
style="text-align: center;">മനസ്സിനകത്തൊരു പെണ്ണു് (കഥ) സുധീര്‍ പണിക്കവീട്ടില്‍
വേനല്‍ കാലത്ത് അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ പതിവായി വെള്ളമടിക്കാറുണ്ടെന്ന് കവിയും, ഹാസ്യ കഥാകാരനുമായ ശ്രീ ജോസ് ചെരിപുറം ഒരിക്കല്‍ പറഞ്ഞു. ആണുങ്ങളായാല്‍ ശകലം വെള്ളമടിച്ചില്ലെങ്കില്‍ എന്തിനു കൊള്ളാമെന്നു നാടന്‍ പെണ്ണുങ്ങള് മുമ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ ശ്രീ ജോസ് പറഞ്ഞ വെള്ളം വെറും വെള്ളമാണു. ഡ്യൂട്ടിക്ക് ഒരുങ്ങി പോകുന്ന ഭാര്യമാര്‍ കാതില്‍ തേന്മഴ പെയ്യിക്കുന്ന ആ കൊച്ചു വാചകം പറയുന്നു. അച്ചായാ വെള്ളമടിക്കാന്‍ മറക്കണ്ട“. എന്റെ കുട്ടാ നീ അതു പ്രത്യേകിച്ച് ഓര്‍മ്മിപ്പിക്കണോ എന്ന് അതു കേട്ട് ലഹരി പിടിക്കാന്‍ വരട്ടെ. പച്ചക്കറിക്കും പുല്ലിനും നനക്കണമെന്നാണു ആ കല്പ്പനയുടെ അര്‍ത്ഥം. അതു മനസ്സിലാക്കുമ്പോള്‍ ഭര്ത്താക്കന്മാര് അവരോട് ചോദിക്കുന്നു. കൊതിപ്പിച്ച് കളഞ്ഞല്ലോ …
ഇനിയിപ്പോള്‍ ഈ സന്ധ്യയും, ചെടികളും, പൂക്കളും, ഉദിക്കാന്‍ പോകുന്ന നിലാവും, പതിനൊന്നു മണിവരെയുള്ള ഏകാന്തമായ കാത്തിരിപ്പും … എങ്ങനെ തള്ളി നീക്കും, കഠിനമാണു…. ഈ വിവരണത്തില്‍ ഒരു സാഹിത്യ ചുവ വായനക്കാരനു അനുഭവപ്പെടാവുന്നതാണു. അതില്‍ അത്ഭുതമില്ല. അമേരിക്കന്‍ മലയാളി സാഹിത്യം പറഞ്ഞില്ലെങ്കിലല്ലേ ആശങ്കപെടേണ്ടതുള്ളു. വായനക്കാരില്ലെന്ന പരാതിപോലെ ഭാര്യമാര്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല. അവര്‍ തല വെട്ടിച്ച് പിറുപിറുത്ത് പോകുന്നു പിന്നെ, മധുവിധു കാലമല്ലേ കാത്തിരിപ്പിനു ദൈര്‍ഘ്യം തോന്നാന്‍.
അവള്‍ക്ക് ദിവ്യ ശക്തിയുണ്ടൊ അറിയാന്‍ എന്ന ധൈര്യത്തില്‍ ഭാര്യമാര്‍ പോയി കഴിയുമ്പോള്‍ ചിലര്‍ കുപ്പികള്‍ തുറന്നു ആ ദ്രാക്ഷാമാധുരി നുകര്‍ന്നു ആനന്ദിക്കുന്നു. പക്ഷെ ആ ആനന്ദ ലബ്ദിക്ക് ഒരു ദുഃഖാവസാനമാണു പതിവു. ദൈവം എപ്പോഴും ഭാര്യമാരുടെ കൂടെയെന്നു പറയുന്ന പോലെ ഡ്യൂട്ടി കഴിഞ്ഞ് അവര്‍ വരുമ്പോള്‍ ഒഴിഞ്ഞ് കുപ്പിക്കടുത്ത് ഇരുന്ന് ഉറക്കം തൂങ്ങുന്ന കെട്ടിയോന്മാരെ കയ്യോടെ പിടി കൂടുന്നു. പെണ്ണുങ്ങളുടെ സമീപനം മിക്കവാറും ഒരു പോലെയാകാമെങ്കിലും ആണുങ്ങള് പലവിധമാണു. കുടിക്കുന്നവരും കുടിക്കാത്തവരുമുണ്ട്. കുടിക്കാത്തത് കൊണ്ട് അവര്‍ പുണ്യാളന്മാരാണെന്ന് ഉറപ്പൊന്നുമില്ല. കുടിക്കുന്നവര്ക്കാണെങ്കില് ലഹരിയുള്ള ഈ ദിവ്യ ജലത്തെക്കുറിച്ചു പറയാന്‍ നൂറു നാവാണു.
