തെറ്റുകള്‍ (കഥ) എം.റ്റി. ശ്രീദേവി
*******************************************************
പിള്ളേര് ചോദിച്ചു ആരാണെന്നു ഞാന്‍ പറഞ്ഞു അനിയത്തി ആണെന്ന് …
ഞാന്‍ ചക്കരെ എന്ന് വിളിച്ചോട്ടെ
ഭാര്യയുടെ മൊബൈലില്‍ വന്ന ആ സന്ദേശം വായിച്ചിട്ടും വായിച്ചിട്ടും അയാള്‍ക്ക് ഒന്നും മനസിലായില്ല. അപ്പോഴാണ് മറുപടി സന്ദേശം അയാള്‍ ശ്രദ്ധിച്ചത്
അവള് മറുപടി കൊടുത്തിരിക്കുന്നു അനിയത്തി ആണേല്‍ ചക്കരെ അല്ലെ …ചക്കരെ ആണേല്‍ വാവ അല്ലെ അങ്ങനെ വിളിച്ചോളൂ …
ഈ സന്ദേശം അയാളില്‍ അസ്വസ്തത ഉണ്ടാക്കി … ആ സന്ദേശങ്ങള്‍ നല്ല ഉദ്ദേശം ഉള്ളവയല്ല
സഹോദര സ്ഥാനം നല്കുന്ന ആള് ഒരിക്കലും എങ്ങനെ എഴുതില്ല .. അയാളുടെ മനസ് പുകയാന്‍ തുടങ്ങി..
ഹലോ പൂച്ച കുറുകും പോലെ മിനി വിളിച്ചു.. ആ ചക്കരെ എന്താ ഇത്ര ലേറ്റ് ആയത് ഒരു മിസ്സ് നു വേണ്ടി എത്രനേരമായി ഞാന്‍ കാത്തിരിക്കുന്നു അയാളും പ്രേമപൂര്‍വ്വം പറഞ്ഞു… കുട്ടികളും അങ്ങേരും ഉറങ്ങണ്ടേ .. പിന്നെ എനിക്ക് വീട്ടിലെ ജോലികളൊക്കെ തീര്‍ക്കെണ്ടേ .. അവള് കൊഞ്ചലോടെ പറഞ്ഞു.. നോക്കിയിരുന്നു എന്റെ കണ്ണ് പോയി… കണ്ണ് പോയന്നോ അവളും ശബ്ദം താഴ്ത്തി ചിരിക്കാന്‍ തുടങ്ങി.. ഈ ചിരിയാണ് എന്നെ ഹരം കൊള്ളിക്കുന്നത് പെണ്ണെ … അവള് ചിരിച്ചു കൊണ്ട് ചോദിച്ചു പെണ്ണോ വയസ്സ് 45 ആയി .. അതെനെന്താ അയാളും കൊഞ്ചലോടെ പറഞ്ഞു.. പ്രേമത്തിന് പ്രായമില്ല പെണ്ണെ..എന്റെ മനസ്സില്‍ നിനക്ക് 17 വയസ്സേ ഉള്ളു… അപ്പോള്‍ അവള് കുലുങ്ങി കുലുങ്ങി ചിരിച്ചു.. ആ സംസാരം ഇടവേളകളില്ലാതെ നീണ്ടുപോയി..
ഇതൊന്നുമറിയാതെ അലക്സ് എന്ന അവളുടെ ഭര്‍ത്താവ് ഉറക്കത്തിലേക്ക് ആണ്ടിരുന്നു.. രാത്രിയില്‍ കുടിക്കാന്‍ കൊടുക്കുന്ന പാലില്‍ ഉറക്ക ഗുളിക ചേര്‍ക്കുന്ന കാര്യം പാവം അയാള്‍ അറിഞ്ഞിരുന്നില്ല..
താന്‍ ഈ ചെയ്യുന്നത് ശരിയല്ലെന്ന് അവള്‍ക്കറിയാം പക്ഷേഎന്തുകൊണ്ടോ ഈ ബന്ധത്തില്‍ നിന്നും മാറാന്‍ അവള്‍ക്ക് പറ്റാതായി എന്നുമുതലാണ് തനിക്ക് ഇങ്ങനെ ഒരു ബന്ധം തലയ്ക്ക് പിടിച്ചത് 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഇത്തരം ഒരു ബന്ധത്തില്‍ പെട്ടുപോകാന്‍ എന്താണ് കാരണം …
അലക്സ് ബൈപാസ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം ബൈപാസ് കഴിഞ്ഞതില്‍ പിന്നെ അയാള്‍ക്ക് ആകെ മാറ്റമാണ് എപ്പോഴും പേടിയാണ് എന്തിനും ഏതിനും പേടി .. എല്ലാവരോടും സംസാരിക്കാന്‍ തന്നെ മടി .. ആകെ തളര്‍ന്ന ഒരവസ്ഥ .. തന്റെ കാലം കഴിയുകയാണോ എന്നുള്ള തോന്നലുകള്‍ … എല്ലാവരും തന്നെ അവഗണിക്കുന്നു എന്നൊക്കെ ഉള്ള ചിന്തകളും വിചാരങ്ങളും അലക്സിനു തോന്നാന്‍ തുടങ്ങിയിരുന്നു .. ആദ്യമൊക്കെ താന്‍ ക്ഷമയോടെ എല്ലാം സഹിച്ചു കൂടെ നിന്നു.. സുഖമില്ലാത്ത ആളല്ലേ എന്ന പരിഗണനയോടെ പക്ഷേ അത് വലിയ കുറ്റമായി എന്ന വിചാരമാണ് അലക്സിനുണ്ടയത് .. സുഖമില്ല എന്ന് പറഞ്ഞു തന്നെ ഒഴിവാക്കുകയാണെന്നു അയാള്‍ ചിന്തിച്ചു തുടങ്ങി.. അങ്ങിനെ സന്തോഷകരമായ ആ കുടുംബത്തില്‍ വിള്ളലുകള്‍ വീഴാന്‍ അതികം സമയം വേണ്ടി വന്നില്ല.. അങ്ങിനെ വിഷമിച്ചിരുന്ന ഒരു സമയത്താണ് മിസ്സ് കാള്‍ രൂപത്തില്‍ ഒരാള്‍ കടന്നു വരുന്നത്.. ആ മിസ്സ് കാള്‍ ആദ്യമൊക്കെ മൈന്‍ഡ് ചെയ്തിരുന്നില്ല.. എപ്പോഴോ ഏതോ നിമിഷം ആ കാളുകള്‍ തന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് വിചാരിച്ചതെ ഇല്ല.. ഇപ്പോള്‍ ഒരു ദിവസം പോലും അയാളോട് സംസാരിക്കാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ … ജീവന് എന്ന് പേരുള്ള അയാളെ നേരില്‍ കണ്ടിട്ടില്ല .. പക്ഷേ തന്റെ എല്ലാം എല്ലാം ആയി .. ഈ ബന്ധം ആരേലും അറിഞ്ഞാല്‍ എന്താ അവസ്ഥ എന്ന് പോലും ചിന്തിക്കാതെയാണ് അവള് ഇത് തുടരുന്നത്… അലക്സിന്റെ സ്വഭാവ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ വിഷമിച്ചിരുന്ന ഒരു ഘട്ടത്തിലാണ് ജീവന് കടന്നു വരുന്നത്.. നേരില്‍ കണ്ടിട്ടില്ലങ്കിലും അയാള്‍ തന്റെ ആരോ ആണെന്ന തോന്നല്‍ .. ഇല്ല വിഷമങ്ങളും പങ്കു വെയ്ക്കാന്‍ ഒരാള്‍ .. മിനിക്ക് തന്നെ തന്നെ വിശ്വസിപ്പിക്കാന്‍ ചിലപ്പോള്‍ കഴിയാറില്ല..
