയ കലാപരിപാടികള്‍, എന്‍റെ ബലത്തില്‍ നടത്താനിരിക്കുന്ന പദ്ധതികള്‍, അറിയുന്ന ചിലരുടെ രഹസ്യവ്യായാമങ്ങള്‍, കഴിഞ്ഞ ഉത്സവത്തിനും, പള്ളിപ്പെരുന്നാളിനും കാട്ടിക്കുട്ടിയ സാഹസങ്ങള്‍ ഒക്കെ പറഞ്ഞും കേട്ടും അന്‍പത്തിയാറ് ദിനങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും, എന്‍റെ ബുദ്ധിയെ പലതായി പകുത്ത് അതില്‍ വൈരാഗ്യ ബുദ്ധിയിലേയ്ക്ക് ഒരിഷ്ടികക്കനം, അതെ ഒരു ബംഗാള്‍ ഇഷ്ടികക്കനം മാറ്റിവെച്ചിട്ടുണ്ടായിരുന്നു.
ഒരു പട്ടാളക്കാരന്‍റെ ഒരുദിവസം പ്രശ്നരഹിതമായി കടന്നുകിട്ടുകയെന്നത് ഒരു യുദ്ധം ജയിക്കുന്നതിനു തുല്യമാണ്. അതൊക്കെകൊണ്ടാകാം പട്ടാളം പരമസുഖം, പട്ടിണിയാണതിലും ഭേദം എന്ന പരമസത്യമായ പഴഞ്ചൊല്ല് ഉണ്ടായത്. സര്‍വ സൂത്രവാക്യങ്ങളുടെയും അടിസ്ഥാനം അനുഭവമാണല്ലോ. അനുഭവത്തില്‍ നിന്നും പഠിക്കാത്തവന്‍ കഴുത. അങ്ങനെ വരുമ്പോള്‍ കേരളിയരെല്ലാരും കഴുതകള്‍. അല്ലായിരുന്നുവെങ്കില്‍ എല്ലാ അഞ്ചുവര്‍ഷവും കൃത്യമായി യു. ഡി. എഫും, എല്‍. ഡി. എഫും, മാറി, മാറി കട്ടു മുടിക്കുകയില്ലായിരുന്നു. കണ്ടോ! എത്ര പെട്ടന്നാണ് ഒരു സൂത്രവാക്യം ഉണ്ടായത്. അങ്ങനെ ഞാന്‍ യുദ്ധം ജയിച്ചും, തോറ്റും മാസങ്ങള്‍ കഴിക്കുണ്ടായിരുന്നു. വൈരാഗ്യബുദ്ധിയിലെ ഇഷ്ടികയെ ചിന്തയാകുന്ന മണല്‍ തെറുപ്പിച്ച് (sand blasting) മിനുക്കുന്നുണ്ടായിരുന്നു.
ഭുമി സൂര്യനെ ചുറ്റുന്നതിനൊപ്പം സ്വയം തിരിയുന്നതുപോലെ, ഞങ്ങള്‍ കൂട്ടുകാര്‍, അവധിയില്‍ പോകുന്നോര്‍ക്കിട്ടു കൂട്ടപ്പണിയും, തനത് പണിയും കൊടുക്കാറുണ്ടായിരുന്നു. എന്നിക്ക് കിട്ടിയ പണി, കൂട്ടപ്പണിയെന്ന് ഞാന്‍ കരുതിയെങ്കിലും അതൊരു തനത് പണിയായിരുന്നുവെന്ന് കവല പറഞ്ഞറിഞ്ഞു. ആലപ്പുഴക്കാരന്‍ ജയരാജ് എന്ന കൂട്ടുകാരെന്റെ വക പണി. പല യുദ്ധങ്ങള്‍ ജയിപ്പിച്ച്, ജയിപ്പിച്ച്, ഒടുവില്‍ ജയരാജിനു അവധി കിട്ടി. വളരെ കരുതലോടെ പെട്ടിയടുക്കിയ ജയരാജ്, ഞങ്ങളുടെ കൂട്ടപ്പണി പൊളിച്ചടുക്കി. ഒരു ചെറുപണിയെങ്കിലും കൊടുത്തുവിടാത്തതിലുള്ള നിരാശ ഉള്ളിലൊതുക്കി, സന്തോഷത്തോടെ ജയരാജിനെ യാത്രയാക്കി ഞങ്ങള്‍ ദിനയുദ്ധത്തില്‍ മുഴുകി.