പാനപാത്രം നുകര്‍ന്നുകൊണ്ട് ആദ്യരാത്രിയില്‍ യുവരാജകുമാരന് നവവധുവിനോട് പറയുന്ന ഒരു സീന്‍ ഒരു ഹിന്ദി സിനിമയില്‍ ഉണ്ട്. ഇത് നിന്റെ പല്ലവാധരങ്ങളില്‍ ഒന്നു മുട്ടിച്ചോട്ടെ, ഇതു അമൃതാണ്, ഈശ്വരന്റെ വരദാനങ്ങളില്‍ ഏറ്റവും സുന്ദരമാണിത്., നല്ലതെല്ലാം ചീത്തയാണെന്ന് സ്ഥാപിക്കുന്നത് പണ്ടു മുതലെ ഈ ലോകത്തിന്റെ സ്വഭാവമാണു. പേരുദോഷം ഉണ്ടെങ്കിലും ഈ നിറമുള്ള വെള്ളം മനുഷ്യാഭിലാഷങ്ങള്‍ നിറഞ്ഞ സന്ദേശമാണു. ആസ്വദിക്കു, നാണിച്ച് സമയം പാഴാക്കാതെ അനുഭൂതികളുടെ ലോകത്ത് എന്നോടൊപ്പം അലിഞ്ഞ് ചേരാന്‍ ഒരുങ്ങൂ. യുവരാജകുമാരനും സാഹിത്യകാരനായിരുന്നിരിക്കണം. അല്ലെങ്കില്‍ “ കുടിക്കടീ” എന്ന അട്ടഹാസമായിരിക്കുമല്ലോ കേള്‍ക്കുക.
കവികളും, കാമുകന്മാരും, ഭ്രാന്തന്മാരും ഒരു പോലെയാണെന്ന് ഒരു വലിയ എഴുത്തുകാരന് പറഞ്ഞത് ഓര്‍മ്മയില്ലേ. ന്യൂയോര്‍ക്കുകാര്‍ വേനല്‍കാലത്തെ ഒരു ഉത്സവം പോലെയാണു കാത്തിരിക്കുന്നത്. പ്രമുഖ അമേരിക്കന്‍ മലയാളിയും, കവിയും, ടി.വി.സീരിയല്‍ നടനുമായ ശ്രീ പീറ്റര്‍ നീണ്ടൂരിന്റെ കവിതയില്‍ വേനല്‍ക്കാലത്ത് മരങ്ങള്‍ക്കും മനുഷ്യനും വരുന്ന മാറ്റങ്ങളെക്കുറിച്ച് നര്മ്മത്തൊടെ വിവരിക്കുന്നുണ്ട്. പണ്ട് കേരളത്തില്‍ ഗ്രാമങ്ങളുണ്ടായിരുന്ന കാലത്ത് വേലയും പൂരവും വേനല്‍കാലത്തിന്റെ ആകര്‍ഷണമായിരുന്നു. ഇവിടേയും വേനല്‍കാലം മാനസികോല്ലാസത്തിനു അവസരങ്ങള്‍ ഒരുക്കുന്നു. അതിലൊന്നാണു പുല്ലു വെട്ടല്‍ . പുല്ലു വെട്ടല്‍ സ്വയം ചെയ്യുന്നവര്‍ എന്തെല്ലാം തരത്തിലാണു അത് ആസ്വദിക്കുന്നതെന്നു പലരും ആലോചിച്ചിട്ടു പോലുമുണ്ടായിരിക്കയില്ല.