അതെ അവസ്ഥയില്‍ തന്നെയാണ് അലക്സും … സുഖമില്ലാതെ വന്നതില്‍ പിന്നെ എല്ലാവര്ക്കും തന്നെ വേണ്ടാതായി അലക്സിന്റെ മനസ് അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. തനിക്ക് ആദ്യ അറ്റാക്ക് വന്ന സമയത്താണ് .. ബൈപാസ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം … വീട്ടുകാര്യങ്ങള്‍ എല്ലാം അവള് തന്നെ കൈകാര്യം ചെയ്തോളും താന്‍ ഒന്നും അറിയേണ്ട .. താനും സന്തോഷിച്ചു ഇതുപോലെ ഒരാളെ തന്റെ ജീവിതത്തില്‍ കിട്ടിയല്ലോ എന്ന്.. കുട്ടികളും അവളും ജോലിക്ക് പോയാല്‍ താന്‍ തനിച്ചാകും തന്റെ ആ ലോകത്ത് ടിവിയും, പുസ്തകങ്ങളും മാത്രം … ഏതോ ഒരു ദിവസം അവള് അവളുടെ സെല്‍ ഫോണ്‍ എടുക്കാന്‍ മറന്നു പോയ ഒരു ദിവസം .. .
അന്ന് കുറെ കോളുകള്‍ ഫോണ്‍ എടുക്കുമ്പോള്‍ സംസാരമില്ല തന്റെ സൌണ്ട് കേട്ടാല്‍ ഫോണ്‍ ഓഫാക്കും .. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുന്നതാകും എന്നെ താന്‍ വിചാരിച്ചുള്ളൂ .. അന്ന് ഓഫീസില്‍ നിന്നും വന്ന അവള് പരിഭ്രമത്തോടെ ചോദിച്ചു ഞാന്‍ ഫോണ്‍ എടുക്കാന്‍ മറന്നു എന്നെ ആരേലും വിളിച്ചോ … ഹേ ആരു വിളിക്കാന്‍.. പിന്നെ കുറെ തവണ ആരോ വിളിച്ചു ഞാന്‍ എടുക്കുമ്പോള്‍ കട്ട് ചെയ്യും ആരേലും നമ്പര്‍ മാറി വിളിക്കുന്നതായിരിക്കും. അന്ന് താന്‍ ആ വിഷയം വിട്ടു … സംശയിക്കാന്‍ തക്ക ഒരു കാര്യവും തോന്നിയില്ല കാരണം അവളെ അത്രയ്ക്ക് വിശ്വാസം ആയിരുന്നല്ലോ …
ബൈപാസ് കഴിഞ്ഞതോടെ തന്റെ ആ പഴയ പ്രസരിപ്പ് നഷ്ടമാകുന്നത് താന്‍ തന്നെ അറിയുന്നുണ്ടായിരുന്നു … മനസിന് ഒരു ധൈര്യ കുറവ് .. ഇപ്പോഴും ഒരു നിരാശ പോലെ.. തന്നെ എല്ലാവരും അവഗണിക്കുകയാണോ എന്നൊക്കെയുള്ള ചിന്തകള്‍ … എല്ലാവരോടും ദേഷ്യം .. കുട്ടികളോടും അവളോടും ഏതു കാര്യത്തിനും വഴക്കുണ്ടാക്കാനുള്ള തോന്നലുകള്‍ … കുട്ടികളും പേടിച്ചു പപ്പാ എങ്ങനെ ആയിരുന്നില്ലല്ലോ .. അവളോട് അവര്‍ പരാതി പറഞ്ഞു.. അവളും ചോദിച്ചു നിങ്ങള്‍ക്ക് എന്താ പറ്റിയേ… ഞാന്‍ ഒന്നും പറഞ്ഞില്ല .. തന്റെ സ്വഭാവം മാറുകയാണോ..
സത്യത്തില്‍ തന്നെ ആരും മനസ്സിലാക്കുന്നില്ല എന്നൊരു തോന്നല്‍ ഉള്ളില്‍ ഉണ്ടായി എന്നതാണ് സത്യം .. എല്ലാവരും ഒരു അസുഖക്കാരനോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറുന്നത് സഹിക്കാന്‍ കഴിയുന്നില്ല..
