ഏദനിലെ ആദ്യരാത്രി – സുധീര്‍ പണിക്കവീട്ടില്‍

0
1482

ഏദനിലെ ആദ്യരാത്രി – സുധീര്‍ പണിക്കവീട്ടില്‍

**********************************************************************

ഹവ്വ വയസ്സറിയിച്ചു. അന്നോളം ആദമിനൊപ്പം ആടി പാടി നടന്ന പെണ്‍കിടാവില്‍ പ്രകൃതി മാറ്റങ്ങള്‍ വരുത്തുകയായി. അന്ന്‌ ഏദനില്‍ വസന്തം വിരുന്നു വന്നു. പൂമൊട്ടുകള്‍ പൊട്ടി വിടര്‍ന്ന്‌ അനുരാഗത്തിന്റെ സൌരഭ്യം പരന്നു. നദിയിലെ ഓളങ്ങള്‍ ഒരു പ്രേമഗാനം മൂളികൊണ്ട്‌ കരയെ തൊട്ടുരുമ്മി. മാമരകൊമ്പുകളില്‍ കുഞ്ഞാറ്റക്കിളികള്‍ കൊക്കും ചിറകും ഉരുമ്മി അനുഭൂതിയിലാണ്ടു.
ആദമിന്റെ കണ്ണുകളിലേക്ക്‌ നോക്കാന്‍ ഹവ്വയ്ക്ക് ഒരമ്പരപ്പ്‌. നിര്‍വ്വചിക്കാനാവാത്ത ഒരു വികാരം. പരിപൂര്‍ണ്ണ നഗ്നരായിരുന്ന അവര്‍ക്ക്‌ ഹവ്വയില്‍ പെട്ടെന്നു വന്ന മാറ്റം അതിശയകരമായിരുന്നു. രജസ്വലയായ അവളുടെ കാല്‍വെയ്‌പ്പുകളില്‍ ഭൂമി ദേവി കോരിത്തരിച്ചു. കുങ്കുമ പൊട്ടുകള്‍ ഭൂമിയുടെ നെറുകയില്‍ ചാര്‍ത്തികൊണ്ടവള്‍ നടന്നപ്പോള്‍ സൂര്യരശ്‌മികള്‍ ഒരു നിമിഷം വിസ്‌മയം പൂണ്ട്‌ അവിടെ ഒരു നിഴലില്‍ പതുങ്ങി നിന്നു. ദൈവം കൂട്ടിനു തന്ന സ്ത്രീയില്‍ രക്‌തം കിനിയുകയും ചാലിടുകയും ചെയ്യുന്നതു കണ്ട് ആദം വിയര്‍ക്കാന്‍ തുടങ്ങി. രണ്ടു പേരും ആലോചിച്ചു. ഇതേപ്പറ്റി ദൈവം എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ?  ഇല്ല അവര്‍ ആത്മഗതം ചെയ്‌തു.
ഈ ഏദന്‍ തോട്ടത്തില്‍ നമുക്ക്‌ എല്ലാ സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷെ ആ കനി തിന്നരുതെന്നു മാത്രമേ ദൈവം വിലക്കിയിട്ടുള്ളു. അവര്‍ രണ്ടുപേരും ആ മരത്തിന്റെ ചുവട്ടിലേക്ക്‌ നടന്നു. മരത്തില്‍ ധാരാളം ഫലങ്ങള്‍ കണ്ടു. വായില്‍ വെള്ളം വരുത്തുന്ന മധുര ഗന്ധം. ഏദന്‍ തോട്ടത്തിലെ മധുര ഫലങ്ങളും സുഗന്ധം തൂവുന്ന പൂക്കളും ആസ്വദിച്ച് നടന്ന അവര്‍ക്ക്‌ ആ മരവും ആ മരത്തണലും അതിലെ പഴുത്തു നില്‍ക്കുന്ന ഫലങ്ങളും കൌതുകമുളവാക്കി. അതിന്റെ ചുവട്ടില്‍ നിന്നപ്പോള്‍ ഹവ്വയ്ക്ക് അവളെ എന്തോ പൊതിയുന്ന പ്രതീതി അനുഭവപ്പെട്ടു. അവള്‍ ആദാമിനോട്‌ ചോദിച്ചു. ഇന്നലെ വരെ തോന്നാത്ത, അനുഭവപ്പെടാത്ത ഒരു “ഇത്‌” തോന്നുന്നുണ്ടോ?