അങ്ങനെയിരിക്കെ, രവികുമാറിന്‍റെ ഉദ്യോഗക്കയറ്റ ഒത്തുചേരല്‍ (പ്രമോഷന്‍ പാര്‍ട്ടി) ജയരാജ് അവധികഴിഞ്ഞ് വരുന്നദിവസം കണക്കാക്കി തീരുമാനിച്ചു. എനിക്കും, കാഞ്ഞിരപ്പള്ളിക്കാരന്‍ ജോസഫിനും ഉച്ചകഴിഞ്ഞ് എഴുമണിവരെയാണ് ജോലി. ഞങ്ങള്‍ വന്നിട്ട് ഞങ്ങള്‍ക്കായി നീക്കിവെച്ച കാര്യങ്ങള്‍ ചെയ്യണം. ജോസഫിന് പാചകവും, എനിക്ക് കള്ള് സംഘടിപ്പിക്കലും. അവധി കഴിഞ്ഞെത്തുന്ന പട്ടാളക്കാരന് ദു:ഖിക്കാന്‍ ഒരുകാരണമല്ല ഒരുപാട് കാരണങ്ങളുണ്ടാകും. രണ്ടുമാസം താലോലിച്ചു വളര്‍ത്തിയ മുടി കശാപ്പു ചെയുന്നത്, തിരിച്ചുള്ള യാത്ര വരണ്ടത് (തീവണ്ടിയില്‍ മഹിളകളുടെ ആധിക്യക്കുറവ്), വീട്ടുകാരെ പിരിഞ്ഞത്, കൂട്ടുകാരെ പിരിഞ്ഞത്, ആരെയും പ്രേമിക്കാന്‍ പറ്റാത്തത്, ഓണത്തിനോ, വിഷുവിനോ, ക്രിസ്തുമസ്സിനോ മുമ്പേ പോരേണ്ടി വന്നതിന്, എന്ന പൊതു ദു:ഖകേതുക്കള്‍ക്ക് പുറമേ, അനിരുദ്ധനെപോലുള്ളവര്‍ക്ക്, കല്യാണം കഴിപ്പിക്കാന്‍ വീട്ടുകാരുടെ നിര്‍ബന്ധം ഒരു വലിയ സങ്കടം തന്നെ. എന്നാല്‍, മൂത്ത രണ്ടേട്ടന്മാര്‍ പുരനിറഞ്ഞു നില്‍ക്കുന്ന, മുപ്പത്തിയൊന്നു വയസ്സായ ദേവന്‍റെ ദു:ഖത്തിനു മുന്നില്‍ അനിരുദ്ധന്‍റെ സങ്കടം വെറും തമാശമാത്രം. പക്ഷെ, ഈ വക ദു:ഖങ്ങളൊക്കെ, വന്നയുടനെ വീശുന്ന രണ്ട് പെഗ്ഗില്‍ അലിഞ്ഞോ, ഒഴുകിയോ പോയിരിക്കും. എന്നിട്ടും ജയരാജിന്‍റെ മ്ളാനതയെന്തേ ഇത്ര നീളുന്നു. എല്ലാവരും അവരവര്‍ക്ക് കിട്ടിയ ജോലി ഭംഗിയായി ചെയ്തതുകൊണ്ട്, എല്ലാ ഗ്ലാസ്സിലും നിറഞ്ഞ കള്ള്, രവികുമാറിന്‍റെ പുതിയ തസ്ഥികയുടെ ആയിരാരോഗ്യതിനുവേണ്ടി കൃത്യസമയത്തുതന്നെ തൊള്ളയിലേക്ക് ഹോമിക്കാന്‍ പറ്റിയത്. കള്ളുകുപ്പിയിലെ അളവ് കുറയുന്നതനുസ്സരിച്ചു, ചിലരിലെ കലാകാരന്മാര്‍ ഉണരുകയും തദ്വാര പാട്ടായും (ഭരണിയടക്കം), കവിതയായും, ഗസ്സലായും, തമാശയായും, അമളി വിവരണമായും ഒക്കെ പുറത്തുവന്നുകൊണ്ടിരുന്നു. പ്രാദേശിക, ദേശിയ, അന്തര്‍ദേശിയ രാഷ്ട്രിയം, ശാസ്ത്രസാങ്കേതികം, ഒക്കെ കള്ളിന്‍റെ ഒറ്റപിന്‍ബലത്തില്‍ തലനാരിഴമുറിച്ചുകീറി വിശകലനം ചെയുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ജയരാജിന്‍റെ മ്ലാനതയുടെ കാരണവും മറനീക്കേണ്ടിവന്നു. വേച്ചുവേച്ച് എണീറ്റുപോയി, പെട്ടിതുറന്ന് ഒരു കവറുമായി ജയരാജ് വന്നു. കവര്‍ വാങ്ങി ഉള്ളിലുള്ള കത്ത് എന്നുതോന്നിപ്പിക്കുന്ന രണ്ട് താള്‍ പീറ്റര്‍ പുറത്തെടുത്തു ഓരോന്നായി വായന തുടങ്ങി.
ഞങ്ങളെല്ലാവരും ശ്രദ്ധയോടെ കേട്ടിരിന്നു. പീറ്റര്‍ ആദ്യത്തെ താള്‍ ഇങ്ങനെ വായിച്ചു, ” പ്രിയ ജയരാജ് , എന്തൊക്കെയുണ്ട് ഞാന്‍ പോന്നതിനുശേഷം വിശേഷങ്ങള്‍, എനിക്കിവിടെ സുഖം, വീട്ടിലും എല്ലാവര്ക്കും സുഖം…… ” (അടുത്ത ഖണ്ണിക) ” പിന്നെ മുന്‍പ് പറഞ്ഞതുപോലെ, ഇവടെ അടുത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി, കാര്യങ്ങള്‍ പറഞ്ഞ് കക്ഷായത്തിനുള്ള കുറിപ്പടി തന്നത് ഈ കത്തിനൊപ്പം അയക്കുന്നു. കക്ഷായം കുടിക്കുമ്പോള്‍ ശരിയായി പഥ്യം നോക്കണമെന്ന് വൈദ്യര് പ്രത്യേകം പറഞ്ഞിട്ടുണ്ട് ………. മറ്റു വിശേഷങ്ങള്‍ ഒന്നുമില്ല, നിര്‍ത്തുന്നു. സ്നേഹത്തോടെ സണ്ണി ലൂക്കോസ്സ്.” പീറ്റര്‍ അടുത്ത താള്‍ വായിക്കുവാന്‍ തുടങ്ങി ” കക്ഷായത്തിന്… (അടുത്ത ഖണ്ണിക), മാതളനാരങ്ങാതോട് # # കഴഞ്ച്, നറുനീണ്ടി # # കഴഞ്ച്, പാടക്കിഴങ്ങ് ## കഴഞ്ച്, മുത്തങ്ങ, കുറുന്തോട്ടി, ആടലോടകം, കണ്ടകാരി വേര് ….”, ഇങ്ങനെ നീണ്ടു പോകുന്ന അങ്ങാടി മരുന്നുകളുടെ നിരയും, അവ ## ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് , ## നാഴിയായി കുറുക്കി # ഔണ്‍സ് വീതം ## നേരം .. മേമ്പൊടിക്ക് ഇന്തുപ്പും, ചെറുതേനും ഉപയോഗിക്കാം. കുറിപ്പടിയില്‍ ഓരോതരം മരുന്നും കഴിഞ്ഞുള്ള അളവ് പഴയ മലയാള സംഖ്യാരീതിയിലായിരുന്നു. അത്, ഞങ്ങളുടെ ആ പ്രായത്തില്‍ ആര്‍ക്കും