തന്റെ ഈ അവസ്ഥകള്‍ വീട്ടിലെ സ്ഥിതിഗതികളില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ ധാരാളമായിരുന്നു താനും.. മാതൃകാ ദമ്പതികള്‍ എന്ന് ആള്ക്കാര് പറഞ്ഞിരുന്ന വീട്ടില്‍ നിന്നും അസ്വസ്ഥതയുടെ പുകച്ചില്‍ ഉയരാന്‍ താമസം ഉണ്ടായില്ല.. തന്റെ ഭാഗത്തും തെറ്റുകള്‍ ഉണ്ടായിരുന്നു.. എങ്കിലും അത് മനസിലാക്കി തിരുത്താന്‍ അവളും മേനകെട്ടില്ല .. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഒന്നിന് ഇരട്ടിയായി അവളുടെ ആങ്ങളമാരോട് പറഞ്ഞു കൊടുക്കും. എന്നിട്ട് അവരുടെ വക ഒരു വരവും ഉപദേശവും കേള്‍ക്കുമ്പോള്‍ തന്നെ കലി കയറും.. എല്ലാവര്ക്കും തന്നെ വേണ്ടാതായി എന്ന് തന്നെ താനും വിശ്വസിക്കാന്‍ തുടങ്ങി..
അങ്ങിനെ ഒരു ദിവസമാണ് അറിയാതെ താന്‍ അവളുടെ ഫോണ്‍ കാണാന്‍ ഇടയായത് അതില്‍ വന്നിരിക്കുന്ന സന്ദേശങ്ങള്‍ തന്നില്‍ സംശയം ജനിപ്പിക്കുന്നവയായിരുന്നു … എങ്കിലും അത് പ്രൂവ് ചെയ്യാന്‍ തനിക്ക് വേറെ തെളിവുകള്‍ ഒന്നുമില്ലായിരുന്നു..
എന്നും രാത്രി ഉറങ്ങാന്‍ കിടന്നാല്‍ നേരം വെളുത്താലും അറിയില്ല ചത്തതുപോലെ ഉറങ്ങിപോകുന്നു.. മരുന്നിന്റെ ഷീണം കൊണ്ടാവുമെന്നു കരുതി..ഒരു അനക്കം കേട്ടാല്‍ ഉണരാറുള്ള താന്‍ ഇപ്പോള്‍ ഒന്നും അറിയാതെ ഉറങ്ങുന്നു.. ..അന്ന് ഉറങ്ങാന്‍ നേരം പതിവുള്ള പാലുമായി അവള് വന്നു.. അവിടെ വെച്ചേക്കു ഞാന്‍ കഴിച്ചോളാം എന്ന് പറഞ്ഞപ്പോള്‍ അവള് അത് അവിടെ വെച്ചിട്ടു പുറത്തേക്കു പോയി..
പക്ഷെ അന്ന് ആ പാല് കുടിക്കാന്‍ തോന്നിയില്ല വയറിനു എന്തോ ഒരു വല്ലായ്മ പോലെ.. അയാള്‍ അത് ആരും കാണാതെ വാഷ് ബേസനില്‍ ഒഴിച്ച് കളഞ്ഞു..
പതിവ് പോലെ ഉറങ്ങാന്‍ കിടന്ന അയാള്‍ .. എന്തോ ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന സമയം .. ബെഡ്ഡില്‍ അവളെ കണ്ടില്ല ..