ആദം യഹോവയുടെ പ്രിയപുത്രന്‍ പറഞ്ഞു. എന്തൂട്ട്‌ ഇത്‌ (എന്തരു, എന്ന, എന്തോന്നു്‌, എന്തുവാ  എന്നൊക്കെ പിന്നീട്‌ ഉപയോഗിച്ചതായി കാണുന്നു. എന്നാല്‍ ആദം ആദ്യം ഉപയോഗിച്ചത് “എന്തൂട്ടണു” എന്നാണെന്ന്‌ തുശ്ശൂര്‍ക്കാര്‍ അവകാശപ്പെടുന്നു.) യഹോവ പറഞ്ഞതില്‍ നിന്നും ഒന്നും വ്യത്യ്‌സ്‌ഥമായി എനിക്ക്‌ തോന്നുന്നില്ല. ഹവ്വ പറഞ്ഞു “ ഭാഗ്യവാന്‍, എന്നാല്‍ എനിക്ക്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ട്‌. അവള്‍ അടുത്തുള്ള നദിയിലേക്കിറങ്ങി. കണങ്കാലിലും, തുടയിലും പറ്റിയുണങ്ങിയ രക്‌തക്കറ കഴുകി. നദിയിലെ ഓളങ്ങള്‍ പൊട്ടിച്ചിരിച്ചു. 
എല്ലാ മാസവും 28 ദിവസങ്ങള്‍ കൂടുമ്പോള്‍ നീ ഞങ്ങളെ കാണാന്‍ വരും. കുളിര്‍മ്മയുള്ള വെള്ളത്തില്‍ നീന്തി, നീരാടി നിന്നില്‍ അങ്ങനെ യൌവ്വനം തഴച്ചു കുലയ്ക്കും. ദേ,, നിന്നെ നോക്കി കരയ്ക്ക്‌ നില്‍ക്കുന്നവനു ഈ വക അസൌകര്യങ്ങള്‍ ഒന്നുമില്ല. അവനോട്‌ ചേര്‍ന്നാല്‍ നിനക്ക്‌ സ്വര്‍ഗീയാനുഭൂതികള്‍ പങ്കിടാം. ഞങ്ങള്‍ ചിലപ്പോള്‍ ഒരിക്കലും നിലക്കാത്ത പ്രവാഹമായി മാറുന്നത്‌ കണ്ടിട്ടില്ലെ. വികാരമൂര്‍ഛയാണത്‌. പുഴക്കടവില്‍ എട്ടും പൊട്ടും തിരിയാത്ത പെണ്‍കിടാവും കൊച്ചോളങ്ങളും കിന്നാരം പറഞ്ഞു. സ്വര്‍ഗീയാനുഭൂതി എന്തായിരിക്കും. സ്വര്‍ഗ്ഗത്തില്‍ താമസിക്കുന്നത്‌ ദൈവമല്ല്ലേ  ഹവ്വയുടെ മനസ്സില്‍ സംശയത്തിന്റെ ആദ്യ കതിരു തല നീട്ടി. നദിയുടെ ഒഴുക്കിലൂടെ അവളുടെ ”അശുദ്ധി“ ഒഴുകിപോയി. അങ്ങനെ മൂന്നു്‌ ദിവസങ്ങളും അവളും പുഴയും ആര്‍ത്തു തിമര്‍ത്തു. നാലാം ദിവസം വന്നു.
അന്ന്‌ രാത്രി പരന്നപ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ മനോഹരമാക്കുന്നു എന്ന്‌ ഹവ്വ കണ്ടു. ഉറക്കം വരാതെ നീ ഉറങ്ങാന്‍ കിടന്നോ പെണ്‍കിടാവേ എന്നു പാടികൊണ്ട്‌ വൃക്ഷക്കൊമ്പുകള്‍ ഉലച്ച് കടന്നു പോയ കാറ്റിന്റെ കൈകളില്‍ നിന്ന്‌ സുഗന്ധം ചോര്‍ന്നു. ഇന്നലെവരെ ഇതൊന്നും അനുഭവപ്പെട്ടില്ലല്ലോ എന്നവള്‍ ഓര്‍ത്തു കിടന്നു. ഈ നിലാവിനു എന്തു ഭംഗി. പുഴയുടെ ഓളങ്ങള്‍ പാടുന്ന പാട്ടിന്റെ അലകള്‍ കാതില്‍ തേന്മഴ പെയ്യിപ്പിക്കുന്നു. അവളുടെ മനസ്സില്‍ ആയിരമായിരം മോഹന സങ്കല്‍പ്പങ്ങള്‍ നിറയുകയാണു്‌. അടുത്ത്‌ കിടന്ന്‌ കൂര്‍ക്കം വലിക്കുന്ന ആദമിനെ അവള്‍ തട്ടിയുണര്‍ത്തി.
