ജോൺസൻ ചെറിയാൻ.
ശബരിമല : രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് തപാൽ പിൻകോഡുള്ളത് ശബരിമല അയ്യപ്പനു മാത്രം.ശബരിമല അയ്യപ്പ സ്വാമിയുടെ പേരിലാണ് 689713 എന്ന പിൻകോഡ്.വർഷത്തിൽ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തു മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും സന്നിധാനം തപാൽ ഓഫിസും സജീവമാകുന്നത്. സന്നിധാനം തപാൽ ഓഫിസിനു പിന്നെയുമുണ്ട് പ്രത്യേകതകൾ. പതിനെട്ടാംപടിയും അയ്യപ്പ വിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടത്തെ തപാൽ മുദ്ര.
രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാൽ മുദ്ര ഇല്ല.തീർഥാടനം കഴിഞ്ഞാൽ തപാൽ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലെ ലോക്കറിലേക്കു മാറ്റും.അയ്യപ്പസ്വാമിക്കു നിത്യവും ഒട്ടേറെ കത്തുകളാണു വരുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകൾ പങ്കുവച്ചും.ഉദ്ദിഷ്ട കാര്യത്തിനു മണിഓർഡറുകൾ, വീട്ടിലെ വിശേഷങ്ങൾക്ക് ക്ഷണക്കത്തുകൾ തുടങ്ങി ഒരുവർഷം വായിച്ചാൽ തീരാത്ത എഴുത്തുകൾ ഉണ്ട്. എല്ലാ കത്തുകളും എക്സിക്യൂട്ടീവ് ഓഫിസർക്കു കൈമാറും.