ചിത്രം (കവിത) ബല്‍സി സിബി

0
2096

ചിത്രം (കവിത) ബല്‍സി സിബി

*******************************************************

നിന്‍റെ ചിത്രത്തിലെന്നെ പകര്‍ത്തുവാന്‍
കടുത്ത വര്‍ണങ്ങള്‍ കഴുകികളയുക
മുന തേഞ്ഞു തീര്‍ന്നോരെഴുത്താണിയാല്‍
കണ്ണിന്‍ കറുപ്പില്‍ ചാലിച്ചു ചെര്‍ത്തെന്നെ
കടുപ്പിച്ചു വരയ്ക്കുക
ആകാശനേത്രങ്ങള്‍
കടം കൊണ്ടുകൊള്ളുക
ആഴിയുടെ നാദങ്ങളലങ്കാരമാക്കുക
ഇടനെഞ്ചിന്‍ കരം ചേര്‍ത്തു
അതിരുകള്‍ തീര്‍ക്കുക
വരകള്‍ വാക്കായി വസ്ത്രമണിയുമ്പോള്‍
എന്‍റെ ചിത്രത്തെയും
നിന്റെ ചിത്തത്തെയും
നാലായി പകുക്കുക
കാറ്റിനും കാട്ടുമുല്ലയ്ക്കും
കിനാക്കള്‍ക്കും നല്‍കുക
അലിവു തോന്നുന്നുവെങ്കിലീ
അര്‍ദ്ധചിത്രത്തിലൊരു തുള്ളി
കണ്ണുനീര്‍ വീഴ്ത്തുക
അലിഞ്ഞു ചേരട്ടെ ഞാന്‍
നിന്നില്‍ പടര്‍ന്നോരീ
മൌനമുഖരിതമാത്മചിത്രത്തിന്‍റെ
ചിത്തമായ്
************************************************
///ബല്‍സി സിബി///യു.എസ് മലയാളി///
************************************************

Share This:

Comments

comments