അല്‍പ്പം സാഹിത്യം മനസ്സിലുള്ളവരാണെങ്കില്‍ പുല്ലു വെട്ടു മഹോത്സവം എങ്ങനെയുണ്ടാകുമെന്നു ഒന്നന്വേഷിക്കാം. ആകാശനീലിമ പകല്‍ വെളിച്ചത്തില്‍ കലര്‍ന്നു നില്ക്കുന്ന ഒരു മനോഹര ദിവസം. വെള്ളിമേഘങ്ങള്‍ക്ക് കസവു തുന്നുന്ന സൂര്യന്റെ ചൂടിനെ ആറ്റി തണുപ്പിക്കുന്ന കുളിര്‍കാറ്റ്. കിളികളുടെ കളകളാരവം. വിരിഞ്ഞ് നില്ക്കുന്ന പൂക്കള്‍ക്കു ചുറ്റും പാടാനെത്തുന്ന വണ്ടിന്റെ മൂളല്‍ . ഋതുമതിയായ ചെറുപ്പകാരിയെപോലെ മണ്ണിനു ഒരു മാദകഗന്ധം. ലോണ്‍ മൂവര്‍ പ്രവര്‍ത്തിപ്പിക്കാതെ സുഖകരമായ പരിസരത്തിന്റെ ശീതളഛായയില്‍ അയാള്‍ വിസ്മയം പൂണ്ട് നില്ക്കുകയാണു. ഇതൊരു പുതിയ കാര്യമല്ലാത്തത് കൊണ്ട് അയാളെ ഭാര്യ അകത്തു നിന്നും വീക്ഷിക്കുന്നുണ്ട്.
”അവര്‍ വിളിച്ചു ചോദിച്ചു. “എന്തേ തുടങ്ങാന്‍ താമസം”….
ലോണ്‍ മൂവറിനു ഒരു സൈലന്സെര് വച്ച് പിടിപ്പിക്കണമെന്നു അയാള്‍ക്ക് തോന്നി. അപ്പോള്‍ പിന്നെ ശബ്ദം കേള്‍ക്കാതാകുമ്പോള്‍ അന്വേഷണം ഉണ്ടാകില്ലല്ലോ അയാള്‍ മറുപടി പറയാതെ ലോണ്‍ മൂവര്‍ ചലിപ്പിച്ചു. ഒരു ഭയങ്കര ശബ്ദത്തോടെ അതു നീങ്ങാന്‍ തുടങ്ങി. കുഞ്ഞിക്കിളികള്‍ ശബ്ദം കേട്ടു ചിറകടിച്ച് പറന്നു. അണ്ണാറകണ്ണന്മാര് ”ഇതു മര്യാദയായില്ല കേട്ടോ“ എന്നു അയാളോട് പറഞ്ഞ് അങ്ങോട്ടു ഇങ്ങോട്ടും ഓടി.. അവരുടെ സ്വ്ഛന്ദ ലോകത്തിലേക്ക് മനുഷ്യന്റെ നുഴഞ്ഞ്കയറ്റം. ഈ പച്ച പുല്ലുകള്‍ വീട്ടിലെ പൂവാലി പശു തിന്നുന്നതും, കാക്കതമ്പുരാട്ടിമാര് പശുക്കളുടെ മേല്‍ വിശ്രമിക്കുന്നതും, ഒരു മരംകൊത്തി പക്ഷി ഏതൊ മരത്തില്‍ കൊത്തുന്ന ശബ്ദവും ഒരു കാവടിയാട്ടക്കാരന്‍ ”ഹരഹരോ ഹര ഹരാ എന്നു ഭക്തിയോടെ വിളിച്ച് വീട്ടു മുറ്റത്ത് വന്നു ഭിക്ഷ ചോദിക്കുന്നതും ”ഉമ്പേ… എന്നു വിളിക്കുന്ന തള്ള പശുവും അതുകേട്ട് വാലും പൊക്കി പിടിച്ച് ഓടി വരുന്ന പശുകുട്ടിയും അയാളുടെ ഓര്‍മ്മയിലേക്ക് തള്ളി കയറുന്നതും ലോണ്‍ മൂവര്‍ അയാള്‍ നിര്‍ത്തിയതും ഒപ്പമായിരുന്നു.