വായിക്കുവാന്‍ പറ്റത്തില്ലായിരുന്നു. അതുകൊണ്ടായിരുന്നു, പീറ്ററിന്‍റെ വായനയില്‍, ഓരോ മരുന്നിനുശേഷവും തെല്ല് അളകോപരിയുള്ള നിര്‍ത്തല്‍. വായനകഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും ഒരുകാര്യം മനസ്സിലായി , ഒന്നാന്തരമൊരു തനതുപണി. അന്നത്തെ കാലത്ത്, ശരീരത്തിന് കേടുകിട്ടുമ്പോളാണല്ലോ കക്ഷായം കുടിക്കുന്നത്. അവനവിടെ ‘അടിയും പിടിയും’ ഒക്കെയാണ് എന്നു ഈ കുറിപ്പടി വായിക്കുന്ന വീട്ടുകാര്‍ സാമന്യഗതിയില്‍ ചിന്തിച്ചുകൊള്ളും. വളരെ മനോഹരമായ പണി. പക്ഷെ, ഈ പണി അതിന്‍റെ മനോഹാരിതയൊക്കെവിട്ട് തന്‍റെ രണ്ടുമാസ്സത്തെ അവധി ചപ്പി ചണ്ടിയാക്കിയെന്നു ജയരാജ് നല്ല അമര്‍ഷത്തോടെ പറഞ്ഞു.
ജയരാജ് തുടര്‍ന്നു. “നാട്ടിലെത്തി രണ്ടാംദിവസം ഞാന്‍ പുറത്തുപോയപ്പോള്‍, പെങ്ങള്‍ക്ക് പെട്ടിയിലുള്ള ഡയറിയില്‍ നിന്നും കവര്‍ കിട്ടുകയും, അവളുടെ പ്രഥമ വായനയില്‍, ചേട്ടന് എന്തോ രോഗമുണ്ടെന്നുതോന്നിയിട്ട് കവര്‍ അച്ഛനെ ഏല്പിക്കുകയും, അച്ഛനും, അമ്മയും വായിച്ചിട്ട്, അച്ഛന്‍ തീറുകൈ അടുത്തുള്ള ആയുര്‍വേദവൈദ്യശാലയിലേക്ക് വച്ചുപിടിക്കുകയും ചെയുതു. അമ്മ, ആധിയോടെ, അച്ഛനും മകനും തിരിച്ചുവരുന്നതും കാത്തിരുന്നു. പെങ്ങള്‍, പ്രായം കണക്കിലെടുത്താല്‍, ഒരു പക്ഷേ, സണ്ണി ലുക്കോസ്സ്, വടക്കേടത്ത് ഹൗസ്, കുറുമുള്ളൂര്‍ പി. ഒ., കാണക്കാരി വഴി, കോട്ടയം ജില്ല, കേരളം, എന്ന വ്യക്തിയെക്കുറിച്ചായിരിക്കും ഓര്‍ത്തത്. ഒരു പ്രായത്തില്‍ ആരും, പലതും അതിരുകടന്ന് ഓര്‍ക്കുമല്ലോ. അവിടെ ജാതിയും, മതവും, സ്ഥലഭേദവും മറ്റു തടസ്സങ്ങള്‍ ഒന്നുമില്ല. ഞാന്‍ കാട് കയറുന്നില്ല. കൂട്ടുകാരൊത്തു അടിച്ചുപൊളിച്ചുകഴിഞ്ഞ് വീടെത്തിയ ജയരാജിനെ കാത്തിരുന്നത്, അമ്മയുടെ ചങ്കത്തടിച്ചുള്ള കരച്ചിലും, അച്ഛന്റെ ആക്രോശവും. “ആരാടാ ആ പെണ്ണ്? എന്തുജാതിയാടാ? എതുഭാഷക്കാരിയാടാ? കൊച്ച് ആണോ പെണ്ണോ?”
