വാര്‍ത്തകള്‍ വ്യാജപ്രസ്താവനകളാവരുത് – അമ്പിളി ഓമനക്കുട്ടന്‍

0
1344

വാര്‍ത്തകള്‍ വ്യാജപ്രസ്താവനകളാവരുത് – അമ്പിളി ഓമനക്കുട്ടന്‍

 

കേരളത്തിലെ ജനങ്ങളുടെ ഒരു രീതി വച്ച് പത്രം വായിക്കാത്തവർ വിരളമാണ്. വായനശാലകളിലും ചായ കടകളിലും മറ്റും ജനങ്ങൾ ഒത്തു കൂടി അവർക്ക് ലഭ്യമായ വാർത്തകളെ ചർച്ചകൾക്ക് വിധേയമാക്കാറുണ്ട്. ഇങ്ങിനെ വയനാപരതയുള്ള വാർത്തകൾ കണ്ട് വിശകലനം ചെയ്യുന്ന ഒരു സമൂഹത്തിൽ വളരെ കൃത്യമായ ഉദ്ദേശ്യങ്ങളുമായാണ് ഒരു മാധ്യമ സിന്‍ഡിക്കേറ്റിന്റെ പിറവി ഉണ്ടാകുന്നത്.
തെറ്റായാലും ശരിയായാലും സ്ഥാനത്തും അസ്ഥാനത്തും നിരന്തരമായി ഉപയോഗിക്കപ്പെടുന്ന ഉദ്ധരണികളും, പ്രസ്താവനകളും മനപൂർവമുള്ള തെറ്റുകൾക്കും പകയോടെയുള്ള വാർത്താ വക്രീകരണങ്ങള്‍ക്കും കളമൊരുക്കുന്നു. ഇത്തരം വാർത്തകൾ അതുകൊണ്ട് തന്നെ മൂർച്ചയില്ലാത്ത ആയുധം പോലെ ശുഷ്ക്കവും ജഡസമാനവുമായി മാറുന്നു. ലോകത്തിലെ ഏറ്റവും മഹനീയമായ പ്രവർത്തി പത്ര പ്രവർത്തനമാണെന്ന് വിശ്വസിച്ച മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്ന നാടാണിത്. വെറുമൊരു തൊഴിൽ എന്നതിലുപരി വിശാലമായൊരു സാംസ്ക്കാരിക പശ്ചാത്തലത്തിലൂടെ, വായനയിലൂടെ, പഠനത്തിലൂടെ ഈ മേഖലയെ വിപുലീകരിക്കാനാണ് അവർ ശ്രമിച്ചിട്ടുള്ളത്.
വസ്തുതകളുടെ പുനർ നിർവഹണമാകേണ്ട, വളരെയേറെ കൃത്യതയോടെയും സൂക്ഷ്മതയോടെയും നിർവഹിക്കേണ്ട വാർത്തകൾ ഇന്ന് സത്യം കണ്ടെത്താനുള്ള ത്വരയും ജിജ്ഞാസയും നഷ്ട്പ്പെട്ട ഒരു കൂട്ടമായി അധപതിച്ചിരിക്കുന്നു. ഇതിലൂടെ തകരുന്നത് സമൂഹത്തിന്റെ കണ്ണുകളിലെ പ്രകാശം തന്നെയാണ്. ഒരേ രീതിയിലുള്ള വാർത്തകൾ ഭൂരിഭാഗം പത്രങ്ങളും ചാനലുകളും പുറത്തേക്കു വിടുമ്പോൾ ഇതിലെന്തോ ഉണ്ടെന്നു താൽക്കാലികമായെങ്കിലും വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് സമൂഹം എത്തുന്നു. അല്ലെങ്കിൽ അതിനവരെ മാധ്യമങ്ങൾ നിർബന്ധിക്കുന്നു.
സാമ്രാജ്യ ശക്തികളുടെ ഒത്താശയോടെ വ്യാജ വാർത്തകൾ സൃഷ്ടിച്ച് സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടപ്പെടുത്തുന്ന ഇത്തരം പ്രസ്താവനക്കെതിരെ ജനകീയ തിരിച്ചടികൾ ഉണ്ടാവുമെന്നത്‌ സത്യമാണ്. മനുഷ്യാവസ്ഥകളുടെ അഗാധതകളിലേക്ക് ,അതിന്റെ അറിയുന്നതും അറിയപ്പെടാത്തതുമായ അസംഖ്യം അടരുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ആണ് ആവിഷ്ക്കാരങ്ങൾ ശക്തവും തീവ്രവും ആകുന്നതു.
///അമ്പിളി ഓമനക്കുട്ടന്‍ /// യു.എസ് മലയാളി///

Share This:

Comments

comments