പ്രക്രുതി അമ്മയാണു. അത് എല്ലായിടത്തും ഒരു പോലെയാണു. ഇതമേരിക്കയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. വീഞ്ഞിന്റെ ലഹരി പോലെ വെട്ടിയ പുല്ലിന്റെ ഗന്ധം അയാളെ മത്തു പിടിപ്പിക്കുന്നു. അയാള്‍ അന്ധാളിച്ചു നിന്നു. മനസ്സിനെ പറക്കാന്‍ വിടുമ്പോള്‍ പട്ടം പറപ്പിക്കുന്ന ഒരു കുട്ടിയെപോലെ ഉത്സാഹമേറുകയും നിമിഷങ്ങള്‍ ആഹ്ലാദ മധുരങ്ങളാകുകയും ചെയ്യുന്നു. യുഗങ്ങളോളം അങ്ങനെ നില്ക്കാന് അയാളുടെ മനസ്സ് വെമ്പുമ്പോള്‍ വീടിന്റെ പുറകിലെ ജാലക വാതില്ക്കല് രണ്ടു വലിയ കണ്ണുകളുടെ തിളക്കം. പറക്കുന്ന ചുരുളന്‍ മുടികള്‍ കൈകൊണ്ട് മാടിയൊതുക്കി പ്രിയതമ ചോദിക്കുന്നു.” എന്തു പറ്റി……“ സ്വ്പന കുമിളകള്‍ ഒരു നിമിഷം കൊണ്ടു ഉടഞ്ഞ് പോയി. അയാള്‍ പുല്ലു വെട്ടു ആരംഭിച്ചു.
എന്നാല്‍ ചുറ്റുപാടുകള്‍ വെറുതെയിരിക്കുന്നില്ല. അയല്പക്കകാരന്റെ സുന്ദരിയായ ഭാര്യ ഇറങ്ങി വരുന്നു. ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം, ഇന്നലെ രാക്കിളിയും ഞാനും ഉറങ്ങിയില്ല എന്ന ഭാവമാണു അവര്‍ക്കെപ്പോഴും. അവര്‍ ഒരു “കോളിനോസ്” പുഞ്ചിരി ഫ്ലാഷ് ചെയ്തു പോയി. ഗരാജിന്റെ മുകളിലിരുന്നു രണ്ടു മണിപ്രാവുകള്‍ മുത്തമിട്ട് പ്രണയിക്കുന്നു. പുല്ല് വെട്ടല്‍ അദ്ദേഹത്തിനു ഒരാഘോഷമാണു. അത് പ്രിയതമക്ക് അറിയാം. അതുകൊണ്ട് അവര്‍ വിളിച്ചു കൊണ്ടിരിക്കും. കഴിഞ്ഞോ, എന്താ ശബ്ദം കേള്‍ക്കാത്തത്. ഇത്തവണ തൂവെള്ള തൂവലുകള്‍ ഉള്ള ഒരു പക്ഷി കുത്തനെ താഴേക്ക് പറന്നു വരുന്നു. വെള്ളിമേഘങ്ങളില്‍ നിന്നും ഇറങ്ങി വരുന്ന ഒരു കത്തനാരെപോലെ. മേലേ ആകാശത്ത് കരിമുകില്‍ കാട്ടില്‍ ഒരു ഇളക്കം. ഒരു കൊള്ളിയാന്‍ മിന്നുന്നു. ചെടികളെ പുളകം കൊള്ളിച്ചു കൊണ്ടു ഒരു കുളിര് കാറ്റു കടന്നു പോയി. മഴതുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങി. പാര്‍വ്വതി ശിവനെ തപസ്സിരിക്കുമ്പോള്‍ മഴ തുള്ളി വീണതും അവരുടെ ശരീരത്തില്‍ എവിടെയൊക്കെയോ തട്ടി തകര്‍ന്നു അവരുടെ നാഭി ചുഴിയില്‍ നിപതിച്ചതും ഓര്‍ത്ത് അയാള്‍ ലോണ്‍ മൂവര്‍ നിര്‍ത്തി മഴ നനഞ്ഞ് നിന്നു.
അമ്മയുടെ നിര്‍ദ്ദേശപ്രകരം ജനലിനരുകില്‍ വന്നു നോക്കുന്ന ഇളയ കുട്ടി വിളിച്ചു പറയുന്നത് അയാള്‍ കേള്‍ക്കുന്നുണ്ട്. ”അച്ഛന് നിന്നു മഴ നനയുന്നു“. പ്രതീക്ഷിചപോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യയുടെ ശബ്ദം അതിനെ പിന്തുടര്ന്നു. ”കേറി വാ, മഴ നനയുന്നതെന്തിനാണു“.