ഒറ്റശ്വാസത്തില്‍ ഒരായിരം ചോദ്യങ്ങള്‍. സപ്തനാഡികളും തളര്‍ന്ന എനിക്ക് കൂട്ടായിട്ട് വീടിന്‍റെ അരതിണ്ണയും അതിലുള്ള തൂണും മാത്രം.” ജയരാജ് പറഞ്ഞു നിറുത്തി. സംഭവിച്ചതിങ്ങനെ, ജയരാജിന്‍റെ അച്ഛന്‍ കൊടുത്ത കുറിപ്പടി വായിച്ചിട്ട്, “പ്രസവാനന്തര ശ്രുശ്രുഷക്ക് ഇതിലും മേലെ ആയുര്‍വേദത്തില്‍ ഒരു മരുന്നില്ല, വൈദ്യന്‍റെ പേര് കാണുന്നില്ല, ആര്‍ക്കാ, മകള്‍ക്കോ, മകന്‍റെ ഭാര്യക്കോ?” വൈദ്യന്‍ പറഞ്ഞതുകേട്ടിട്ട് ജയരാജിന്‍റെ അച്ഛന് ഒരു വെള്ളിടിവെട്ടിയ സുഖമനുഭവപ്പെട്ടിരിക്കാം. ജാതിയേത്, ഭാഷയേത് എന്ന ചോദ്യം സ്വയം ചോദിക്കുന്നതിനുമുന്‍പ്, എയര്‍ഫോഴ്സുകാരന്‍ മകന്‍ ഉണ്ടാക്കിയ സ്തീധനനഷ്ടം കണക്കുകൂട്ടിയിരിക്കാം. അച്ഛന്‍, അമ്മ , അടുത്ത ബന്ധുക്കള്‍ കൂട്ടായും, ഒറ്റക്കൊറ്റക്കും ജയരാജിനെ ചോദ്യം ചെയിതു, മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും. എന്തിന്, ആലപ്പുഴയില്‍ നിന്നും കായംകുളത്ത് വന്ന്, ഞങ്ങളുടെ സ്റ്റേഷനില്‍ നിന്നും അവധിക്കുപോയ മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലും, അന്വേഷിച്ചു. ഏതായാലും പിന്നീടുള്ള ദിവസങ്ങള്‍, അവധി കഴിയുവോളം, ജയരാജിന്‍റെ ഓരോ ചലനങ്ങളും വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ചാരന്മാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു. അവിവാഹിത ജീവിതത്തിന്‍റെ എണ്ണവറ്റി, കരിന്തിരികത്താറായി നില്‍ക്കുന്ന സമയത്തെ അവധി പഞ്ചറാകാന്‍ ഇതുപോരെ? ——————
കുറുമുള്ളൂര്‍ എന്ന കോട്ടയത്തുള്ള കുഗ്രാമം, കോട്ടയത്തുകാര്‍ക്കല്ലേ അറിയാന്‍ പറ്റത്തുള്ളൂ. അതിനാല്‍ ന്യായമായും സംശയം ജോസഫിലേക്ക് നീണ്ടതില്‍ ഒട്ടും അതിശയം ഇല്ല, മാത്രവുമല്ല, കൈക്ഷരം, പുരാണ കുടുംബം, പച്ചമരുന്നുകള്‍ കൈകാര്യം ചെയിതുട്ടുണ്ട് എന്നു വിളിച്ചോതുന്ന ശരീരപ്രകൃതി എല്ലാം ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ടുതാനും. എല്ലാത്തിനും പുറമേ എങ്ങനെയുണ്ടെടാ എന്‍റെ പണി എന്നരീതിയുലുള്ള ജോസഫിന്‍റെ പെരുമാറ്റവും