ഈ രാത്രി എത്ര മനോഹരം. എനിക്ക്‌ ഉറങ്ങാന്‍ കഴിയുന്നില്ല. എന്റെ അന്തരാളങ്ങളില്‍ എവിടെയോ എന്നെ തൊട്ടുണര്‍ത്തുന്ന ഒരു രൂപം. ഒരു സ്വര്‍ണ്ണ തൂവല്‍ സ്‌പര്‍ശം. അതെന്നെ കോരിത്തരിപ്പിക്കുന്നു. നാലം കുളി കഴിഞ്ഞ പെണ്ണിന്റെ ഗുണമറിയാത്ത ആദം അതൊക്കെ ഉറക്കച്ചടവോടെ കേട്ടു തിരിഞ്ഞ്‌ കിടക്കാന്‍ നോക്കിയെങ്കിലും അയാളുടെ നാസാരന്ധ്രങ്ങളിലേക്ക്‌ ഒരു ഗന്ധം അരിച്ചുകയറി. മനസ്സിനെ ഹരം പിടിപ്പിക്കുന്ന മാദകഗന്ധം. അതുവരെ ഹവ്വയ്ക്കില്ലാതിരുന്നത്‌. അതു അവന്റെ സിരകളെ ചൂടു പിടിപ്പിച്ചു. പൂനിലാവ്‌ കെട്ടിപിടിച്ചുറങ്ങുന്ന നീഹാരത്തിന്റെ നനവ്‌ തട്ടിയ പൂവിതളുകള്‍ അടര്‍ന്ന്‌ വീഴുന്ന ശബ്‌ദം അവന്‍ കേട്ടു. എപ്പോഴും ദൈവത്തിനെ ആശ്രയിക്കുന്ന ആദം തനിക്ക്‌ പരവേശമുണ്ടാകുന്നത്‌ എന്തുകൊണ്ടാണെന്നറിയാന്‍ മേല്‍പ്പോട്ട്‌ നോക്കി. അപ്പോള്‍ താടി തടവി ജ്വലിക്കുന്ന നേത്രങ്ങളോടെ യഹോവ നില്‍ക്കുന്നു. ആദാമിന്റെ സപ്ത നാഡികളും തളര്‍ന്നുപോയി.പക്ഷെ ദൈവം അസ്വസ്‌ഥനായി. പെണ്‍കുട്ടികള്‍ക്ക്‌ മാറ്റങ്ങള്‍ വരുന്നത്‌ എത്ര പെട്ടെന്നാണു്‌. ഹവ്വയുടെ അവസ്‌ഥ മുന്‍ കൂട്ടി കാണാതിരുന്നപോലെ ദൈവം ചിന്താധീനനായി. പിന്നീട്‌ ആദവും, ഹവ്വയും എന്തു ചെയ്യാന്‍ പോകുന്നു എന്ന്‌ കണ്ടറിയുക എന്ന തീരുമാനത്തിലെത്തി ദൈവം.
ഹവ്വയുടെ സ്വരം കേള്‍ക്കുമ്പോല്‍ മധുര ഫലങ്ങള്‍ നുണയുന്ന സുഖം. അവളുടെ ശരീരത്തിന്റെ മാദക ഗന്ധം. അവളുടെ കണ്ണുകളുടെ കറുപ്പ്‌. നിലാവ്‌ തട്ടി മിന്നുന്ന അവളുടെ തുടക്കാമ്പുകളുടെ മിനുസം. അരക്കെട്ടിന്റെ ഒതുക്കം. ഇതൊക്കെ ആദം കാണുന്നുണ്ടെങ്കിലും അയാള്‍ ആവേശഭരിതനാകുന്നില്ല. അവനെ ദൈവവചനങ്ങള്‍ ബന്ധിച്ചിട്ടിരിക്കയാണു. എന്നാല്‍ ഹവ്വയില്‍ വികാരത്തിന്റെ തീ പടരുകയായിരുന്നു. അവള്‍ സ്‌നേഹനിര്‍ഭരയായി ചോദിച്ചു. ” ആദാമേ നിനക്ക്‌ ഈ രാത്രി എന്നോട്‌ ചേര്‍ന്ന്‌ കിടക്കാന്‍ തോന്നുന്നുണ്ടോ 
യഹോവ അങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ? പാവം ആദം പരിഭ്രമത്തോടെ ചോദിച്ചു, ഹവ്വയ്ക്ക് ഉത്തരം മുട്ടി. അവള്‍ വീണ്ടും ചോദിച്ചു. നിന്റെ മനസ്സില്‍ എന്തു തോന്നുന്നു, നീ എന്തു ചെയ്യണമെന്നൊക്കെ നീയാണോ, ദൈവമാണോ നിശ്‌ചയിക്കുന്നത്‌. അതിനൊന്നും മറുപടി പറയാതെ എനിക്കുറക്കം വരുന്നുവെന്ന്‌ പറഞ്ഞ്‌ ആദം തിരിഞ്ഞ്‌ കിടന്നുറങ്ങി.
