തുന്നിച്ചേര്‍ക്കുമ്പോഴും പിന്നിപ്പോവുന്നത്
(കവിത)
ഫസല്‍ റഹ്മാന്‍
***************************
കിടപ്പിലായവന്‍റെ കഥകളില്‍
അപ്പോഴും നിറയുന്നു
ദേശാടനപ്പെരുമ .
മരുന്നു മണത്തിന്‍റെ തടവില്‍
നിശ്ശബ്ദതയുടെ അമാവാസിയില്‍
ബോധത്തിന്റെ ചിലന്തി നൂലില്‍
കൊരുത്തെടുക്കുന്നുണ്ടയാള്‍
ഒരു നേരത്തിനുള്ള സ്മൃതിയന്നം.
തരികെനിക്കെന്‍റെ വഴിപ്പിണക്കങ്ങള്‍,
തരികെനിക്കെന്നലോസരങ്ങള്‍
മൃതിയോരങ്ങളില്‍ ഇറങ്ങിപ്പോയവര്‍
രാവറുതിയിലെ ഭ്രാന്തന്‍റെ രോദനം
വഴിയമ്പലത്തിലെ രാക്കൂട്ട്
നരച്ചു നനഞ്ഞ തെരുവോരങ്ങള്‍
നാണം കൂമ്പിയ കൊലുസിന്നോര്‍മ്മ
മാന്തളിര്‍ചോപ്പായെന്റെ ബാല്യം
മന്ദാര ഇലകളായ് താരുണ്യം
നിറഞ്ഞൊഴിഞ്ഞ ജീവിതപ്പച്ച.
നിറങ്ങളടര്‍ന്നുമിണചേര്‍ന്നും
ശിഥിലമാകുന്നുണ്ട് ചിന്തകള്‍ .
ചേര്‍ത്തു തുന്നി തിരിച്ചെടുക്കാനാവില്ല
സ്വപ്ന ഖണ്ഡങ്ങള്‍ കൊണ്ട്-
മന്ദാരമല്ല, കാഞ്ഞിരം കൈയ്ക്കു-
മീ നിറം കെട്ടു പോയ ജീവിതം.
********************************************
/// ഫസല്‍ റഹ്മാന്‍ /// യു.എസ് മലയാളി///
*******************************************
Comments
comments