കണ്ടപ്പോള്‍, എന്‍റെ വൈരാഗ്യ ബുദ്ധിയിലെ ‘ബംഗാള്‍ ഇഷ്ടികക്കനം’ പഞ്ഞിയോളമായി, കള്ള് സിരകളില്‍ കാവടിയാടുന്നതുകൊണ്ടാകാം, ഞാന്‍തന്നെയുണ്ടാക്കിയ “കട്ടക്ക് പണിതാല്‍ കൈപ്പ കക്ഷായം ” എന്ന (പഴഞ്ചൊല്ല് എന്നുപറയുന്നില്ല, ഉണ്ടാക്കിയതല്ലേയുള്ളൂ), ചൊല്ല് പറഞ്ഞു കഴിഞ്ഞതും, തൃശ്ശൂര്‍ക്കാരന്‍ വിജയന്‍ ഉറക്കെ പറഞ്ഞു “
അപ്പോള്‍ ഔസേപ്പ് വൈദ്യനല്ല, വൈദ്യരത്നം വയനാടന്‍ മൂസ്സാണ് പണിഞ്ഞത്, കലക്കിട്ടോ”. എന്‍റെ പുസ്തകശേഖരതില്‍നിന്നും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതികമാല’ എടുത്തുവായിച്ച ബലത്തിലായിരിക്കണം ഈ പേര് കിട്ടിയത്. എല്ലാവര്ക്കും അറിയാമായിരുന്നല്ലോ എനിക്കിട്ട് കട്ടക്ക്( (( ഇഷ്ടികക്ക്) പണിതന്നത്. എല്ലാവരും ഒരുനിമിക്ഷം ഞെട്ടിയെങ്കിലും കൂട്ടച്ചിരിയും കൈകൊട്ടും ഒക്കെയായി.. ഹോ! വയ്യ. അവസാന ഭാഗം മനസ്സിലാകാത്ത തമിഴന്‍ രവിശങ്കര്‍ “എന്നാച്ച്, എന്നാച്ച് എന്നുള്ള ചോദ്യത്തിനു, ” അതു വന്ന് ഇന്ത ..” എന്നൊക്കെ പീറ്റര്‍ ഉത്തരം പറയുവാന്‍ തുടങ്ങിയപ്പോള്‍, പാലക്കാട്ടുകാരന്‍ ദേവദാസ്സ്എളുപ്പത്തില്‍ പറഞ്ഞുതീര്‍ത്തു, രവിശങ്കറും പൊട്ടിച്ചിരിമേളത്തില്‍ പങ്കുചേര്‍ന്നു. ഓരോരുത്തര്‍ കിട്ടിയയിടങ്ങളില്‍ മറിഞ്ഞു മറിഞ്ഞങ്ങനെ അന്നത്തെ ഒത്തുചേരല്‍ വിജയകരമായി പൂര്ത്തികരിച്ചു.
എന്‍റെ വല്യപ്പന്‍ വെളുപ്പിന് നാലുമണിക്കു കൈക്കോട്ടും, കത്തിയും ഒക്കെയായി പറമ്പില്‍ പണിക്കിറങ്ങുമായിരുന്നു. ഞാന്‍ കണ്ടിട്ടില്ല, പറഞ്ഞുകേട്ടതാണ്. സാക്ഷിമൊഴിയും, സാഹചര്യത്തെളിവും അതു ശരിവെക്കുന്നുണ്ട്. കാലഘട്ട വിടവോ, മടികൊണ്ടോ, അപ്പന്‍ വെളുപ്പിന് നാലരക്കെ പറമ്പില്‍ പണിക്കിറങ്ങിയിരുന്നുള്ളു. ഈ പാരമ്പര്യം ഉള്ളതുകൊണ്ടല്ല ഞാന്‍ പിറ്റെദിവസം വെളുപ്പിനെണിറ്റത്. സമയ ക്ളിപ്തമായുള്ള വെള്ള വിതരണം നില്‍ക്കുന്നതിനുമുമ്പ്, ഒത്തുചേരലിനുപയോഗിച്ച പാത്രങ്ങള്‍ കഴികുകയെന്ന അധികപ്പണി ചെയുകയെന്ന ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. (മിക്കവാറും ഞാനായിരിക്കും ഈ പണി