ഹവ്വയുടെ ചിന്തകള്‍ പടരാന്‍ തുടങ്ങി. എന്താണു എനിക്ക്‌ സംഭവിക്കുന്നത്‌  എന്താണു എന്നെ അലട്ടുന്നത്‌. എന്നെ സമാശ്വസിപ്പിക്കാനല്ലേ എന്റെ കൂട്ടുകാരന്‍. അതോ ഞാന്‍ അവനിലെ ഏകാന്തതയ്ക്ക്‌ തുണയായ ഒരു ഉപകരണമോ  ആദിമാതാവിന്റെ ന്യായമായ ചിന്ത ഇവിടെ നിന്നും തുടങ്ങുന്നു. പുരുഷനായ യഹോവയെ അതു കോപിപ്പിച്ചതില്‍ എന്തു അതിശയം.
നദികള്‍ പറഞ്ഞപോലെ 28 ദിവസം കഴിയുമ്പോള്‍ ഈ അസ്വസ്‌ഥത എനിക്ക്‌ വീണ്ടും വരുമൊ  ഹവ്വ ചുറ്റും കണ്ണൊടിച്ചു. അപ്പോള്‍ ചന്ദ്രകിരണങ്ങള്‍ ഭൂമിയില്‍ വെള്ളിയുരുക്കി ഒഴിച്ചുകൊണ്ടിരുന്നു. ഒരു ശൃംഗാരഗാനം പാടികൊണ്ട്‌ മന്ദമാരുതന്‍ വശപിശക്കോടെ അവിടെ വട്ടം കറങ്ങി. ഹവ്വ ഏണീറ്റു നടന്നു. ഒരു സ്വ്‌പ്‌നാടനം പോലെ. അവള്‍ തന്റെ നെഞ്ചില്‍ ഉരുണ്ട്‌ കൂടിയ യവ്വന കൂമ്പുകള്‍ പതുക്കെ തടവി. പൂവിതള്‍ പോലെ മൃദുലം.
”ഹേ, കന്യകേ, മന്ദം മന്ദം നീ നടന്നു വരിക. നിന്നെ അനുഭൂതികളുടെ ഊഞ്ഞാലില്‍ ആടിക്കുവാന്‍, നീ അറിയാതെ നിന്നില്‍ പടരുന്ന ഉന്മാദത്തിന്റെ നൃത്തലഹരിയില്‍ പങ്കു ചേരാന്‍ ഞാനിതാ ഇവിടെ കാത്തു നില്‍ക്കുന്നു. നീ ഇങ്ങോട്ടു വരിക.
ഹവ്വ പെട്ടെന്ന്‌ ഞെട്ടി തിരിഞ്ഞു. ആദം പുറകെ വരുകയാണോ  അല്ല, ആദം അങ്ങ്‌ ദൂരെ കിടന്നുറങ്ങുന്നു. ഏദന്‍ തോട്ടം വീണ്ടും നിശബ്‌ദ്‌മായി. പൂക്കളുടേയും പഴങ്ങളുടേയും സ്വാദേറ്റുന്ന സുഗന്ധം അവിടെ പരന്നൊഴുകി. നിഴലും നിലാവും കൈകോര്‍ത്ത്‌ നില്‍ക്കുന്ന പ്രശാന്തത. അവള്‍ വീണ്ടും ശബ്‌ദം കേട്ട്‌ ചെവിയോര്‍ത്തു
നിന്നില്‍ ജീവന്‍ തുടിക്കാന്‍ സമയമായി. സ്ത്രീത്വത്തിന്റെ നിറവ്‌, ശക്‌തി, സൌന്ദര്യം, ഇതൊക്കെ നിനക്ക്‌ സ്‌ഥാപിക്കണ്ടെ. ഹേയ്‌ സുന്ദരി, അടിവച്ചടിവച്ച് നീ വരിക. ഈ രാവിന്റെ മറവില്‍ വച്ച് നീ ഇപ്പോള്‍ കൊതിക്കുന്ന, ഇതു വരെ നീയറിയാത്ത ഒരു അമൂല്യ സമ്മാനം ഞാന്‍ നിനക്ക്‌ തരും. നീ അത്‌ താലോലിക്കും. അതിന്റെ ഓര്‍മ്മയില്‍ ഇക്കിളിപൂണ്ട്‌, പുളകാംഗിതയാകും.