എവിടെ പോയി എന്നൊരു ആവലാതി തോന്നിയെങ്ങിലും എഴുന്നേറ്റു പോയി നോക്കാന്‍ തോന്നിയില്ല .. കുറച്ച സമയം കൂടി ആ കിടപ്പ് കിടന്നു.. സമയം 1 മണി കഴിഞ്ഞിരുന്നു.. ഏതായാലും പതുക്കെ എണീറ്റ് വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച …
അവള് ബാല്കണിയില് നിന്നുകൊണ്ട് ആരോടോ ഫോണില്‍ കൊഞ്ചി കുഴയുന്നു … അവളുടെ സംസാരം ശ്രദ്ധിച്ച അയാള്‍ ഞെട്ടലോടെ അറിഞ്ഞു തനിക്ക് എന്നും തരാറുള്ള പാലില്‍ ഉറക്ക ഗുളിക കലക്കിയാണ് തരുന്നതെന്ന്.. ഇനി നേരം വെളുക്കണം അങ്ങേരു ഉണരണമെങ്കില്‍ എന്ന് അവള് പറയുന്നത് കേട്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
അധികനേരം ആ കാഴ്ച കണ്ടു കൊണ്ട് നില്ക്കാന് തന്റെ മനസ് അനുവദിച്ചില്ല.. വിങ്ങുന്ന മനസുമായി അയാള്‍ തിരിച്ചു റൂമിലെത്തി ബെഡ്ഡിലേക്ക് മറിഞ്ഞു .. ഒരു അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ അവള് പതുക്കെ വാതില്‍ തുറന്നു കയറി വന്നു.. ഉറക്കം നടിച്ചു കിടന്ന തന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ തിരിഞ്ഞു കിടന്നു.. തന്റെ മനസപ്പോള്‍ മൌനമായി അലറുകയായിരുന്നു … ഇത് എത്രനാള്‍ ആയി കാണും തുടങ്ങിയിട്ട് … തന്നെ പറ്റിച്ചു കൊണ്ട് എത്രയും കാലം.. അയാള്‍ക്ക് ശ്വാസം മുട്ടുംപോലെ തോന്നി .. കണ്ണുകള്‍ നിറഞ്ഞു ഒഴികികൊണ്ടിരുന്നു…
പിറ്റേന്ന് അവള് കിടക്കയില്‍ നിന്നും എഴുനേറ്റു പോയ സമയം അവള് അവളുടെ ഫോണ്‍ പരിശോധിച്ചു … ഏതോ ഒരു നമ്പറില്‍ നിന്നും കുറെ വിളികള്‍ .. സന്ദേശങ്ങള്‍ .. അവ എല്ലാം പ്രണയം നിറഞ്ഞവ.. താന്‍ വഞ്ചിക്കപെടുകയാണെന്ന് മനസിലാക്കാന്‍ അധികം ചിന്തിക്കേണ്ടി വന്നില്ല..
ബെഡ് കോഫിയുമായി വന്ന അവളെ കണ്ടപ്പോള്‍ വെറുപ്പ് കൊണ്ട് കണ്ണ് കാണാതായി.. കോഫി കപ്പ് ഒറ്റ തട്ട് വെച്ച് കൊടുത്തു .. അത് തറയില്‍ വീണു ചിന്നി ചിതറി … അമ്പരപ്പോടെ നിന്ന അവളോട് താന്‍ അലറി .. കടന്നു പോടീ എന്റെ മുന്നിന്നു ശവമേ …
ഇത്രയും ഉച്ചത്തില്‍ ജീവിതത്തില്‍ താന്‍ അലറിയിട്ടില്ലന്നു അയാള്‍ക്ക് തോന്നി.. ബഹളം കേട്ട് കുട്ടികളും പേടിയോടെ ഓടി വന്നു.. നിന്റെ ഒരു ഫോണ്‍ ഇന്നു ഞാന്‍ ശെരിയാക്കി തരാമെടീ… അയാള്‍ അത് എടുത്തു ഒറ്റ ഏറു കൊടുത്തു.. അത് രണ്ടു കഷണമായി ചിന്നി പോയി..
അമ്മെ പപ്പയ്ക്ക് എന്ത് പറ്റി അമ്മെ ഇളയവള്‍ പേടിയോടെ അവളെ കെട്ടിപിടിച്ചു.. അപ്പോള്‍ അവള് പറഞ്ഞു ഇങ്ങേര്‍ക്ക് വട്ടാ മക്കളെ നിങ്ങള്‍ ഇങ്ങു പോര് അവള് അവരെ രണ്ടുപേരെയും വലിച്ചു കൊണ്ട് മുറി വിട്ടുപോയി.. അതെ എനിക്ക് വട്ടാണ്.. എന്നെ എല്ലാവരും കൂടി വട്ടനാക്കിയതല്ലേ.. എന്നേക്കാലുപരി സ്നേഹിച്ച ഭാര്യപോലും എന്നെ കബളിപ്പിച്ചുകൊണ്ട് തന്റെ കൂടെ ജീവിക്കുന്നു… അയാള്‍ക്ക് വാശി തോന്നി..