ചെയുന്നത്). വെളുപ്പിന് എഴുന്നേല്‍ക്കുക എന്നത് എനിക്ക് പണ്ടും, അന്നും, ഇപ്പോഴും, ഇനിയും ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് . എല്ലാവരും കുന്തം മറിഞ്ഞതുപോലെ, വിജയന്‍ വിധിയുടെ ബലിമൃഗം പോലെ, കിടന്നുറ ങ്ങുന്നുണ്ടായിരുന്നു. വല്ല ഭൂകമ്പമോ, കുറഞ്ഞപക്ഷം, ചെവിക്കരുകില്‍ കതിനാ പൊട്ടുകയോ ഉണ്ടായില്ലെങ്കില്‍ ആ സ്ഥിതി വൈകുന്നേരം രണ്ടുമണി വരെ തുടരുകയും ചെയുമായിരുന്നു. അവസാനം എണീക്കുന്നത് ജോസഫായിരിക്കും, അതിന് അന്നുവരെ ഒരുമാറ്റവും ഉണ്ടായിട്ടില്ല. എന്നിട്ടും! അല്ല എല്ലാത്തിനും ഒരു നിമിത്തം വേണമല്ലോ.
ഞാന്‍ കുളിമുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍, “ഗുഡ്മോര്‍ണിംഗ് പൈത്യരത്നം….” കുളിമുറിയില്‍ നിന്നും തിരിച്ചുവരുന്ന തമിഴന്‍ രവിശങ്കര്‍ വക വിഷ്. കള്ളിന്‍റെ പശ്ചാത്തലത്തില്‍, ഭാഷാവ്യത്യാസ്സത്തില്‍ വൈദ്യരത്നം, പൈത്യരത്നം ആയതില്‍ ഒട്ടും വിഷമം തോന്നിയില്ല. എന്തോ അനക്കം കേട്ടു തിരിഞ്ഞുനോക്കിയ ഞാന്‍ കണ്ടത്, നക്ഷത്രം പോലെ എഴുന്നേറ്റു നില്‍ക്കുന്ന ജോസഫിനെയാണ്. രവിശങ്കര്‍ എന്നെ വിഷ് ചെയുന്നത് കേള്‍ക്കാന്‍വേണ്ടി, കേള്‍ക്കാന്‍വേണ്ടി മാത്രം എഴുന്നേറ്റതുപോലെ. എന്തിനേറെപ്പറയുന്നു, വൈകുന്നേരത്തോടെ എനിക്കൊരു പേരുകൂടിയായി, ” പൈത്യരത്നം വയനാടന്‍ മൂസ്സ്”. വൈകുന്നേരം, എല്ലാവര്‍ക്കുംവേണ്ടി കക്ഷായ കുറിപ്പടി പുരാണം ഞാന്‍ പറഞ്ഞു. അപ്പന്‍ മരിച്ചുകഴിഞ്ഞു ഓരോ കാര്യത്തിനു പെട്ടിയും അലമാരയും തപ്പിയപ്പോള്‍, ഒരു ഡയറി എന്ന് വേണമെങ്കില്‍ പാറയാവുന്ന നോട്ട്‌ബുക്ക് കിട്ടുകയും, അപ്പന്‍റെ ഓര്‍മ്മയ്ക്ക് ഞാനത് സൂഷിക്കുകയും, ഇടയ്ക്കിടയ്ക്ക് വായിക്കുകയും ഒക്കെ ചെയുമായിരുന്നു. ആ ഡയറിയില്‍ ഒരുപാട് കക്ഷായ കുറിപ്പടികളും, മറ്റു ഒറ്റമൂലി പ്രയോഗങ്ങളും അവയ്ക്ക് വേണ്ട മരുന്നുകളും തയാറാക്കുന്ന വിധവും ഉണ്ടായിരുന്നു. ജയരാജിന് വേണ്ടി, പ്രസവാനന്തര ശുശ്രുഷക്കുളളത് തിരഞ്ഞെടുത്തത് എന്‍റെ ബുദ്ധി. വണ്ടി വൈകിയോടിയാലും ഗാതാഗതം നടക്കുമല്ലോ.
