ഒരുമയുടെ ഓണം (കവിത) നന്ദന്‍

0
3362

ഒരുമയുടെ ഓണം (കവിത) നന്ദന്‍

*************************************

അത്തത്തിനിന്നും ചിത്തമുണരുന്ന
അർത്ഥമാണെന്നും മലയാളി..
അഹങ്കാരഗോപുരം തീർക്കുന്നോർക്കുള്ളിലും
മണ്ണിന്മണമുള്ള ഓർമ്മയായ് ഓണം..
അത്തമുണരുമ്പോൾ അറിയാതെയുറയുന്ന
ഗൃഹാതുരത്വതിന്നു പേർ ഓണമെന്നാകുന്നൂ..
അലങ്കാരവേഷങ്ങൾ ആർഭാടമാക്കുന്നോർ
സ്വയമറിയാതെ കോലങ്ങൾ മാറീടും,
പലർ ഇന്ന് ഒന്നാകും, പലതിൽ നിന്നൊരുമയും
വാക്കിലൊതുങ്ങാത്ത വർണ്ണമേകുന്നതീ ഓണം.
അക്ഷരം കൊണ്ട് ഓണമൊരുക്കുവാൻ
മലയാളമോർക്കുന്ന മലയാളിയെങ്കിലും
മനസ്സിന്റെ കോണിലെ മൌനമുടച്ചിട്ടാൽ ചിതറുന്ന
മലരിന്റെ മണമുള്ള ഓർമ്മകളിലും ഉണ്ടൊരോണം.
ഇന്നീ പകലിൽ, പരീക്ഷീണമാം കർമ്മത്തിൽ
ഓണമെന്നോർക്കെ പൊടിയുന്നു നെഞ്ചകം..
അവധി വേണം… ഇന്നോണമെന്നു ചൊല്ലി ഞാൻ..
“എന്തിന്റെ ഓണം… എന്തിനിനിയുമീ ഓണം..”
പ്രതിവചിക്കെ പുച്ഛഭാവം ചൊരിഞ്ഞു അധികാരിയും
ആഘോഷഘോഷങ്ങൾ ഇന്നതില്ലല്ലോ…
അവധിദിനങ്ങളിലേക്കായി മാറ്റുവതാണല്ലോ..
പോയ വർഷത്തിനാഘോഷം, ഇക്കഴിഞ്ഞ ദിനമായിരുന്നല്ലോ…
ചൊല്ലുവാൻ ന്യായങ്ങൾ നിറയെ ഉണ്ടെന്നുള്ള
പുഞ്ചിരി കൊണ്ടവർ തളയ്കുന്നൂ പിന്നെയും..
“പൊന്നോണമല്ലേ.. സദ്യ തരികമ്മേ…“
നോവിന്റെ ഓർമ്മയിൽ നാവു പിടയ്ച്ചതും
കണ്ണു ചുരത്തുന്നു പിന്നെയും ഓർമ്മകൾ..
നേര്യതിൻ തുമ്പിനാൽ കണ്ണീരു മായ്കുന്നുവമ്മ..
ചിക്കനില്ലാത്തൊരൂണു വേണ്ടെന്നുള്ള
കലഹമായ് ഇന്നിന്റെ ഓണസദ്യയും മാറുന്നു..
മത്സരം മേയുന്ന മറവിയുടെ മഞ്ചലിൽ
മൌനം കുടിച്ചു മരിക്കയാണോരോന്നും..
വിനാശം വിധിക്കുന്ന പുത്തൻ സംസ്കാരങ്ങളിൽ
പഴമയുടെ പുച്ഛം രുചിക്കുന്നൂ നന്മകൾ.
ഇന്നലെകളുള്ളവർ, നമ്മളിൽ ചിലരതിൽ
ഇന്നിനെ കണ്ടു കോലങ്ങൾ മാറുമ്പോൾ
മറക്കാതിരിക്കുക.. നമ്മൾ മലയാളികൾ..
നന്മയുടെ കാലമായ് ഓണം രചിച്ചവർ..
നേരിന്റെ നാവായി, നിറവിന്റെ ഓർമ്മയായ്
ഒരുമയുടെ ഉണർവ്വായി ഓണം അറിഞ്ഞവർ..
അകലങ്ങൾ കണ്ണിൽ മായ്കുന്ന നാടിനെ
അകകണ്ണിൽ തെളിയുന്ന ഓർമ്മയിൽ കാണാം..
ഓണമെന്നുള്ളൊരീ ഓർമ്മയുടെ തണലിൽ
ഒരു നേരമെങ്കിലും ഒന്നാവാം..ഒത്തുചേർന്നീടാം..
ജാതിഭേദങ്ങളാളുന്ന കാലത്തിൻ ജാതകം
ഓർമ്മകൾ കൊണ്ടു തിരുത്തി കുറിച്ചീടാം.
*****************************************
/// നന്ദന്‍ /// യു.എസ്.മലയാളി ///
****************************************

Share This:

Comments

comments