വീടിന്റെ മുന്നില്‍ ഒരു വണ്ടി വന്നു നില്ക്കുന്ന സൌണ്ട് കേട്ടപ്പോള്‍ അലക്സിനു മനസിലായി അവളുടെ ആങ്ങളമാരുടെ പടപുറപ്പാട് ആണെന്ന് .. ഇനി ഇവന്മാരുടെ വക ക്രോസ് വിസ്താരം കൂടി സഹിക്കണം… ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം എല്ലാത്തിനെയും… അമ്മു വന്നു പറഞ്ഞു പപ്പാ ദേ വലിയങ്കിള് വിളിക്കുന്നു .. അയാള്‍ ഒരു മൂളലോടെ എന്നീട്ടു.. താഴേയ്ക്ക് ഹാളിലേക്ക് നോക്കിയപ്പോള്‍ അവളുടെ പുന്നാര ആങ്ങളമാര് നേരനെരയായി ഇരിക്കുന്നു.. പുച്ചഭാവത്തോടെ അയാള്‍ അവരുടെ അടുത്തേക്ക് നടന്നു ചെന്ന് എതിര് വശത്തെ സെറ്റിയില്‍ ഇരുന്നു.. ഹാളില്‍ നിശബ്ദത .. അവള് ഹാളിന്റെ ഒരു കോണില്‍ നില്‍ക്കുന്നത് കണ്ടു..
ഏറെ നേരത്തെ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് മൂത്ത അളിയന് ചോദിച്ചു എന്താ അലക്സ് നിനക്ക് പറ്റിയത്…. അയാള്‍ ഒന്നും മിണ്ടിയില്ല.. അപ്പോള്‍ രണ്ടാമനും ചോദിച്ചു അളിയന് നല്ല സുഖമില്ലേ..
നീ എന്താ അങ്ങിനെ ചോദിച്ചത് . അയാള്‍ അവനോട് ചോദിച്ചു.. അല്ല അളിയന് എന്തിന്റെ കേട ഇവളെയും പിള്ളേരെയും ഇങ്ങനെ ഹരാസ് ചെയ്യാന്‍ എവിടെ എന്താ സംഭവിച്ചത്.. അവന് സ്വതവേ ഒരു ചൂടനാണ് .. അയാള്‍ പുഞ്ചിരിയോടെ അവനോടു പറഞ്ഞു.. നീ എന്താ പറഞ്ഞത് ഞാന്‍ ഇവരെ എന്ത് ചെയ്തൂന്നാ.. എന്റെ കുട്ടികളെ ഞാന്‍ നുള്ളി നോവിക്കാറില്ല.. പിന്നെ എങ്ങിനെ അവരെ ഞാന്‍ വേദനിപ്പിച്ചു എന്ന് പറയും.. ഞാന്‍ എന്തെങ്ങിലും രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ അതിനു തക്ക കാരണം ഉണ്ടെന്നു നീ കരുതിക്കോ.. അളിയന് എന്താ തക്ക കാരണം. എന്റെ പെങ്ങള് എന്ത് ചെയ്തു.. ഇത്രയും കാലം അവള് നിങ്ങളെ പരിരക്ഷിച്ചില്ലേ, അവന് ചൂടാകാന്‍ തുടങ്ങി.. അങ്ങിനെ അളിയന്മാരുടെ പ്രസംഗങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു .. അവസാനം ഞാന്‍ ചോദിച്ചു നിങ്ങളുടെ പ്രസംഗങ്ങള്‍ തിര്ന്നുവെങ്കില് എനിക്കും പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകണം ..