പിന്നീട്‌ നിന്റെ തലമുറയും ആ അസുലഭ നിര്‍വൃതിക്കുവേണ്ടി ദാഹിക്കും. ഇനിയും വൈകുന്നതെന്തിനു  ഹവ്വ ശബ്‌ദം കേട്ട സ്‌ഥലത്തെ ലക്ഷ്യമാക്കി നടന്നു. മിന്നാമിനുങ്ങുകള്‍ പറന്ന്‌ നടക്കുന്ന, പുഷ്‌പങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ചെടികൂട്ടങ്ങള്‍ക്കിടയില്‍ നിന്നു ഒരു പാമ്പ്‌ തല പൊക്കുന്നു. ആശ്‌ചര്യഭരിതയായി ഹവ്വ അവിടെ നിന്നുപോയി. പാമ്പു സംസാരിക്കുമോ  എവിടെനിന്നാണു ശബ്‌ദം വന്നത്‌ 
ഹവ്വയുടെ മനസ്സറിഞ്ഞ പാമ്പ്‌ ഒരു സുന്ദരനായ പുരുഷന്റെ രൂപമെടുത്തു. ആദാമിനേക്കാള്‍ സുന്ദരന്‍. ദൈവം തന്റെ സിംഹാസനത്തിലിരുന്ന്‌ ഞെട്ടി..  വിലക്കപ്പെട്ട ഫലം ഭക്ഷിക്കാതെ തന്നെ ഹവ്വയുടെ ഇന്ദ്രിയങ്ങള്‍ പുരുഷന്റെ പൌരുഷം തിരിച്ചറിയുന്നു. അത്‌ യഹോവയെ കൂടുതല്‍ അസ്വസഥനാക്കുന്നു. പാമ്പില്‍ നിന്നും ആള്‍രൂപമെടുത്തയാള്‍ മധുരമായ മന്ദഹാസം ചൊരിഞ്ഞു അയാളുടെ കണ്ണുകളില്‍ ഒരു പ്രേമകാവ്യത്തിന്റെ വരികള്‍ തെളിഞ്ഞു. അയാള്‍ കൈനീട്ടിക്കൊണ്ട്‌ പറഞ്ഞു “ പ്രിയേ എന്റെ കരവലയത്തിലേക്ക്‌ ഓടിയെത്തുക. നിന്നെ ഞാന്‍ ആലിംഗനം ചെയ്യട്ടെ. നിന്റെ പൂമേനി ഞാന്‍ തലോടട്ടെ. നിന്റെ അളകങ്ങള്‍ കോതിവക്കട്ടെ. നിന്റെ ചുണ്ടുകളില്‍ ഞാന്‍ പ്രേമത്തിന്റെ ഹരിശ്രീ എഴുതട്ടെ.
