
style="text-align: center;">ഈ ജന്മം സഫലമാകാന്‍ – ത്രേസ്യാമ്മ നാടാവള്ളില്‍
************************************
പാതവക്കില്‍ എറിയപ്പെട്ട കുരുന്നു ജഡങ്ങളുടെ ചിത്രം, ഫെയിസ്ബുക്കിലൂടെ പ്രചരിക്കുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും പീഡനത്തിന്റെയും മറ്റൊരു മുഖം അനാവരണം ചെയ്യുകയായിരുന്നു.
ഈശ്വരന് സര്‍വ്വ ചരാചരങ്ങളെയും ഈ ഭൂമിയിലാക്കിയത് സുഭിക്ഷമായി ജീവിക്കാനാണ്. അതിനാണ് വായുവും, വെള്ളവും, അഗ്നിയും, ആകാശവും ദാനമായി തന്നതും. മനുഷ്യനു ഈ ഭൂമിമുഴുവനും, മത്സ്യങ്ങള്‍ക്ക് വിസ്തൃതമായ സമുദ്രവും, പറവകള്‍ക്ക് വിശാലമായ ആകാശവും, മൃഗങ്ങള്‍ക്ക് സുന്ദരമായ വനാന്തരങ്ങളും നല്കിയതു അവരുടെ സുഖസന്തോഷങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്.
ഭൂമിയുടെ ഗന്ധം അറിയുന്നതിനുമുമ്പ് ആദ്യശ്വാസം വലിച്ചു തീരുംമുമ്പ് മരണത്തിലേക്കെറിയപ്പെടുന്ന കുഞ്ഞുങ്ങള്‍, എല്ല് എല്ലോട് കോര്‍ക്കുന്ന പട്ടിണിക്കോലങ്ങള്‍, ബാല്യവും കൗമാരവും നിഷേധിക്കപ്പെട്ട കുട്ടികള്‍, പീഡനത്തിനിരയാകുന്ന യുവതികള്‍, എല്ലാം ഈശ്വരന്റെ സങ്കല്പങ്ങളെ ഇല്ലാതാക്കുന്നു. കാമവെറികള്ക്കു ബലിയാടാകുന്ന പാവങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഫ്ലഷ് ടാങ്കിലോ, ഓടയിലോ, വഴിയോരത്തോ വലിച്ചെറിയുമ്പോള്‍ സ്വന്തം തലയില്‍ പാപഭാരം മുഴുവന്‍ പേറുകയാണ്. പുരുഷന് കൈ മലര്‍ത്തുമ്പോള്‍ അവള്‍ക്ക് അതുമാത്രമേ ചെയ്യാനാവൂ. സമൂഹത്തിലെ പല മാന്യന്മാര്ക്കും രക്ഷപെടാന്‍ അവസരം ഒരുക്കുകയാണെന്ന സത്യം അവര്‍ മറന്നുപോകുകയാണിവിടെ.
മാഫിയാകള്‍, രാഷ്ട്രീയക്കാര്‍, മുതലാളിമാര്‍ എന്നിവര്‍ പണം മുഴുവന്‍ സ്വന്തമാക്കി വയ്ക്കുമ്പോള്‍ എത്രയോ പാവങ്ങള്‍ അനുഭവിക്കേണ്ട സ്വത്താണ് അവര്‍ പൂഴ്ത്തി വച്ചിരിക്കുന്നതു എന്നോര്‍ക്കുക. കുപ്പത്തൊട്ടിയില്‍ നിന്നും എച്ചില് പരതിക്കഴിക്കേണ്ട ഗതികേടുണ്ടാക്കുന്നതു ഈ പണച്ചാക്കുകള്‍ ആണല്ലോ! ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെടുമ്പോള്‍ പണക്കാരന്റെ ക്ലോസ്സറ്റുകളില് നിറഞ്ഞു കവിയുന്നത് ഈ പാവങ്ങള്‍ ധരിക്കേണ്ട വസ്ത്രങ്ങളല്ലേ?
മുതലാളി തൊഴിലാളികളെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച് കോടികള്‍ ഉണ്ടാക്കി സുഖലോലുപരായി കഴിയുമ്പോള്‍ തൊഴിലാളിക്കെന്നും കുമ്പിളില്‍ തന്നെ കഞ്ഞി. അപ്പോഴും കാണാനാവാത്ത അടിമത്തത്തിന്റെ ചങ്ങല അവനോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. സാമൂഹ്യ സേവനം നടത്തേണ്ട രാഷ്ട്രീയക്കാര്‍ കോഴയും കാലുവാരലും പോരാഞ്ഞ് ഇപ്പോള്‍ സ്ത്രീകള്‍ക്കു നേരെ നാവുകൊണ്ടുള്ള വാള്‍പ്പയറ്റും ആരംഭിച്ചിരിക്കുന്നു. ആദരിക്കേണ്ട സ്ത്രീയെ വിണ് വാക്കുകളാല്‍ അവഹേളിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭാരത സംസ്കാരത്തിനു ചേര്‍ന്നതല്ല. അമ്മയെന്ന മഹനീയ ഭാവത്തെ ബഹുമാനത്തോടെ പുരുഷന് കാണേണ്ടതാണ്. സ്ത്രീ, തന്റെ ശക്തി തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുകയും വേണം.
അടുത്തകാലത്തായി കാഷായ വസ്ത്രധാരികളും, ളോഹ ധാരികളും മതങ്ങളുടെ പേരില്‍ പീഡന രംഗത്തേക്കും, അടിമ വ്യാപാര രംഗത്തേക്കും വന്നുകൊണ്ടിരിക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച സന്തോഷ് മാധവന്റെ കഥ എല്ലാവര്ക്കും അറിവുള്ളതാണ്. ഏതായാലും ജാമ്യത്തില്‍ കഴിയുന്ന ഇയാളുടെ ഭാരിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള തിരക്കിലാണു കോടതി. വൈദീക വേഷം കെട്ടി പ്രസംഗ പരമ്പരകളിലൂടെ ജനങ്ങളെ പ്രബോധിപ്പിച്ച മൈക്കിള്‍ ജോബ് ഇപ്പോള്‍ ലണ്ടനില്‍ ശിക്ഷകാത്തു കഴിയുകയാണ്. പെണ്‍കുട്ടികളെ വളര്‍ത്താന്‍ നിര്‍വ്വാഹമില്ലാത്ത മാതാപിതാക്കളില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടികളെ കണ്ടെത്തുന്നു. മികച്ച പഠനം വാഗ്ദാനം ചെയ്തു കൊണ്ടുപോകുന്ന ഇവര്‍ കോയമ്പത്തൂരുള്ള മൈക്കിള്‍ ജോബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവരെ എത്തിക്കുന്നു. അവിടെയവര്‍ ഊരും പേരുമില്ലാത്ത അനാഥര്‍ . വെറും നമ്പര്‍ മാത്രമായിത്തീരുന്നു. പിന്നീട് വന്‍ തുകകള്‍ക്ക് ഇവരെ പാശ്ചാത്യനാടുകളിലേക്ക് വില്ക്കപ്പെടുന്നു. എങ്ങനെയുണ്ട് ഈ വിശുദ്ധ കച്ചവടം? ഇങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാവശ്യമല്ലേ?
“അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരനു സുഖത്തിനായി വരേണം”
*****************************************************
/// ത്രേസ്യാമ്മ നാടാവള്ളില്‍ /// യു.എസ്.മലയാളി. ///
*****************************************************
Comments
comments