അളിയാ എന്റെ ഭാഗത്ത് തെറ്റ് ഇല്ലാന്ന് ഞാന്‍ പറയുന്നില്ല .. ബൈപാസ് കഴിഞ്ഞതോടെ എന്റെ മനസ് ആകെ താറുമാറായി.. എല്ലാം എന്റെ തോന്നലുകള്‍ ആയിരിക്കാം പക്ഷേ എല്ലാവരും എന്നെ അവഗണിക്കുന്നു എന്നൊരു തോന്നല്‍ എനിക്ക് വന്നു പോയി.. കുട്ടികളും അവളും ഞാന്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കുന്നില്ല.. എന്തേലും പറഞ്ഞാല്‍ അവര്‍ പറയും പപ്പാ യ്ക്ക് ഒന്നും അറിയില്ല പപ്പയ്ക്ക് എന്തോ കുഴപ്പമുണ്ട് എന്നൊക്കെ.. ഞാനും എന്റെ സ്വഭാവവും മാറാന്‍ തുടങ്ങിയിരുന്നു.. എങ്കിലും എന്റെ മനസ്സില്‍ എന്റെ ഭാര്യം എന്റെ കുട്ടികള്‍ ഈ ചിന്തകള്‍ മാത്രമേ ഉള്ളു .. പക്ഷേ ഇവള് … ഇവള് എന്നെ വഞ്ചിച്ചു … ഇത്രയും നാള് എന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
നിന്റെയൊക്കെ ഭാര്യമാര്‍ക്ക് കാമുകന്മാരുണ്ടോ അങ്ങിനെ ഉണ്ടേല്‍ നീയൊക്കെ വെറുതെ കയ്യും കെട്ടി നോക്കിയിരിക്കുമോ.. തലേ രാത്രി നടന്ന കാര്യങ്ങളും ഫോണ്‍ സന്ദേശങ്ങളും എല്ലാം അയാള്‍ വിളിച്ചു പറഞ്ഞു അയാളുടെ വാക്കുകള്‍ കേട്ട അളിയന്മാര് എല്ലാവരും സ്തംഭിച്ചു പോയി.. ഹാളിന്റെ സൈഡില്‍ നിന്ന അവളുടെ മുഖം അപ്പോള്‍ കരിവാളിച്ചിരുന്നു. അവള് പൊട്ടി കരച്ചിലോടെ ഓടിവന്നു ആങ്ങളമാരുടെ കാലിലേക്ക് വീണു.. ഇങ്ങേരു പറയുന്നതൊന്നും നിങ്ങള്‍ വിശ്വസിക്കരുതേ ഇങ്ങേര്‍ക്ക് മുഴുവട്ടാണ്, എന്നെ സംശയമാണ് അവള് അലറി കരഞ്ഞു.. അവളുടെ കരച്ചില് കേട്ട് പിള്ളേരും കരച്ചിലായി..
അതെ ഇപ്പോള്‍ ഞാന്‍ സംശയ രോഗിയായ ഭര്‍ത്താവ് .. അയാള്‍ക്ക് അപ്പോള്‍ ശെരിക്കും പൊട്ടി ചിരിക്കാനാണ് തോന്നിയത്… അതെ ഭ്രാന്തനായ ഭര്‍ത്താവ് പതിവ്രതയായ ഭാര്യയെ സംശയിക്കുന്ന ഭര്‍ത്താവ് … ഭ്രാന്താശുപത്രിയുടെ ഇരുണ്ട മുറിയില്‍ കഴിയുമ്പോഴും അയാള്‍ ചിരിച്ചു കൊണ്ടേയിരുന്നു… പതിവ്രതയായ ഭാര്യെ ഇത് നിന്റെയൊക്കെ ലോകം .. കള്ള കാമുകന്മാരെ കാത്തു ജീവിതം പാഴാക്കുന്ന നിന്റെയൊക്കെ ലോകം.. ഒരുനാള്‍ നീ തിരിച്ചറിയും ഇതൊന്നുമല്ല ജീവിതമെന്ന്.. അന്ന് നീയും ചിലപ്പോള്‍ എന്നെപ്പോലെ ഈ ആശുപത്രിയുടെ ഇരുണ്ട മുറിക്കുള്ളില്‍ ചിരിച്ചു കൊണ്ടേയിരിക്കും.. അന്ന് നിന്റെ മക്കള്‍ നിന്നെ തള്ളി പറയും.. പപ്പയെ പ്രാന്തിയാക്കിയവള് എന്ന പേരില്‍ നീയും ചിലപ്പോള്‍ എന്റെ അരികിലെത്തും.
************************************************************
/// എം.റ്റി ശ്രീദേവി /// യു.എസ് മലയാളി ///
************************************************************
Comments
comments