തമാശക്കുവേണ്ടി ചെയ്തതാണെങ്കിലും, ജയരാജിന് ഒത്തിരി മനോവിഷമം ഉണ്ടായിട്ടുണ്ടെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. ഒരു പക്ഷെ, എന്നെ ശപിച്ചിട്ടുണ്ടാകാം, അല്ല, ശപിച്ചു. ഈ സംഭവം നടന്നിട്ട് കൃത്യം ആറുമാസം കഴിഞ്ഞപ്പോള്‍ എനിക്ക് ആയുഷ്കാല പണി കിട്ടി, അതെ! എന്‍റെ കല്യാണം കഴിഞ്ഞു. പിന്നെ, കാലക്രമേണ ഓരോരുത്തരായി കല്യാണമെന്ന കെണിയില്‍ വീണ്, അവിവാഹിത ജീവിത്തിന് വിരാമമിട്ടു. എന്തിനു “കവല” വരെ കല്യാണം കഴിച്ചെന്നു കേട്ടു.പതിവിനു വിപരീതമായി, ഇക്കാര്യത്തില്‍ കവലയുടെ ഭാര്യക്കാണ് പണി കിട്ടിയത്. “കട്ടക്കു കൈപ്പക്കക്ഷായം” പോലെ, ഇഷ്ടികചുമന്ന എന്‍റെ ശാപവും പേറി, ജയരാജും ആലപ്പുഴയിലോ മറ്റോ കുടുംബഭാരം ചുമന്ന് ജീവിക്കുന്നുണ്ടാകാം.
കുടുംബാംഗങ്ങളെ, കൂട്ടുകാരെ, നാടിനെ പിരിഞ്ഞ്, എരിവെയില്‍, പെരുമഴ, മണല്‍ക്കാറ്റ്, മഞ്ഞ് എല്ലാം സഹിച്ചുള്ള ജീവിതത്തില്‍ ഇത്തരം തമാശകള്‍ കാണിക്കുന്നത് ഒരു മഹാ അപരാധമായിരുന്നോ? മേല്‍പ്പറഞ്ഞ കഷ്ടപ്പാടുകള്‍ക്കുപുറമേ, ഇഷ്ടിക, തേഞ്ഞുതീര്‍ന്ന ബൂട്ട്, കീറിയ കളസം ഒക്കെ പേറി, “മലപ്പുറം ഒയിവാക്കി” കൊണ്ടുവന്നും കൂടെപിറപ്പുകളെ ഓരോ നിലയിലാക്കിയെങ്കിലും, അവരില്‍ ചിലര്‍ക്ക് കൂട്ടായി വന്ന, സംസ്കാര ശൂന്യത തറവാട്ട് സ്വത്തായിട്ടുള്ള ചില ദുരാഗ്രഹ സത്വങ്ങളുടെ ദുഷ് വലയങ്ങളില്‍ അകപ്പെട്ട് കുടുംബ ഐക്യം ചിന്നഭിന്നമായത് എന്തുകൊണ്ടെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ചിലപ്പോള്‍, കാലം കുറേ കഴിയുമ്പോള്‍, കൂടെപിറപ്പുകളെ എല്ലാം മറന്ന് സ്നേഹിക്കുന്നവനെ ഉപദേശിക്കാനുള്ള “കുടുംബത്തെ സ്നേഹിച്ച കീറാമുട്ടി ചേട്ടനെ പോലെ” എന്ന പഴഞ്ചൊല്ല് ഈശ്വരന്‍ എന്നിലൂടെ മെനയുകയായിരിക്കാം.
**************************************
/// കീറാമുട്ടി, ഈറ്റില്ലം /// യു.എസ് മലയാളി ///
**************************************
Comments
comments