അയാള്‍ക്ക് മഴ ആനന്ദം പകരുകയാണു. നിറകുടവുമായി എത്തുന്ന വര്ഷമേഘ സുന്ദരിമാര്‍ ധാര മുറിയാതെ ഒഴുക്കുന്ന തെളിനീരു. കുടയില്ലാതെ മരചുവട്ടില്‍ നിന്ന ഓര്‍മ്മകള്‍ . കുളിര്‍മ്മയുള്ള മഴ വെള്ളത്തില്‍ നനയുമ്പോള്‍ കര്‍ണ്ണാട്ടിക്ക് സംഗീതം ആലപിക്കാനുള്ള ആഗ്രഹം. എസ്.ഡി. ബര്മ്മന് ഇങ്ങനെ നനഞ്ഞ് നിന്നപ്പോഴായിരിക്കും “ രൂപ് തേര മസ്താന…. പ്യാരു മെര ദീവാന” എന്ന പാട്ടിനു ട്യൂണ്‍ കണ്ടെത്തിയത്. അയാള്‍ അവരെ നോക്കി ആ പാട്ടു പാടി. ‘തലക്ക് വട്ടായാല്‍ എന്തു ചെയ്യും എന്നു പറഞ്ഞ് അവര്‍ അപ്രത്യക്ഷ്യയായി“.
മേലെ മാനത്ത് ഏതൊ അപ്സരസ്സ് നീരാടുകയാണു, അവളുടെ പാദസരധ്വനി പോലെ മഴതുള്ളികള്‍ മണ്ണില്‍ വീഴുന്ന മൃദുസംഗീതം. ആ ദേവാംഗനയോട് നനയുന്നത് നിന്റെ കഞ്ചുകമോ, നിന്നെ പൊതിയും താരുണ്യമോ…. എന്നു ചോദിച്ചു നില്ക്കുമ്പോള് കീശയില്‍ കിടന്നു ഫോണ്‍ മുഴങ്ങി. ഇന്നത്തെ പുല്ലു വെട്ട് കുളമായി എന്നു ശപിച്ചുകൊണ്ട് അയാള്‍ വീട്ടിനുള്ളിലേക്ക് കയറിപോകുമ്പോള്‍ ഹലോ പറഞ്ഞു. കവിയും കലാകാരനുമായ പ്രിയ സുഹ്രുത്ത് ആന്‍ഡ്രുവിന്റെ ശബ്ദം.
“ ഈ മാതിരി പെണ്ണുങ്ങള് അമേരിക്കയിലുണ്ടോ, മാനത്തെന്നങ്ങാനും വന്നതാണോ”
“പാലാട്ട് കോമന്റെ മാതുവോ, ആറ്റുമണമേലെ ഉണ്ണിയാര്‍ച്ചയോ” എന്ന് അയാള്‍ ചോദിച്ചപ്പോള്‍ സുഹൃത്തു പറഞ്ഞു. അവരൊന്നുമല്ല. രണ്ടാം കെട്ടിനു വരനെ അന്വേഷിക്കുന്ന ഒരു മുപ്പത്തിയഞ്ചുകാരി മലയാളി സ്ത്രീ.
സുന്ദരിയല്ലേ വിവാഹം വേഗം നടക്കുമെന്നു ആശംസിച്ചപ്പോഴാണു അയാള്‍ വിവരം പറയുന്നത്. നടക്കുമായിരിക്കും. പക്ഷെ അതിനു മുമ്പ് ഒന്നു നടന്നു.