ഹവ്വ പകച്ചു നിന്നു. എന്തു ചോദിച്ചാലും പറഞ്ഞാലും ”യഹോവ“ എന്ന്‌ മന്ത്രിക്കുന്ന ഒരു മന്തനായ ആദാമിനെ തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനോട്‌ അവള്‍ താരതമ്യം ചെയ്‌തു. ഹവ്വയ്ക്ക് പരിഭ്രമം ഉണ്ടായി. ഒരു പരുങ്ങലോടെ ദൂരേക്ക്‌ കൈ ചൂണ്ടി അവള്‍ പറഞ്ഞു. ” അവിടെ, അവിടെ ആദമുണ്ട്‌. എന്റെ കൂട്ടുകാരന്‍, ഞാന്‍ എന്തിനാണു നിന്റെ അടുത്ത്‌ വരുന്നത്‌.“
എന്തിനെന്നൊ,  ഞാന്‍ നിനക്കൊരുക്കുന്ന പുഷപ്പ ശയ്യയില്‍ എന്നോടൊത്ത്‌ ശയിക്കാന്‍. നമ്മള്‍ പരസ്‌പരം തൊട്ട്‌ തൊട്ട്‌ കിടന്ന്‌ ഒട്ടിചേരുമ്പോള്‍ തകര്‍ന്ന്‌ തരിപ്പണമാകുന്ന ഒരു കോടി വികാരങ്ങള്‍ പകരുന്ന സുഖാനുഭൂതി പങ്കിടാന്‍ അതനുഭവിച്ചറിയേണ്ടതാണു. താമസമെന്തിനു സുന്ദരി, വലത്‌ കാല്‍ വച്ച് നീ വേഗം വരിക. ഈ മനോഹര നിമിഷം ഇനിയുമുണ്ടാകില്ല. നീ എന്നില്‍ ചേരേണ്ട അനര്‍ഘ നിമിഷമാണിത്‌. നിന്റെ നാലാം കുളി കഴിഞ്ഞ ദിവസം. ഈ സമയം പാഴാക്കിയാല്‍ നീ നഷ്‌ടപ്പെടുത്തുന്നത്‌ അവാച്യമായ ആനന്ദാനുഭൂതിയാണ്.
കേള്‍ക്കാനിമ്പമുള്ള ശബ്‌ദത്തില്‍ അയാള്‍ പറയുന്നത്‌കേട്ട്‌ ഹവ്വ തരിച്ച് നിന്നു. അവളുടെ സ്വപ്‌നാടനം തുടര്‍ന്നു, മന്ദം മന്ദം അവള്‍ നടന്നു. അയാളുടെ അരികിലെത്തി. അയാള്‍ അവളെ വാരിക്കോരിയെടുത്ത്‌ കൂടുതല്‍ അടുപ്പിച്ചു. പിന്നെ അനുഭൂതികളുടെ താളങ്ങള്‍ക്കൊപ്പം ശരവേഗത്തോടെ കൂട്ടി മുട്ടുന്ന അഭിലാഷങ്ങളുടെ ആഘോഷത്തില്‍ തന്ത്രികള്‍ മുറുകുന്ന ചെറിയ നോവോടെ ചുണ്ടോട്‌ ചുണ്ടുരുമ്മി പരസ്‌പരം അലിഞ്ഞ്‌ ചേര്‍ന്നു. സുഖസാന്ദ്രമായ ഒരു സുഷുപ്തിയില്‍, നിന്നുണര്‍ന്നപോലെ ഹവ്വ കിടന്നു. അവളുടെ മനസ്സിന്റെ അബോധതലങ്ങളില്‍ നിന്ന്‌ ഒരു ശബ്‌ദം ഉയര്‍ന്നു. യഹോവ അരുതെന്ന്‌ വില്‍ക്കിയ കനി കൊടുത്ത്‌ ആദമിനെ ഉണര്‍ത്തുക. നിന്റെ സ്വപ്‌നാടത്തില്‍ നീ നുകര്‍ന്ന സുഖാനുഭൂതികല്‍ അവനില്‍ നിന്നും ആസ്വദിക്കുക.
എല്ലാമറിയുന്ന യഹോവ അവരെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു. നിങ്ങള്‍ നഗ്നരാണെന്ന്‌ എങ്ങനെ അറിഞ്ഞു.” നീ കൂട്ടിനു തന്ന സ്ത്രീയാണു എല്ലാറ്റിനും കാരണക്കാരി. യാതൊരു ഉളുപ്പുമില്ലാതെ ആദം യഹോവയോട്‌ പറഞ്ഞു. 
ആ മറുപടിയുമായി പുരുഷ പ്രജകള്‍ ജനിക്കുന്നു. പാവം ഹവ്വമാര്‍ അവരെ നൊന്തു പ്രസവിക്കുന്നു. സ്വപ്‌നാടത്തില്‍ കണ്ടുമുട്ടിയ ശക്‌തനായ, സുന്ദരനായ ആ രൂപം എല്ലാ സ്ത്രീ ഹൃദയത്തിലും ഇടക്കൊക്കെ ഉണര്‍ന്നു വരുമെന്നറിയാമായിരുന്ന യഹോവ അവള്‍ക്ക്‌ ആയിരം വിലക്കുകള്‍ നല്‍കി.
***********************************************************
/// സുധീര്‍ പണിക്കവീട്ടില്‍ /// യു.എസ്.മലയാളി ///
***********************************************************

Share This:

Comments

comments