“അതു ഒന്നാം വിവാഹമല്ലേ ”
ഒന്നാം വിവാഹം നടന്നത് ശരി തന്നെ. സംഗതി അതല്ല. രണ്ടാം വിവാഹത്തിനൊരുങ്ങുന്ന അവര്‍ പ്രതിശ്രുത വരനെ കാണാനെത്തിയതായിരുന്നു. ചെറുക്കന്റെ അകന്ന ബന്ധുവായ ഈപ്പച്ചായന് അവരെ കണ്ട് മിഴിച്ചു നിന്നു. കണ്ണുകള്‍ രണ്ടും അവരില്‍ പതിപ്പിച്ചു അനങ്ങാതെ ഈപ്പച്ചായന് നിന്നു, അറുപതിന്റെ അവസാനത്തില്‍ എത്തി നില്ക്കുന്ന ഈപ്പച്ചായന് ശ്രീ പാര്‍വ്വതിയുടെ തുടകള്‍ അബദ്ധവശാല്‍ കണ്ടപ്പോള്‍ സ്ഖലനം ഉണ്ടായ ബ്രഹ്മാവിനെപോലെ പരിഭ്രമിച്ചു നിന്നു.
ചെറുക്കനും പെണ്ണിനും ഇഷ്ടമായെങ്കിലും ഈപ്പച്ചായന് കല്ല്യാണത്തിനു സമ്മതിക്കുന്നില്ല. അങ്ങേരുടെ മനസ്സില്‍ ലഡ്ഡു പൊട്ടി ചിതറി കിടക്കുകയാണു. ഈപ്പച്ചായന്റെ മനസ്സ് മാറ്റാന്‍ വല്ല കഥയും ആലോചിക്കൂ എന്നു പറഞ്ഞു സുഹൃത്ത് ഫോണ്‍ കട്ടു ചെയ്തു. കിഴവന്മാര് ഇങ്ങനെ സുന്ദരിമാരെ കാമിച്ച് നിന്നാല്‍ സമൂഹത്തില്‍ അത് ഒരു പ്രശ്നമാകുമല്ലോ എന്നയാള്‍ ആലോചിച്ചു. വൃശ്ചിക കരാവുകള്ക്ക് തണുപ്പ് കൊടുത്തിരിക്കുന്നത് കിഴവന്മാര് അന്നേരം പുറത്തിറങ്ങാതിരിക്കാനാണു. വൃദ്ധമാനസങ്ങളെപോലും ഒന്നുലക്കാന്‍ വൃശ്ചികപൂനിലാവിനു കഴിയുമത്രെ. ഈപ്പച്ചായന് ഇപ്പോള്‍ നിലാവ് കൊതിക്കുന്നു. വൈകിയ വേളയിലെ തേന്‍ നിലാവ്.
”മനസ്സിനകത്തൊരു പെണ്ണു“ എന്നു പാടി അയാള്‍ ഭാര്യയുടെ അടുത്ത് ചെന്നു.
ഒരു പെണ്ണല്ലേ ഒന്നില്‍ കൂടുതല്‍ ഇല്ലല്ലോ സമാധാനം. ഭാര്യയുടെ കമന്റ്.
അയാള്‍ അത് കേള്‍ക്കാതെ ആ പാട്ടു് മൂളി നടന്നു.
മനസ്സിനകത്തൊരു പെണ്ണു, മയില്‍ പീലി കണ്ണ് മെയ്യാസകലം പൊന്നു്
പാട്ടു് ആവര്‍ത്തിച്ച് കൊണ്ടിരുന്നപ്പോള്‍ ഭാര്യക്ക് അതു അസഹ്യമായി തോന്നി.
രാജാക്കന്മാര് നായാട്ടിനു പോകുമ്പോള്‍ ഓരോ സുന്ദരിമാരെ കണ്ടു മുട്ടുന്ന കഥകള്‍ വായിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ പുല്ലു വെട്ടാന്‍ പോയപ്പോള്‍ ഏത് മോഹിനിയെയാണു കണ്ടതെന്നു അവര്‍ ചോദിച്ചു.
“മെയ്യാസകലം പൊന്നു്, ഓ, പൊന്നിനൊക്കെ ഇപ്പോള്‍ എന്താ വിലയെന്ന് സംഭാഷണം മാറ്റി അയാള്‍ കാണാത്ത സുന്ദരിയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. ഈപ്പച്ചായന്റെ മനസ്സില്‍ താരമ്പന്‍ തട്ടിമുട്ടി നില്‍ക്കുന്നത് അയാള്‍ ഭാവനയില്‍ കണ്ടു. ശുഭം
///സുധീര്‍ പണിക്കവീട്ടില്‍ /// യു.എസ് മലയാളി///
Comments
comments